Wednesday, October 26, 2016

ചെറു കവിതകള്‍

ഏകാന്ത മൌനമെന്‍
ചാരേയണഞ്ഞപ്പോള്‍, 
പൊന്‍ കിനാവിലൊരു 
തൂവല്‍ സ്പര്‍ശമായി ,
നീ മൂളിയോരാ 
ശ്രീരാഗമെന്നുടെ
ഹൃദയത്തിൻ തന്ത്രികൾ
മീട്ടിനില്പൂ.....


തിന്മയുടെ കരങ്ങൾ,
ചതിയുടെ അഗാധ
ഗർത്തത്തിലേക്ക്
നമ്മെ തള്ളിയിട്ടാലും
സത്യവും നന്മയും 
കൂടെയുണ്ടെങ്കിൽ
പൂർവാധികം ശക്തിയോടെ
നാം ഉയർത്തെഴുന്നേൽക്കും.


വെളിച്ചപ്പാടു പോലെ തുള്ളുന്നു,
വിറളിപിടിച്ചചിന്തകൾ...
വിളറി വെളുത്ത മനസ്സുകൾ
ശൂന്യതയാൽ‍ ഉഴറുന്നു....


ചൊടിയിൽ പൂത്തൊരാ
സിന്ദൂരച്ചെപ്പിലെ
ഒരുനുള്ളുകുങ്കുമം തിരു
നെറ്റിയിൽ ചാർത്താൻ ,
കസവു ഞൊറിഞ്ഞോരാ
പുടവയുമുടുത്തിന്നു
മഞ്ഞുതുള്ളി പോൽ
നിന്നിലലിയുമ്പോള്‍..
സ്വപ്ന വിഹായസ്സിലെ
ജീവിതത്തേരിൽ
പാറിപ്പറക്കുന്ന
മോഹപ്പക്ഷികളെപ്പോലെ
ഭൂമിയെ പുല്കാനെത്തുന്നു
പുലർ കാല ദേവൻ....


ഹിമത്തുള്ളികളാൽ
ഹാരാർപ്പിതമായ
ഹരിത മനോഹരിയെ

തലോടാനെത്തുന്ന
പ്രഭാതസൂര്യൻ .....
ആരിലലിയുമാ നീഹാരിക !

കരുണയേറു൦ മന൦
കദനമില്ലാ ചിന്ത
കരളിൽ ചിരിക്കണ൦
നന്മ തൻ പൂക്കൾ .
കനിവോടെ നാമെന്നു൦ 
സഹ ജീവികളെ കാണുകിൽ
ഒരുമയുടെ കുടക്കീഴിൽ
പെരുമയോടെ വാണീടാ൦..

കലിതുള്ളും 
രാഷ്ട്രീയപ്പോരിൽ
പൊലിഞ്ഞുതീരുന്ന 
കുടുംബനാഥന്മാർ,
കണ്ണുനീർ കുടിച്ചു 
വിശപ്പടക്കാൻ വിധിക്കപ്പെട്ട
തുണയില്ലാക്കുടുംബങ്ങളുടെ
ദീനരോദനം..
കണ്ണൂരിന്റെ 
കണ്ണീർ തോരില്ലേ?!

ചാറ്റൽമഴയിൽ തത്തിക്കളിക്കും
പൂമ്പാറ്റച്ചിറകുകൾക്ക് ഈറൻ
സന്ധ്യയുടെ തലോടൽ.......
പ്രണയാർദ്രമീ പൂങ്കാവനം...!

കരകളോട്
കിന്നാരംപറഞ്ഞാണ്
പുഴയുടെ നുണക്കുഴികൾ
ഇത്രേം വലുതായത്....!

കൊഴിഞ്ഞുവീണ ഇലകളുടെ
അഴുകിയ ഞെരമ്പുകളിലേക്ക്
വേരുകളാഴ്ത്തി
വളം വലിച്ചെടുത്ത്
തടിച്ചു കൊഴുക്കുന്ന
വൻമരങ്ങളും ഒരുനാൾ
മണ്ണിൽ ഒടുങ്ങിയമരും..

നിൻ പിൻവിളിയിലലിയുന്നു
എൻ പിണക്കങ്ങൾ;കാലരഥ-
മോടുവതെത്രവേഗമോമലേ!!!

മേഘമൊട്ടുകൾ വിരിഞ്ഞു,
ആകാശം പൂന്തോട്ടമായി;
മഴയുടെ സംഗീതം.......

കരയിച്ചിട്ടും
ചിരിതൂവിനില്പ്പൂ മനം;
മറവിയുടെ കൈത്താങ്ങ്.

വീട്ടിലെ മെഴുകുതിരി
വലിച്ചെറിഞ്ഞവർ
വിലപിക്കും നാളെ
വ്യദ്ധസദനങ്ങളിൽ തെളിയും
നിലവിളക്കുകൾ കാണുമ്പോൾ!
ഉരുകിയൊലിച്ചാ തിരിയുടെ
നാളങ്ങളിൽ കാണാം:
'ഇന്നു ഞാൻ നാളെ നീ...'
പറിച്ചെറിഞ്ഞാലും
മുള പൊട്ടി വരും
ആ സ്നേഹ വാത്സല്ല്യ
നാമ്പുകൾ ഒരുനാൾ നമ്മെ.
പശ്ചാത്താപ വിവശരായ്
തേടിവരും അന്നു നാം:
ഇരുൾവഴികളിലുഴറി നടന്നീടും
.....

ഹ്യദയം പൂത്ത 
മഞ്ചാടി മണികൾ 
പ്രണയച്ചെപ്പ്!

ചാറ്റൽമഴയിൽ തത്തിക്കളിക്കും
പൂമ്പാറ്റച്ചിറകുകൾക്ക് ഈറൻ
സന്ധ്യയുടെ തലോടൽ.......
പ്രണയാർദ്രമീ പൂങ്കാവനം...!

കരകളോട് 
കിന്നാരംപറഞ്ഞാണ്
പുഴയുടെ നുണക്കുഴികൾ
ഇത്രേം വലുതായത്....!

ക്ലാവ് പിടിക്കാത്ത ഓർമ്മകളെ 
വികൃതമാക്കുന്നു 
'മാറാലകെട്ടുന്ന ചിലന്തി'കൾ.


No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...