Thursday, August 25, 2022

ലളിതഗാനം


ശ്രീരാഗമായ് നീ ഒഴുകിവരൂ, എന്റെ

ശ്രീരേഖയായ് നീ തെളിഞ്ഞിരിക്കൂ.

സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി

ശ്രീലകത്തഴകായ് ചേർന്നിരിക്കൂ.

                      (ശ്രീരാഗമായ്.....)


വെണ്ണിലാപ്പൊയ്കയിൽ താരകകന്യകൾ

ആറാട്ടിനായിന്നുമെത്തിയല്ലോ!

മുരളിയുമായിളംകാറ്റുവന്നെൻകാതി-

ലൊരു ഗാനപല്ലവി പാടിയല്ലോ!

                      (ശ്രീരാഗമായ്.....)


ഇശലിന്റെ നിറവാർന്ന സ്നേഹസംഗീതമായ് 

ഹൃദയസരസ്സിലേക്കൊഴുകി വരൂ....

ചുംബിച്ചുണർത്തിയ ചെമ്പനീർപ്പൂപോലെ

അരികിലിങ്ങെപ്പൊഴും ചേർന്നുനില്ക്കൂ!

                      (ശ്രീരാഗമായ്.....)



Thursday, August 18, 2022

ഓടി വാ കണ്ണാ


എത്രയായ് കാത്തിരിക്കുന്നു ഞാൻ കണ്ണാ

അത്രമേലിഷ്ടമല്ലേ നിന്നെയിന്നും!

വ്യർത്ഥമാക്കല്ലേ നീയെന്നിലെ മോഹങ്ങൾ

നഷ്ടമെന്തൊരീ വേളയരികിലെത്താൻ?


ഇന്നു ജന്മാഷ്ടമി നിൻ തിരുനാളല്ലയോ

ഞാനുമെൻ തോഴിമാരും കാത്തിരിപ്പല്ലേ!

നറുനെയ്യും വെണ്ണയുമുണ്ടിടേണ്ടേ, കണ്ണാ,

പൊന്നുണ്ണിക്കണ്ണാ നീ ഓടി വായോ..


നിൻ പാദസ്പർശനമേറെകൊതിച്ചിന്നും

വൃന്ദാവനമൊരുക്കി,യൂഞ്ഞാൽ കെട്ടി

വാത്സല്യദുഗ്ദം ചുരത്തിടാനമ്മമാർ

വിസ്മയക്കാഴ്ചയുമൊരുക്കിനില്ലൂ.







Wednesday, August 10, 2022

ശാന്തി തേടി

ഇനിയെത്ര ദൂരമിങ്ങേകയായ് താണ്ടണം

ശാന്തമായ് മറുകരയിലെത്തിടാനായ്?

കടലുപ്പിൻ നീറ്റലാൽ മായ്ക്കണ,മുള്ളിലെ-

യെരിയുമീനൊമ്പരക്കൂമ്പാരങ്ങൾ!


ജലരേഖയായ് മറഞ്ഞീടുന്നു നിത്യവും

പുറമേ ചിരിക്കും മുഖങ്ങളെല്ലാം.

നെഞ്ചകത്തുറയുന്ന വികൃതമാം ചിന്തകൾ

മൂടുവാൻ മാത്രമിപ്പുഞ്ചിരിപ്പൂ!


ഈ മച്ചകത്തിൻ ചുമരുകൾക്കുള്ളിലീ-

നിറയുന്ന മൗനമുടയും മുമ്പേ,

നെഞ്ചകം പൊട്ടുന്ന സങ്കടച്ചീളുകൾ

മറവിതൻ പാത്രത്തിൽ മൂടിവെക്കാം.


പ്രത്യാശയായ് വരും പുലരികളൊക്കെയു-

മൊരു മലർവാടിയായ് പൂത്തു നിൽക്കേ

കാർമേഘമില്ലാദിനങ്ങൾക്കുമാത്രമായ്

പ്രാണനെയെങ്ങനെ കാത്തുവെക്കും..!


നിശ്വാസവേഗത്തെ വെല്ലുന്ന മട്ടിലായ്

താളം പിഴയ്ക്കുന്നു ചിന്തയെല്ലാം.

ചിത്തത്തെ ശാന്തമാക്കീടുവാനാ,യിനി

ബുദ്ധന്റെ വഴിയേ ഗമിച്ചിടാവൂ!.....

Tuesday, August 9, 2022

കൂട്ട്

കോതിയൊതുക്കിയ അക്ഷരങ്ങൾ

സ്വപ്നത്തിൽ വന്നെന്നോട് ചോദിച്ചു:

നാളത്തെ പുലരിയെങ്കിലും

സമാധാനത്തോടെയാവുമോ?

മറവിത്താളിൽ ഒന്നുമറിയാതെ

ഉറങ്ങുകയാണ് ചില അക്ഷരങ്ങൾ.

അശാന്തിയുടെ നിഴലുകൾ

മുറിവിടങ്ങളിലേക്ക്

വെളിച്ചം പടർത്തുമ്പോൾ,

അന്ധകാരത്തിലേക്കൂർന്നു പോകുന്ന

മനസ്സുമാത്രം എന്നും കൂട്ട്..

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...