Sunday, August 20, 2017

ആശകള്‍

പോകണമൊരുദിനമാ-
കാട്ടിലെ മരപ്പൊത്തിൽ
സ്വച്ഛമായൊന്നുറങ്ങീടുവാൻ ...
കേള്ക്കണം കുയിൽ 
പാട്ടിന്നീണം...
മയിലാട്ടത്തോടൊപ്പം 

നൃത്തമാടീടണം.
മധുരമാം കളഗീതം
കേട്ടുണരുമ്പോൾ
പൊന്നുഷസ്സിനെ
പുണർന്നെല്ലാം മറക്കണ൦ ..
മുകിൽമാലകൾ
ആശിർവാദമേകവേ,
മന൦ കുളിർന്നങ്ങനെ
നിർവൃതി കൊള്ളണം....
.

സരസ്വതീ ഗീതം

ലാവണ്യവതിയാം കാവ്യത്തിൻ ദേവതേ
നീയൊരു മോഹനരാഗ൦ മൂളൂ...
ഈ പുണ്യജന്മത്തിൻ സായൂജ്യമായ്
ജീവിതപാതയിൽ കാരുണ്യമേകിടൂ..
കനവിലെ താമരപ്പൂവിലെ ദേവതേ..
ജീവിതതന്ത്രിയിൽ സ൦ഗീതമാവൂ ...
രാഗങ്ങളെല്ലാമേ മധുരമായ് പാടുവാൻ
നീയെന്‍ നാവില്‍ കളിയാടി വരൂ.. ( ലാവണ്യവതിയാം ) നിൻ സ്വരമാധുരിയെനിക്കുനല്കൂ...
നിഴല്‍പോലെ എന്നില്‍ നിറഞ്ഞു നില്‍ക്കൂ..
പ്രേമസ്വരൂപിണി അംബുജലോചനേ
നിന്‍ മിഴികളില്‍ എന്നെ കുടിയിരുത്തൂ... അക്ഷരമലരുകള്‍ ഹാരമായ് കോര്‍ത്തിടാം
നിന്‍ഗളനാളമലങ്കരിക്കാന്‍ (ലാവണ്യവതിയാകും) ഒരുജന്മമെങ്കിലും പൂവായ് പിറക്കേണം
നിന്‍പാദകമലത്തില്‍ വീണുറങ്ങാന്‍ ഒരുജന്മമെങ്കിലും സ്വരമായി തീരേണം,
നിന്‍വീണക്കമ്പിക്കു നാദമാവാന്‍ ഒരുജന്മമെങ്കിലും നിന്നിലലിയേണം
കാലാതിവര്‍ത്തിയാം കാവ്യമാവാന്‍ കാരുണ്യകടലാകും കാവ്യത്തിന്‍ ദേവതേ
മാറോടുചേര്‍ത്തെന്നെ കാത്തിടൂ നീ (ലാവണ്യവതിയാകും )




Wednesday, August 16, 2017

ചിങ്ങപ്പുലരി

പൊന്‍ ചിങ്ങക്കുളിരിലേക്ക് പ്രഭാത സൂര്യൻ പൊൻകിരണങ്ങൾ പൊഴിക്കവേ, പ്രകൃതിയുടെ പച്ചപ്പുകളിൽ ഉണർവ്വിന്റെ വസന്തരാഗ- വിസ്താരം.... കുരവിയിട്ടാനയിക്കാൻ പഞ്ചവർണ്ണക്കിളികൾ താലം പിടിക്കുന്ന മുക്കുറ്റിയും തുമ്പയും. സദ്യയൊരുക്കുന്ന തെച്ചിയും മന്ദാരവും. മധുരം വിളമ്പാന്‍ പൂത്തുമ്പിപ്പെണ്ണ്. ദശപുഷ്പങ്ങളുടെ നിറച്ചാർത്തുമായ്, ഓരോ മനസ്സിലും ഇനി ആര്‍പ്പുവിളിയുടെ ഓണക്കാലം.... പൂക്കളുടെ ഉത്സവകാലം, നാടൻ ശീലുകളുടെ പൂവണിക്കാലം, നാടും നഗരവും കൊണ്ടാടും കാലം, മലയാളമനസ്സുകൾ തുടികൊട്ടും കാലം.....

Monday, August 7, 2017

ഇനിയെത്രദൂരം


നടന്നുതീര്‍ന്ന വഴികളിലെ 
മുള്ളുകളിൽ‍
പറ്റിപ്പിടിച്ച നിണപ്പാടുകള്‍
അഹങ്കാരത്തിന്റെ ഹുങ്കാരവത്തില്‍
കണ്ണും കാതും അടഞ്ഞുപോയ
ഇരുകാലികളുടെ ആക്രോശങ്ങള്‍..
ഹൃദയാകാശത്തു പൂത്തുനില്‍ക്കുന്ന
ശോകത്തിനുമേല്‍,
പെയ്തിറങ്ങുന്ന വിഷത്തുള്ളികൾ;
ശേഷിപ്പുകളുടെ ആവർത്തനം പോലെ...
അലസമായൊഴുകിവന്ന കാറ്റില്‍
താളം തെറ്റിയ പാട്ടിന്റെ ശീലുകള്‍,
ഒറ്റമരത്തിലെ ഉണങ്ങിയ ചില്ലയില്‍
ചേര്‍ത്തുപിടിക്കാന്‍ തുണയില്ലാതെ,
ചിറകൊടിഞ്ഞൊരു കിളി.
ദൈവത്തിന്റെ വികൃതികളില്‍
ഉടലെടുക്കുന്ന ചില ജന്മങ്ങള്‍ക്ക്
കാലം മാത്രം സാക്ഷി..!
ശാന്തമായൊഴുകുന്ന പുഴയിലെക്കിനി
എത്ര ദൂരം ബാക്കി....!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...