Wednesday, March 18, 2020

അതിജീവനം

മരണഭീതിയിൽ 
ഉഴറുന്നു നാമിന്ന് 
ഉലകം മുഴുവനും 
നീറുന്നു മനസ്സുകൾ.

ഭയമൊന്നിനും 
പരിഹാരമല്ലെന്നറിയുക
പതറാതെ, കരുതലോടെ
ജാഗരൂകരായിടാം.

ദുരന്തങ്ങളെത്രയോ
കണ്ടവർ നമ്മൾ 
അതിനെയെല്ലാം
അതിജീവിച്ചവർ നമ്മൾ. 

വൃത്തിയായ് ജീവിച്ചു 
ചിട്ടയായി  പോയീടാം 
വൈറസ് വ്യാപനം
 തടയുവാൻ.. പാലിക്കാം 
അത്യാവശ്യമകലങ്ങൾ
കൂട്ടം കൂടലുകളൊരുവേള
വേണ്ടെന്നാക്കാം.

ദുരിതമീ 
മഹാമാരിയെങ്കിലും 
മനസ്സ് തളരാതെ 
ഒന്നായി നിന്നിടാം.

നിസ്സഹായരാണ് 
നാമിന്നെങ്കിലും 
നിശ്ചയമായും 
കര കയറീടും നാളെ. 

നമ്മുടെ കൊച്ചുകേരളം 
'മാതൃകാ സ്ഥാനമായ് '
എന്നുമറിഞ്ഞീട്ടും നിശ്ചയം !
~

Thursday, March 5, 2020

മിഴിനീർ കാഴ്ചകൾ

കാലങ്ങൾ കൊഴിയുന്നു
കനവിലെ മോഹങ്ങൾ
കാർമുകിൽപ്പെണ്ണോ
കവർന്നെടുത്തെങ്ങോപോയ്‌.

കാഴ്ചകൾ മങ്ങുന്നു
കണ്ണിലെ തിമിരമോ
കാണേണ്ടവയൊന്നുമേ
കാണാതെ നടിപ്പതോ..

കണ്ടഹങ്കരിച്ചവയൊക്കെ
കല്മഷമായിന്നു
കാറ്റിൽ പറന്നുപോയ്‌
കേട്ടു മറന്നൊരു
പഴംപാട്ടിൽ പതിരുപോലെ.

ഇരിപ്പിടംപോലുമില്ലാതെ
നെട്ടോട്ടമോടുമ്പോൾ
വറ്റിവരണ്ട മിഴികളിൽ
ഉപ്പുരസത്തിൻ്റെ നീറ്റൽ മാത്രം.

ആകാശചിത്രം
വരയ്ക്കും കിളികളു-
മാമോദത്തിനായ്
പറക്കുന്നുയരങ്ങൾ താണ്ടി.

പൊള്ളുന്ന ഉള്ളത്തിൽ
പുളയുന്ന വാക്കുകൾ
കണ്ണിൽ പൊടിയുന്ന
നീരിലെ കരടാകും.. !

തോരാത്ത മിഴിനീർ
കാഴ്ചകൾ മാത്രമിന്നു
കരയാതിരിക്കാൻ
കണ്ണടച്ചിരുട്ടാക്കാം.. !

നിണമൊഴുകാതെ
സമാധാനം കാക്കുന്ന
നല്ലൊരു ദിനമെങ്കിലും
കണ്ടുണരാനാവുമോ..?

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...