Sunday, August 28, 2016

മറവി

എത്ര തിരഞ്ഞിട്ടും
കണ്ടെത്താനാവുന്നില്ല
ചില നല്ലോര്‍മ്മകള്‍.
എങ്കിലും,
ഒരുനിലാപ്പക്ഷിപോലെ
ചിറകടിക്കുന്നു മറക്കാന്‍
ശ്രമിക്കുന്ന കാഴ്ചകള്‍..

അകലങ്ങളിലേക്ക്
വലിച്ചെറിയുന്തോറും
അകതാരിലേക്ക്
ആഴ്ന്നിറങ്ങുന്ന
കൂർത്ത മുനകള്‍
പോലെ ചില ശബ്ദങ്ങള്‍..

കാതോരം
ശ്രവിക്കാന്‍ ആഗ്രഹിച്ചതോ..
ഒരിക്കലും കാതണഞ്ഞില്ല.
കാഴ്ചാസുഖംതേടിയ
മിഴികൾ നോവിന്റെ
ചുടു നിശ്വാസങ്ങളാല്‍ മങ്ങുന്നു..

രാത്രിമഴയില്‍
മുങ്ങിയ സ്വപ്‌നങ്ങള്‍
കടലാഴങ്ങളിലെവിടെയോ
മുങ്ങിത്താണ്‌ പോയോ.. !

മറവിമാത്രം..
നല്ലതിനെ മുക്കിത്താഴ്ത്തുന്ന
തിന്മയെ
തെളിച്ചുനിര്‍ത്തുന്ന
മറവിയെങ്ങും......!

Thursday, August 25, 2016

നിന്നെയും കാത്ത്

ഞാനീ ഏകാന്ത തീരത്ത്
നിന്നേയും കാത്ത് 
യുഗങ്ങളായി തപസ്സിലാണ്;
കാത്തിരിപ്പിന്റെ 
വിഭ്രാന്തിയുമായി
ഓരോ ദിനവും
കൊഴിഞ്ഞുപോകുന്നു;

എങ്കിലും......
നീ വരുമെന്ന
പ്രതീക്ഷയെ 
താലോലിക്കുമ്പോഴാണ്
എന്റെ ജീവന്റെ തുടിപ്പ്
താളാത്മകമാവുന്നത്....

 നീ യില്ലാത ഞാനില്ല
എന്ന ബോധത്തിലാണ്
ഈ ജീവിതം എന്നും 
തളിർക്കുന്നത്
ഈ മുല്ല പൂക്കാൻ
നിന്റെ ഒറ്റ തലോടൽ മതി
എന്നിട്ടും നീ എന്തേ
ദൂരെ ...ദൂരേ..

Tuesday, August 23, 2016

എന്നെ മറന്നുവോ ...നീ


കണ്ണാ എന്നെ മറന്നുവോ  നീ
വിളിച്ചിട്ടും വിളി കേള്‍ക്കാത്തതെന്തേ..
കനവില്‍ നീ മാത്രമെന്നു നിനച്ചിട്ടും
മലരായ്  കിനാവില്‍ വിരിയാത്തതെന്തേ...

      കരയുവാനില്ല  കണ്ണുനീരിനിയും
      തരുവാനായ് കൈകളിലൊന്നുമില്ല
      വിരഹിണിയാം നിന്റെ രാധയെപ്പോല്‍
      തേങ്ങുവാന്‍ മാത്രമാണോ ഈ ജന്മം.

പരീക്ഷിച്ചു മതിയായില്ലേ കണ്ണാ
പരീക്ഷണങ്ങളിനി  താങ്ങാന്‍ വയ്യാ
എന്നുടെ മൂകാനുരാഗം കാണാന്‍
നിന്‍ പുഞ്ചിരി മിഴികള്‍ക്കാവുന്നില്ലേ...

      എങ്കിലും കണ്ണാ നിന്‍ വേണുവിലെ
      മധുരഗാനമായ് മാറീടും ഞാന്‍
      അലിയാത്ത നിന്നുടെ മനസ്സിനുള്ളിലെ
      സ്നേഹരാഗമായ് അലിഞ്ഞു ചേരും ....

കദനങ്ങള്‍ അര്‍ച്ചനാ പുഷ്പങ്ങളാക്കി
കരചരണങ്ങള്‍ കൂപ്പുന്നുഞാന്‍..
കാളിന്ദിയായി ഒഴുകുമീ മിഴികള്‍

കാണാതെ പോകരുതേയെന്‍ മുകില്‍വര്‍ണ്ണാ.

Monday, August 22, 2016

കുറുംകവിതകള്‍

പ്രകൃതി മനുഷ്യനെ
ഉത്തമ പ്രകൃതനാക്കി;
അവൻ സ്വയം മൃഗമായ്മാറി.


നോവുപാടത്തു 
പൂക്കാകനവുകള്‍l
കരി നിഴലുകൾ


എൻമൗനം പൂത്തപ്പോൾ
നിൻ പ്രണയാർദ്രമിഴികളിൽ 
പൂമ്പാറ്റകളുടെ ചിറകടി. 
നിശാഗന്ധിപ്പൂക്കൾക്കിന്ന്
മധുരോത്സവം.


'ബലമേറുന്ന' താലിയിൽ
ഊഞ്ഞാലാടും സ്വപ്നങ്ങൾ,
മധുരമീ ജീവരാഗം.


ഇഷ്ടം 
അനിഷ്ടമാകുമ്പോൾ 
കഷ്ടങ്ങളേറെ... 
കഷ്ടത്തിൽ 
കൈ പിടിക്കുന്നവർ 
ശിഷ്ടകാലം കൂടെ.


ചിരിമഴയില്‍
കുതിര്‍ന്ന മധുരമൊഴി.
മൌനം പൂക്കുന്നു.


ഹൃദയമന്ത്രം 
നൂലിഴയി-
ലേക്കാവാഹിച്ച്,
കൈത്തണ്ടയിൽ
മുറുക്കിക്കെട്ടുന്ന
പവിത്ര ബന്ധം,
മരണമില്ലാത്ത
സാഹോദര്യം!


മുറ്റം മെഴുകി
വെയില്പ്പൂക്കള്‍
ചിങ്ങപ്പിറവി


ദശപുഷ്പങ്ങള്‍ 
ചൂടിയെത്തിയ 

ചിങ്ങപ്പെണ്ണിനെ
വരവേല്‍ക്കുന്ന 

വെയില്പ്പൂക്കള്‍

കര കവിഞ്ഞൊരു 
പുഴയൊഴുകി,
പുഴയിലോ
ചെറു മീൻപെരുകി, 
കരയിലിരുന്നു 
ചിലർ വലയെറിഞ്ഞു..
വലകണ്ട മീനുകൾ
ഇടറിനിന്നു.
കരയിലവയുടെ
ജഡമടിഞ്ഞു


വെളിച്ചമറിയാതെ
ഇരുണ്ട മനസ്സുകള്‍. 
കറുത്തവാവ്


സ്വാതന്ത്ര്യത്തിന്റെ
പടവുകളിൽ ഇറ്റിവീണ
ചോരപ്പാടുകൾ മായുന്നേയില്ല,
അവ പുതിയ പുതിയ
രൂപങ്ങളാർജ്ജിച്ച് ഭീതി പരത്തി-
ക്കൊണ്ടേയിരിക്കുന്നു.
ചോരപ്പാടുകൾ മാഞ്ഞ്
സാഹോദര്യത്തിളക്കത്താൽ
പ്രഭാപൂരിതമാവട്ടെ
നമ്മുടെ സ്വാതന്ത്ര്യപ്പുലരി
കളോരോന്നും.......


ഹൃദയത്തിൻശ്രീകോവിലില്‍ 
ഇടയ്ക്കകൊട്ടിപ്പാടുമ്പോൾ,
ദീപാലങ്കാരം ഒരുക്കുന്നു 
നിന്‍സ്നേഹ നാളങ്ങൾ.......
മിഴിമുനയാല്‍ഒപ്പിയെടുത്തു
ഇരുള്‍വഴിയിൽവെളിച്ചമേകി
നന്മയുടെ പാതയില്‍ മുന്നേറീടാന്‍.


നിനവിന്റെ കോണിലൊരു
നനവാർന്ന മോഹം;ചാരേ,
പൂമ്പാറ്റകളുടെ ചിറകടി.


പൂന്തോപ്പില്‍ 
കരിയിലക്കിലുക്കം 
ഇരുനിഴലാട്ടം


ബന്ധങ്ങൾ ബന്ധനങ്ങളെന്ന്;
സ്വാതന്ത്ര്യം തേടിയകന്നവർ
പാതിവഴിയിൽ ഇടറിവീണു.


കരിയിലക്കിലുക്കം,
കാറ്റിലൊരു പൂമണം;
പൂന്തോപ്പിലിരുനിഴലാട്ടം.


പ്രണയമഴയിൽ ഈറനണിഞ്ഞ
കാമുകിപ്പൂവിനെ കാമുകൻകാറ്റ്
ഒപ്പിയുണക്കി;പൂവിനു നാണം.


എല്ലാരുമുണ്ടേലും
ആരുമില്ലാത്തപോൽ;
ജീവിതമേ,കരുത്താവുക.


പ്രതികൂലാവസ്ഥയിലും
കൂസലില്ലാതെ സത്യം,
കുറ്റബോധത്താൽ
മുഖം കുനിച്ച് കാപട്യം.
കാലപ്രവാഹത്തിൽ
കാലിടറാതെ മനുഷ്യത്വം.


പ്രതികൂലാവസ്ഥയിലും
കൂസലില്ലാതെ സത്യം,
കുറ്റബോധത്താൽ
മുഖം കുനിച്ച് കാപട്യം.
കാലപ്രവാഹത്തിൽ
കാലിടറാതെ മനുഷ്യത്വം.


കാണാക്കാഴ്ച്ചകൾ 
തേടിപ്പായുന്നു കാലം;
വൃദ്ധമിഴികളിൽ 
യൗവനത്തിളക്കം...!


നന്മവിരിയും
സ്നേഹപ്പൂക്കള്‍
മാനസവാടി


പാറിപ്പറക്കുന്ന
കരിയിലപ്പക്ഷികള്‍.
പിറുപിറുക്കുന്ന ചൂല്‍


നന്മകൾ പെറുക്കിക്കൂട്ടി
അടുക്കി വെച്ചപ്പോൾ, ആകാശം
മഴവില്ലാൽ മേലാപ്പു തീർത്തു.


കുടത്തിലിരുന്ന മനസ്സിനു 
മോക്ഷപ്രാപ്തി കൊടുത്തപ്പോൾ 
പൊട്ടിച്ചിരിക്കുന്നു 'ഭൂതം'.


ആട്ടിയകറ്റിയവർ 
കൈകൊട്ടിവിളിക്കുന്നു:
ബലിക്കാക്കകൾ.


ഓർമ്മച്ചെല്ലത്തിൽ പറ്റിപ്പിടിച്ച
മറവിതീണ്ടിയ പൂപ്പലുകളെല്ലാം
ഓരോന്നോരോന്നായി
കുടഞ്ഞുകളഞ്ഞപ്പോൾ,
തെളിഞ്ഞുവന്ന ചിത്രലിപികളിൽ
വിസ്മയത്തിന്റെ
'ഡാവിന്ചി കോഡുകൾ'*


മഴയകന്ന മാനം
കായലിനോട്:
വസന്തം വരവായി,
ഓളങ്ങൾ താളംതുള്ളട്ടെ;
വഞ്ചിയിലണയുന്ന ഈണം.


പ്രാസത്തില്‍ 
പ്രയാസങ്ങളെഴുതി,
പ്രാരാബ്ധത്തിലും 
പുഞ്ചിരിപ്പൂ
പൊഴിക്കും 
പ്രവാസി!!


ഇരുള്‍വഴി
മിഴിചിരാതുമായി,
നിന്‍ സാന്നിധ്യം

















Thursday, August 4, 2016

പൂത്തുമ്പി

നിറകണ്ണിലൊഴുകുമെന്‍
ദു:ഖങ്ങളോരോന്നും പ്രിയ തോഴാ, നീയന്നറിഞ്ഞിരുന്നോ? (നിറകണ്ണില്‍) തെളിമാനം പോലെയെന്‍
മനതാരിലെന്നെന്നും ഒളി ചിന്നിനില്പൂ നിൻവദനം, ദുഃഖത്തിൻ പടവിങ്കൽ കദനംമയങ്ങുമ്പോൾ കനിവുമായ് വന്നുനീ കൂട്ടിരുന്നൂ........ (നിറകണ്ണില്‍) മിഴികളാൽ പുഞ്ചിരി തൂവിനീയെത്തുമ്പോൾ മഴവാകപോലെ
ഞാന്‍ പൂത്തുലയും, പുതുമണ്ണിൻ മണമെഴും പൂമഴപ്പെയ്ത്തിൽ ഞാൻ പൂത്തുമ്പിയായിപ്പറന്നിറങ്ങും (നിറകണ്ണില്‍)

Monday, August 1, 2016

സ്വപ്നത്തൂവൽ

തരള മധുരമാ൦ നിൻ സ്വര൦ കേട്ടു ഞാൻ കാതരം മിഴികൂമ്പി മയങ്ങിപ്പോയീ .. നിന്നോർമ്മ പൂക്കുന്ന മധുര സ്വപ്നങ്ങളിൽ ഒരുതൂവലായ്ഞാൻ പറന്നനേരം നീയൊരുതെന്നലായെന്മേനി പുണരുവാനെൻചാരെവന്നു നിറഞ്ഞു നിന്നൂ..... പ്രണയ സരോവര തീരത്തു നാമൊന്നായ്. മിഴിയിണമുഗ്ധം മുകർന്നുനില്ക്കേ, മനസ്സിൻ കിളിവാതിൽ തുറന്നുപോയീ,കാറ്റിൽ, പരിരംഭണമധു തുളുമ്പിപ്പോയീ......

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...