Wednesday, November 28, 2018

സ്‌നേഹമൊഴികൾ..

സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ
ജീവൻ പകർന്നു നീ കൂടെനില്ക്കേ
സ്നേഹനിറവിനാലറിയാതെയുൾത്തടം
പുളകത്തിൻ മലർവാടിയായപോലെ...!

പാതി വഴിയിലിടറിയ വാക്കുകൾ
അർത്ഥമറിയാതെ തേങ്ങിയപ്പോൾ
നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം
ഈ വേള നീയെന്നെപ്പുണർന്നിടുമ്പോൾ

അറിയാതെ ഞാനൊന്നു പതറിയ വേളയിൽ
അരുമയായ് കൂടെ നീ ചേർത്തുനിർത്തി,
എത്രയോനാളായെൻ ഹൃദയവനിയിലെ
വാടാത്ത പൂവായ് സുഗന്ധമേകി....!

കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ
ഒരു ചെറുതിരയായലയടിക്കാൻ..
എൻ മനമെന്നും കൊതിച്ചു നില്പൂ
എൻ മാനസചോരനേ ചേർന്നു നില്ക്കൂ

ഹൃദയമാംവാടിയിൽ വാടാമലരായ്
എന്നെന്നുംപൂക്കും വസന്തമേ നീ...
സ്നേഹവാകചോട്ടിൽ കവിത വിരിയേ
മധുവൂറും മൊഴികളാൽ നിറയുക നീ.. !

അകലുവാനാവില്ല സ്നേഹിതമേ നിൻ്റെ
സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം
വാടിക്കരിഞ്ഞു വീഴുവോളം നിൻ്റെ
വരികളിൽ പൂത്തുഞാൻ സുഗന്ധിയാവാം

Friday, November 23, 2018

കാലവും തേങ്ങുന്നോ.. !

ഒരുമ തൻ കൂടാരമൊന്നിലൊന്നി-
ച്ചിരിക്കുവാൻഅറിയാതെ മോഹിച്ചു പോകുന്നുവല്ലോ!
തമ്മിലകലുന്നു ചിത്തങ്ങൾ;
കദനം പൊഴിക്കുന്നു കാലവും...

കുന്നോളം പൊങ്ങിയ കിനാവിൽ
ചിതറി വീഴുന്നു മേഘങ്ങൾ....

സ്വാർത്ഥമാം മനസ്സുകൾ
വൻമതിലുകൾ കെട്ടുന്നു നീളെ...
ചിന്തകളിൽ വെറുപ്പ് നിറച്ച് കുലം മുടിക്കാൻ
കച്ചകെട്ടി പടവാളുകളെടുക്കുന്നു.

കോമരങ്ങൾ ഉടൽ തുള്ളിയാടുന്നു
നിണത്തുള്ളികൾ പുഴപോലെയൊഴുകുന്നു.

കാലം ഗതിയില്ലാതെ പായുന്നു
കുമിഞ്ഞു കൂടുന്നു മാലിന്യങ്ങൾ മനസ്സ കം....!
പ്രളയക്കെടുതിയിലും
മാറാത്ത മനസ്സുകൾക്കെന്തു നവീനത്വം?

എവിടുന്നു തുടങ്ങണം എവിടെ ഒടുങ്ങണം
എത്ര കാലം കണ്ണടച്ചിങ്ങനെ....
വഴിയറിയായാത്രയിലോ നാം
കൂരിരുട്ടിൻ കയങ്ങളോ മുൻപിൽ......!


Wednesday, November 14, 2018

ചിന്തകളുടെ ചിലന്തി വലകൾ

ചിലന്തിവല പോലെ ഒട്ടിപ്പിടിച്ച ചില ചിന്തകൾ
തുരുമ്പിച്ച ഓർമ്മകൾക്കു മുകളിൽ കുട പിടിക്കുന്നു..
പരസ്പരം പഴിചാരുന്ന മനസ്സുകളിൽ
പരാജയത്തിന്റെ കരുവാളിപ്പ്.....

അലഞ്ഞവരുടെ യാത്രകളിലെ
അപരിചിത കാഴ്ചക്കാരായി തലങ്ങും വിലങ്ങും ഓടുമ്പോൾ,
പൊടിപടലങ്ങൾക്കിടയിലെ അവ്യക്തയാകുന്നു
ഓരോ ബന്ധങ്ങളും... !

തമ്മിൽ ചേർന്നിരുന്നു പറഞ്ഞ തമാശകളൊക്കെയും,
ഒരൊറ്റ വാക്കിൽ കിടന്നു പിടഞ്ഞു ചാകുന്നു!

മരവിച്ച ഹൃദയത്തിൽ പിണക്കത്തിന്റെ
താക്കോലീട്ടു പൂട്ടി വലിച്ചെറിയും വരെ മാത്രം ആയുസ്സുള്ള ബന്ധങ്ങളെ,
ബന്ധനത്തിലാക്കി ഒന്നുമറിയാത്ത പോലെ
നടന്നു നീങ്ങുമ്പോൾ,
പുതിയൊരു വല കെട്ടുന്ന തിരക്കിലാവും
ചിലന്തി വീണ്ടും.......!


Wednesday, November 7, 2018

ഹൃദയം പിടയുമ്പോൾ..


എന്നുമൊരു കുട്ടിയായിരുന്നെങ്കിലെന്നു ഞാൻ
ഇന്ന് വെറുതെ മോഹിച്ചു പോകുന്നു..
എന്തിനു വളരുന്നു പനപോലെ ലോകത്തിൽ
ഖിന്നത പൂണ്ടു ഞാൻ ചിന്തിച്ചുപോകുന്നു..

തമ്മിലടിച്ചും ഭിന്നിപ്പിച്ചും-സ്പർധ-
യേറ്റിയും ദുഷ്ടരായി  മാറുന്നു മാനവർ
ചിന്തകൾ മരവിച്ചു വല്ലാതെ മാറുന്നു..
നമ്മുടെ നാടിന്റെ  രക്ഷയാകേണ്ടവർ

വേണം..  രക്തസാക്ഷികളെവിടെയും
ദാഹം തീർക്കുവാൻ വേണ്ടി മാത്രം..
പതനംമാത്രം ആഗ്രഹിക്കുന്നു ചിലർ
പതറിപ്പോകുന്ന കാഴ്ചക്കാരാകുന്നു നാം..

ഹൃദയം പൊട്ടും വേദനയിലും നോക്കു-
കുത്തിയായ് മാറുന്ന മർത്യരെ കാണവേ
അറിയാതെയെപ്പോഴും മോഹിച്ചുപോകുന്നു
ഒന്നുമറിയാത്ത കുഞ്ഞായിമാറുവാൻ.

മാറ്റങ്ങൾ അനിവാര്യമാണെങ്കിലും ആദ്യം
മാറണം നമ്മിലെ ഹീനമാം ചിന്തകൾ
കപടത കൂടുമീ ലോകത്ത് വെറുതെ നാം
കാപട്യം കാണുവാൻ ഇനിയും പിറക്കണോ..?

Thursday, November 1, 2018

മുൾപൂവ്


താലോലിച്ചാൽ
പോറലേല്ക്കുന്ന
തൊട്ടാൽ മുറിയുന്ന,
നിറയെ മുള്ളുകളുള്ള
ഭംഗി മങ്ങിക്കൊഴിയാറായ
ഒരു പൂവ്..!

ആരുടെയൊക്കെയോ ..
ധാർഷ്ഠ്യം തീർത്ത മുറിവുകൾ...!

മഞ്ഞുതുള്ളികളായ്
ഊർന്നിറങ്ങിയ
നൊമ്പരപ്പൂമ്പൊടികൾ.....

നിരാസത്തിന്റെ തേങ്ങലടക്കി അതിജീവനത്തിന്റെ പ്രകാശംതേടുന്ന
ഒരു മുൾപ്പൂവിൻ നിശ്വാസം
ആരു കേൾക്കാൻ.....!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...