Thursday, March 7, 2024

അരികിൽ വരൂ

  ഗാനം

*****---

പ്രണയമായെന്നിൽ നീയലിയുമ്പോൾ

കൃഷ്ണാ....

രാധയായ്, അറിയാതെ ഞാനാടുന്നുവോ?.

സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ

മീരയായ് ഞാൻ സ്വയം മാറുന്നുവോ?...

                              (കൃഷ്ണാ........)


തളരുന്ന നേരത്തു ദാഹമകറ്റാനായ്

യമുനതൻ തീരത്തു വന്നിരിക്കേ..,

കണ്ണാ, നീ പ്രേമകടാക്ഷങ്ങളെയ്യുമ്പോൾ 

പ്രണയിനിയായി ഞാൻ മാറുന്നുവോ?

                             (കൃഷ്ണാ.......)


മധുരമാം മുരളീഗാനത്തിൽ മുഴുകുമ്പോൾ

മാധവം പൂത്തുലയുന്നപോലെ!

തുടികൊട്ടിയാടുകയാണെന്നുമെൻ മനം

മുരളീധരാ നീയെന്നരികിൽ വരൂ...

                                   (കൃഷ്ണാ.......)







അടിമയല്ലവൾ

അടിമയല്ലവളൊരുനാളും വീടി-

 ന്നുടമായാണെന്നറിയുക!അന്യോന്യധാരണയാവണമധികാരം

അഹന്തയാലാർക്കു- മടിച്ചമർത്താനാവില്ലെന്നോർക്കണം.

അവകാശത്തോടെന്നും കൂടെനിർത്തിക്കൊ- 

ണ്ടഭിമാനത്തോടെ ചേർത്തുപിടിക്കണം.

തുല്യതയെന്നതൊരിക്കലും

വാക്കില,ല്ലതു കർമ്മത്തിലാവണം.

പരിണയം പരാജയമെങ്കിലിന്നേകയായ്

ധീരയായ് ജീവിച്ചുകാട്ടണം.

മകൾക്കായൊരു മുറി വീട്ടിലെപ്പോഴും

മാതാപിതാക്കൾ കരുതണമെപ്പൊഴും.

വേണ്ടാ സഹതാപം, പെണ്ണവൾ-

ക്കൊരു നല്ല ജീവിതം വിരിയട്ടെ നിർഭയം!!!

Thursday, February 22, 2024

അങ്ങനെയൊരു കാലം

ഒരുമയുണ്ടായിരുന്നോരു കാലമുണ്ടായിരുന്നു

ഒന്നിച്ചു ചിരിച്ചോരു നാളുകളുണ്ടായിരുന്നു..

ഒട്ടിയവയറിനൊരിറ്റു നൽകുവാനായി

ഒത്തൊരുമയുള്ള മനസ്സുമുണ്ടാരുന്നു.


ഒരിലപ്പൊതിച്ചോറ് കൊണ്ടെത്രയോ പേരവർ

ഒരുമയോടിരുന്നുണ്ട കാലമുണ്ടാരുന്നു

ഓർക്കുവാൻ ദുഖങ്ങളേറെയുണ്ടെങ്കിലും

ഓർമ്മിച്ചിടാനിന്നതൊരു സുഖമല്ലയോ..!


ഒത്തിരിപ്പേരിലൊറ്റപ്പെടാതിരിക്കുവാൻ 

ഒറ്റാതെ കൂട്ടിയ കൂട്ടുകാരുണ്ടാർന്നു 

ഒക്കത്തെടുത്തു നടക്കുന്നു ഞാനിപ്പോഴും

ഒരിക്കലുമൊടുങ്ങരുതീനല്ലൊർമ്മകൾ!!


ഓളങ്ങൾ തല്ലുന്നയുള്ളിലെ ചിന്തകളിൽ

ഓരിയിട്ടോടുന്ന പുതുകാല മോഹങ്ങൾ

ഓടിക്കിതച്ചു ശ്വാസം പിടയുമ്പോൾ

ഓർമ്മകൾ അക്കരപ്പച്ചയായ് മാറുന്നു.









Thursday, February 15, 2024

ശാന്തി തേടിയൊരു യാത്ര

ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ

ചെറുതുള വീഴ്ത്തിയകന്ന കാറ്റ്

പറയാൻ മറന്നുവോ വല്ലതും? ചൂളമി-

ട്ടോർമ്മപ്പെടുത്താൻ തുനിഞ്ഞുവോ വല്ലതും?


വെള്ളിവെളിച്ചത്തിലാനിഴലാട്ടത്തി-

ലാടിത്തിമിർക്കുന്നതേതു രൂപം?

എങ്ങുമശാന്തി പടർത്തും മുഖംമൂടി-

യേതൊരു കാപട്യമാർന്നതാവാം?


നിത്യവും പതറാതെ വാശികൾക്കിടയിൽ,

ദുരന്തങ്ങളാടുന്ന നെഞ്ചകത്തിൽ

ഒരു തെന്നലിന്നിളം മൂളലായ് തഴുകിയ

മധുരപ്രതീക്ഷകൾക്കിനിയുള്ള യാത്രകൾ!

Tuesday, January 16, 2024

പിണക്കം

 എന്തിനീ പിണക്കമെന്നോതുമ്പഴും നിന്നിലെന്നെ ഞാൻ കാണുന്നുവെന്നോ, പ്രിയസഖീ!

കാണുവാൻ കാഴ്ചകളേറെയാണെങ്കിലും

എൻ മിഴിയൊപ്പുന്നതെപ്പൊഴും നിൻ മുഖം!


ഓർമ്മകൾ പൂക്കുന്ന പാടത്തിലൂടെ നാമെത്രയോ കഥ ചൊല്ലിയന്നു നടന്നവർ.

കതിരുകൾ കൊത്തിപ്പറന്നൊരു പൈങ്കിളി

നമ്മുടെ പാട്ടേറ്റു പാടി,യോർക്കുന്നുവോ?


ഇനിയെത്ര കാലമീഭൂവിലുണ്ടായിടാം,

ഇനിയെത്ര കാതങ്ങൾ താണ്ടിയലഞ്ഞിടാം

ഇനിയുള്ള ജീവിതം ഹ്രസ്വമെന്നോർത്തു നീ

വെക്കം പിണക്കം വെടിഞ്ഞണഞ്ഞീടുക!...

മിഴിനീർ സ്വപ്നം


ഇടറുമാമിഴികളെ പിരിയുവാനാവാതെ

രണ്ടു നീർത്തുള്ളികൾ പരിഭവിച്ചു. 

കരളിന്റെയുൾവിളിയിൽ നിന്നെന്റെ മാനസം

'പതറരുതെയെന്നോതി കൂട്ടിരുന്നു.


പറയുവാനാവാതെ വേർപിരിഞ്ഞെങ്കിലും

കനവിലൊരു നിനവായി നിന്നുപോയി.

കരകാണാതൊഴുകുന്ന തോണിപോലന്നവൾ

തിരയുടെ തോഴിയായൊന്നുചേർന്നു.


കടലുപ്പിലാണ്ടൊരാ കണ്ണുനീർത്തുള്ളികൾ

പരിഭവമൊഴിഞ്ഞങ്ങലിഞ്ഞു പോയി.

ഇനിയുമൊരു ജന്മമുണ്ടെന്നാകിൽ നിത്യവും

പുതുപുലരിപോൽ നടനമാടിടട്ടെ!

Saturday, January 13, 2024

യാത്ര

നേരമേറെയായ് സഖീ,പോകുവാൻ നേരമായ്.....വിട ചൊല്ലുവാൻ സമയമായിതെന്നോ!

ജന്മസാഫല്യത്തിനായ് യാത്ര പോയിടാ-

മോർമ്മകൾ പൂക്കുമക്കുടജാദ്രിയിൽ..!

സൗപർണ്ണികാനദീതീരത്തിലൂടെ

നടന്നു നീ ചൊല്ലിയതത്രയും കവിതയായ്

മിഴി തുറന്നെന്നോ! നമുക്കവ-

യൊക്കെയുമമ്മതൻ തിരുനടയി-

ലൊന്നിച്ചിരുന്നു പാടീടാം......

വാർദ്ധക്യം തഴുകുന്ന മിഴികളിൽ

നിറയുന്നതത്രയും കൊല്ലൂരിലമരുന്നൊ-

ർമ്മതൻ ദീപാരാധനക്കാഴ്ചകൾ

ഇനിയൊരു യാത്രയുണ്ടാവുമോ?.....

അറിവീലതൊന്നുമിന്നെങ്കിലും

പോകാം സഖീ, നമുക്കിനിയേറെ വൈകിടാ-

തീജന്മസാഫല്യമടയേണ്ടതല്ലയോ!...

Wednesday, January 3, 2024

ഗാനം (ഗുരുവായൂരപ്പാ )

 ഗുരുവായൂരപ്പാ, നിൻ തിരുദർശനത്തിനായ്

ഒരു നാൾ വരാനൊരു മോഹം!

അവിടുത്തെ തൃപ്പാദപത്മത്തിൽ തുളസിയായ്

വീണുറങ്ങേണമീ ജന്മം..

            (ഗുരുവായൂരപ്പാ.....)


തിരുനടയിൽ വന്നുതൊഴുതു നിൽക്കുമ്പോൾ

ഈ ജന്മമെത്രമേൽ ധന്യം!

അടരുവാനാവാത്ത ജന്മസാഫല്യമായ്

തീർക്കുമോ നീയെന്റെ കണ്ണാ?...

            (ഗുരുവായൂരപ്പാ.....)


എന്മനം തേങ്ങുന്നതറിയാതെ പോകയോ?

അറിയാത്തമട്ടിലിരിപ്പോ?

കുസൃതിയിലോടിത്തളർന്നു ഞാനെങ്കിലും

കൂടെ വിളിയ്ക്കുമോ കണ്ണാ?

            (ഗുരുവായൂരപ്പാ.....)




അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...