Thursday, June 28, 2018

ഊർന്നു പോയവള്‍

ബാല്യത്തിൻ നിറയും 
കുസൃതിയായവൾ....
ഈറൻ മണ്ണിൻ നനവുള്ള
കൗതുകമിഴികളുമായ്, താഴ്വാരത്ത്
കുഞ്ഞിളം പാദങ്ങളാലോടിക്കളിച്ചവൾ...
കാമത്തിൻ പൈശാചികർ ആ തളിർ മേനിയിൽ,
ദംഷ്ട്രകളാഴ്ത്തിയപ്പോൾ,അവളുടെ,
മിഴികളിൽ നിഴലിച്ച ദൈത്യതയുടെ
ആഴ മെത്രയായിരിക്കണം?!
ചവച്ചു തുപ്പിയ ബാല്യം ബലിയർപ്പിച്ചു കൊണ്ട്,
ഒരു മഞ്ഞുകണം പോലെ ,അവൾ
ഏതു താഴ്വാരത്തിലേക്കാവും ഊർന്നിറങ്ങിയത് ?

ചെറിയ ചിന്തകള്‍

പെയ്യാൻ വെമ്പുന്ന 
കാർമേഘങ്ങൾ
മിഴിപ്പീലിയിൽ ഊയലാടവേ ..
പിണങ്ങിപ്പോയൊരാ 
ഓർമ്മച്ചിന്തുകൾ 
കരളിൽ കനവുകൾ നെയ്യുന്നു..

..........................................
വരൂ .. 
പോകാം നമ്മൾക്കാ ഷാരോണിൻ തീരത്തേക്ക്
ഹൃദയാകാശത്തിലെ 

സ്നേഹപ്പറവകളെ പറത്തിവിടാo.. 
ആ സുന്ദരതീരത്ത്....!
.................................................
നീറിപ്പിടിക്കുമീ മനസ്സിന്റെ വേദന 
മിഴിനീരാലൊന്നു കഴുകിയപ്പോൾ
നേരിൻ വഴിയിൽ കേട്ടുവോ കാലത്തിൻ 
നേർത്തൊരു നോവിൻ പദനിസ്വനം.

.....................................................
തമ്മിൽ തമ്മിൽ വെട്ടി മരിക്കാൻ
ആയുധത്തിനു മൂർച്ചകൂട്ടുന്നവരേ,
ആരാണ് നിങ്ങളുടെ ദൈവം?

.............................................
വേനലിൻ കാഠിന്യത്തെ
വാടാതെ ചെറുക്കുന്ന 
വേദനകളിലൊന്നും
പതറാതുളളം കാക്കും
ഏതു കാറ്റിലുമുലയാതെ
നില കൊള്ളുമൊരു
പെൺപൂവാവണം.

................................................

നഷ്ടസ്വപ്‌നങ്ങൾ.


പ്രണയവരികൾ
ഉൾവലിഞ്ഞതിനാലാണോ
തൂലികയിലെ മഷി 
വറ്റിപ്പോയത്..!
നഷ്ടങ്ങളുടെ വേലിയേറ്റത്തിരയിൽ
അമർന്നുപോയ ചില തേങ്ങലുകൾ
ഇടയ്ക്കെപ്പോഴോ തൂലികത്തുമ്പിൽ
നിന്നും ഇടറിവീഴുന്നു .
പിച്ചവെച്ച സ്വപ്നങ്ങൾ പാതിവഴിയിൽ കൊഴിഞ്ഞുവീണപ്പോൾ
ഇടിവെട്ടിപ്പെയ്ത മഴയെ
ആലി൦ഗന൦ ചെയ്തു
നിർവൃതിയണയുന്ന മിഴിപ്പക്ഷികൾ .
മഴനൃത്തത്തിൽ പുളക൦ കൊള്ളുന്ന
ഭൂമിതൻ മാറിൽ അമരാൻ
വെമ്പൽകൊള്ളുന്ന മനസ്സിനെ
വരച്ചുകാട്ടാനാവാതെ വിഹ്വലയായി
വിതുമ്പിനിൽക്കുന്നു എൻ എഴുത്താണി ..!

ഏകാന്തത.

കഷ്ടനഷ്ടങ്ങളിൽ
എനിക്കു കൂട്ടായി നിൽക്കുന്ന
ഇഷ്ടതോഴിയാണിന്നേകാന്തത ..!
ഒറ്റയ്ക്കിരിക്കവേയൊരുപാടുസ്വപ്നങ്ങ-
ളേകുന്ന സുമുഖിയാമേകാന്തത.
മൗനത്തിൽ മിഴി പൂട്ടി
നിൽക്കുമെൻ മനസ്സിനു
ശാന്തതയേകുന്ന കൂട്ടുകാരി ...
ഓടിത്തളർന്നൊരെൻ
ജീവിതയാത്രയിൽ
പിരിയാത്ത സഖിയാണീയേകാന്തത.
മൃതിവരുംനേരത്തുമെന്നെ പിരിയാത്ത
ചിരകാല പ്രണയിനി ഏകാന്തത ...!

പുലരി.


മധുരമായ് പാടിയുണർത്തിയാ പൂങ്കുയിൽ
മാനസവാതിലിൽ മുട്ടിയപ്പോൾ
അരുണ കിരണങ്ങൾ മെല്ലെ തലോടിയെൻ 
മിഴികളിൽ പൊൻവെളിച്ചം പകർന്നു ..
മഴത്തുള്ളിത്തിളക്കത്തിൻ പുടവചുറ്റി
മണവാട്ടിയെപ്പോലവളൊരുങ്ങിവന്നു ..
സ്നേഹക്കൂടൊരുക്കിക്കൊണ്ടവളെന്റെ കിനാക്കൾക്ക്
നിറച്ചാർത്തിൻ പ്രഭചാലിച്ചടുത്തുനിന്നു

ഇഷ്ടസത്യങ്ങള്‍

ചിരിക്കുന്ന മുഖങ്ങളെല്ലാ൦
സൗഹ്യദമല്ലെന്നു കാട്ടിതന്ന
കാലമേ നിന്നൊടെനിക്കിന്നിഷ്ട൦ ..
കപടത നിറഞ്ഞ 
മധുരവാക്കിനേക്കാൾ
കയ്പേറിയ യാഥാർഥ്യത്തെയാണിന്നെനിക്കിഷ്ട൦..
അഭിനയിക്കാനറിയാത്ത ജീവിതമേ
നിന്നോടാടെനിക്കിന്നു൦ പ്രണയ൦ ..!
സത്യവു൦ ധർമ്മവും പൂമഴപെയ്യിക്കു൦
നാളുകൾക്കു കുടപിടിക്കാൻ
കാലമേ .. നീമാത്ര൦ സാക്ഷി ..!
ഭൂമിയെ മറന്നു ആകാശക്കൊട്ടാര൦
പണിയുന്നവരേ ..
താഴേക്കു വീണാൽ
നിങ്ങളെ താങ്ങുവാനാരുണ്ട്..
ആയുധ മൂർച്ചയിൽ പോരാടു൦ മനുജരേ ..
സ്യഷ്ടിയു൦ സ൦ഹാരവു൦ നിൻവഴിയല്ലെന്നോർക്കുക ..

യാത്രക്കിടയിൽ...

ചുറ്റിലു൦ ഒച്ചപ്പാടുകൾ...
എന്നിട്ടു൦ എന്റെ ചെവിയെന്തേ 

കൊട്ടിയടയ്ക്കപ്പെട്ടു ..!
എവിടെയു൦ നല്ല വർണ്ണപ്പൂക്കൾ...
എന്റെ കണ്ണിൽ മാത്രമെന്തേ
ഇരുൾ പടരുന്നു ..!
ആരൊക്കെയോ അലറുന്ന ശബ്ദങ്ങൾക്കിടയിലെ
അമരുന്ന നേർത്ത തേങ്ങലുകൾ....
എനിക്കു മാത്രമെന്തേ കേൾക്കാൻ പറ്റുന്നു ..!
അതെ..
ആരു൦ കേൾക്കാത്ത,
ഞാൻ മാത്ര൦ കേട്ട
ആ നിലവിളിക്കരികിലേക്കു
എനിക്കെത്തണ൦..
രാവിനു കൂട്ടായി ചീവീടിന്റെ കരച്ചിൽ മാത്ര൦..
എന്നെയു൦ കാത്തു
ആരോ ഉപേക്ഷിച്ചുപോയൊരു കടത്തുതോണി ..
വഴികാട്ടിയായി മിന്നാമിന്നി വെളിച്ചം.
എന്നോ എഴുതിയ കവിതയുടെ
ഈരടി മൂളി പുഴയോളങ്ങളെ
വകഞ്ഞു ഗതിയറിയാതെ തുഴയുമ്പോൾ ..
ആരുമില്ലാത്ത ആ ഒറ്റത്തുരുത്ത്
എന്നെമാത്ര൦ മാടിവിളിക്കുന്നു

ഞാനു൦ ആ ശാന്തതയുടെ തീരത്തേക്ക്...! ..!
എവിടെനിന്നോ വന്നൊരു സ്നേഹത്തെന്നലിൽ 
നിശാഗന്ധി പൂത്ത പരിമളത്തോടൊപ്പ൦ 

മിഴിപ്പെയ്ത്ത്

മൗനമായെൻ മിഴിയിൽ 
ഒളിച്ചൊരാ മഴയെ ...
ഹ്യദയവാനച്ചോട്ടിൽ
ഒഴുക്കിയപ്പോൾ ..
ആരു൦ കാണാതിരിക്കുവാനോ ..വിഷാദ 
മേഘ൦ ഭൂമിയെ പുൽകുവാൻ
പെയ്തിറങ്ങി..!

മൗനം.

മിക്കപ്പോഴും മിണ്ടാതിരിക്കുന്നത്
മറുപടി ഇല്ലാഞ്ഞിട്ടല്ല .. 
നീ തോൽക്കാതിരിക്കാനാണ് !
നീ രാജാവ്,
പെരുംനുണകളുടെ ചീട്ടുകൊട്ടാരം
പണിയുന്നവർക്കിടയിലെ
കരുത്തനല്ലാത്ത വിഡ്ഢിയായ രാജാവ്.
ഹേ മൂഢനായ രാജാവേ,
സത്യത്തിന്റെ ചെറുകാറ്റിൽ പോലു൦
താഴെവീഴുന്ന ഈ ദുരന്തത്തിൽനിന്നു൦
നന്മയുടെ തൂവൽസ്പർശവുമായി 
നേരിന്റെ പ്രകാശത്തിലേക്കിറങ്ങി വരൂ...
നിന്നെ വാഴ്ത്താൻ
നിനക്കന്ന് കാവൽമാലാഖമാരുണ്ടാകും
നിനക്കു ജയ് വിളിക്കാനും
നിനക്കായി ഉയിര് നൽകാനും
പ്രജാസഹസ്രങ്ങളുണ്ടാകും.
ഒരു നാൾ....
പൊയ്മുഖമില്ലാതെ
ചിരിക്കാൻ കഴിയുമെങ്കിൽ...
ദുരിതങ്ങൾക്കിടയിലും
മനസ്സുതുറന്നു സ്നേഹിക്കുന്നവരെ
കാണാൻ കഴിയുമെങ്കിൽ...
നിനക്കുമുൻപിൽ ഞാനെന്റെ
മൗനം വെടിയാം.....
നിനക്കായി
അന്ന് ഞാനെന്റെ
പ്രാണനും നൽകീടാം.....!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...