Saturday, November 30, 2013

യാത്രാരഥം

പ്രണയത്തിന്റെ ചിലമ്പണിഞ്ഞ
ഹൃത്തിനെ,വ്രണങ്ങള്‍ വന്ന് 
ആലിംഗനം ചെയ്തപ്പോള്‍
മോചനത്തിനു വേണ്ടി തുടിച്ച 
അവളുടെ വദനത്തിലെപ്പോഴും,
ശോകാര്‍ദ്രഭാവം നിഴലിച്ചിരുന്നു.
അഴകാര്‍ന്ന കവിള്‍ത്തടങ്ങളില്‍ 
ഊര്‍ന്നിറങ്ങിയ നീര്‍ത്തുള്ളികള്‍ ,
മഞ്ഞുകണം പോലെ തിളങ്ങി.
ആരോരുമറിയാത്ത മനോവ്യഥ,
മന്ദസ്മിതത്താല്‍ മറച്ചു.
ഏകാന്തതയാല്‍ ,വിഷാദത്തെ വരിച്ച്
കനലുകള്‍ എരിയുന്ന മനസ്സുമായ്,
അശ്രുവാല്‍ കാഴ്ച മങ്ങിയ കണ്ണുമായ്,
ജനലഴിയില്‍ പിടിച്ചവള്‍
വിദൂരതയിലേക്ക് നോക്കി നിന്നു.
അവള്‍ക്കായ് ഒരുക്കിയ യാത്രാരഥത്തിനായ്...

Friday, November 29, 2013

എന്താണ് സൌന്ദര്യം?

എന്താണ് സൌന്ദര്യം?
ചിലര്‍ ബാഹ്യസൌന്ദര്യത്തിനു,
പ്രാധാന്യം കൊടുക്കുന്നു...
മറ്റു ചിലര്‍ മനസ്സിലാണ്
സൌന്ദര്യം എന്ന് പറയുന്നു..
ഇനിയും ചിലര്‍  ചൊല്ലുന്നു,
ഒരാളോട് ഒറ്റ നോട്ടത്തില്‍
തോന്നുന്ന ആകര്‍ഷണീയതയെന്ന്.
യഥാര്‍ത്ഥത്തില്‍ എന്താണ്
സൌന്ദര്യം???
കാണുന്നവരുടെ കണ്ണിലോ,,
കേള്‍ക്കുന്നവരുടെ കാതിലോ,,
ചൊല്ലുന്നവരുടെ മൊഴിയിലോ.,
സ്നേഹത്തില്‍ നിന്നും,
കാരുണ്യത്തില്‍ നിന്നും
പിറവിയെടുക്കുന്നതോ??


Thursday, November 28, 2013



അകലെയിരുന്നപ്പോള്‍ ,
സ്വപ്നമഴ....
അരികത്ത്‌ വന്നപ്പോള്‍ ,
പ്രണയമഴ....
അടുത്തറിഞ്ഞപ്പോള്‍ ,
തീമഴ...
ജീവിത യാഗത്തിന്‍
ഹോമാഗ്നിയില്‍ ,
നെയ്യമൃതാകാന്‍
കണ്ണീര്‍ മഴ.....

Tuesday, November 26, 2013

കയ്യൊഴിഞ്ഞ മോഹങ്ങൾ

മനസ്സാകും പാടത്തു
ഇന്നലെ ഞാനൊരു,
മോഹത്തിൻ വിത്തു 
പാകി നോക്കി.
ഞാറ്റുവേലക്കിളി 
കൂട്ടിനു വന്നപ്പോൾ,
മോഹ കതിരുകൾ 
പൂത്തുനിന്നു...
കൊയ്യാൻ കാലത്ത് 
പാടത്തു ചെന്നപ്പോൾ,
കൊയ്ത്തു നടത്തുന്നു 
വയൽകിളികൾ .
കൈയിൽ കിട്ടി,
കുറച്ചു പതിരുകൽ മാത്രം,
കയ്യൊഴിഞ്ഞു, 
ഞാനെൻ മോഹങ്ങളും .
               

കളഞ്ഞു പോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ
കുട്ടിയുടെ മനസ്സാണ് എനിക്കിപ്പോൾ ...
ശോഷിച്ചു പോയ എന്റെ മനസ്സിനെ ..
ആമോദത്താൽ പരിപോഷിപ്പിച്ചു.
സങ്കടങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ ....
സന്തോഷത്തിൻ മഹിമ ആരറിയും ??
ദു:ഖങ്ങളേ ....നിങ്ങളെ,
മറക്കില്ലൊരിക്കലും ...എങ്കിലും ..
ഇനി നമ്മൾ കാണാതിരിക്കട്ടെ .

നുറുങ്ങു കവിതകൾ

പരിഭവം 

പറയാൻ വയ്കിയ വാക്കുകളാൽ 
ഇന്ന് പരിഭവം കേട്ടു തളർന്നീടുമ്പോൾ ..
പരിചിതഭാവം നടിക്കാതെ പോകുന്നു 
പരിചിതർ പോലും നടവഴിയിൽ ....


വിരഹം

വിരഹത്തിൻ വേദനയിൽ നിറയുന്ന കണ്ണുകളിൽ 
കദനത്തിൻ കവിതകൾ പിറവിയെടുക്കുന്നുവോ ? 
നോക്കുന്നിടത്തെല്ലാം ...ശൂന്യത മാത്രം ,
എൻ ചിത്തത്തിലോ ....നിൻ മുഖം മാത്രം .

ഹൃദയരാഗം 

ഹൃദയ രാഗത്തിൽ കവിതയെഴുതാം ഞാൻ, 
പ്രണയമായ് നീ കനവിൽ വന്നെങ്കിൽ ...
രാഗാർദ്ര ഭാവം നിന്നിൽ നിറയുമ്പോൾ -
സ്നേഹലോലയായ് ഞാൻ വരാം നിൻ ചാരെ .

അമ്മക്കിളി

വേടന്റെ അമ്പിനാൽ ചിറകൊടിഞ്ഞാ- 
കിളി, വേദന തെല്ലും അറിഞ്ഞതില്ല ....
കുഞ്ഞി കിളികളെ ഓർത്തു കൊണ്ടാ പാവം,
എല്ലാം മറന്നങ്ങിരുന്നുപോയീ ..

Sunday, November 24, 2013

കാലത്തിന്റെ മാറ്റം

ഓര്‍മ്മ വെച്ച നാള്‍ മുതല്‍
അമ്മയുടെ ശകാരം,
നിന്റെ തല കണ്ടതില്‍ പിന്നെ,
ഈ കുടുംബം ഗതി പിടിച്ചിട്ടില്ല...
ആരോടൊക്കെയോ ഉള്ള ദേഷ്യം,
ശാപവാക്കുകളായ് ബഹിര്‍ഗമിച്ചപ്പോള്‍ ...
തിരിച്ചറിവില്ലാത്ത പ്രായത്തില്‍ -
വാക്കുകളുടെ പൊരുള്‍ അറിയാതെ,
അവള്‍ മിഴിച്ചു നിന്നു.
കൌമാരത്തില്‍ അവളുടെ വളര്‍ച്ചയില്‍
ഭീതിപൂണ്ട, അമ്മയുടെ ജല്പനങ്ങള്‍ -
കേട്ട് പതറി നിന്നു.
യൌവനത്തില്‍ വിവാഹാ-
ലോചനയുടെ തിരക്ക്..
പെണ്‍കുട്ടിയാണ്..കൂടുതല്‍
പഠിപ്പിച്ചിട്ടെന്തെടുക്കാന്‍ ?
കാരണവന്മാര്‍ കാര്യങ്ങള്‍
ഏറ്റെടുത്തു.പാതി വഴിയില്‍ -
ഉപേഷിച്ച മോഹങ്ങളുമായ് ,
അവള്‍ മറ്റൊരു വീട്ടിലേക്ക് ..
സ്ത്രീധനം കുറഞ്ഞ പേരില്‍
അവിടെയും മുറുമുറുപ്പ് ..
പെണ്‍കുഞ്ഞിനു ജന്മം
നല്‍കിയതോടെ അവളിലെ ,
അമ്മയും സ്വാര്‍ത്ഥയായീ.
തനിക്കു കിട്ടാത്ത ഭാഗ്യങ്ങള്‍ ,
സ്വപുത്രിക്കു കിട്ടാന്‍ വേണ്ടി-
പ്രയത്നിച്ചു...
സ്വന്തം കാലില്‍ നില്ക്കാറായപ്പോള്‍ ,
മകള്‍ക്കും അമ്മ അധികപ്പെറ്റ് ..
കണ്‍തടങ്ങളിലെ കറുപ്പിലൂടെ,
ഒഴുകിയിറങ്ങിയ കണ്ണീര്‍ ഒപ്പിക്കൊണ്ട്-
ആ അമ്മ മന്ത്രിച്ചു...സ്ത്രീ,
എന്നും സ്ത്രീ തന്നെ.
വര്‍ഷങ്ങള്‍ കൊഴിഞ്ഞു.....
കഥകള്‍ മാറി.. അവകാശങ്ങള്‍
നേടിയെടുത്തെന്നു വിളിച്ചുപറയുമ്പോളും,
വ്യത്യാസം ഒന്നു മാത്രം...
ഗാര്‍ഹിക പീഡനങ്ങള്‍ ,
പൊതുസ്ഥല പീഡനങ്ങള്‍ക്ക്
വഴിമാറികൊടുത്തു...

ഓര്‍മ്മ ചെപ്പ്




സുപ്രഭാതം കേട്ടുണര്‍ന്നു
ഈറന്‍മുടിയില്‍  

തുളസികതിര്‍ ചൂടി,
ക്ഷേത്ര നടയില്‍തൊഴുതു

മടങ്ങുമ്പോള്‍..
കൂട്ടുകാരോടോത്തു

ചിരിച്ചും കളിപറഞ്ഞും ,
മോഹന സ്വപ്‌നങ്ങള്‍ കൊണ്ട്
മഴവില്ല് തീര്‍ത്ത നാളുകളും,
അരയാലിന്‍ ചോട്ടില്‍  
കാത്തുനില്‍ക്കുന്ന കൂട്ടുകാരനു
തൊടുകുറി ചാര്‍ത്തി
സ്നേഹത്തിന്റെ 
പനിനീര്‍ തളിച്ച്,
പരിഭവത്തിന്റെ 
പൂമ്പൊടി വിതറി,
പൂമ്പാറ്റയെപ്പോലെ 
പാറി നടന്ന നിമിഷങ്ങളും
കാലങ്ങലെത്ര കൊഴിഞ്ഞാലും
മറക്കാനാകുമോ?
മനസ്സിന്റെചെപ്പില്‍ 

കാത്തുവെയ്ക്കാം
ചിതലരിക്കാത്ത 

ആ നല്ല ഓര്‍മ്മകള്‍ ...

Saturday, November 23, 2013



ബാല്യകാലത്തിൽ  പ്രിയം മണ്ണിനൊടായിരുന്നു
എന്നാൽ ,ദാവണിപ്രായത്തിൽ മഴ ഹരമായിരുന്നു
മഴ നനയുമ്പോൾ മനസ്സും നിറയുന്ന കാലം ..
ഒളി കണ്ണാൽ കവിതയെഴുതും പ്രായം ..
നല്ല പ്രായത്തിലേക്ക് വീണ്ടും കൊണ്ടുപോയ .."മഴ"..
നീയാണെന്റെ" പ്രണയം ".
നിന്നോടാണെനിക്കു' പ്രേമം'

Thursday, November 21, 2013

ഒരു മഴ കൂടി

മഴനൂലില്‍ തങ്ങിനില്‍ക്കുന്ന മോഹങ്ങള്‍
വിലാപമായ് പെയ്തിറങ്ങിയപ്പോള്‍ ..
ചിന്തകളാല്‍ ചിന്നിച്ചിതറിയ തലച്ചോറിനെ
പുതുമഴയിലിട്ടൊന്ന് വെടിപ്പാക്കി...
കിനാവിന്റെ കുന്നിന്‍ ചെരുവിലിരുന്ന്
തലച്ചോറിനു പരവതാനി വിരിച്ചപ്പോള്‍
സുഖദു:ഖങ്ങള്‍ വിസ്മ്രിതിയിലായി.
മനസ്സിന്‍റെ ഖജനാവില്‍ ,
നഷ്ടകണക്കുകള്‍ കൂട്ടിവച്ചപ്പോള്‍
ജീവിതത്തിന്‍റെ ശൂന്യതയാല്‍
സുഷുപ്തി കൊള്ളുന്ന നിസംഗത.
ആത്മവ്രണങ്ങളെ ഓര്‍മ്മചെപ്പിലേക്ക്
നടതള്ളി,
സ്വപ്നവിഹായസിലേക്ക് പറന്നുയര്‍ന്നപ്പോള്‍
വീണ്ടും ഒരു മഴ കൂടി....

Wednesday, November 20, 2013

വിലാപം

പൊയ്മുഖങ്ങള്‍ കൊണ്ട്
പേക്കോലമാടുന്നവര്‍
വിഷജന്തുക്കളായ് 

രൂപമെടുക്കുമ്പോള്‍ ...
പിഞ്ചു മനസ്സുകളില്‍ പോലും
പാഷാണം കലര്‍ത്തി,
ദുഷ്ടശക്തിയായ് 

 പടര്‍ന്നു വളരുന്നു.
കലികാലമെന്നു,

വിളിക്കുമീ യുഗത്തില്‍
കരുണയ്ക്കുവേണ്ടി 

വിലപിക്കുന്നവര്‍ക്കായ് ,
നിഗ്രഹാ ബോധങ്ങളോടെ,
ഉടലെടുക്കുമോ..

പുതിയൊരു' അവതാരം '

Tuesday, November 19, 2013

അവള്‍




അവള്‍ക്കു നീലനിലാവിന്റെ ഭംഗിയായിരുന്നു.
ഹൃദയത്തിന്റെ ആഴംകാണാന്‍അറിയാത്തവര്‍
അവളിലെ നന്മ അറിയാതെ,
അവളെ ക്രൂശിക്കുമ്പോഴും,
അവളുടെ ചെഞ്ചുണ്ടില്‍ ഒരു
മായാത്ത പുഞ്ചിരി ഉണ്ടായിരുന്നു.
അവള്‍ ഇന്ന് എല്ലാവര്‍ക്കും
സ്നേഹത്തിന്റെ പ്രതീകമാണ്‌ 
എന്തെന്നാല്‍ ......
വെള്ളയില്‍ പൊതിഞ്ഞ ഒരു
ഓര്‍മ്മ മാത്രമാണിന്നവള്‍ . 

Monday, November 18, 2013

പുനര്‍ജ്ജന്മം







നിന്റെ കാഴ്ച്ചയ്ക്കു വേണ്ടി
നീ എന്റെ കണ്ണുകള്‍ 
ചൂഴ്‌ന്ന് എടുത്തു.
നിന്റെ രക്ഷയ്ക്കു വേണ്ടി 
നീ എന്റെ കൈ -
കാലുകള്‍ ബന്ധിച്ചു .
അപവാദ ചൂഴിയില്‍ 
ലോകത്തിന്റെ മുന്നില്‍ 
നഗ്നയാക്കി നിര്‍ത്തി.
സംതൃപ്തിയടങ്ങിയ 

മനസ്സുമായ് നീ..
എന്നെ ആഴക്കടലില്‍ 

മുക്കിതാഴ്ത്തി ..എങ്കിലും
ആഘോഷ തിമിര്‍പ്പില്‍ 

ജീവിതം കൊണ്ടാടുന്ന
നിന്നുടെ മകളായ് 

ഞാന്‍ പുനര്ജനിക്കും.
അന്ന് നീ ഒരു ഭ്രാന്തനാകും .
കൊഴിഞ്ഞുപോയ ഈ 

പുഷ്പത്തെ ഓര്‍ത്തല്ല,
കഴുകന്‍കണ്ണുകളില്‍നിന്നും 
തന്റെ 'പൊന്‍മകളെ'
എങ്ങനെ രക്ഷിക്കുമെന്നോര്‍ത്ത് ..

Sunday, November 17, 2013

വിഭ്രാന്തി




കൊട്ടിയടച്ച വാതിലുകള്‍...
നരച്ചീറിനെ പോലെ ,
ഭയപ്പെടുത്തുന്ന ചിന്തകള്‍
വിഭ്രാന്തിയുടെ പൊട്ടിച്ചിരികള്‍
പരിഹാസത്തിന്റെ അലയടികള്‍
ദുഷ്ടാത്മാക്കളുടെ പിടിവലിയാല്‍
ചങ്ങലയ്ക്കിട്ടു പൂട്ടാൻ ശ്രമിച്ചു ...
പറ്റുന്നില്ല......
ചെറിയൊരു മുറിവ് ,
വലിയൊരു വ്രണമായി...
ആരോ,ഉള്ളിലിരുന്നു മന്ത്രിക്കുന്നു ...
തോല്‍ക്കരുത്‌...
ഉപബോധ മനസ്സിനെ പിടിച്ചുകെട്ടി,
ഹൃദയവാതിലില്‍മുട്ടിനോക്കി.
അവിടെയും നന്മയും തിന്മയും
തമ്മില്‍ മത്സരിക്കുന്നു ..
പിച്ചവയ്ക്കുന്ന ഓര്‍മ്മകള്‍ക്ക്
താങ്ങായ് "മൌനം " മാത്രം ബാക്കി .

Thursday, November 14, 2013

രഹസ്യങ്ങൾ

അന്നു  നീ എന്നോടു ചൊല്ലിയ രഹസ്യങ്ങള്‍
എന്നുള്ളില്‍ കിടന്നു നീറി പുകയുന്നു .
വിശ്വാസഗോപുരം തകര്‍ന്നു വീണെങ്കിലും,
ആലംബമില്ലാതെ നില്ക്കുന്നുവെങ്കിലും 
സ്നേഹിതേ,നിന്നുടെ ഉള്ളിലെ വ്രണങ്ങള്‍
എന്‍ ഹൃദയത്തില്‍സുഖനിദ്ര കൊള്ളുന്നു.
കുളിര്‍കാറ്റായ് നീ ചൊല്ലിയ പായാരങ്ങള്‍
കൊടുങ്കാറ്റായ്  എന്നില്‍ആഞ്ഞടിച്ചപ്പോഴും,
സ്നേഹിതേ, നിന്നുടെ ആത്മരഹസ്യങ്ങള്‍
എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.
വിശ്രമമില്ലാത്ത ഓര്‍മ്മകളില്‍
അശാന്തിയുടെ മുറുമുറുപ്പുകള്‍ തന്നു നീ ,
വെള്ളിച്ചിരിയുമായ് നില്‍ക്കുമ്പോഴും 
ഇടനെഞ്ചു തകരുന്ന നോവിലും ഞാന്‍
സൂക്ഷിച്ചു വെയ്ക്കാം നിന്‍ ജീവിത രഹസ്യങ്ങള്‍
ഒരിക്കല്‍ എന്നെ തിരിച്ചറിയും നാള്‍
നീയെന്നരികില്‍എത്തീടുമ്പോള്‍
ആരോടും ചൊല്ലാതെ,എന്‍ മനതാരില്‍
ഒരു പൂമാലയായീ കൊരുത്തു വയ്ക്കാം...
നീയേകിയ, കണ്ണുനീര്‍ ചാലില്‍ നനച്ചു വെയ്ക്കാം ...

Wednesday, November 13, 2013

മദ്യം എന്ന വിപത്ത്

ഈശ്വരൻ കനിഞ്ഞു നല്കിയ ജീവിതം 
മനുഷ്യർ നമ്മൾ നശിപ്പിക്കുമ്പോൾ,
സ്വകാര്യ ദു:ഖം പോലെയെന്നുള്ളിലും 
നീറ്റലിലാഴുത്തുന്നു എൻ ഏട്ടന്റെ ഓർമ്മകൾ ...
ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ 
സൌഹൃദങ്ങൾക്ക് കൊഴുപ്പ് കൂട്ടുവാൻ,
സമയം കൊല്ലിയായ് തുടങ്ങുന്നു 
'മദ്യപാനം' എന്ന  ഓമനപ്പേരിലും ..
കരളിനെ കാർന്നു  തിന്നുന്നു മദ്യവും 
പലവിധ രോഗങ്ങൾ പിന്നാലെ എത്തുന്നു .
ചോര നീരാക്കി വളർത്തിയ ഉണ്ണിതൻ 
ദുരവസ്ഥ കണ്ടു തളരുന്നു താതനും ..
കടലോളം സ്നേഹം കരളിൽനിറച്ചൊരു,
മാതാവിൻ കണ്ണീരും കാണാതെ പോകുന്നു. 
മരണം വന്നു മുഖാമുഖം കാണുമ്പോൾ 
കഴിഞ്ഞ കാലങ്ങളെ ഓർക്കുവാൻ പോലും
സമയമില്ലാതെ തേങ്ങുന്ന ജീവനെ,
കൊണ്ടുപോയീടാൻ എത്തുന്നു കാലനും ..
ഹൃദയത്തിൽ ഉണങ്ങാത്ത മുറിവുകൾ തന്നവർ 
ഈ ലോകം വിട്ടു പോയീടുമ്പോൾ,
അനാഥമായ് പോയൊരു കുടുംബത്തിൻ 
വേദന മാറ്റുവാൻ ആർക്കാണു കഴിയുക ?

Tuesday, November 12, 2013

പ്രണയം മരിക്കുമോ?





ജീവിതത്തിന്റെ സായാഹ്നത്തില്‍.
അവര്‍ വീണ്ടും കണ്ടുമുട്ടി ..
വൃദ്ധസദനത്തിന്റെ 
പടിവാതില്‍ക്കല്‍
ആഡംഭരകാറില്‍
വന്നിറങ്ങിയ അയാളെ ,
ലക്ഷങ്ങള്‍ സംഭാവന നല്കി, മക്കള്‍ 
അവര്‍ക്കു കൈമാറിയപ്പോള്‍...
അവള്‍ പോലും കരുതിയിരുന്നില്ല ,
ഒരിക്കല്‍ തന്റെ ജീവന്റെ ഭാഗമായിരുന്ന,
അനുരാഗ നായകനായിരിക്കുമെന്ന്‌!!!
വിധിയുടെ കളിയാട്ടത്തില്‍  
തനിക്കു നഷ്ടപെട്ട,
തന്റെ കളി തോഴനയിരുന്നെന്ന് .
വീഴാന്‍ പോയ അയാള്‍ക്ക്‌ 
അവളുടെ വിറയാര്‍ന്ന, 
കൈകള്‍ താങ്ങായപ്പോള്‍
ആത്മാവിലെവിടെയോ ..അയാളിലെ 
പ്രണയനായകന്‍  ഉണര്‍ന്നുവോ ???
അവളുടെ നനവൂറിയ കണ്ണുകളില്‍ നോക്കി 
വിറയാര്‍ന്ന ശബ്ദത്തില്‍ അയാള്‍ മന്ത്രിച്ചു..
പ്രണയം മരിക്കില്ല..ഒരിക്കലും..

Monday, November 11, 2013

നഷ്ടബോധം

കുലീനമായ ആ ഗ്രാമഭംഗിയിൽ 
ഞാൻ എല്ലാം മറക്കുമായിരുന്നു ...
ആ പച്ചപ്പിൽ പോയിരിക്കുമ്പോൾ 
അമ്മയുടെ മടിതട്ടിന്റെ 
വാത്സല്യം അറിഞ്ഞിരുന്നു.
എന്റെ കണ്ണുനീർ മറയ്ക്കാൻ 
ചാറ്റൽമഴയായ് പെയ്തിറങ്ങും .
ഇളംവെയിലിന്റെ സ്വർണപ്രഭായാൽ ...
സന്തോഷത്തിന്റെ മാറ്റു കൂട്ടും ..
എന്നിട്ടും .....
അവളുടെ മനോഹാരിതയിൽ
തിരയിളകിയ എൻ കണ്ണുകളിൽ,
ദുരാഗ്രഹത്തിന്റെ തിമിരം ബാധിച്ചു.
ബഹുനില സമുച്ചയങ്ങളുടെ,
കൃത്രിമഭംഗിയാൽ... ആർഭാടം 
കുമിഞ്ഞുകൂടിയപ്പോൾ .....
മരവിച്ച മനസ്സിനു താങ്ങായ് ...
മുരടിച്ച കുറെ ചിന്തകൾ മാത്രം ബാക്കി ....

സ്വപ്ന കൂടാരം


 വറ്റിവരണ്ട കിനാവുകളിൽ ,
 നിൻ ഓർമ്മകൽ തൻ 
 നീർചാലൊഴുകുന്നു ..
 വിജനമാം വീഥിയിൽ,
 ഏകയായ് നടക്കുമ്പോൾ ...
 കൂട്ടിനു നിന്നുടെ
 പരിഭവകിലുക്കങ്ങൾ.
 നനവൂറിയ നിന്നുടെ
 നയനങ്ങളിൽ പോലും
 പ്രതീക്ഷയുടെ പൊൻതിളക്കം.
 പോകരുതെയെന്നു
 യാചിക്കും കണ്ണുകളിൽ 
 മോഹങ്ങളോ,
 വെറും സ്വപ്നങ്ങളോ ??
 മോഹങ്ങളേ .... 
 നിങ്ങളെ ,സ്വപ്നകൂടാരതിലാക്കി 
 താരാട്ടുപാടി ഉറക്കുകയാണ് .
 ഇനിയും ഉണരരുതേ ......
പ്രതീക്ഷകൾ തന്ന്,
 എന്നെ തളർത്തരുതേ ....

Sunday, November 10, 2013

കാത്തിരിപ്പ്‌


നിന്‍ മനമെനിക്കൊരു
വൃന്ദാവനമായി തന്നാല്‍
നടനമാടാം  ഞാന്‍ 
രാധയെപ്പോല്‍

നിന്‍ കരങ്ങളെനിക്കു
തണലായ്‌ തന്നാല്‍
നിന്നിലലിയാം
ഞാന്‍ഈ ജന്മത്തില്‍

ഹൃദയ രാഗത്തില്‍
കവിതയെഴുതാം ഞാന്‍
പ്രണയമായ് നീയെന്റെ
കനവില്‍ വന്നാല്‍.

എഴുതാന്‍ മറന്ന വാക്കുകള്‍
നിന്‍ നെഞ്ചില്‍
എന്‍ നഖമുനയാല്‍
കോറിയിടാം ...

പാടാന്‍ മറന്ന വരികള്‍  
നിന്‍കാതില്‍
പ്രണയമഴയായ്
പെയ്തിറക്കാം ..


രാഗാര്‍ദ്ര ഭാവം
നിന്നില്‍ നിറയുമ്പോള്‍
സ്നേഹലോലയായ് 
ഞാന്‍ വരാം നിന്‍ചാരേ .

ഹൃദയേശ്വരാ .... നീ
എന്നരികില്‍വന്നാല്‍..
സഫലമായീടും
ഈ ജന്മമെന്നും .

എന്നിട്ടും എന്തേ,
വൈകുന്നു കണ്ണാ ...
എന്നടുത്തെത്താന്‍...നീ...

മറക്കാൻ കഴിയുമോ

പാടാന്‍ കൊതിച്ചൊരു ഗാനമല്ലേ 
കേള്‍ക്കാന്‍ കൊതിച്ചൊരു രാഗമല്ലേ
മീട്ടാന്‍ കൊതിച്ചൊരു തംബുരുവും .
പാഴ്‌കിനാവായ് പോയതെന്തേ ??
ദേവിയായി കണ്ടു തൊഴുത കരങ്ങളില്‍
കയ്യാമം വച്ചതും നീ തന്നെയല്ലേ ..
ഏഴുതിരിയിട്ടപൊന്‍വിളക്കില്‍
കരിതിരി കത്തിച്ചതും നീ തന്നെ ..
ഇരുട്ടറയില്‍വെളിച്ചവുമായ് വന്ന് 
ചങ്ങലക്കിട്ടതും നീയല്ലേ ??
പൊറുക്കാന്‍ശ്രമിച്ചാലും ...ഒളിക്കാന്‍ കഴിയില്ല 
വെറുക്കാന്‍ശ്രമിച്ചാലും ..മറക്കാന്‍കഴിയുമോ ?
വലിച്ചെറിഞ്ഞു നീ സ്വപ്ന ങ്ങളെങ്കിലും 
ഓര്‍ക്കാന്‍ ശ്രമിക്കാം നന്മകള്‍മാത്രം ...

Saturday, November 9, 2013

അവളുടെ നൊമ്പരം

അവളുടെ ജീവിതംകൊത്തി വലിച്ചവർ  ...
അവളുടെ ഹൃദയം കീറി മുറിച്ചവർ ...
അവളുടെ രക് തം ഊറ്റി കുടിച്ചവർ..
അവളുടെ മുന്നിൽ  പാറി നടക്കുന്നു.
കുടുംബ ബന്ധത്തിൻ മഹാത്മ്യമറിയാതെ ...
ബന്ധങ്ങളെ തമ്മിൽ അകറ്റുന്നിതു ചിലർ ..
ഊഷ്മള ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ ...
ചില്ലുപാത്രം പോലെ തകരുന്നു ജീവിതം ...
ചായം തേച്ചു മിനുക്കും ചിലരുടെ ,
മുഖം മൂടി വലിച്ചുകളഞ്ഞെങ്കിൽ 
പരദൂഷണം പാപമെന്നറിയാതെ ....
നേരംപോക്കായ്‌ കരുതുന്നിതു ചിലർ.
മോഹങ്ങൾ അതിമോഹമായ്‌ മാറുമ്പോൾ ..
ബന്ധങ്ങൾ  വെറും മായയായ് മാറുന്നു .
ചിലന്തി വല കെട്ടും പോലെയവരുടെ ...
ഇരയെ കെണിയിലാക്കി രസിക്കുന്നു ചിലർ.
പാപത്തിൻ കറ പുഞ്ചിരിയാൽ കഴുകുന്നു ...
പാപികൾ അവർ  പോകുന്നതെവിടെയോ?
വ്യാജ തെളിവുകൾ കൊണ്ടവർ 
 സത്യങ്ങൾ മൂടുമ്പോൾ ...
അറിയുന്നില്ലാരും 'അവളുടെ നൊമ്പരം'

Friday, November 8, 2013

കൊഴിഞ്ഞു പോയ ബാല്യം



ബാല്യത്തിന്റെ കുസൃതി കുരുന്നായിരുന്നു അവൾ,
തെരുവിന്റെ ഒരു സമ്പാദ്യം!!
ഈറൻ മണ്ണിന്റെ നനവുള്ള നയങ്ങനളിൽ ,
നിഷ്കളങ്കതയുടെ നിഴലാട്ടം...
കാമത്തിൻ കണ്ണുകൾ ആ കുഞ്ഞിളം മേനിയിൽ,
അമ്പുകൾ എയ്തപ്പോൽ ,അവളുടെ,
മിഴികളിൽ ദൈന്യത നിഴലിച്ചിരുന്നുവോ?
ചവച്ചു തുപ്പിയ ബാല്യം ബലിയർപ്പിച്ചു കൊണ്ട്,
ഒരു മഞ്ഞുകണം പോലെ ,അവൾ ..
ഏതു താഴ്വാരത്തിലേക്കവും ഊർന്നിറങ്ങിയത് ???

Thursday, November 7, 2013

എരിഞ്ഞു തീരുന്ന ജീവിതങ്ങൾ.

അന്ന് നല്ല മഴയായിരുന്നു...
അമ്പലനടയില്‍ഭഗവാനെ കണ്ടു ..
പ്രദക്ഷിണംവെച്ച്
തൊഴുതു മടങ്ങുംന്നേരം ..
കൈയിലിരുന്ന നാണയതുട്ടുകള്‍
ഭിക്ഷാടകരുടെ പാത്രത്തില്‍ഇടുമ്പോള്‍
കമ്പിളിയില്‍ പുതച്ചുമൂടി
നിറുത്താതെ ചുമയ്ക്കുന്ന,
ഒരു ദയനീയ രൂപം ...
എന്തെന്നറിയില്ല 
ഒന്നുകൂടി നോക്കാന്‍
എന്റെ മനസ്സു വെമ്പി ....
എവിടെയോ കണ്ടു മറന്ന 
ഒരു മുഖമല്ലേ അത് ??
ഒരു നിമിഷം എന്റെ മനം ..
വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ സഞ്ചരിച്ചു ..
കലാലയത്തിലെ മൈതാനത്തില്‍
തീപ്പൊരി പ്രസംഗം നടത്തുന്ന ...
മനം മയക്കുന്ന ചിരിയുമായ് ..
വോട്ട് ചോദിക്കുന്ന ആ 
യുവാവു തന്നെയോ ഇത്?
ഒഴിവു വേളകളില്‍ അയാളുടെ കൂട്ടുകാരന്‍
കൈയില്‍ എരിയുന്ന 
സിഗരറ്റ് കുറ്റികള്‍ ആയിരുന്നു..
ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് 
'ക്ഷയം' എന്ന വ്യാധിയുമായ് ..
ഒരുനേരത്തെ ആഹാരത്തിനായ്‌ 
കൈ നീട്ടിയപ്പോള്‍..
എന്തുചെയ്യണം എന്നറിയാതെ 
പകച്ചുപോയ്‌ ഞാനും..
ഒരിക്കല്‍ ഞാനും ഒരുപാടു 
ആരാധിച്ചതല്ലേ .. 
അങനെ ഒറ്റനാണയത്തില്‍ 
തീര്‍ക്കാന്‍ പറ്റുമോ ആ ബന്ധം .
അടുത്തുള്ള ആശുപത്രിയില്‍
ആക്കി മടങ്ങുമ്പോള്‍..
ആ പഴയ നായകനായിരുന്നു മനം നിറയെ ... 
പുകവലിയാല്‍ നീ ഹോമിച്ചത് 
നിന്റെ ജീവിതം മാത്രമോ ?
ഞങളുടെയൊക്കെ പ്രതീക്ഷ കൂടിയല്ലേ ?
എന്തിനാ സോദരരേ ..
പുകവലിച്ചു ജീവിതം നശിപ്പിക്കുന്നത് 
വരും തലമുറയെങ്കിലും നമ്മുക്ക് രക്ഷിച്ചുകൂടെ ??

Wednesday, November 6, 2013

എന്റെ തോഴി

ആരാണ് പ്രിയതോഴി ,
ഇന്നു നിന്നുള്ളില്‍
സ്നേഹത്തിന്‍ പൂക്കാറ്റായ്
തഴുകിതലോടുന്നത് ....

കരളി
ല്‍, തംബുരു
മീട്ടാന്‍ വന്ന
രാവില്‍ ശലഭങ്ങളോ,
വിണ്ണില്‍ നിന്നിറങ്ങി വന്ന
മണിദീപങ്ങളോ ...

നിന്‍ കിളി കൊഞ്ചല്‍

കേട്ടിട്ടോ, തോഴി
എന്‍ആത്മ വീണയും
ശ്രുതി മീട്ടുന്നു ....

എന്‍ ഹൃദയ പൂങ്കാവനത്തില്‍

ഒരു മന്ദാര പുഷ്പമായ്
വിടരില്ലേ തോഴീ ....

എന്‍ ജീവവിപഞ്ചികയില്‍

താളമാകാന്‍
നിന്‍ നീര്‍  മിഴികളില്‍
മയങ്ങീടുവാന്‍..
വരികയില്ലേ ,തോഴീ
എന്നരികില്‍..
കാത്തിരിക്കുന്നു  ഞാന്‍
ഏകനായ് ....

Tuesday, November 5, 2013

വിധിയുടെ കളിയാട്ടം




സ്വപ്ന സുഗന്ധമായിരുന്നു അവൾ ...
കൃഷ്ണതുളസിയുടെ,
പരിശുദ്ധിയുണ്ടായിരുന്നു..
പ്രണയത്തിന്റെ,
പനിനീർ പുഷ്പമായിരുന്നു..
സ്നേഹത്തിൻ,
നിറകുടമായിരുന്നു...
സന്ധ്യാ പ്രകാശത്തിന്റെ,
പൊൻവിളക്കായിരുന്നു...
എന്നിട്ടും,
ജീവിതസായാഹ്നത്തിൾ,
വെണ്ണപോലെ ഉരുകി,
തീരനായിരുന്നു വിധി.
ഒട്ടിയ കവിളിലൂടെ,
ഒലിച്ചിറങ്ങിയ..
വിധിയുടെ കളിയാട്ടത്തിന്റെ,
നീർകണങ്ങൾക്ക് ...
ഉപ്പുരസം മാത്രമായിരുന്നില്ല ..
അനുഭവത്തിന്റെ
കയ്പ്പുനീർ കൂടിയായിരുന്നു .

പ്രതീക്ഷ




പ്രതീക്ഷയുടെ കല്പ്പടവുകളില്‍
ഇരുന്നുകൊണ്ട് ഒരുമാത്ര,
പിന്നിലെക്കൊന്നു സഞ്ചരിച്ചു.
ജീവിതസാഗരത്തിന്റെ ,
ചൂഴിയി
ല്‍ പ്പെട്ടിടറിയ നാളുകള്‍

നടുക്കടലില്‍ തുഴ നഷ്ടപ്പെട്ട തോണിപോലെ,
കാറ്റിനൊപ്പം നീന്തിതുടിച്ച ദിനങ്ങള്‍,
ശരിയും തെറ്റും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍,
കൊഴിഞ്ഞ ഇതളുകളും,വിരിഞ്ഞു നില്ക്കുന്ന
പൂക്കളും പോലെ,ഓര്‍മ്മയില്‍
മന്ദസ്മിതം തൂകി കുണുങ്ങി നില്ക്കുന്നു .
ദു:ഖസ്മൃതികള്‍ സടകുടഞ്ഞെഴുന്നേറ്റാലും,
പ്രതീക്ഷയുടെ പൊന്‍ തിരിനാളം,അവയെ
പിന്നാമ്പുറത്തേക്ക്‌ തിരസ്കരിച്ചീ ടുന്നു...
നല്ല ചിന്തകള്‍, നല്ല പ്രവര്‍ത്തികള്‍...
പലവട്ടം ഉള്ളില്‍ ഉരുവിട്ടപ്പോള്‍..
കാല്പാദങ്ങളെ നനച്ചുകൊണ്ട്,
കുഞ്ഞോളങ്ങളും സമ്മതം മൂളി .

മുത്തശ്ശി




കുട്ടിക്കാലത്ത് അവരെ കാണുമ്പോള്‍
അമ്മയുടെ സാരീതുമ്പിന്റെ ,
പിറകില്‍ ഒളിക്കുമായിരുന്നു ..
നരച്ചമുടിയും കൈയില്‍ വടിയുമായ്,
എപ്പോഴും പിറുപിറുത്തു,
നടക്കുന്ന ഒരു രൂപം ..
പിന്നെ,
എനിക്കു കഥകള്‍പറഞ്ഞു തരുന്ന
മുത്തശ്ശിയായി .. അങ്ങനെ
ആദ്യമായി വാത്സല്യം അറിഞ്ഞു .
ഞാന്‍ വളര്‍ന്നപ്പോള്‍, അവരില്‍
എന്റെ അമ്മയെ കണ്ടു .
നാളെ ഞാന്‍തന്നെ അവരായ് മാറും ..
അപ്പോള്‍ , എന്നെ കാത്തു നില്ക്കുന്നത്,
എന്താവും ??
ഒറ്റപെടലോ .മനോവ്യഥയോ ?
പേരകുട്ടികളുടെ കളി കൊഞ്ചലുക ളോ !!!

നിന്റെ സ്വരം



രാഗമായ് എന്നിൽ നിറഞ്ഞ നിൻ സ്വരം
ഒരു തെന്നൽ വന്നു കട്ടെടുത്തു.
ഈറൻ മുകിൽ വന്നു വിളിച്ചപ്പോൾ
പേമാരിയായ് പാരിൽ പെയ്തു .
ഇടിമിന്നലിൽ അലിഞ്ഞുപോയാ സ്വരം
മാനത്ത് പോയീ ഒളിച്ചിരുന്നു .
വേഴാമ്പലിനെ പോലെ കാത്തിരുന്നു ഞാനും
നിൻ സ്വരമെൻ കാതിൽ പെയ്തിറങ്ങാൻ....

Monday, November 4, 2013

പ്രാകൃത മനസ്സ്




ആട്ടിന്‍ തോലിട്ട ചെന്നായെപ്പോലെ
ഇരയെ തേടുന്നു പ്രാകൃത മനസ്സുകള്‍
കാലചക്രത്തെക്കാള്‍വേഗതയിലോടുന്നു,
കാരുണ്യലേശ മില്ലാതെ പരാക്രമികള്‍.
തെറ്റുകള്‍ ച്ചെയുവാന്‍ മടിയില്ലവര്‍ക്ക്, എങ്കിലും
രക്ഷപ്പെടുന്നു നിയമങ്ങളില്‍ നിന്നും ...
കാവല്‍ക്കാരായി എത്തുന്നു രക്ഷകര്‍
"മനോരോഗി "യെന്ന സര്‍ട്ടിഫിക്കറ്റുമായി...
ശേഷം,കുറെ ദിനം അഭിനയ പാടവത്താല്‍
സുഖവാസകേന്ദ്രമാക്കുന്നു ചെന്നിടം ...
നിയമങ്ങളെ വീണ്ടും നോക്കു കുത്തികളാക്കി,
വിലസിനടക്കും നീലകുറുക്കന്മാര്‍ .....

തിരിച്ചറിവ്



കൂണുകള്‍ പോലെ 
മുളയ്ക്കുന്ന ബന്ധങ്ങള്‍
കൂടിവന്നാലതിനു 

ആയുസ്സ് ഒരുദിനം .
പുല്‍നാമ്പു പോലെ 

കിളിര്‍ക്കുന്ന സൌഹൃദം
നല്ലൊരു വേനലില്‍ 

വാടിപ്പോയീടുന്നു.
മാരിവില്ലിനു 

മനോഹാരിതയേറെ, എങ്കിലും
മാഞ്ഞുപോകുന്നു 

നിമിഷങ്ങള്‍കൊണ്ട് .
മനസ്സിന്റെ പരിശുദ്ധി 

തിരിച്ചറിയാത്തവര്‍
മഴക്കാറു പോലെ 

മാഞ്ഞു പോയീടും .
നല്ല സുഹൃത്തുക്കള്‍ 

തണല്‍മരമാകുമ്പോള്‍
ആത്മശിഖരങ്ങള്‍ വെട്ടുന്നു 

തിന്മ തന്‍ കരങ്ങള്‍.
മഴുവിനേക്കാള്‍ 

മൂര്‍ച്ചയേറിയ നാവുകള്‍
മരണത്തെ പോലെ 

പിന്തുടര്‍ന്നാലും..
ഉദിച്ചുയരും 

അര്‍ക്കനെപ്പൊലെ ,
സത്യവും നന്മയും 

എന്നുമെന്നും ....

Saturday, November 2, 2013

പ്രിയ സഖി

അറിയുന്നുവോ സഖീ ....നിൻ
കടമിഴികോണുകളിൽ,
വിരിയുന്ന എന്നുടെ സ്വപ്‌നങ്ങൾ ....

നിൻ  കവിളിണകളിൽ സഖീ ...

കുംകുമ രാശി പകർന്നതാര് ?
ഞാനോ, എന്നുടെ ഓർമ്മകളോ ,അതോ
നാണം കൊണ്ട് ചുവന്നതാണോ ?

എൻ ഹൃദന്തവീണയിൽ ഒരു

ഗാനശകലം മീട്ടുകില്ലേ ?
നിൻ കമനീയ രൂപം, എന്നുമെൻ
കരളിൽ കുളിരേകുന്നു, സഖീ ..

അറിയുന്നു സഖീ.. നിൻ അന്തരംഗം

അറിയില്ലെന്നു നീ നടിച്ചീടിലും
പറയു പ്രിയ സഖീ ...
നിൻ കടമിഴികോണുകളിൽ
വിരിയുന്നതെൻ സ്വപ്നങ്ങളല്ലയോ ....

Friday, November 1, 2013

വാത്സല്യം





വാത്സല്യം
നിന്നോടെനിക്കെന്നും 
വാത്സല്യമായിരുന്നു
മുള്ളുകളെ അവഗണിച്ചാണ്, 
നിനക്കായിആ പനിനീര്‍ പുഷ്പം 
ഇറുത്തു തന്നത് .എന്നാല്‍...
മുള്ളുകളെക്കാല്‍ 
മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് 
എന്റെ ഹൃദയം കീറിമുറിച്ചു .
അതില്‍ നിന്നും ഇറ്റിറ്റു വീണ,
രക്തതുള്ളികളാല്‍ നീ നിന്റെ
ദാഹം തീര്‍ത്തു ...
അടര്‍ന്നു വീണ മാംസതുണ്ടുകളാല്‍
നിന്റെ വിശപ്പടക്കി .
കോടികള്‍ക്കു വേണ്ടി നീ എന്നെ
കോടി പുതപ്പിച്ചെങ്കിലും,
കുഞ്ഞനുജാ .....
എന്റെ കണ്ണുകളിലെ
വാത്സല്യത്തിന്റെ നീരുറവ നീ ,
കാണാതെ പോയതെന്തേ ??

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...