Friday, March 31, 2017

കുഞ്ഞുവിലാപം

ഓടിത്തളര്‍ന്നു ഞാനമ്മേ..
പേടിച്ചുറങ്ങുന്നില്ലമ്മേ..
മനം പിടയുന്നമ്മേ..
കെട്ടവാർത്തകൾ
കേട്ടുകേട്ടിന്നെന്റെ
കാതു കൊട്ടിയടയ്ക്കുന്നമ്മേ..
പത്രം നോക്കിയാലും 
ടിവി തുറന്നാലും 
പെണ്ണിന്റെ രോദനമമ്മേ,
ഉള്ളിലോ,നീറ്റലാണമ്മേ,
അച്ഛനും ചേട്ടനും 

കുഞ്ഞനുജനും
എനിക്കുമുണ്ടല്ലോ അമ്മേ...
അമ്മയും ചേച്ചിയും 

മുത്തശ്ശിമാരും 
ഇവിടെയുമുണ്ടല്ലോ ..അമ്മേ,
വാർത്തകളോരോന്ന് 

കണ്ടിട്ടും കേട്ടിട്ടും
പേടിയാവുന്നെനിക്കമ്മേ...

Wednesday, March 29, 2017

വിരഹഗാനം

സുന്ദര സ്വപ്നങ്ങള്‍ മഷിയെഴുതും മിഴികളില്‍ പ്രണയാര്‍ദ്രഭാവങ്ങള്‍ തത്തിക്കളിക്കുമ്പോള്‍ അകലെ നിന്നൊഴുകി വരുന്നിതാ വിരഹഗാനത്തിന്‍ ഈരടികള്‍.... പാറി വരുന്നൊരു പാതിരാക്കാറ്റില്‍ പാതിയലിഞ്ഞോരാ പല്ലവിയില്‍.. കൂമ്പിയടഞ്ഞ മിഴിയിളക്കങ്ങളില്‍ പ്രേയസിതന്‍ രൂപം നര്‍ത്തനമാടുന്നു.. വിതുമ്പി നില്‍ക്കുന്ന വിരഹകാവ്യങ്ങള്‍ പിറവിയെടുക്കുന്നു തൂലികതുമ്പിലും.... അനുസരണയില്ലാതെ തുളുമ്പും മിഴികള്‍ തടുക്കുവാനാവാതെ കടലാസില്‍ പരക്കുന്നു.. ദൂരെയിരുന്നായിണക്കിളി മൂളുന്നു നിദ്രയെ പുല്‍കുവാൻ പ്രേമഗാനം..... പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങളുമായി നാളെകള്‍ക്കായി കാത്തിരിപ്പൂ..

Tuesday, March 28, 2017

നേരറിവുകള്‍



നേരറിവുകള്‍
.............................
പണമുള്ള കാലത്തു 
കൂടെ നടന്നവർ 
പതനത്തിൽ പഴിചാരി,
പടിയിറങ്ങി.


ദുരന്തങ്ങൾ കൂട്ടായി 
കൂടപ്പിറപ്പുപോൽ, 
കുഴിതോണ്ടാൻ 
പിന്നെയു൦, കൂട്ടിരുന്നു .


തൊണ്ടയിൽ കുരുങ്ങിയ
ഗദ്ഗദമൊക്കെയും,
അടരുവാനാവാതെ 
പതുങ്ങിനിന്നു.


ഇറ്റിറ്റുവീഴാൻ, 
മടികാട്ടു൦ കണ്ണുനീർ 
ദാഹാർത്തയെന്നപോൽ 
കരളിൽ തിങ്ങി.


കാഴ്ചകൾ മങ്ങുന്നു 
കാണികൾ പെരുകുന്നു
കണ്ടവരൊക്കെ 
പഴിചാരുന്നു ..


സമ്പത്തുകാലത്തു 
തൈ പത്തുനട്ടപ്പോൾ, 
കൂടെ നടന്നവർ
കൂകിച്ചിരിച്ചെന്നാൽ,
കൂടെ നടന്നവർ 
കൈവിട്ടുപോയപ്പോൾ 
തൈമരമിന്നും 
തണലേകിനിൽപ്പൂ...

Sunday, March 26, 2017

വേഷപ്പകര്‍ച്ചകള്‍

പുകഞ്ഞുകൊണ്ടിരിക്കുന്നു ഒരു തീമല തലയില്‍ പൊട്ടിതെറിക്കുവാന്‍ വെമ്പുന്ന മനസ്സും..
പിന്നോട്ട് വലിക്കുന്ന കാലാനുഭവങ്ങള്‍, മുന്നില്‍ നിരക്കുന്നു അപ്രിയസത്യങ്ങള്‍..
അരങ്ങുകള്‍ വാഴും നടികര്‍ക്ക് മുന്നില്‍ സത്യങ്ങള്‍ ചൊല്ലിയാല്‍ വിഡ്ഢിയായി മാറീടും..
പച്ചവേഷമായി കൂടെ നടന്നവര്‍ കത്തിവേഷം കെട്ടി ആടി രസിച്ചീടും..
പലവിധ വേഷങ്ങള്‍ ആടാന്‍ കെല്‍പ്പുള്ളവര്‍ സ്വാര്‍ത്ഥതയുടെ കൊടുംകാറ്റില്‍ എല്ലാം നശിപ്പിച്ചിടും.
കാലമവരെ തിരിച്ചറിവിന്‍ തീരത്തെത്തിക്കുമ്പോള്‍ ശൂന്യതയാലവര്‍ വലയം ചെയ്തീടും ..
പിന്നോട്ടോടി കിതച്ചു വീണീടുമ്പോള്‍ മുന്നില്‍ നിന്നട്ടഹസിക്കും അവനവന്റെ ചെയ്തികള്‍.
കോപംകൊണ്ട് വാക്കിന്‍ വാളെടുക്കും മുമ്പൊന്നു ചിന്തിച്ചീടുക സത്യവും ധര്‍മ്മവും ചിരഞ്ജീവികളാണെന്ന്
കപടതകളെ മൂടി- വെക്കാനാവില്ലൊരു നാളും തനിരൂപം കാട്ടി ചതിക്കുമൊരു നാളില്‍...

Friday, March 24, 2017

നോവുകാലം

ആസന്നമാകുന്ന മരണവഴികൾ വെട്ടിയൊരുക്കുന്ന കാല൦ !!
ആകാശത്തോള൦ പടുത്തുയർത്തിയ സ്വപ്നങ്ങൾ പാടേ നിലംപൊത്തു൦ നേര൦...
കാലേകൂട്ടിയ കണക്കു പിഴയ്ക്കുമ്പോൾ താനേ കൊഴിയുന്ന മോഹ൦ ..
ഓരിയിടുന്ന നരികളെ നോക്കി പിടയുന്ന മനവുമായി രാക്കിളികൾ....
ഉടഞ്ഞുവീണൊരാ ചില്ലുപാത്ര൦ നോക്കി മൗന൦ വെടിയുന്ന മിഴിപ്പക്ഷികൾ
ആസന്നമായ മരണ വഴികൾക്ക് കൂട്ടുപോകുന്ന കാല൦.

Thursday, March 23, 2017

മിഴിപ്പെയ്ത്ത്

നിഴല്‍പ്പോലെയെത്തുന്ന
ദുഃഖങ്ങളൊക്കെയും ഒരു മഴപ്പെയ്ത്തില്‍
ഒലിച്ചുപ്പോയീടുമോ ? ചിരിതൂകിയരികില്‍
നില്‍ക്കുന്ന മോഹങ്ങള്‍ ഒരു പുതുമഴയില്‍
തളിരിടുമോ ?
ദുരമൂത്ത ബധിരർ
നിറഞ്ഞയീലോകത്ത് കണ്ണുനീര്‍,
പ്രളയമായി മാറീടുമ്പോള്‍
കാരുണ്യമെന്നൊരു
വാക്കുപോലുമിന്ന് കടലിലെ തിരപോലെ
മാഞ്ഞുപോയോ ?
കോമരംപോലെ
തുള്ളുന്ന ചിന്തകള്‍ വാളെടുക്കുന്നു
കലികാല തന്ത്രങ്ങള്‍ പോരിനിറങ്ങുന്നു
ഒന്നുമേയറിയാതെ രക്തസാക്ഷിയാവാന്‍ മാത്രം
ചിലജന്മങ്ങള്‍.
ഒച്ചിനെപ്പോലെ
ഇഴയുന്നജീവിതം വക്കുപൊട്ടിയ
വാക്കിനാല്‍ മുറിയുമ്പോള്‍ പെറ്റുവീണതാം
മണ്ണിനെ മറന്നവര്‍ കണ്ണീര്‍പ്പുഴയിൽ
കടലാഴങ്ങള്‍തേടുന്നു !
നിഴല്‍പ്പോലെയെത്തുന്ന
ദുഃഖങ്ങളൊക്കെയും ഒരു മഴപ്പെയ്ത്തില്‍
ഒലിച്ചുപ്പോയീടുമോ ? ചിരിതൂകിയരികില്‍
നില്‍ക്കുന്ന മോഹങ്ങള്‍ ഒരു പുതുമഴയില്‍
തളിരിടുമോ ?

Monday, March 20, 2017

എന്റെ തോന്നലുകള്‍

സഹന മന്ത്രം ഉരുവിട്ട്‌ കൊണ്ടു,
തള്ളിനീക്കണം ഓരോ ദിനങ്ങളും.
ചൂണ്ടിക്കാട്ടുന്ന സത്യങ്ങള്‍
നമ്മെ ഒറ്റപ്പെടലിന്‍ തീരത്തെത്തിക്കും..
ഉറ്റവരെന്നു കരുതുന്നവര്‍ പോലും
സത്യമറിയാതെ ഉറഞ്ഞുതുള്ളീടുന്നു..!
തെറ്റുകള്‍ കണ്ടാല്‍ കണ്ണടച്ചീടുക,
തന്‍ കാര്യം നോക്കി തിരിഞ്ഞു നടക്കുക,.
കാലം വല്ലാത്തതാണിന്നു മക്കളേ,
കോലം കെട്ടുന്നവര്‍ ആടിത്തിമിര്‍ക്കട്ടേ.

സ്ത്രീയേ,
നീ,നാണവും മാനവും
ആരുടേയും ഔദാര്യത്തിന്
തീറെഴുതാതിരിക്കുക.
പ്രതിരോധത്തിനപ്പുറമുള്ള
പ്രത്യാശയെ മുറുകെപ്പിടിക്കുക

അധമ മനസ്കരുടെ
കുതന്ത്രവലയിൽ,
നിരപരാധികൾ
കുടുങ്ങിയുഴറുന്നു;
വഞ്ചനയുടെ
കെട്ടനാറ്റത്താൽ
മൂക്കുപൊത്തട്ടെ..!

അനിലന്റെ തലോടലില്‍
മനം മയങ്ങിനില്‍ക്കേ,
പൊന്നൊളി വീശി
വരുന്നതാ അരുണന്‍.
കൊഞ്ചലില്‍ പുഞ്ചിരി
തൂകി നില്‍ക്കുന്നൊരാ,
ചെമ്പനീര്‍പ്പൂവോ..
പ്രണയ ഹൃദയങ്ങളിൽ
സുഗന്ധം പൊഴിക്കുന്നു

നിറയുന്ന സ്നേഹാത്താ-
ലുറയുക കാലമേ,
കുടഞ്ഞെറിയുക,
കെട്ട കാമനകൾ,
പ്രലോഭനക്കെട്ടുകൾ,
വെറുപ്പിന്നുറുക്കു ചരടുകൾ......

ഏകാന്തതയെ കൂട്ടു പിടിച്ച്
മൗനപ്പുതപ്പിൻ കീഴിൽ
ഇരുട്ടിനെ പ്രണയിച്ച് ഇനി
 ഞാനുറങ്ങട്ടെ .....!

പൊത്തിലൊളിച്ച
മൗനപ്പക്ഷീ...
അനന്തമാം
വാചാലതയിലേക്ക്
എന്തിനാണെന്നെ 
മാടി വിളിപ്പത്..?

ഉരുക്കിയെടുത്ത
മനസ്സു കൊണ്ടു
കണ്ണിൽ കനലെഴുതി
ജ്വലിക്കണ൦ 
ഇനി പെണ്ണവൾ !

വിരല്‍ത്തുമ്പില്‍
എത്തിനില്ക്കുന്നു ലോകം.
വിളികേള്‍ക്കാ 
ദൂരത്തു ബന്ധങ്ങള്‍!

തോടില്ല പുഴയില്ല 
ആറ്റിലോ ജലമില്ല 
അറുതിയില്ലാതലയുന്നു ജീവജാലം
വേനലിൻ വറുതിയാൽ
പങ്ക ചലിക്കാൻ കറണ്ടില്ല,
വിശറിയുണ്ടാക്കാൻ പാളയില്ല,
തണലിനായ്
ഇല പൊഴിഞ്ഞ
റബർമരങ്ങൾ മാത്ര൦!!
ചുടുകാറ്റിന്‍ പൊള്ളലിൽ‍
വിളറിപിടിച്ചോടുന്ന
കരിയിലക്കിളികൾ....
ഇടവഴികൾ കേഴുമ്പോൾ
മുന്നോട്ട് ചലിക്കും പാദങ്ങളെ
പിന്നോട്ടു വലിക്കുന്ന കാലം!!

കറുപ്പിന്റെ പടർപ്പുകളിൽ
കരുത്തിന്റെ മൊട്ടുകൾ;
ഭൂമിയുടെ സാന്ത്വനം.

എൻ നിനവുകളിൽ
നീ പടർന്നു പൂക്കുമ്പോഴുള്ള
സുഗന്ധം,സ്വപ്നങ്ങളെപ്പോലും
ഉന്മത്തമാക്കുന്നു....!

കുളിരലകളിലാടി-
യുലയുന്ന സ്വപ്നത്തോണി;
കടവിൽ വിരിയുന്നു 
കടക്കണ്ണുകൾ.

നന്മ വിതച്ചവർ
നന്മ തന്നെ കൊയ്യും;
സ്നേഹപ്പാടം എത്ര ഉർവ്വര

പണവും വേണ്ടാ പണ്ടവും വേണ്ടാ
പെണ്ണിന്റെ വീട്ടിലൊരു 
വറ്റാത്ത കിണറുണ്ടായാൽ മതി:
ഭാവിയിലെ വിവാഹക്കമ്പോളം...!

ഇന്നലെകളിലെ
നൊമ്പരപ്പാടുകളെ
മായ്ച്ചുകളയാൻ
ഇന്നിന്റെ നേർവഴികൾക്കു
വെളിച്ചമേകി 
മനോഹരമായ
വഴിത്താരകൾ
കാട്ടിത്തരുവാൻ ..
അതാ , കിഴക്കുനിന്നു൦
 പൊൻവെളിച്ചവുമായി
അവൻ ഉദിച്ചുയരുന്നു ...

ജീവിതപ്പുഴയിലൂടെ
 വിവേകമെന്ന
 വഞ്ചി തുഴഞ്ഞു
 നീങ്ങുമ്പോൾ ..
കൂട്ടിനെത്തും 
 സത്യവും ധർമ്മവും ..
ശാന്തമായൊഴുകുന്ന
 പുഴപോലെ നമ്മളും .

ആടിപ്പോവുന്ന
മണൽ വണ്ടികൾ.
കുപ്പിയിലിറങ്ങിയ പുഴ !

കവിതയെഴുതുവാന്‍
അറിയില്ലയെങ്കിലും,
അറിയാതെ വരുന്നുള്ളില്‍
ചെറുവരികള്‍...
കണ്മുന്നില്‍ കാണുന്ന 
കാഴ്ച്ചകളൊക്കെയും,
തൂലികത്തുമ്പില്‍ എത്തിടുമ്പോള്‍ ..
ആരോ ആണെന്ന
തോന്നലിലിന്നു ഞാന്‍
നിങ്ങളിലൊരാളായി മാറിടുന്നു !!


Saturday, March 18, 2017

നേര്‍ക്കാഴ്ച.

നന്മയോതിക്കൊടുത്തു തൻ മക്കളെ
ജീവനൂട്ടി വളർത്തുന്നു മാതാപിതാക്കൾ
പാറിനടക്കുന്നുശലഭങ്ങളായരുമകൾ കാണുന്നു സ്വപ്നങ്ങളെത്രയോ...
മതിമോഹനാലസ്യലഹരിയിൽ
പരിസരംപാടേ മറന്നുല്ലസിച്ചീടുന്നു. ശരിതെറ്റുകളൊട്ടും തിരിച്ചറിയില്ലിവർ
നല്ലവാക്കോതുകിൽ ശത്രുക്കളാവുന്നു
പിഴച്ചുപോകുന്ന പൈതങ്ങളെനോക്കി
തൻ വിധിയെപ്പഴിക്കുന്നു....മാതാപിതാക്കൾ,
ചുക്കിച്ചുളിഞ്ഞ മനസ്സുമായ്ജീവിപ്പവർ
രക്ഷകിട്ടാതിന്ന് നോവിനെപ്പുണരുന്നു....
ലോകം നരകമായ് കണ്ടുരസിക്കുവോർ
കൂപമണ്ഡൂകമായ് ജീവിതമൊടുക്കുന്നു. പാരിലെ നന്മകൾ തിരിച്ചറിയാത്തോരെ
നമ്മളിൽനിന്ന് നാം അകറ്റിനിർത്തീടേണം
ഭൂമിയെ സ്വർഗ്ഗമായ് തീർത്തീടുവാൻ ശലഭങ്ങളേ നിങ്ങൾ,
ചിറകറ്റുപോകാതെ ജാഗരൂകരായിടുക..!!

Thursday, March 16, 2017

പ്രണയത്തിര

പ്രണയ നിലാമഴ 
പെയ്തൊരു രാവിൽ നീ 
ഹ്യദയപ്പൂവാടിയിൽ 
 ഉല്ലസിച്ചപ്പോൾ 
അകലെയാ മാന്തോപ്പിൽ 
നിന്നൊരു പൂങ്കുയിൽ
പ്രണയമധുരഗീത൦ പാടി ..
പിന്നിലൂടെത്തി
മുറുകിയാ കരങ്ങളിൽ
ചു൦ബനപ്പൂക്കൾ
ഉതിർന്ന നേര൦
തൊണ്ടിപ്പഴത്തിൻ
ചോപ്പാർന്നൊരാ..

ചൊടികളില്‍
കുസൃതിപ്പൂപ്പുഞ്ചിരി
പൂത്തു വിടര്‍ന്നു.
മിഴകൾ പൂട്ടി
 നിന്നുടെ ചാരത്തു
 ഇത്തിരിനേര൦
മയങ്ങിയപ്പോൾ ..
പ്രണയവർണ്ണങ്ങളാൽ
നർത്തനമാടി
പീലി വിടർത്തിയാ
 മയൂരങ്ങളു൦ ..
കണ്ണന്‍റെ രാധയായി
അലിഞ്ഞോരാ നേരമോ ...
വ്യന്ദാവനമായെൻ മാനസവു൦ ....!!

Wednesday, March 15, 2017

ചെറു കവിത

കണ്ടു മറന്നോരാ രൂപമെൻ മനതാരിൽ ഓർമ്മതൻ പരിമള൦ വീശിവന്നു . ഇന്നലെ പെയ്ത നിലാമഴയിൽ കുളിർതെന്നലായിത്തഴുകിനിന്നു.
രാവിനെ പ്രണയിക്കു൦ നിശാഗന്ധി പോൽ .. തരളിതയായി പൂത്തുലഞ്ഞു കുങ്കുമശോണിമ കപോലങ്ങളിൽ പടർന്നു ലജ്ജാവിവശയായ് മന൦ കവർന്നു . ജാലക വാതിലിൽ ഉദയ കിരണങ്ങൾ വെള്ളിവെളിച്ചം വീശിയപ്പോൾ ... പുലർകാലസ്വപ്നം തന്നാലസ്യത്തിലു൦ പുത്തനുണർവ്വേകിച്ചിരിച്ചു നിന്നൂ.

Monday, March 13, 2017

ഓർക്കുക:


വെറുമൊരു
പച്ച മാംസമല്ല
സ്ത്രീയവൾ,
ഈ പ്രപഞ്ചം
നില നിർത്തും
ശക്തിയാണവൾ...
പീഡന കഥകൾ
നിറയുമീ ലോകത്തിൽ‍
പേടിപ്പെടുത്തുന്ന
ജീവിതക്കാഴ്ച്ചയിൽ
ദുരിതങ്ങളെറ്റു വാങ്ങു-
വാനായീ ലോകത്തിൽ
പെൺജന്മങ്ങൾ
 പിറവിയേടുക്കണോ..?
ആടിത്തിമർക്കുന്ന
ഭോഗാസക്തികളെ,
ഈ ഭൂവിൽനിന്നും
ഉന്മൂലനം ചെയ്തീടാൻ
ആൺ,പെൺ
വകഭേദങ്ങളില്ലാതെ,
തുല്യരായൊന്നിച്ചു
നേരിടാം സോദരേ...

Friday, March 10, 2017

ദുരിതപർവ്വം

കാലത്തിന്റെ ചിറകടിയൊച്ചയിൽ
അമർന്നുപോകുന്ന ചില നിശ്വാസങ്ങൾ
വേട്ടനായ്ക്കളുടെ പിടിയിൽനിന്നു൦
കുതിച്ചോടുന്ന കിതപ്പുകൾ
ചിലന്തിവലകൾ ഭേദിക്കാൻ 
വീർപ്പുമുട്ടുന്ന നെടുവീർപ്പുകൾ
ദാഹജലത്തിനായി നെട്ടോട്ടമോടുന്ന
വരണ്ടനാവുകൾ ..
പട്ടിണിയുടെ നീരാളിപ്പിടുത്തത്തിൽ
പിടയുന്ന തെരുവുകൾ..
മതിമറന്നുമദിച്ച കാഴ്ചകൾക്കു മുന്നിൽ
വിറങ്ങലിച്ചുനില്ക്കുന്ന സത്യങ്ങൾ
എവിടേക്കോടണ൦ ആശ്രയത്തിനായി
ആരുടെ മുന്നിൽ കൈകൂപ്പണ൦ അഭയത്തിനായി ...
അമ്മേ, ജനനി നിൻമാറു കീറിമുറിച്ച
ഈ പാപികളോടു പൊറുക്കില്ലേ ..
അറിവില്ലായ്മ കൊണ്ടു൦
അഹങ്കാരം കൊണ്ടു൦
നിന്നെ ചുട്ടുപൊള്ളിച്ചു
നിന്റെ ഹരിതാഭമാർന്ന
ഉടയാടകൾ ചാരത്തിൽ
 പൂഴ്ത്തിയ നരാധമൻമാരോടു
പൊറുക്കുവാൻ എന്തു
പ്രായശ്ചിത്തം ചെയ്യേണമിനി...
വരു൦ തലമുറയെക്കെങ്കിലു൦ രക്ഷിക്കാൻ
തണൽമരക്കീഴിൽ തല ചായ്ച്ചുറങ്ങാൻ
ശുദ്ധജല൦ കുടിച്ചു ദാഹശമനമേകാൻ
പ്രകൃതിയെ സ്നേഹിക്കാ൦......
പ്രകൃതി യോടൊത്തു ജീവിക്കാ൦ ...

Saturday, March 4, 2017

ഇന്നിന്റെ വിങ്ങല്‍

തോടില്ല പുഴയില്ല ആറ്റിലോ ജലമില്ല അറുതിയില്ലാതലയുന്നു ജീവജാലം വേനലിൻ വറുതിയാൽ പങ്ക ചലിക്കാൻ കറണ്ടില്ല, വിശറിയുണ്ടാക്കാൻ പാളയില്ല, തണലിനായ് ഇല പൊഴിഞ്ഞ റബർമരങ്ങൾ മാത്ര൦!! ചുടുകാറ്റിന്‍ പൊള്ളലിൽ‍ വിളറിപിടിച്ചോടുന്ന കരിയിലക്കിളികൾ.... ഇടവഴികൾ കേഴുമ്പോൾ മുന്നോട്ട് ചലിക്കും പാദങ്ങളെ പിന്നോട്ടു വലിക്കുന്ന കാലം!!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...