Monday, November 21, 2016

ചെറു വരികള്‍

വാടാത്ത ഓർമ്മകൾ
ചേർത്തുവെച്ച് 

ഒരു മാല കോർക്കാം,
ജീവിതം തുടിക്കുമൊരു നിറമാല.


മഞ്ഞണിപ്രഭാതത്തിലേക്ക്
പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ;
കിളികളാരവം നിറയ്ക്കുന്നു ചുറ്റിലും
എത്ര സുന്ദരമീ പുലർക്കാലം..!!!


ഇരുട്ടിൻകട്ടിക്കരിമ്പടമിട്ട്
മൂടിയെന്നാകിലും,നിൻ
സൗഹൃദവെളിച്ചത്താൽ
തിളങ്ങീടുമെൻ വഴിത്താര....


വൃശ്ചികപ്പുലരിയുണർന്നു 
ഭക്തിയാൽ മനസ്സുകൾ നിറഞ്ഞു.
പൊന്നമ്പല വാസനെ കാണുവാനായി 
വ്രത ശുദ്ധിയാലെങ്ങും ശരണ൦ വിളി ...
സ്വാമി ശരണ൦ അയ്യപ്പാ ...
ശരണ൦ ശരണ൦ അയ്യപ്പാ ....


നോവുംമനസ്സിന്റെ
മൗനതീരങ്ങളിൽ ഏകാന്ത-
യായലയുന്നവരെ,
നിങ്ങൾതിരിച്ചറിയില്ല;
നിങ്ങളുടെ വിജയ നേത്രങ്ങളിൽ 
അവര്‍ എന്നും പരാജിതര്‍;
ഒരിക്കലും
തിരിച്ചറിയപ്പെടാത്തവര്‍.......


ഒന്നോർക്കുകിലെത്ര-
വിചിത്രമീ ജീവിതം;അതിൻ
പ്രഹേളികകളും.....!


മുല്ലപ്പൂവിൻ
മേനിയിൽ ഒട്ടിപ്പിടിച്ച്
പുഞ്ചിരിതൂവുന്ന 
മഞ്ഞുതുള്ളിയുടെ 
ആത്മനിർവൃതിയിലേക്ക്
പ്രഭാതകിരണങ്ങൾ
അലിഞ്ഞുചേർന്നു..
ഒരു പുതിയ സൂര്യോദയം.



വർഷങ്ങളിലൂടെ
നിൻസാനിദ്ധ്യമേകിയ
ആത്മനിർവൃതികൾ
അമ്മമനസ്സിൽ
ആനന്ദത്തുടിപ്പുകൾ
തീർക്കവേ,
നേരട്ടെ ഞാൻ:
സ്നേഹവാത്സല്യ
നിറവാർന്ന്
സുദീർഘമാമൊരു
ധന്യജീവിതമോമലേ..

അകക്കണ്ണിൻ കൃഷ്ണമണി-
ക്കോണിൽ ഒളിഞ്ഞു
തിളങ്ങുന്നുണ്ടൊരു
മധുരം കിനിയും നോവ്....!

നിൻ തൂലികയിൽ വിരിയുന്ന 
അക്ഷരപ്പൂക്കൾ കാൺകെ
മഞ്ഞുകണ൦ നുകരുന്ന 
പൂക്കളെപ്പോൽ 
കുളിരുന്നെന്മനം.....!!

നന്മക്കാവിൽപൂത്ത
സ്നേഹമരങ്ങളിൽ
ഒരിക്കലും വാടാത്തപൂവുകൾ;
പൂമ്പാറ്റകൾ ഉത്സവനിറവിൽ....
എങ്ങും പടരുന്ന പൂമണം.
നമുക്കും സ്നേഹവിരുന്നൂട്ടാം,

പ്രകൃതിയുടെ തുടിപ്പുകളെ
ആഘോഷമാക്കുകയാണ്
ഓരോ പുലരിയും.....
പുലരിയിൽ വിരിയുന്ന ജൈവിക
നിറവുകൾ ഭൂമിയുടെ പുളകങ്ങളാകുന്നു.
നന്മയുടെ പുതുവസന്തം തീർക്കാൻ
ഇനിയെത്ര പുലരികൾ....!

ഉഷസ്സു വന്നെന്നെ
തൊട്ടു വിളിച്ചപ്പോൾ
മിഴികളിൽ പൂത്തൊരായിര൦
വർണ്ണങ്ങൾ
നിറമുള്ള പൂക്കളാൽ 
എന്തൊരു മോഹന൦
മഞ്ഞുപുതച്ചയീ
ഹരിതാഭസുന്ദരി!



നിസ്സഹായതയുടെ
അഗാധ ഗർത്തത്തിലേക്ക്
അപ്രതീക്ഷിതമായി കടന്നുവരുന്ന
ആശയുടെ ഒരു കൈത്താങ്ങ്,
ഒരു സാന്ത്വനം.....
അതാവുക എന്നതാണ്
മാനുഷികതയുടെ പരമമായ തേട്ടം.
നാമോരോരുത്തർക്കും
ജീവിതത്തില്‍ എപ്പോഴെങ്കിലും
അത്തരം ഒരു നിയോഗത്തിലേക്ക്
ഉയരുവാൻ കഴിയട്ടെ...

തൂമഞ്ഞു പെയ്യുമീ
പുലർകാലത്തിൽ
കുളിരുമായ് വരും
കുഞ്ഞിളം കാറ്റേ,
എന്നരികിലൊരുവേള 
വന്നിരിക്കാമോ?
മുകരാം നമുക്കൊന്നായീ
മഞ്ഞു കണങ്ങളെ...

ഇടയ്ക കൊട്ടി പാടുമീ രാഗങ്ങള്‍
ഇടയ്ക്കെങ്കിലും താളംതെറ്റിയാല്‍..
ഇണങ്ങിയുള്ളിലലിഞ്ഞോരാ ദേവനും
ഇരിക്കപിണ്ഡം വെച്ച് പടിയിറക്കീടുമോ ?

ജന്മദിനാഘോഷത്തിന്റെ 
അവശിഷ്ടങ്ങൾ പുകച്ചുരുളായി
ശ്വാസം മുട്ടുന്ന കൈരളി

പതറി നില്‍ക്കുമ്പോള്‍ ,
പതിയെ തലോടുന്നു , 
സാന്ത്വനമായേതോ..
അജ്ഞാതകരങ്ങള്‍....
പതിയെപ്പതിയെ
പതറലെങ്ങോ ഓടിയകലുന്നു...

എന്‍ ജീവിത പാതയിലെ 
കെടാവിളക്കായെന്നും
നിന്‍ മിഴിദീപങ്ങള്‍!!

സതൃത്തിന്റെ പാതയിൽ 
നന്മയുടെ പൂക്കൾ 
വിരിയുന്ന സ്നേഹോദ്യാനമാവട്ടെ
നമ്മുടെ മനസ്സെന്നും...




No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...