Tuesday, September 21, 2021

അമ്മ മലയാളം

ചാരുതയേറുമെൻ മലയാളഭാഷ 

അമ്മക്കു തുല്യമാം മാതൃഭാഷ

അക്ഷരജ്വാല  സമൃദ്ധമാണെന്നുമീ-

യക്ഷയമാകുന്ന ശ്രേഷ്ഠഭാഷ


ഉള്ളിൽ നിറയ്ക്കുമറിവുകളാലെന്നു -

മഞ്ചിന്ദ്രിയങ്ങളെ തൊട്ടുണർത്തി 

അമ്പത്തൊന്നൊക്ഷരലാസ്യനടനത്താ-

ലാമോദമേകുമീധന്യഭാഷ!


സുന്ദരമാകുന്നൊരക്ഷരപ്പൂക്കളാ -

ലെത്രയോ കാവ്യം വിരിഞ്ഞ ഭാഷ

ഹരിശ്രീ കുറിച്ചനാൾമുതലെനിക്കെന്നും

ഹൃത്തിൻ തുടിപ്പാകും മാതൃഭാഷ!


മലയാളഭാഷ നാം മറന്നീടുകിൽ 

പെറ്റമ്മയെ പിന്നെയോർത്തീടുമോ ?

വിശ്വത്തിലാകെയൊളി പരത്തീടുവാൻ

കെൽപ്പുള്ളതാണെന്റെ മാതൃഭാഷ!


Tuesday, September 14, 2021

കലികാലം


ചിന്തകൾ ചിന്തേരതിട്ടു മുന്നേറണം

കലികാലമാണിതെന്നോർക്കണമെപ്പൊഴും.

നന്മയും തിന്മയും വേർതിരിച്ചറിയണം 

സങ്കടച്ചുഴികളിൽ വീഴാതിരിക്കണം.


കപടമുഖങ്ങളാലിന്നേറെ വൈകൃതം,

കദനങ്ങൾ കുമിയുമീലോകത്തിലെവിടെയും


കരുതിയിരിക്കണം, മുന്നേറണം നമ്മൾ

തളരാതിരിക്കണം, ധീരരായ്ത്തീരണം!


കാലവും കോലവും മാറിയേക്കാം, വിഷ-

പ്പുകയേറ്റു ധരയും കറുത്തുപോകാം.


ജാതിമതവർഗ്ഗവിദ്വേഷങ്ങളിൽ, പിന്നെ

രാഷ്ട്രീയപ്പോരിലും ലോകം ചുവന്നിടാം.


ശാസ്ത്രം കുതിച്ചിട്ടും തളരുന്നു മാനവർ

ആധികൾ, വ്യാധികൾ പടരുന്നിതെവിടെയും


കലികാലദോഷങ്ങൾ മാറുവാനായി നാം

സത്കർമ്മമെപ്പൊഴും ചെയ്തു ജീവിച്ചിടാം.









Monday, September 6, 2021

തൂലിക

തിന്മകൾക്കെതിരായിട്ടൂഴിയിലൊക്കെയും

പടവാളായ് തീരണമെങ്ങുമിത്തൂലിക!

നന്മയ്ക്കായാവേശത്തോടെന്നും മുഴങ്ങുന്ന ഇടിനാദമാകണമിത്തൂലിക!


മനസ്സിൽ വിരിയും ആശയങ്ങളെയെന്നും

വിചിന്തനം ചെയ്തേററം ചാരുതവരുത്തി,

അക്ഷരങ്ങളിലൂടെ അക്ഷയതാളുകളി-

ലലിയിപ്പിക്കും, അക്ഷയനിധിയാണ് തൂലിക.


കാടുകയറുന്ന ചിന്തകളെയൊക്കെയും

നെഞ്ചകത്തിലിഴചേർത്തുവെക്കവേ,

പുത്തനുണർവ്വിനെ മുത്തമിട്ടുണർത്തും

തൂവൽസ്പർശമാണെന്നുമിത്തൂലിക!


അകതാരിലൂറും കണ്ണീരും കിനാക്കളും

അഭിമാനമേകും നിമിഷങ്ങളും

നിരന്തരമാരിലുമെത്തിക്കും സന്തത-

സഹചാരിയാണെന്നുമെന്നുമിത്തൂലിക!


Sunday, September 5, 2021

ഗുരു വന്ദനം

 അറിവിന്റെ അക്ഷരവെളിച്ചത്തില്‍

നന്മയുടെ പാതയിലേക്ക് 

കൈ പിടിച്ചുനടത്തിയ ഗുരുനാഥന്മാരേ..

ഹൃദയത്തിൽ തൊട്ടുനമിക്കുന്നു ഞാൻ..


എന്നുടെ ഉയർച്ചയിലെന്നും വണങ്ങുന്നു

അക്ഷരമുറ്റത്തെ നന്മമരങ്ങളേ,

അന്നെനിക്കേകിയ ചൂരൽക്കഷായം 

ഇന്നെന്റെ ജീവിതവീഥിയിൽ തേൻമധുരം!


നേരിന്റെ പാത കാട്ടിത്തരുന്ന സത്യമെന്നും

വാക്കിൻ തലോടലാൽ ഉള്ളം നിറയ്ക്കും. 

ജ്ഞാനജ്യോതിസ്സാൽ വഴികാട്ടിയായ്

സദ്ചിന്ത വളർത്തിയ ഗുരുഭൂതരേ, വന്ദനം!

Saturday, September 4, 2021

മാനസവീണ

 മധുരമാമൊരു രാഗത്തിനീണമായ്

എൻ മാനസവീണ തംബുരു മീട്ടി

ഹൃദയതാളമൊഴുകിയെത്തിയാ

പ്രണയവരികളിൽ തുടിച്ചു നിൽപ്പൂ..


പരിഭവപ്പുഴയായി ചിണുങ്ങിയപ്പോൾ

പതിനേഴിന്നഴകിലെ നിലാവൊളിയായി

മാനസച്ചെപ്പിലെ മഞ്ചാടിമണികൾ പോൽ

പാദസരകിലുക്കമെന്നകം കവർന്നു..


ദൂതുമായ് വന്നൊരു മന്ദസമീരന്റെ

പുലർകാലത്തലോടലിൽ കുന്തളമിളകി

ചന്ദനഗന്ധത്തിൽ നിർമാല്യം തൊഴുതവൾ

എന്നുമെൻ ജീവനിലനുരാഗമായ്.

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...