Monday, February 11, 2019

പ്രണയമർമ്മരങ്ങൾ


പ്രണയമേ ,നീ ഒരുവേളയെന്റെ കരളിൽ ,
കുളിരുള്ള പനീർപൂവായ് വിടരുമോ ?
ഒരിക്കലും ദളങ്ങൾ കൊഴിയാതെന്നിൽ
നീ പ്രണയസുഗന്ധം പരത്തിടേണം !

തളരുന്ന നേരത്തൊരു മധുചുംബനം നീ ,
നിറുകയിൽ തന്നെന്നെ ചേർത്തീടുക.
എൻ സീമന്തരേഖയിൽ നിറയും സിന്ദൂരം
നിന്നധരങ്ങളെ പ്രണയാർദ്രമാക്കട്ടെ !

തിരയായ് നീയെന്നെ പുണർന്നീടുമ്പോൾ ,
കുളിരായിനില്ക്കും കരയാകെ ഞാൻ.
അരുവിയായ് ,നീയെന്നിൽ ഒഴുകിപടരവേ..
അനുരാഗിയായ് ഞാനെന്നും തുടിച്ചിടും !

പ്രണയവർണ്ണങ്ങളെ കോർത്തുവിളക്കിയീ ,
പൂത്താലിയെൻ, മാറിലെന്നും തിളങ്ങട്ടെ..
കനവിൽ നീ പൊന്നൊളിവീശി തെളിയവേ..
ഞാനൊഴുകും അനുരാഗമായ് നിന്നിൽ ..

Sunday, February 10, 2019

സൗഹൃദമകലുമ്പോൾ

സൗഹൃദങ്ങളേ നിങ്ങളകലുമ്പോൾ..
എന്നകം കേഴുന്നു, നോവുന്നു.
പൊട്ടിയ കണ്ണാടിയിലെന്ന പോലെ
കാഴ്ചകൾ ചിതറുന്നു....

ഹൃദയത്തിൽ കുളിരായും
മോഹത്തിൽ താലോലമായും
തളർച്ചയിൽ  തുണയായും
കൂടെയുള്ളപ്പോൾ എന്തൊരു
ആത്മബലം,
സുരക്ഷിതബോധം!

പലവുരു ചൊല്ലിയ വാക്കുകൾ
അരികു വിട്ടു പറന്നകലുന്നുവോ?
കനിവുകൾ വറ്റിയ തടാകം
കൊടും വരൾച്ചയിൽ  വിണ്ടുവോ?

മിഴികളിലെ പേമാരി തോർന്ന
ഇടവേളകൾക്ക് കൂട്ടായ്
ഉദയംതേടിപ്പറക്കുന്ന വാക്കുകൾ തൻ
കലപിലയൊച്ചകൾ......

എങ്കിലും....ഇടയ്ക്കെപ്പേഴോ
മാനസ്സുകൾക്കിടയിൽ രൂപപ്പെടുന്നു
ആകാശം മുട്ടും മതിലുകൾ.....!

ഏകാന്തതയുടെ പടവുകൾ
കയറിത്തളരുന്ന വേളയിൽ
തേൻ തുള്ളിയാവേണമീ
ഊഷ്മള സൗഹൃദ നിലാവലകൾ....!

കാലം തീർത്ത ജീവിതപ്പടവുകളിൽ  കാലിടറാതെ ഉയരത്തിലെത്തുവാൻ
തൊട്ടു തൊട്ടു നീങ്ങാം, നമുക്കിനി...
ഉൾത്തുടിപ്പുൾ നുണഞ്ഞ്
 ക്ഷീണമകറ്റാം......!
~

Wednesday, February 6, 2019

മനോയാനം


എത്തുവാനാവുമോ
ഒരിക്കൽക്കൂടിയാ
ഓർമ്മകൾ പൂത്ത
കലാലയ മുറ്റത്ത്!

മങ്ങിയ കാഴ്ചകളകന്ന്
നിറമുള്ള കാഴ്ചകൾ കണ്ടീടുവാൻ
മങ്ങിത്തുടങ്ങിയ  മോഹങ്ങളെ
പുലർമഞ്ഞാൽകുളുർപ്പിച്ച്
കരളിൽ പിറവി കൊള്ളും
പ്രണയാക്ഷരങ്ങളെ
താലോലിച്ചു പുണരുവാൻ..

പോകുവാനാമോ കടും വർണ്ണത്തിൽ
പൂത്തു നിൽക്കുമാ വാകമരച്ചോട്ടിൽ!
ചാറ്റൽ മഴ നനഞ്ഞു പ്രണയാർദ്ര-
മാമൊരു കവിത ചൊല്ലീടുവാൻ
യൗവനത്തിൻ ദിനങ്ങളിലേക്കൊരു
പ്രണയരഥത്തിലേറിയണഞ്ഞിടാൻ

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...