Tuesday, August 31, 2021

കൃഷ്ണാഷ്ടമി

 കൃഷ്ണാഷ്‍ടമി

***************

അഷ്ടമിരോഹിണിനാളിൽ പിറന്നു നീ

അമ്മമാർക്കെല്ലാർക്കും പൊന്നുണ്ണിയായ്.

വെണ്ണകവർന്നുണ്ണുമമ്പാടിക്കണ്ണാ, നിൻ

ജന്മനാളിന്നണഞ്ഞുവല്ലോ!


കുസൃതിച്ചിരിയാലോളങ്ങൾതീർത്തു നീ

അഴലുകളൊക്കെയുമലിയിച്ചുവോ?

സ്നേഹസ്വരൂപനായെന്നുള്ളിൽ നടമാടി

പ്രണയത്തിൻ മുരളികയൂതിയൂതി!


മോഹനഭാവത്തിലുള്ളിൽ വിരിയുന്ന

സുസ്മിതത്തിന്നെന്നുമെന്തുഭംഗി !

മോദമോടെന്നുമെന്നുള്ളിൽ തെളിയുന്ന

നിൻ രൂപം കാണുകിലതെത്ര പുണ്യം!


ജീവിതസാഗരച്ചുഴിയിൽപ്പെടുന്നേരം

തേജോമയം മുഖം ധ്യാനിക്കുമ്പോൾ

ഉള്ളിലഴലിന്നലകളടങ്ങി, നിൻ

കള്ളച്ചിരിയെന്റെയുള്ളിലൂറും!


 








Tuesday, August 24, 2021

ഗുരുസ്മരണ

ഗുരുസ്മരണ

***************

എത്ര സ്തുതിച്ചാലും മതിവരില്ലല്ലോ

ഗുരുദേവൻ തന്നുടെ സാരോപദേശങ്ങൾ

വർണ്ണവെറിയരുടെയുള്ളിലെ ഇരുൾ -

മാറ്റാൻ ദിവ്യപ്രകാശം പരത്തിയ ഗുരു.


ആത്മചൈതന്യതേജസ്സാലേവർക്കും

ആത്മഗ്ഗുരുവായി മാറിയ ഈശ്വരൻ

ചെമ്പഴന്തിയിൽ പിറവികൊണ്ട

ബ്രഹ്മചാരി

ലോകം മുഴുവനറിയുന്നോർ...


വിദ്യയോളമില്ല മറ്റൊരു ധനവുമെന്നോതി

വിദ്യാമഹത്വം മോഹമായി മാറ്റിയേവരിലും

മതത്തെ ത്യജിച്ചു, മനുഷ്യനായ് മാറുവാൻ

മഹദ് വചനങ്ങൾ ചൊല്ലിയ ഗുരുവേ,നമഃ


മറക്കരുതാരും ഗുരുദേവോപദേശങ്ങൾ

സച്ചിന്തയാൽ ജീവിക്കാൻ പഠിക്ക, നാം

ഗുരുദേവനേകുന്ന പൂജാപുഷ്പങ്ങളായി

മതമൈത്രിയോടെ ജീവിച്ചു മുന്നേറാം...

~

Saturday, August 21, 2021

ഓണനിലാവും പൂത്തുമ്പിയും

 മഴത്തുള്ളികിലുക്കത്തി-

ലോർമ്മകൾ പൂത്തുലഞ്ഞപ്പോൾ

വിരുന്നിനെത്തിയതെന്റെ

പോന്നോണ പൂത്തുമ്പി.


നിലാമഴ പെയ്യും രാവി-

ലോണരാവിൻ ചന്തം കാൺകേ

ഗതകാലസ്മരണകൾ

തലോടി മന്ദം!


എത്ര സുന്ദരം നാളുക-

ളൊത്തുകൂടലിൻ ഘോഷവും

ഏകമനസ്സോടേവരും

കഴിഞ്ഞതെല്ലാം.


ഓണപ്പാട്ടുമോണത്തല്ലും

തുമ്പി തുള്ളൽ, വടംവലി,

ആർപ്പുവിളിയോടിക്കളി-

യാഘോഷങ്ങളും!


ഗൃഹാതുരത്വത്തിന്നുൾവി-

ളിയാലെങ്ങും ചിങ്ങനിലാ-

വൊഴുകിക്കൊണ്ടെവിടെയും

നനഞ്ഞു നിൽക്കെ

കരളല്പം കുളിർന്നീടാ-

നാമയങ്ങൾ വെടിയാനാ-

യാസ്വദിക്കാമാഘോഷങ്ങൾ

ചാനലിലെല്ലാം.


ദുരിതങ്ങൾ, വ്യഥകളു-

മൊഴിഞ്ഞൊട്ടു ശാന്തിക്കായി

പ്രാർത്ഥിച്ചീടാം, വീട്ടിൽ നമു-

ക്കാഘോഷമാക്കാം!


പൊന്നോണക്കാലം


പുഴകളിലോളം താളമടിക്കുന്നു

കളിവഞ്ചികളെങ്ങും കൊഞ്ചിക്കുഴയുന്നു

തിരുവോണത്തോണി വരുന്നേ..... പൊന്നോണം വരവായേ.....

ചിങ്ങപ്പൂങ്കാറ്റു വരുന്നേ..... തിരുവോണത്തോണി വരുന്നേ.....

             (പുഴകളിലോളം........)


പൂവേ പൊലി പൂവേ പൊലി പാടാൻ വായോ

ഓർമ്മകൾതൻ പൊൽത്തിടമ്പുകളേന്തിപ്പാടാലോ!....

വഞ്ചിപ്പാട്ടുയര്ണൊരീണം പാടി രസിയ്ക്കാലോ....

ആർപ്പും കുരവയുമായെതിരേല്ക്കാം ഓണം വരവായേ....

              (പുഴകളിലോളം.......)


പൊന്നോണപ്പാട്ടുകൾ പാടാം, പൂക്കൂടകൾ വീതുനിറയ്ക്കാം

വന്നല്ലോ മാമലനാട്ടിൽ പൂത്തിരുവോണം!

തിരുവോണക്കുമ്മിയടിക്കാം, തിരുവോണസ്സദ്യയൊരുക്കാം

വന്നല്ലോ പൂക്കുടചൂടിയ പെന്നോണക്കാലം!

               (പുഴകളിലോളം.......)

Friday, August 13, 2021

കാത്തിരിപ്പ്

 


കാത്തിരിപ്പ്

*************

ശാന്തമാണാഴിയെന്നാകിലുമാകാശ-

മിത്രമേലെന്തേ പിണങ്ങിനില്പൂ!

ഒട്ടിയവയറിനായന്നവും തേടി ഞാ-

നാഴക്കടലിലിറങ്ങിയേക്കാം.


ആഴിയിൽ വിളയുമാമുത്തും പവിഴവും

തപ്പിയെടുക്കുവാനെത്തിടുമ്പോൾ

കോപിച്ചിടൊല്ലേ.. കടലമ്മേ ഞങ്ങളെ

കരുതലോടെപ്പൊഴും കാത്തുകൊൾക!


ജീവിതക്കടലിന്റെ മദ്ധ്യത്തിലിന്നു ഞാ-

നേകയായ് നങ്കൂരമിട്ടിടുമ്പോൾ

കരിപൂണ്ട വാനമായെൻശോകമൊക്കെയും

കാലത്തിനൊപ്പമൊഴുകയല്ലോ!


അഴലുകളായിരം വന്നണഞ്ഞാലും,

അണയാതെ ജീവിതം കാത്തിടാനായ്,

കണ്ണിൽ തിരിവെച്ചു കാത്തിരിപ്പൂ സ്നേഹ-

ദീപമായ് കൂരയിലിന്നൊരുവൾ!










മിഴിപെയ്ത്ത്

 മിഴിപ്പെയ്ത്ത്

*************

നിഴല്‍പോലെയെത്തുന്ന 

ദുഃഖങ്ങളൊക്കെയും 

ഒരു മഴപ്പെയ്ത്തില്‍ 

ഒലിച്ചുപോയീടുമോ ?


ചിരിതൂകിയരികില്‍ 

നില്‍ക്കുന്ന മോഹങ്ങള്‍ 

ഒരു പുതുമഴയില്‍ 

തളിരിടുമോ ? 


ദുരമൂത്ത ബധിരർ 

നിറഞ്ഞയീലോകത്ത്

കണ്ണുനീർ പ്രളയമായി, മാറീടുമ്പോള്‍ 

കാരുണ്യമെന്നൊരു 

വാക്കുപോലുമിന്ന് 

കാറ്റിന്റെ കയ്യിലെ കളിപ്പാട്ടമോ..?


കോമരംപോലെ 

തുള്ളുന്ന ചിന്തകള്‍ 

വാളെടുക്കുന്നു|;

കലികാല തന്ത്രങ്ങള്‍ 

പോരിനിറങ്ങുന്നു;

ഒന്നുമേയറിയാതെ 

രക്തസാക്ഷിയാവാന്‍ മാത്രം 

ചിലജന്മങ്ങള്‍. 


ഒച്ചിനെപ്പോലെ 

ഇഴയുന്നജീവിതം 

വക്കുപൊട്ടിയ 

വാക്കിനാല്‍ മുറിയുമ്പോള്‍ 

പെറ്റുവീണതാം 

മണ്ണിനെ മറന്നവര്‍ 

കണ്ണീര്‍പ്പുഴയിൽ 

കടലാഴങ്ങള്‍തേടുന്നു !


നിഴല്‍പോലെയെത്തുന്ന 

ദുഃഖങ്ങളൊക്കെയും 

ഒരു മഴപ്പെയ്ത്തില്‍ 

ഒലിച്ചുപോയീടുമോ ? 

ചിരിതൂകിയരികില്‍ 

നില്‍ക്കുന്ന മോഹങ്ങള്‍ 

ഒരു പുതുമഴയില്‍ 

തളിരിടുമോ ?


Tuesday, August 10, 2021

ലളിതഗാനം

 ലളിതഗാനം

                        *************

കാൽവിരലാലൊരു ചിത്രമെഴുതി,

കാതരമിഴിയവളെന്നെ നോക്കി.

അനുരാഗഗീതം മൂളിയ ചൊടികളിൽ 

പ്രണയത്തിൻ അരുണിമ വിരിഞ്ഞു.

              (കാൽവിരലാലൊരു....)


നീരവമിന്നും നിൻകവിളിണയിൽ 

കുങ്കുമം ചാർത്തുവതാരോ?

വ്രീളാവിവശം മിഴികളിൽ നോക്കി

കവിത രചിയ്ക്കുവതാരോ?...... മധുരം

കാതിൽ മൊഴിയുവതാരോ?

              (കാൽവിരലാലൊരു....)


ചിന്തയിൽ വിടരും കവിഭാവനകൾ

രുചിരം നിന്നിലുണർത്താം 

മധുമൊഴികൾ പൂമഴയാവുമ്പോൾ 

പ്രണയകവിതകളെഴുതാം,...... മധുരം

പ്രണയകവിതയായ് മാറാം.

             (കാൽവിരലാലൊരു....)

തൂവൽ സ്പർശം

 

തൂവൽസ്പർശം

*** *** *** ****

വെന്തുരുകുന്നൊരു പാതയിലൂടെ

തനിയെ നടന്നു ഞാൻ നീങ്ങിടുമ്പോൾ

കുളിർതെന്നലായെന്നിലൊഴുകിയെത്തി

കരുതലിന്നൊരു കരസ്പർശമെങ്ങും!!


കരുണ്യമേറും തലോടലായ് മെല്ലെ

തരളമധുരമാം സ്നേഹഭാവം

പതിയെ വന്നെൻകാതിലരുമയായ് മൂളി:

യാത്രയിൽ നീ തനിച്ചല്ലല്ലോ തെല്ലും.


ഒരു തൂവൽ സ്പർശമായ് സാന്ത്വനമായ്

ഹൃദയത്തിലൊരു വസന്തം വിരിഞ്ഞു.

പുതുമഴപോലെൻ മനം നിറഞ്ഞു

കദനങ്ങളെല്ലാം കൊഴിഞ്ഞുപോയി.


Monday, August 9, 2021

 തിരിനാളം

***********

തെളിഞ്ഞുകത്തും തിരിനാളം പോൽ

തെളിയണമുള്ളിൽ പ്രതീക്ഷകൾ 

ഇരവിലുമൊരുതരി വെട്ടംപോലെ

മിഴിനാളങ്ങൾ തെളിയേണം!


ഹൃദയത്തിൽ നാം നന്മ നിറയ്ക്കുക

കർമ്മപഥങ്ങൾ തെളിഞ്ഞീടും

ഇരുളിൽ നമ്മളിഴഞ്ഞേറുമ്പോൾ

പൊന്നൊളിതൂകും കർമ്മഫലം.


ഓർമ്മയിലുണരുമൊരോട്ടുവിളക്കായ് 

കരുതാം പെരുമകളെമ്പാടും.

സത്യത്തിന്റെ വിളക്കായുള്ളിൽ നി-

റയ്ക്കാം ജീവസ്ഫുരണങ്ങൾ!


ഇരുളലമൂടിയ വഴികളിലൂടെ

ദിശയറിയാതുഴലുന്നന്നേരം

മെല്ലെയുദിച്ചുവരാവൂ, നിറവി-

ന്നൊളിയായ് ജീവിതസുകൃതങ്ങൾ!


കൽമഷമാണ്ടൊരു ദുരിത പഥങ്ങളി-

ലെങ്ങും കനിവിൻ ദീപമുണർത്താം.

തെളിമയിലെന്നും വിടരും മനമോ-

ടെങ്ങും നിറമാലകളായ്ത്തീരാം.

അന്യം

പണ്ടെന്റെ നാട്ടുവഴികളിലൂടെന്നും

ആടി വരുന്നൊരു കാളവണ്ടി!

കിങ്ങിണിയ്ക്കൊപ്പം, മണിനാദവും പിന്നെ,

വേഗതയ്ക്കായൊരു ചാട്ടവാറും!


കണ്ഠത്തിലേറ്റും നുകത്തിന്റെ ഭാരം

കിതപ്പായ് പുറത്തേക്കു ചാടീടുമ്പോൾ 

നിശ്ശബ്ദതേങ്ങലായ് മാറുന്നു, ജീവിത -

വിധിയെ പഴിക്കുന്നിതശ്രുവർഷം!


ജീവിതഭാരം ശിരസ്സിലേറ്റി ,താഴ്ച,

വീഴ്ച്ചയാൽ ഉള്ളകം പൊള്ളിടുമ്പോൾ 

രണ്ടറ്റം മുട്ടിക്കാനോടിക്കിതക്കുന്ന

നാം വണ്ടിക്കാളകൾ മാത്രമല്ലോ!


ചൊല്ലാതെവയ്യൊന്നുമെങ്കിലു,മൊരുക്കി-

ലെത്രമേൽ സുന്ദരമാനാട്ടുകാഴ്ചകൾ!

നഷ്ടങ്ങളാണെങ്ങും കൂട്ടത്തിലാഗ്രാമ-

ഭംഗിയുമന്യമായ് തീർന്നുവല്ലോ!

**************









ലളിതഗാനം

 ലളിതഗാനം

*************

പറയുവാനായുള്ള നിറവുകളോരോന്നും

പലവുരുവുള്ളില്‍ തെളിഞ്ഞു വന്നു .

പറയാന്‍ തുടങ്ങവേ ,അറിയാതെ അകതാരില്‍ 

കതകുകള്‍ താനേയടഞ്ഞു പോയി ..

         (പറയുവാനായുള്ള.....)

പഴകിത്തുരുമ്പിയ വാക്കുകള്‍ മനസ്സിന്റെ

പടിവാതിലില്‍ വന്നു പതുങ്ങി നിന്നു

പതറാതെ  പറയുവാന്‍ കഴിയില്ലെന്നോര്‍ത്താവാം

അധരങ്ങള്‍ മെല്ലെ വിതുമ്പി നിന്നു.

          (പറയുവാനായുള്ള.....)

കളിചിരി ചൊല്ലുവാന്‍ കൊതിയാർന്ന വാക്കുകള്‍

അനുവാദമേകുവാന്‍ കാത്തു നിന്നു

അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍ 

അലിവിന്റെ തീരത്തുതനിച്ചിരുന്നു

           (പറയുവാനായുള്ള.....)

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...