Tuesday, February 14, 2023

മധുരമീ പ്രണയം

കതിര്‍മണ്ഡപത്തിലെ നിലവിളക്കൊളിയില്‍  പൂത്തുലയുന്നൊരിപ്രണയം.

മാനസച്ചെപ്പിലെ സ്നേഹത്തിൻ കുങ്കുമം  നെറുകയില്‍ ചാര്‍ത്തുന്ന പ്രണയം.

നീറും മനസ്സിലൊരു സാന്ത്വനമായെത്തും കുളിര്‍മഴയാണീപ്രണയം.

ജീവിതവൃക്ഷത്തിൻ പുളകമായ് വിരിയുന്ന മധുരഫലമാണീപ്രണയം.

തേനൂറും വാക്കുമായ് പരിഭവം ചൊല്ലുന്ന പുതുമണവാട്ടിയാണീപ്രണയം.

സ്നിദ്ധമാം സ്നേഹത്തിലിരുഹൃദയങ്ങളെ  ഒന്നാക്കിമാറ്റുമിപ്രണയം.

അന്തരംഗത്തിൽ സുഗന്ധം പരത്തുമൊരു ചെമ്പനീർപ്പൂവാണു പ്രണയം.

ജീവിതവീഥിയിലെന്നും വസന്തത്തെ തഴുകിയുണർത്തുന്ന പ്രണയം!

Saturday, February 4, 2023

ഏകയായൊരു നൊമ്പരപ്പൂവ്

ഇനിയെത്രകാലമിപ്പഴകിയവീടിന്റെ

മച്ചകത്തേകയായ് കാതോർത്തിരിക്കണം?

നിഴലുപോലും കൂട്ടിനില്ലാതെ,യഴലിന്റെ

തിണ്ണയിൽ കണ്ണീരുമൊത്തിക്കുടിക്കണം?


നെഞ്ചിലെ കനലത്ത് വാടാതിരിക്കുവാ-

നെപ്പൊഴും നാഥാ, നിന്നോർമ്മകൾമാത്രമായ്.

എന്നെ തനിച്ചാക്കിയെങ്ങോട്ടുപോയ്, നിന്റെ-

യോർമ്മയിലെൻചിത്രമില്ലാതിരിക്കുമോ?


ഭ്രാന്തിയാണിന്നു ഞാനേവർക്കു,മീ നാട്യ-

മെത്ര നാളിനിവേണമെന്നറിഞ്ഞീല ഞാൻ!

നീ വരുവോളവുമാത്മരക്ഷാർത്ഥമി-

ച്ചങ്ങലയ്ക്കുള്ളിലായ് തീരുമോ ജീവിതം!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...