കത്തിജ്വലിക്കുന്ന
സൂര്യനു താഴെ ,
പിച്ചതെണ്ടുന്ന
കുഞ്ഞിളം ബാല്യം .
തുട്ടുകൾക്കായി
നീട്ടുംകരങ്ങൾ
തട്ടിമാറ്റിയകറ്റുന്നു
നമ്മൾ..
ശ്രേഷ്ട ഭോജന
ശാലയ്ക്കു പിന്നിൽ
കൂനയാകുന്നൊരെച്ചിലിൻ
മുന്നിൽ
നക്കിത്തുടച്ചയിലകള്‍ക്ക്
കീഴെ
പരതുന്നു
രണ്ടിറ്റു വറ്റിനായി .
ഒരുനേരമന്നമിരക്കുന്ന
കുഞ്ഞിൻറ
കദനക്കടലൊലി
കേൾക്കുക നാം
മൃഷ്ടാന്നമുണ്ടു
വരുമ്പോഴിരക്കുകിൽ
നിഷ്ഠൂരമാട്ടിയകറ്റരുതേ..
പാറുന്ന പലവര്‍ണ്ണ
ശലഭങ്ങളെ
ഏറെക്കൊതിയോടെ
നോക്കി നിൽപ്പൂ,
മഴവില്ലുടുപ്പുകള്‍
കിനാവു കണ്ട്
അലയുന്നു
തെരുവിലിളം മിഴികൾ
കദന
കന്മഷംതിങ്ങും മനസ്സിൽ
കനിവു കത്തിച്ചു
ദീപം തെളിക്കാം
കരുണ
വറ്റാത്തൊരുറവായി നമ്മൾ
തെളിമയുള്ള
മനസ്സോടെ കാണാം
അറിവിനായവർക്കക്ഷരം
നൽകാം
പൊരിവയറിനായ്
ഭക്ഷണം നല്‍കാം
സ്നേഹമിറ്റിച്ചു നോക്കുകിലെന്നും
പൂത്തു പൂവിടും
തെരുവിൻറ മക്കള്‍ .
No comments:
Post a Comment