Monday, August 9, 2021

 തിരിനാളം

***********

തെളിഞ്ഞുകത്തും തിരിനാളം പോൽ

തെളിയണമുള്ളിൽ പ്രതീക്ഷകൾ 

ഇരവിലുമൊരുതരി വെട്ടംപോലെ

മിഴിനാളങ്ങൾ തെളിയേണം!


ഹൃദയത്തിൽ നാം നന്മ നിറയ്ക്കുക

കർമ്മപഥങ്ങൾ തെളിഞ്ഞീടും

ഇരുളിൽ നമ്മളിഴഞ്ഞേറുമ്പോൾ

പൊന്നൊളിതൂകും കർമ്മഫലം.


ഓർമ്മയിലുണരുമൊരോട്ടുവിളക്കായ് 

കരുതാം പെരുമകളെമ്പാടും.

സത്യത്തിന്റെ വിളക്കായുള്ളിൽ നി-

റയ്ക്കാം ജീവസ്ഫുരണങ്ങൾ!


ഇരുളലമൂടിയ വഴികളിലൂടെ

ദിശയറിയാതുഴലുന്നന്നേരം

മെല്ലെയുദിച്ചുവരാവൂ, നിറവി-

ന്നൊളിയായ് ജീവിതസുകൃതങ്ങൾ!


കൽമഷമാണ്ടൊരു ദുരിത പഥങ്ങളി-

ലെങ്ങും കനിവിൻ ദീപമുണർത്താം.

തെളിമയിലെന്നും വിടരും മനമോ-

ടെങ്ങും നിറമാലകളായ്ത്തീരാം.

No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...