Saturday, August 29, 2020

മങ്ങിയ ഓണം

 പൊന്നിൽ കുളിച്ചൊരു ചിങ്ങം വന്നിട്ടും 

കാർമേഘക്കൂട്ടിലോ മലയാളിമനസ്സ് 

ജോലിയും കൂലിയുമില്ലാതെയെങ്ങനെ

പോന്നോണം നല്ലോണമായി മാറും.. 


 പൂവിളിക്കൊപ്പം പൂക്കൂട നിറയാൻ 

 പലവർണ്ണ പൂക്കൾ  തൊടിയിലുണ്ടേ.. 

 കുഞ്ഞിളം തെന്നലിനൊത്തു ചാഞ്ചാടി 

 തുമ്പയും മുക്കുറ്റിയും കൂടെയുണ്ടേ.. 


ആരോടും പരിഭവമില്ലാതെ നിന്നൊരാ 

ചെമ്പരത്തിയുമെത്തി പൂക്കളത്തിൽ ഉത്സവലഹരിയാൽ പത്തുദിനങ്ങളിൽ 

ഒരുമയോടങ്ങൊത്തുകൂടിയെല്ലാവരും.. 


ഓടിക്കളിക്കുന്ന ചെമ്പഴുക്കയും പിന്നെ, 

ആടി തിമിർക്കുന്ന തുമ്പിതുള്ളൽ 

നഷ്ടസ്വപ്‌നങ്ങളെ താലോലിച്ചങ്ങനെ 

ഊഞ്ഞാല് കെട്ടിയെന്നോർമ്മകളാൽ.


കഷ്ടനഷ്ടങ്ങളേറെയാണെങ്കിലും, 

തൂശിനില സദ്യയൊരുക്കിയില്ലെങ്കിലും 

പൈതൃകമോതുമൊരു നല്ലകാലത്തിന്റെ 

ഓർമ്മയായ്,

നേരുന്നു,

ഓണദിനത്തിലാശംസകളേവർക്കും...

Monday, August 24, 2020

കനൽ വഴികളിലൂടെ..

 തളർന്നെന്നറിയുമ്പോൾ

തകർക്കാൻ പാഞ്ഞടുക്കുന്നവർ

തിരിഞ്ഞൊന്നുനിന്നാൽ ചൂളുന്ന

ഭീരുക്കൾ!


പൊരുതി ജയിക്കാനുറച്ചിറങ്ങീടുമ്പോൾ 

വാക്ശരങ്ങൾ തൊടുക്കുമധീരർ 

മറഞ്ഞിരുന്നു പോർവിളി കൂട്ടുമ്പോൾ 

തളരാതെ മുന്നേറാനാത്മധൈര്യം. 


അവനവനിൽ വിശ്വാസമില്ലാത്തവർ 

അന്യന്റെ ജീവിതത്തിൽ നുഴഞ്ഞുകേറി 

അങ്ങോട്ടുമിങ്ങോട്ടും തമ്മിലടിപ്പിച്ചു 

ആത്മരതിയിൽ സംതൃപ്തിയടയുന്നു. 


ദൃഢചിന്തകളുള്ളിൽ നിറയുമ്പോ -

ളാത്മവിശ്വാസം താനേ വന്നീടും.. 

ശരിയെന്നു തോന്നുന്ന പാതയിൽക്കൂടി 

തോൽക്കാത്ത മനസ്സുമായി ജീവിച്ചീടാം 


കല്ലും മുള്ളും നിറഞ്ഞ പാതയെങ്കിലും, 

സന്തോഷത്തിന്റെ പൂക്കൾ വിതറി 

സ്നേഹത്തിന്റെ പരവതാനി വിരിച്ചു 

ദുഃഖത്തിന്റെ കരിമ്പടം വലിച്ചെറിയാം..

~


Sunday, August 23, 2020

പോന്നോണം വന്നു കൊറോണ മാറട്ടെ

 അത്തം വന്നു മുത്തം തന്നു 

ഓണത്തപ്പനെ വരവേല്ക്കാനായ്

നാടും വീടുമുണർന്നു തുടങ്ങി.

കോടികൾ വാങ്ങാം സദ്യയൊരുക്കാം 

കൊറോണയൊന്നു പോയ് മറയട്ടേ..


തമ്മിൽ അകലം പാലിച്ചോണ്ട്

തൊടിയിലെ പൂക്കളിറുത്തീടാം 

ഓണത്തപ്പനിങ്ങെത്തൂലോ

ഉള്ളതു കൊണ്ടൊരു സദ്യയൊരുക്കാം!


തമ്മിൽ സ്നേഹം പങ്കുവെച്ചീടാം;

എല്ലാവർക്കും നല്കീടാം...




ആർഭാടങ്ങൾ കുറച്ചീടാം

ഇത്തിരി ക്ഷമയതു കിട്ടീടാം

അകലം പാലിച്ചായീടാം.

മഹാമാരികളകന്നൊരു കാലം

ആഹ്ലാദങ്ങൾ നിറയും കാലം

വന്നിടുമിനിയും ആഘോഷങ്ങൾ!

ഭീതിയകന്നൊരു ഉത്സവകാലം

അന്നൊരുമിക്കാം, കൂട്ടം കൂടാം

സ്നേഹം തമ്മിൽ കൈമാറാം!

~


Saturday, August 8, 2020

ഉയിരുരുക്കങ്ങൾ

കാത്തിരിക്കുകയാണിന്നുമാ

മിഴികളാരെയോ ?

കാലം പിന്നോട്ടോടീടവേ.. 

കേൾക്കാൻ കൊതിക്കയാണാ

സ്വരം പിന്നെയും 

പാതിയിൽ നിന്നതിൻ ബാക്കിയായി.. 


കിനാവിലിന്നിത്തിരി 

നേരമെന്നരികിലിരുന്നു തൊട്ടുതലോടിയതാരോ!

പൂർണ്ണത തേടുന്ന

സ്വരരാഗ വാടിയിൽ

വാക്കുകളായിരം പൂക്കളായി... !


ഋതുമാറി വന്നപോൽ

പൂക്കും വസന്തമായ്

നിനവിൽ നിലാമഴ പെയ്തനേരം 

കൊഴിഞ്ഞൊരാ കാലത്തിൻ 

മോഹവും സ്വപ്നവും ബാക്കിയായി!


തളിരിട്ട മോഹങ്ങൾ,

നിറമുള്ള സ്വപ്നങ്ങൾ,

കുഞ്ഞിളം കാറ്റിൻതലോടൽ പോൽ

പടിവാതിലിൽ വന്നു 

പാടിയ പൂങ്കുയിൽ.....

പാതിരാസ്വപ്നമായ് മാഞ്ഞുവല്ലോ!

~


Sunday, August 2, 2020

ഇനിയെത്ര നാൾ..?

എന്റെ വാക്കിലെ സുഗന്ധം 
നിങ്ങൾ മുകരുമ്പോൾ 
ഞാൻ നിങ്ങളിലേക്കിറങ്ങി വരും 

എന്റെ തെറ്റുകൾ നിങ്ങൾ 
ചൂണ്ടിക്കാണിക്കുമ്പോൾ 
നിങ്ങൾ എന്റെയുള്ളിൽ നിറയും 

എന്റെ മരണവരികളിലൂടെ 
മിഴികൾ പായുമ്പോൾ, 
നിങ്ങളുടെയുള്ളിൽ ഞാനാരാവാം 

എന്റെ മൊഴികൾ നിങ്ങളിൽ 
സ്നേഹക്കാറ്റായി വീശിയാൽ 
നമ്മളൊരു പൂവാടിയായി മാറും 

പാപം ചെയ്യാത്ത മനസ്സുകൾ 
ഉണ്ടെങ്കിൽ മാത്രം.. നിങ്ങളീ 
സങ്കടഭൂമിയിലേക്കിറങ്ങി വരൂ.. 

ഒരിടത്തു ജനിച്ച നാം എവിടേയോയലഞ്ഞു 
എവിടെയൊടുങ്ങുമെന്നറിയാതെ, 
അലയുന്നതാർക്കുവേണ്ടി..?

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...