Thursday, May 25, 2023

അറിയുക നാം

പാടില്ലഹങ്കാരമൊട്ടുമോർത്തീടുക,

കൂട്ടിനുണ്ടാവില്ലഹന്തയൊരിക്കലും.

അന്യരായ് നാം കരുതുന്നവരായീടാ-

മന്ത്യത്തിലെപ്പൊഴും കൂട്ടായതോർക്കുക.


കാഴ്ചകൾ കേവലം നീർക്കുമിളകൾ മാത്ര-

മിന്നു കൂട്ടായുള്ളവർ നാളെയുണ്ടാവില്ല

ഇന്നത്തെ നന്മകൾ മാത്രമാകും നാളെ

യോർക്കുവാൻ സത്യമിതീമന്നിലെപ്പൊഴും.



കഷ്ടകാലങ്ങളിൽ കൂട്ടായവർ ശിഷ്ട-

കാലത്തുമുണ്ടാവുമെന്നറിഞ്ഞീടണം.

കാലം തെളിയിക്കും സത്യമെന്നറിയവേ

കാത്തിരുന്നോരുടെ കാലം കഴിഞ്ഞു പോം.



കേട്ടതാം വാർത്തകൾ സത്യമോ മിഥ്യയോ

കേൾക്കാതിരിക്കണം കെട്ടതാം വാർത്തകൾ.

കേമരായി വീമ്പിളക്കുന്നവർ

കോമാളിയായിടുമന്യർക്കു നിശ്ചയം!


സത്യങ്ങൾ സത്ബുദ്ധി കൊണ്ടറിഞ്ഞീടണം

സഹനത്തിലൂടെ സത്ചിന്ത വളർത്തണം

സത്കർമ്മം ചെയ്തു ജീവിച്ചീടുകെപ്പൊഴും ധർമ്മങ്ങൾ പാലിച്ചു കാലം കഴിക്ക നാം!

Wednesday, May 24, 2023

പ്രാസ കവിതകൾ

***

അക്ഷരപ്പൂക്കളായെന്നിൽ വിരിഞ്ഞിടും

അക്ഷയസുന്ദരവാടിയായ് നീ

അക്ഷീണമെന്നിൽ നിറഞ്ഞു നിന്നീടുമോ

അക്ഷരനക്ഷത്രമെന്നപോലെ..

***

കരളിൽ വിരിയുന്ന മോഹമെല്ലാം

കദനത്തിൻ പൂക്കളായ് വാടിടുമ്പോൾ

കഥകളും ചൊല്ലിയണഞ്ഞൊരു പൈങ്കിളീ,

കട്ടുവോ നീയെന്റെ സ്വപ്നങ്ങളെ?

**************

സ 

***

സന്താപനാശനാ സർവേശ്വരാ,യെന്നും

സന്തോഷമെങ്ങും ചൊരിഞ്ഞീടണേ.

സന്തതം കൂടെയുണ്ടാവണേ, ഞങ്ങൾക്കു

സർവ്വസമൃദ്ധിയും നൽകിടേണേ!


***

മറവിയാൽ കളയണം ദുഃഖങ്ങളൊക്കെയും

മനസ്സിലാമോദം നിറയ്ക്കേണമെപ്പൊഴും.

മരണമെത്തീടുമിങ്ങൊരുദിനമെങ്കിലും

മനതാരിൽ സുന്ദരസ്വപ്‌നങ്ങൾ കാണണം.

മാനസകോവിൽ പവിത്രമായ്ത്തീരണം 

മാനവധർമ്മങ്ങൾ പാലിച്ചുകൊള്ളണം!

വ്യാമോഹമോ..!

മരണത്തെയേറ്റം പ്രണയിച്ചിടുന്നേരം

പ്രിയമുള്ളോരാരെന്നതോർത്തു നോക്കാം.

ആരൊക്കെയർഹതയുള്ളവരായിടാ-

മവസാനചുംബനമേറ്റു വാങ്ങീടുവാൻ?


ശത്രുമിത്രങ്ങളെ തമ്മിലറിയാതെ-

യുള്ളിൽ ചിതറിത്തെറിക്കുന്ന ചിന്തകൾ...

മത്സരമെന്നോടുതന്നെയായീടവേ-

യവകാശിയില്ലാത്ത ഞാൻ വെറും രൂപമോ?


ബന്ധുബലങ്ങളും സൗഹൃദക്കൂട്ടവും

തൻപോരിമയ്ക്കായി മാത്രമായീടവേ,

വേണ്ട, ചത്താലുമെനിക്കവകാശികൾ!

ഈ ഭൂവിൽ ബന്ധങ്ങളെക്കെയും നശ്വരം.


കൂട്ടമായ് ചേർന്നു പൊട്ടിച്ചിരിക്കുന്നവർ

ഒറ്റയായ് തീരവേ പറ്റേ മറന്നിടാം.

വേണ്ടെനിയ്ക്കാറടി മണ്ണുപോലും ശാന്ത-

മായൊന്നുറങ്ങാനാവാത്തൊരൂഴിയിൽ.


നഷ്ടബോധം തെല്ലുമില്ലാതെ പോകണം,

ഇഷ്ടമായ് ചെയ്തു തീർത്തീടാനനേകമാം.

ദാനധർമ്മങ്ങളിൽ ശാന്തിതേടീടണം,

നിശ്ചലം ദേഹം പഠനത്തിനേകിടാം!

പൊലിഞ്ഞു പോയ മാലാഖ

 പൊലിഞ്ഞു പോയ മാലാഖ

*****************************

അശരണാർക്കാശ്രയമാകുവാനായ്

ആതുരസേവനം ചെയ്തിടുമ്പോൾ ,

അവനിയിൽ നിന്നും തുടച്ചു നീക്കാ-

നവൾ ചെയ്ത തെറ്റെന്തറിഞ്ഞുകൂടാ.


കാണാതെ പോകയോ നിയമവും, ലഹരികൾ-

ക്കടിമയായ് ചെയ്യുന്ന ക്രൂരകൃത്യം!

എന്തു ചെയ്യണം ലഹരിയ്ക്കടിപ്പെട്ട

ജനതയ്ക്കു മോചനം നൽകിടാനായ്?


അനുശോചനത്തിന്റെ പേരിൽ നാം കൂടിടാം,

വാർത്തകൾ പിന്നെയും വന്നുചേരാം!

ഒക്കെയും വിസ്മൃതിയിലാണ്ടുപോകാം, ദു:ഖ-

മപ്പൊഴുമുറ്റവർക്കൊന്നുമാത്രം!


ഇനിയുമുണ്ടാവാതിരിക്കണം പാതകം,

പ്രതികരിച്ചീടണം നമ്മളെല്ലാം.

ലഹരിവിമുക്തമാം നാടിനായ് നാം മറ-

ന്നീടണം രാഷ്ട്രീയമെന്നുമെന്നും.


ഒന്നായ് തുടച്ചുനീക്കീടണം, ലഹരിയായ്

തീർന്നൊരീ നാടിന്റെ ശാപമെങ്ങും.

കാണാതിരിക്കട്ടെയിനിയൊരു ദുരന്തവും

മകളേ, നിനക്കാത്മശാന്തി നേരുന്നു.

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...