Saturday, March 20, 2021

നേരറിവുകൾ

പണമുള്ള കാലത്തു

കൂടെ നടന്നവർ 

പതനത്തിൽ പഴിചാരി,

പടിയിറങ്ങി.


ദുരിതങ്ങൾ കൂട്ടായി

കൂടെപിറപ്പുപോൽ

കുഴിതോണ്ടാൻ പിന്നെയു൦,

കൂട്ടിരുന്നു.


ഉള്ളിൽ കുരുങ്ങിയ

ഗദ്ഗദമൊക്കെയും,

അടരുവാനാവാതെ 

കാത്തുനിന്നു.


ഇറ്റിറ്റു വീഴാൻ, 

മടിയ്ക്കുമിക്കണ്ണുനീർ 

ദാഹാർത്തയെന്നപോൽ 

കരളിലേറി.


കാഴ്ച്ചകൾ മങ്ങുന്നു 

കാണികൾ പെരുകുന്നു

കണ്ടവർ പഴിചാരി

നിന്നിടുന്നു.


സമ്പത്തുകാലത്തു 

തൈ പത്തുനട്ടപ്പോൾ, 

കൂടെ നടന്നവർ

കൂകിച്ചിരിച്ചു പോയ്.


കൂടെ നടന്നവർ 

കൈവിട്ടുപോയപ്പോൾ 

തൈമരമിപ്പൊഴും

തണൽ തരുന്നു.



പ്രണയിക്കണം

ആരും പ്രണയിക്കാത്ത

ഒരാളെ പ്രണയിക്കണ൦!


അയാളുടെ

കറുത്ത കരങ്ങളിൽ കിടന്ന്,

വേദനയുടെ മുള്ളാണി നെഞ്ചിൽ തറച്ച്,

അവരെ നോക്കി കൈവീശി,

വിഷപ്പുകകൾ വകഞ്ഞുമാറ്റി,

ദേവദാരുമരങ്ങൾക്കിടയിലൂടെ  

വാനമ്പാടിയായി പറക്കണം!.....


അതെ,

അവനെ,

ആ കറുത്ത മുഖക്കാരനെ പ്രണയിച്ച്

നിത്യനിദ്രയിൽ ശാന്തി കൊള്ളണം;

അതെ, എല്ലാ൦  മറന്ന്

എനിയ്ക്കൊന്നുറങ്ങണ൦!...

Wednesday, March 17, 2021

ഇനിയെത്ര നാൾ..

കരഞ്ഞു തീർക്കുവാൻ

കണ്ണുനീരില്ലിനി

കനലായ് തീരുവാനിത്തിരി-

ത്തീപ്പൊരി അകതാരിൽ കരുതണം..


ഞെട്ടറ്റുവീഴാറായ പൂവിനുമുണ്ടാം

ഇത്തിരിപ്പൂമണം ദാനമായ് നൽകിടാൻ....


ദേവാലയങ്ങളിലേക്കല്ല,

അനാഥാലയങ്ങളിലേക്ക്

നേർച്ചയായെത്തണം.


മരിച്ചാലും ജീവിക്കണം

മറ്റൊരാളിലൊരവയവനിറവായ്

കനിവിന്നുറവായ്..

എന്നിട്ട് മണ്ണിൽ ലയിക്കണം

ഒരിറ്റുവളമായ് സസ്യങ്ങളെയൂട്ടണം.

Saturday, March 6, 2021

🌦️വേനലിൽ ഒരു മഴ ⛈️

മടിച്ചു നിൽക്കുമീവാക്കുകളത്രയും

സ്നേഹമായ് ചുണ്ടിൽ തുടിച്ചിടുമ്പോൾ

പ്രേമോദാരയായൊഴുകിയെത്തുന്നു

പ്രണയിനിയുടെ പരിഭവശീലുകൾ.


അനുരാഗമേറും മൊഴികളോരോന്നും

കിനാവിന്റെ തുഞ്ചത്തിരുന്നവരുടെ

കളിചിരി കണ്ടുരസിക്കുന്നപോലെ 

അവനിയെ പുല്കും വസന്തവർഷമായ്.


ചിണുങ്ങിനിൽക്കുന്ന മഴയിലങ്ങേറ്റം

നനഞ്ഞിറങ്ങിടുമിണക്കിളികളായ്

ഇരുഹൃദയങ്ങൾ ലയിക്കവേയൊന്നായ്

പ്രണയഗീതകമുതിർക്കും പൂങ്കുയിൽ.

Thursday, March 4, 2021

🔥 വേനൽ 🔥

തോടില്ല പുഴയില്ല 

ആറ്റിലോ ജലമില്ല 

അറുതിയില്ലാതെങ്ങു-

മലയുന്നു ജീവിതം!


വേനലിൻ വറുതിയി-

ലൊടുങ്ങുന്നു ജീവിതം!

കത്തിത്തിളയ്ക്കുന്നു

പെരുവഴിക,ളഭയമി-

ല്ലെങ്ങുമൊരു തണലില്ല,


ഇലപൊഴിഞ്ഞെവിടെയും

കാണ്മതാറബറുകൾ!

ചുടുകാറ്റിന്‍ പൊള്ളലിൽ‍

വിളറിയേറ്റോടുന്ന

കരിയിലക്കിളികൾ!..


ഇടവഴികൾ കേഴവേ

മുന്നോട്ടു നീങ്ങാ-

നുഴറുമെൻ പാദങ്ങൾ

പിന്നോട്ടു മെല്ലെ വലി-

യ്ക്കുന്നു നിത്യവും കാലം!

Wednesday, March 3, 2021

സ്വപ്‌നശലഭങ്ങൾ

പൂനിലാവേറ്റു വിരിഞ്ഞ സ്വപ്നങ്ങൾക്കു 

പ്രണയത്തിൻ നിറമല്ല, മോഹമല്ല.

തെരുവിന്റെ മക്കളൊത്തത്രയും മധുരമായ്

വർണ്ണശലഭങ്ങളായ് ചിറകുവീശി.


ആകാശച്ചോട്ടിലെ ചെടികളെല്ലാം പുഷ്പിണിയായ് കുട ചൂടിനില്പൂ!

പട്ടുനൂലിഴപോൽ മഴത്തുള്ളികൾ

മുത്തുപോലെങ്ങും കുളിരുപെയ്തു.


പഞ്ഞമില്ലൊട്ടും, പരാതിയില്ല

സ്നേഹം ചമച്ചൊരു വർണ്ണലോകം! 

നിർമ്മലസ്നേഹനിമിഷങ്ങളൊക്കെയും

മാരിവില്ലഴകായ് വിരിഞ്ഞ ലോകം!


കിളികൾതൻ കളകളം കേട്ടനേരം

ഇമകൾ തുറക്കവേ പുലരിവെട്ടം!

എന്തൊരു രസമായിരുന്നുവെന്നോ

നന്മകൾ പൂക്കുമാസ്വപ്നലോകം!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...