Saturday, July 29, 2017

ചെറു ചിന്തകളിലൂടെ...

നനയുന്ന മിഴികൾക്ക്
നിലാവും സാന്ത്വനം,
നിനവിൻ ചില്ലമേൽ
പറന്നിറങ്ങുന്നു വെളിച്ചം.


ജന്മാന്തരങ്ങളിലൂടെ
ഒഴുകിവന്ന കാരുണ്യനിറവിനെ
അണകെട്ടിനിർത്തായ്ക;ഒഴുകി-
പ്പരക്കട്ടെയതു കല്പാന്തകാലത്തോളം,
നിറയട്ടെ മാനവസാഹോദര്യമെമ്പാടും..


സമ്പത്ത് കയ്യില്‍ ആവോളമുണ്ടായാല്‍
സന്തത സഹചാരികള്‍ കൂട്ടിനേറീടും..
സത്ചിന്ത വെടിഞ്ഞ് ജീവിച്ചു തുടങ്ങിയാല്‍ 
സത്ജനങ്ങള്‍ കൈവിട്ടു പോയീടും...


നിനവിന്റെ തീരങ്ങൾ ഉള്ളിലൊ-
ളിപ്പിച്ച വിരഹത്തിൻ കഥകളിലേക്ക്,
ഒലിച്ചിറങ്ങുന്നു മൗനം.....!


മേഘങ്ങളുടെ കാരുണ്യം 
മഴയായ് പെയ്തപ്പോൾ
ഭൂമിയുടെ ചുണ്ടിൽ
തേനൂറും പുഞ്ചിരി....!


നന്മയുടെ പടവുകളിൽ
തൂവിപ്പോയ സ്നേഹമുത്തുകൾ
പെറുക്കിയെടുത്ത്
കോർത്തു തീർത്തൊരീ മാലയുമായി
ഞാൻ കാത്തിരിക്കാം.....!
ഈ ഏകാന്ത തീരത്ത്;യുഗങ്ങളോളം.....!


ഉണർന്നു,മുറങ്ങിയു-
മുറക്കത്തിൽ സ്വപ്നം പടർന്നും
ഞെട്ടിയുണർന്നും.....
ഒടുക്കം ,
ഒരുനാൾ മണ്ണോട് ചേരുവോളം
ഈ ജീവിതമിങ്ങനെ കാലത്തിൻ
താഴ്വര താണ്ടുന്നു,അന്ത്യമറിയാതെ....


പുഞ്ചിരിപ്പെയ്ത്തിൽ ,
പൂക്കുന്നെന്‍ മാനസം.
ചൂടാം ..നമുക്കൊന്നായിന്ന്
ഒരു ബഹുവർണ്ണക്കുട..!!


പരസ്പരം കൂട്ടിമുട്ടുന്ന
സമാന്തര രേഖകളാണു നാം.



Thursday, July 13, 2017

ചെറുകവിതകള്‍

പേമാരിയെ വരിച്ച സങ്കടങ്ങള്‍..
പെരുംനുണ പെറ്റിട്ട സന്തോഷങ്ങള്‍..
പുകച്ചുരുള്‍ നിറഞ്ഞ ജീവിതപാതയില്‍
പതറാതെപോകുവാന്‍ നിഴല്‍ക്കൂട്ടായാരോ...


മിഴിയടച്ചപ്പോഴാണ്
നീ കയറിവന്നത്;
മിഴി തുറന്നതും
നീയെങ്ങു പോയി.....!?


പച്ചിലത്തുമ്പത്ത് താളം-
പിടിക്കുന്ന മഴത്തുള്ളിയിൽ
ആകാശത്തിനൊരു കണ്ണ്...!

തോരാത്ത മഴയിലൂടെ 
എല്ലാം മറന്നു നടക്കണം. 
പെയ്തൊഴിയാത്ത 
മിഴിനീര്‍ തുള്ളികളെ 
മഴതുള്ളികള്‍ക്ക് 
ദാനം ചെയ്തിട്ട്
ഒന്നൊമറിയാത്ത പോലെ,
വീണ്ടും ചിരിയുടെ
വര്‍ണ്ണതേരിലൂടെ
ഈ ലോകത്തില്‍ ജീവിക്കണം


വസന്തമേ,
നീ പുറപ്പെട്ടുവോ?
എന്റെ പൂവാടിയിൽ
ഒരു പൂ പോലും ബാക്കിയില്ല....


പൂനിലാവുപോൽ
നിൻസാന്നിദ്ധ്യം;
എൻമനമെത്രമേൽ
പ്രണയാതുരം.....!


മഴത്തുള്ളികൾ
താളത്തിൽ നർത്തനമാടുമ്പോൾ
ആർദ്രമാമീണത്താൽ നിറയുന്നു മാനസം.
പ്രകൃതിയൊരുക്കുമീ സുന്ദര കാഴ്ചതൻ
ആനന്ദലഹരിയിൽ പൂക്കുന്നു മേടുകൾ..!


മഴയുടെ സംഗീതം 
കേട്ടപ്പോഴാണ് കാറ്റ്
കോരിത്തരിച്ചത്...!!!


നേരറിവിന്റെ വീറാണ്
വീര്യമുള്ള വീർപ്പ്,അതിനോളം
വരില്ല ഒരു തീർപ്പും...!

ഈ പ്രപഞ്ചം
എത്ര വായിച്ചാലും തീരാത്ത
ഒരു പുസ്തകമാകുന്നു;
അത്ഭുതങ്ങളുടെ കലവറയായ
പുസ്തകം ....!!!

നേർത്തതെങ്കിലുമൊരു
തണലായ് പടരണമീ പൊള്ളും
വെയിലിടങ്ങളിലിത്തിരി വട്ടത്തിൽ...

കരകാണാക്കടലിൽ
കടലോളം സ്നേഹം;
കടലെല്ലാം താണ്ടി
കരതേടിപ്പോകെ 
തിരമാലകൾ വന്ന്
കരൾ മുട്ടിവിളിപ്പൂ........!

മഴ പെയ്തു;
ഭൂമി കുളിരുവോളം
നേരം വെളുക്കുവോളം
പുലരി നനയുവോളം...
എങ്കിലുമെൻമനം മാത്രം 
ചുട്ടുപൊള്ളി;മഴയറിയാതെ.....!

കവിത ചൊല്ലും 
നിന്‍ മിഴികളില്‍ ,
ഈണം മീട്ടുന്ന ചൊടികള്‍...!

അകമേ 
നിറയുന്നിതോർമ്മകൾ,
എങ്കിലും,
എത്രയോർമ്മകൾക്കായിടും
അസ്തമയത്തോളം 
കൂട്ടുപോരാൻ..

പിന്‍വിളിയാലൊന്നു തിരിഞ്ഞുനോക്കേ,
മൂർദ്ധാവിൽ പതിഞ്ഞു ചുടുനിശ്വാസം.
പേരുചൊല്ലാതെയെന്‍ മിഴികള്‍ പൊത്തി
പ്രേമാർദ്രമെന്നിൽ തിലകം ചാര്‍ത്താന്‍ !!

മഴ കണ്ടുനില്ക്കേ,
മിഴി പൂട്ടി നിന്നേൻ,
മിഴി പൂത്തിറങ്ങി
മഴയോളമെത്തി....!

വിധിയെ തടുക്കുവാനാവില്ലയെങ്കിലും ,
ബൗദ്ധികമായൊന്നു ചിന്തിച്ചീടിൽ
കണ്ണീർക്കയത്തിൽ മുങ്ങിത്താഴാതെയീ-
ധരയിലാനന്ദധാരയിൽ ധന്യരാകാം !!

നന്മമരം പൂക്കും ദിക്കിലേക്ക്
പറന്നുപോകുന്നു സ്വർഗവാതിൽപക്ഷികൾ;
സുഗന്ധവുമായി അകമ്പടിക്കാറ്റ്.

തടാകത്തിലേക്ക്
ഊളിയിടുന്നൊരു മഴ;
തുള്ളികളുടെ കൈയും പിടിച്ച്.

ലിപിയില്ലാത്ത 
ചിലഭാഷകളുണ്ട്.
പ്രണയാമൃതം..!!

മല്ലികപ്പൂ ചൂടിവന്ന 
പുലര്‍കാലസുന്ദരിക്ക് 
ചന്ദനക്കുറി ചാലിക്കുന്ന 
തുമ്പിപ്പെണ്ണ്‍..
പട്ടുപുടവ ഞൊറിയുന്ന 
കുഞ്ഞിളം കാറ്റിനൊപ്പം
പൂത്താലിയുമായാരു
കാത്തുനില്‍പ്പൂ....





Thursday, July 6, 2017

ഓര്‍മ്മകളുടെ കുറുകല്‍

മറവിയാഴങ്ങളിൽ നിന്നു൦
മുളപൊട്ടിവരുന്ന
ചില ഓർമ്മകൾ...
കാലമതിൽനിറമുള്ള
ചിന്താപ്പൂക്കൾ പൊഴിക്കുമ്പോൾ
ആരൊക്കെയാവും 
ആ പരിമള൦ ഏറ്റുവാങ്ങുക.... !
ചിതലരിക്കാത്ത
ഹൃദയത്താളുകളിൽ
ആരോ കോറിയിട്ട
വരികൾ ഇന്നും,
ഒരു പതിനേഴുകാരിയുടെ
നാണംപോലെ,
കുണുങ്ങിച്ചിരിക്കുന്നുവോ...
പ്രണയാതുരമായ
ഓര്‍മ്മകള്‍ക്കു മരണമില്ല ....
സ്നേഹപ്പക്ഷിയുടെ
ചിറകിനടിയിൽ
എന്നും കുറുകിയിരിക്കും
ആരുംകാണാതെ....
ഏതു ദു:ഖത്തിലു൦
കുളിർക്കാറ്റായി
നമ്മെ തലോടിയുറക്കാൻ .....!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...