Thursday, December 21, 2017

കാത്തിരിപ്പ്‌ ...

ശരത്ക്കാല സന്ധ്യയെൻ
തിരുനെറ്റിയിൽ ചാർത്തിയ,
സിന്ദൂര ചുവപ്പിനെന്തേയിന്നിത്ര തിളക്കം ..!!
മധുമാസചന്ദ്രികയിൽ
തുടിയ്ക്കുന്നല്ലോ മാനസം....
കുളിരണിരാവേറെച്ചെന്നല്ലോ
താമസമെന്തേയെൻ പ്രിയ ഗായകൻ
ചാരത്തണയുവാൻ ..
മല്ലികപ്പൂവുകൾ മലർശയ്യയൊരുക്കി ...
രാത്തിങ്കളോ,മിഴിപൂട്ടി നിന്നൂ..
ഇളംതെന്നൽ താരാട്ടു പാടീടുന്നു
നിശീഥിനിയെ വകഞ്ഞ്,
പ്രിയനാഥനെന്തേയിനിയും വന്നീലാ ...?
കേൾക്കുന്നുവോ ദൂരെ
നേർത്തതാമൊരു
പ്രണയത്തിൻ ശീലുകൾ ...

ഓര്‍മ്മതന്‍ തീരത്ത്

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ .... പ്രണയം നുണയുന്ന കാലത്തില്‍ നാമതു മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ. മധുരമായ് പാടിയതോര്‍മ്മയുണ്ടോ.... നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍ കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍ പിന്നെയും പാടുന്നാ ഇണക്കിളികള്‍... പിന്നെയും പാടുന്നിതായിണക്കിളികള്‍
(ഹൃദയത്തില്‍)
വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം മിഴികളിൽ മോഹം കൊരുത്തനേരം പൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു, മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ നമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ.... (ഹൃദയത്തില്‍)

Wednesday, December 6, 2017

രക്ഷകനെ കാത്ത്.

ചേർത്തു പിടിക്കു൦തോറു൦
അകന്നു പോകുന്ന മനസ്സുകൾ...
ആരെയൊക്കെയോ 
ബോധ്യപ്പെടുത്താൻ വേണ്ടി
വിളക്കിച്ചേർക്കുന്ന കണ്ണികൾ .
ശ്വാസ൦മുട്ടിചുമയ്ക്കുന്ന
ഭ്രാന്തൻചിന്തകൾ ..
വാക്കുകളിൽ മാത്രമൊതുങ്ങുന്ന
സാന്ത്വനതലോടൽ ..
തൂവൽകൊഴിഞ്ഞ മോഹപ്പക്ഷികൾ
പറക്കുവാനാവാതെ കേഴുന്നു.
കപടത കണ്ടുമടുത്തു ആത്മാഹുതി
ചെയ്ത ഗതികിട്ടാതലയുന്ന മനസ്സുകൾ...
ഇല്ല .. ഉയർത്തെഴുന്നേല്ക്കണ൦ ..
ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ..
എടുക്കണ൦,
അനീതിക്കെതിരെ ഒരു പടവാൾ ...
തളയ്ക്കണം...
മദ൦ പൊട്ടിയോടുന്ന "മദയാനകളെ "...
കൈകോർക്കണം,
കുറുക്കൻമാര്‍ക്കിടയിൽ
കിടന്നു നിലവിളിക്കുന്ന
കുഞ്ഞാടുകളെ രക്ഷിക്കാൻ ..
സ്വാർത്ഥചിന്തയില്ലാതെ
ജാതിമതവര്‍ണ്ണ വിവേചനമില്ലാതെ
ഇനി വരുമോ രക്ഷകന്മാർ....!

Thursday, November 30, 2017

കനിവേകൂ ..കണ്ണാ ..

കണ്ണു തുറന്നാലു൦ 
കണ്ണടച്ചാലുമുള്ളിൽ 
നിൻ രൂപ൦ മാത്ര൦ .കണ്ണാ..
എപ്പോഴും, നിന്‍ രൂപം മാത്രം കണ്ണാ..

രാധയോ മീരയോ 
അല്ല ഞാൻ വെറുമൊരു
നിൻ ഭക്ത മാത്ര൦ കണ്ണാ.

വെറുമൊരു ,നിൻ ഭക്ത മാത്ര൦ കണ്ണാ...


എത്രയോയേകാദശി
നോമ്പു നോറ്റു.. കണ്ണാ ..
കനിവിറ്റു നല്കാൻ
താമസമെന്തേ ..ഇനിയും 

കനിവിറ്റു നല്‍കാന്‍ താമസമെന്തേ...

നിൻ മൃദുനോട്ടമിത്തിരിയേകിയാല്‍  ... 

പിന്നെയീജീവിതത്തില്‍
മറ്റെന്തു വേണ൦ ...! 

ഇനിയീ ജന്മതിലെന്തു വേണ്ടൂ...

മീരയെപ്പോലെ  പാടാനറിയില്ല
രാധയെപ്പോലെയാടാനുമറിയില്ല

എങ്കിലുമീജന്മ൦ നിന്നിലലിയുവാന്‍
നോമ്പു നോക്കുമൊരു ഭക്തയല്ലോ

.
നാരായണരൂപ൦ 

മനസ്സിൽ തെളിയുമ്പോള്‍
നാവിലുദിക്കുന്നു നിന്‍ നാമം മാത്രം..
ഏഴയാമൊരു ജന്മമിവള്‍

ഏകയായിന്നു കേഴുവല്ലോ..
                      (കണ്ണു തുറന്നാലും )

Wednesday, November 22, 2017

പുലര്‍കാലസ്വപ്നം

വർണ്ണങ്ങൾ പൂത്തൊരാ സ്വപ്നത്തിൻ ചില്ലയിൽ മന്ദസമീരൻ വന്നണഞ്ഞു.. നാണത്താൽ വിരിഞ്ഞോരാ നുണക്കുഴികൾ കുടമുല്ലപ്പൂക്കൾപോൽ തുടുത്തുനിന്നു ... കുഞ്ഞിളം തെന്നലിൻ കരലാളനത്തിനാൽ കാർക്കൂന്തൽ ആഹ്ലാദ നൃത്തമാടി. അരുമയായ് തലോടിയ സ്വപ്നങ്ങളവളുടെ മാനസത്തോണിയെ തൊട്ടിലാട്ടി. ഓർമ്മകൾ പുല്കിയ മിഴികളിൽ രണ്ടിറ്റു കണ്ണുനീർ മെല്ലെ നിറഞ്ഞുനിന്നു. പുലർകാലസൂര്യന്റെ വെള്ളിവെളിച്ചത്താൽ പ്രകൃതിയും കൈ കോർത്തു കൂടെ വന്നു.

Friday, November 17, 2017

കറുത്ത കാഴ്ചകള്‍

ന്തിനു നിങ്ങളാ ജീവശയ്യയിൽ വാരിവിതറിയീ മുൾപ്പൂക്കളെല്ലാം ശവംതീനിയുറുമ്പിന്റെ മണമല്ലോ ചിന്നുന്നതീ കുസുമങ്ങളിള്‍..
സന്തുഷ്ട ജീവിതസ്വപ്നങ്ങളൊക്കെയു൦ സങ്കടപ്പെരുമഴയിൽ ഒലിച്ചുപോയോ..? വിശുദ്ധിയശേഷമില്ലാത്ത ബന്ധങ്ങൾ.. വിഷ൦ വമിക്കു൦ ദുഷ്ടജന്മങ്ങൾ...
ശത്രുതയുള്ളിൽ നിറച്ചവർ ചിരിക്കുന്നു ഉറ്റവരെപ്പോലെ കൂടെനടക്കുന്നു സ്വാര്‍ത്ഥമോഹികള്‍, പരപീഡരസികർ , കണ്ടാൽ തിരിച്ചറിയാത്ത മോഹനരൂപികൾ ... മിന്നു൦ വസ്ത്രങ്ങളാൽ പുറ൦മോടി കൂട്ടി , ലോകത്തിൻ മുന്നിൽ നല്ലവരായി ചമയുന്നു ..
അന്യന്റെ ചോറിൽ മണ്ണുവാരിയിട്ടു മൃഷ്ടാന്നഭോജന൦ നടത്തും ദുഷ്ടരേ.. നിങ്ങളു൦ നാളെയീ മണ്ണിലെ കീടങ്ങൾ, വന്ന വഴികൾ മറക്കുന്നതെങ്ങനെ?

Tuesday, October 17, 2017

ദുരന്തവേഗങ്ങള്‍

ലക്ഷ്യംതെറ്റി പോകുന്ന
ജീവിതപാതകളില്‍ ഉന്നംതെറ്റി വരുന്ന
ദുരന്തവേഗങ്ങള്‍ .. പാതിവഴിയില്‍
വേറിട്ടുപോയ സ്വപ്നങ്ങള്‍ അലഞ്ഞുതിരിഞ്ഞു
പോയതിന്നെവിടെയോ ..?
മോഹങ്ങള്‍കൊണ്ട്
തീര്‍ത്തൊരു കൊട്ടാരം പൊയ്മുഖങ്ങളാല്‍
വൈകൃതമാകുമ്പോള്‍ ചിതയൊരുക്കുവാന്‍
പാഞ്ഞടുക്കും മരണം സ്വപ്നകുസുമങ്ങളെ
ആഴിയിലാഴ്ത്തുന്നു .
പാടിപ്പുകഴ്തുന്ന
നാവുകളിലൊക്കെയും പതിരുകള്‍
മാത്രമാണെന്നറിയാതെ , ഉന്മാദലഹരിയില്‍
വീണുറങ്ങുന്നവര്‍ക്ക്
അന്യമായിപോകുന്നു
ഉറ്റബന്ധങ്ങളും .
മനസ്സാഴങ്ങളില്‍
വേരൂറും ദുഃഖങ്ങള്‍ മണ്ണാഴങ്ങളില്‍
നിത്യനിദ്ര തേടുമ്പോള്‍ മുള്‍വാക്കിനാല്‍
മുറിഞ്ഞൊരു ഹൃദയം ശാന്തി കിട്ടതെയെ-
വിടെയോ അലയുന്നു .
ഈശ്വരന്‍ നല്‍കിയ
നല്ലൊരു ജീവിതം ആര്‍ത്തിപൂണ്ടു
വലിച്ചെറിയുന്നവര്‍ ഓര്‍ക്കതെയറിയാതെ
പോകുന്നതോ... അഹങ്കാരതിമിര്‍പ്പില്‍
മതിമറക്കുന്നതോ..?
കാലമോടുന്നു ,
ശാസ്ത്രം വളരുന്നു മനുഷ്യമനസ്സുകള്‍
വികൃതമായിതീരുന്നു. ഭയപ്പടോടെയല്ലാതിവിടെ
ജീവിക്കാന്‍ ഇനിയുള്ള ജനതയ്ക്ക്
സാദ്ധ്യമായീടുമോ ..?

Monday, October 16, 2017

വേഴാമ്പല്‍

വറ്റാത്ത മിഴികളെ തോര്‍ത്തിയുണക്കുവാന്‍ എത്താത്തതെന്തേ നിൻചൊടികള്‍. മുറ്റത്തെ മുല്ലകള്‍ പൂത്തുകൊഴിഞ്ഞല്ലോ .. നീ മാത്രമെന്തേ വന്നീല ...
നെഞ്ചകം പൊള്ളുന്നു നിന്‍ തണലേല്‍ക്കുവാന്‍ മുന്തിരിവള്ളിപോല്‍ നിന്നെ പുണരുവാന്‍ .. നിര്‍ത്താതെ പെയ്യുമീ മോഹമഴയിലൊന്നിച്ചു പ്രണയം പകുക്കുവാൻ..
വാടാത്ത നിന്നുടെ സ്നേഹമലരുകള്‍ കൊഴിയാതെയടരാതെ കരളില്‍ കൊരുത്തീടാം മാനസവീണയില്‍ നിനക്കായിമാത്രം മീട്ടാമിനിയുമെന്‍ പ്രണയത്തിന്‍ ശീലുകള്‍ ..
നനവാർന്ന ഓര്‍മ്മകള്‍ മിഴികളില്‍ പെയ്യുന്നു വിരഹാര്‍ദ്രചിന്തകള്‍ മനസ്സില്‍ കുതിരുന്നു. ഇനിയെത്ര കാലമീ നോവിന്റെ തീരത്ത് നിനക്കായ് മാത്രം കാത്തിരിക്കേണ്ടു ഞാന്‍...

Saturday, October 14, 2017

പ്രണയവസന്തം

വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻ മനസ്സിൽ കുടിയേറുമോ അൽപ്പനേര൦ ... തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം... നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം...
മധുമാസരാവുകൾക്കു വിരുന്നൊരുക്കി വേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ ... പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനി പ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..
ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നു നീ ഇത്തിരി നേര൦ ചേർന്നിരിക്കൂ ... നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തു താള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾ

കിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽ പ്രണയവസന്ത൦ പൊഴിക്കാമീരാവിൽ ...
സ്നേഹമലരുകള്‍ പുഞ്ചിരി തൂകുമ്പോള്‍ പുലർമഞ്ഞിൻ നനവിൽ പുണർന്നിരിക്കാ൦ ..

Thursday, October 12, 2017

ഉടലിന്‍ ഗീതങ്ങള്‍

ദുരിത പർവ്വത്തിലേതോ മുഷിഞ്ഞതാളിൽ ദാരിദ്ര്യത്തിൽ പിറന്നൊരു ജനന൦. വിശപ്പിന്റെ നിലവിളികളിൽ മുങ്ങിത്താഴുന്ന പരിഹാസങ്ങൾ.. ഉള്ളവന്റെയഹങ്കാരത്തിൽ അലിഞ്ഞുതീരുന്നവീഥികളില്‍ ഇല്ലാത്തവരുടെ വേവലാതികൾ ... വലിച്ചെറിയുന്നാഹാരാവിശിഷ്ടങ്ങളിൽ ചിക്കിചികയുന്നാർത്തിപൂണ്ട കണ്ണുകൾ ..
കാല൦ വളർത്തിയെടുത്ത താരുണ്യ വടിവുകളിൽ വഴിയോരയാത്രക്കാരുടെ ദാഹമിഴികൾ .. പ്രണയിക്കണമവൾക്കുമൊരാളെ ... ആരെയു൦ ഭയക്കാത്ത സുരക്ഷിതത്വമുള്ള നിത്യസത്യത്തെ ...
അതെ .. ഇനി മോചനമവിടെമാത്ര൦... സഹതാപത്തിന്റെ മുൾപ്പൂക്കൾ ആരു൦ വലിച്ചെറിയരുതേ ... മനസ്സിൽ വികലചിന്തകളുടലെടുക്കുമ്പോൾ ഒരു നിമിഷ൦ നിങ്ങളോർക്കുമോ വിടരാൻ കൊതിച്ച് പാതിവഴിയിൽ കൊഴിഞ്ഞുപോകുന്നയീ കണ്ണുനീർപൂക്കളെ.

Monday, October 9, 2017

ഭിന്നമര്‍മ്മരങ്ങള്‍

നഷ്ടങ്ങളുടെ വേലിയേറ്റത്തിലാണ് കടലാഴങ്ങളെയവള്‍ കൂടുതലിഷ്ടപ്പെട്ടത് . കരയിലേക്ക് തെന്നിമാറുംതോറും വീണ്ടും കടലിനെ പ്രണയിക്കാന്‍ മോഹിക്കുന്ന വിഷാദക്കാറ്റ് വീശുന്നു . സ്വപ്നങ്ങളുടെ തുരുത്തില്‍ ശയിക്കുന്ന സന്തോഷത്തിന്റെ ചിണുങ്ങലുകള്‍ വഴുതിപോകുന്നൊരാ ചിന്തകളില്‍ മിഴിപൂട്ടുന്ന ദുര്‍ബലമനസ്സ്. ശിരോലിഖിതത്തെ പഴിചാരി വീണ്ടും ജീവിതത്തെ തലോടുമ്പോള്‍ കടല്‍ക്കാറ്റിന്റെ മര്‍മ്മരം.. അസ്തമയത്തിലേക്ക് അടുക്കുന്നു നിലാവിന്റെ നീലാകാശം നോക്കി സൂര്യനെയും കാത്തൊരു ജീവിതതോണി അകലെ കടലാഴങ്ങളിലേക്ക് മുങ്ങിതാഴ്ന്നു കൊണ്ടേയിരിക്കുന്നു. മധുമാസ കാറ്റില്‍ തഴുകുന്ന നേരിന്‍ തിരകളെ നോക്കി പ്രണയം പറയുന്ന കമിതാക്കളുടെ, ലജ്ജയില്‍ കുതിര്‍ന്ന വദനത്തില്‍ ഉദയസൂര്യന്റെ പൊന്‍തിളക്കം..!

Sunday, October 8, 2017

തപ൦

ചാറ്റല്‍മഴയിലൂടെ ഒഴുകിയെത്തിയ 
മണ്ണിന്‍ഗന്ധത്തില്‍ ഉന്മാദമായ മനസ്സ്, 
കാട്ടരുവിയുടെ ലാസ്യ നൃത്തത്തില്‍ 
മതിമറന്നു പ്രകൃതിയെ പുണരുന്നു ..
കോടമഞ്ഞിനെ മുകരുന്ന 
താഴ്വാരകാറ്റിനിന്നെന്തേ 
പതിവിലും കവിഞ്ഞൊരു നാണം...!
കവിളിനെ തൊട്ടൊരുമി 
പ്രിയതരമാമൊരു പാട്ടിനെ 
ഓര്‍മ്മപ്പെടുത്തുന്ന കിളിക്കൊഞ്ചല്‍.. 
സാന്ത്വനത്തിന്റെ വെള്ളിക്കിരണങ്ങള്‍
ഇലപ്പടര്‍പ്പിലൂടെ ഊര്‍ന്നിറങ്ങി 
ഇടനെഞ്ചില്‍ പൂമഴ പെയ്യിക്കുന്നു.
കാടിന്റെ വന്യതയില്‍ നിന്നും മാറി 
പ്രണയപുഷ്പങ്ങള്‍ പൊഴിക്കുന്ന 
വൃക്ഷലതാതികളെ താലോലിക്കുന്ന 
ഇണക്കിളികളുടെ കുറുകലില്‍
നിന്നെയോര്‍ത്തു നറുതേന്‍
പൊഴിക്കുന്ന ചൊടികളാല്‍..
പ്രണയാര്‍ദ്രമാം മിഴികള്‍പൂട്ടി
എന്നിലെ നിന്നെയുംപേറി ഇനി
അനന്തതയിലെക്കൊരു യാത്ര...!

മുറിവിടങ്ങള്‍

നീറിപ്പുകയുന്ന മനസ്സിൽ ക്രൂരവചനങ്ങളുടെ തലോടൽ.., ലൗകീകസുഖത്തിനായി ബന്ധങ്ങൾ മറക്കുന്ന
മനുഷ്യമ്യഗങ്ങൾ, പൊന്തക്കാടുകളിൽ
നിന്നുയരുന്ന
കുഞ്ഞുനിലവിളികൾ .., നടപ്പാതകളിൽ
തേരട്ടകളുടെ ജാഥ.., മദ൦പൊട്ടിയോടുന്ന
കാലത്തിനൊപ്പ൦ എത്താനാവാതെ, നിലച്ചു പോകുന്ന
ഘടികാരങ്ങൾ.... ദുഷ്കരമീ യാത്രയെങ്കിലും... ഇടവഴികളിലെവിടെയോ സുഗന്ധ൦ പൊഴിക്കുന്ന
നന്മമരങ്ങൾക്കു എത്രനാളിനി വാളിനിരയാതെ നിൽക്കാൻ പറ്റുമോ ... സന്ദേഹങ്ങളുടെ ദിനങ്ങളെ കൈപിടിച്ചു നടക്കാനിനി മാന്ദ്യത്തിന്റെ ശോഷിച്ച
വിരലുകൾക്കാവുമോ .... ശാന്തി തേടിയെത്തുന്ന ദേവാലയങ്ങളിലുമിന്നു അശാന്തിയുടെ പുകച്ചുരുളുകള്‍ പടർത്തുന്നതാരാവു൦ ... അഴിഞ്ഞാടുന്ന മനുഷ്യമൃഗങ്ങളെ തളയ്ക്കാനിനി പ്രകൃതിയുടെ വിളയാട്ടമുണ്ടാവുമോ ... കലുഷിത മനസ്സിലെ ചിന്തകളേ . നിങ്ങൾക്കിനി വിട... കാല൦ പടവാളെടുക്കട്ടെയിനി.. വിഷലിപ്തമാമീ ഭൂവിൽ ജീവനുണ്ടെങ്കിൽ നോക്കുകുത്തിയെപ്പോലെ ജീവിച്ചു തീർക്കാനോ ..വിധി !!

Sunday, September 17, 2017

'പൂവുകൾ' കരിയുന്നു.

ഹേ..കുളിര്‍ക്കാറ്റെ..
ഇത്തിരി ചന്ദനമണവുമായി
ഇവിടൊന്നു ചുറ്റിത്തിരിയാമോ?
മരണത്തിന്റെ ഗന്ധം
മനംമടുപ്പിക്കുന്നു..
ഹേ...ബംഗാളി
മലയാളത്തില്‍
ഉച്ചത്തില്‍ കരയാനറിയുമോ..
ഇല്ലെങ്കില്‍ പഠിച്ചിട്ടുവരൂ..
ഇനി കേരളത്തില്‍
നല്ല ബിസിനെസ്സ് അതാവും.
എല്ലാം ഓണ്‍ലൈനില്‍
കിട്ടുമ്പോഴും,
ബന്ധങ്ങളുടെ വിലയും
മൂല്യവും കാത്തു സൂക്ഷിച്ചു
ജീവിക്കുന്ന ചില ഒറ്റത്തുരുത്തുകള്‍
എല്ലാരുമുണ്ടായിട്ടും
ആരുമില്ലാതെ തേങ്ങുന്ന
ചില നിറകണ്ണുകള്‍ക്ക്
അവസാനനാളുകളിലെങ്കിലും
സാന്ത്വനമേകാന്‍ ..
വാടകയ്കെങ്കിലും കിട്ടുമോ..
ഇനി ഇത്തിരി കണ്ണുനീര്‍ ..
ബലിക്കാക്കകള്‍ക്കും
വംശനാശം സംഭവിച്ചോ.?
തെക്കേപ്പറമ്പില്‍ മാങ്കമ്പ്
എരിഞ്ഞിട്ടും ഒന്നിനെയും
കാണുന്നില്ലല്ലോ..?
കാലം തെറ്റിവരുന്ന
കാലാവസ്ഥയും
കാലത്തെ മറക്കുന്ന
മനുഷ്യരും..
വിരോധാഭാസമോ ..
ദൈവത്തിന്റെ കളികളോ .?.

Tuesday, September 12, 2017

പടിയിറക്കം

കടമെടുത്ത വാക്കുകളില്‍ നെടുവീര്‍പ്പിട്ടു കിടക്കുന്നുണ്ട് ബാധ്യതയാകുന്ന ചില സന്തോഷങ്ങള്‍... എത്ര വേണ്ടെന്നു വെച്ചാലും തൊട്ടുതലോടി മനസ്സാഴങ്ങളില്‍ പറ്റിപിടിച്ചു കിടക്കും.. എറിഞ്ഞു പോയ കല്ലുപോലെ നഷ്ടപ്പെടുമെന്നറിയാമെങ്കിലും കൈവിടാതങ്ങനെ ഒക്കത്തു ചേര്‍ത്തുപിടിക്കും.. നിലാപെയ്ത്തില്‍ സ്വപ്നം കാണാന്‍ പഠിപ്പിക്കും കിനാമാഴയില്‍ കുളിര്‍മഴ പെയ്യിച്ച് കണ്ണുനീരാക്കും.. എന്നിട്ട്... ബാധ്യതകള്‍ മാത്രം ബാക്കിയാക്കി മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോകും.. ആരോടും പറയാനാവാതെ നെഞ്ചിന്‍കൂടിനുള്ളില്‍ കിടന്നു ശ്വാസംമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ട ആ ആമോദങ്ങള്‍ കൂട്ടുകാരന്‍ ചമഞ്ഞു വന്ന ഒറ്റുകാരനെപ്പോലെ പടിയിറങ്ങും..

Monday, September 11, 2017

എന്ത് നല്‍കൂ ..

എന്തു നിനക്ക് നല്‍കേണ്ടു കണ്ണാ...
നറുവെണ്ണയിലുമിന്നു മായമല്ലേ...
കൃഷ്ണതുളസിപ്പൂമാല ചാര്‍ത്താന്‍
തുളസിചെടികള്‍ കാണുവാനുമില്ല.
വൃന്ദാവനമൊരുക്കാന്‍ സ്ഥലമില്ല
അങ്കണം നിറയെ ഓര്‍ക്കിഡുകള്‍..
പൂന്താനപ്പാനകള്‍ പോലുമിന്നു
മറവിയിലാണ്ടുപോയല്ലോ കണ്ണാ..
പരിപാവനമെന്നു ചൊല്ലുവാന്‍ യമുനയും
മാലിന്യത്താല്‍ നിറഞ്ഞല്ലോ കണ്ണാ.
വാടാത്ത ഭക്തിപൂക്കളാല്‍ കൊരുത്ത
നറുസ്നേഹത്തിന്‍ പാലഭിഷേകത്താല്‍
ഹൃദയകോവിലില്‍ നിത്യപ്രതിഷ്ഠയായി
നിന്നിലലിഞ്ഞുചേരാം രാധയായി..
മറ്റെന്തുനല്കാനീ നല്ല സുദിനത്തില്‍
വ്യര്‍ത്ഥമാം വാക്കുകള്‍ ചൊല്ലുവതെങ്ങനെ..? 

Sunday, August 20, 2017

ആശകള്‍

പോകണമൊരുദിനമാ-
കാട്ടിലെ മരപ്പൊത്തിൽ
സ്വച്ഛമായൊന്നുറങ്ങീടുവാൻ ...
കേള്ക്കണം കുയിൽ 
പാട്ടിന്നീണം...
മയിലാട്ടത്തോടൊപ്പം 

നൃത്തമാടീടണം.
മധുരമാം കളഗീതം
കേട്ടുണരുമ്പോൾ
പൊന്നുഷസ്സിനെ
പുണർന്നെല്ലാം മറക്കണ൦ ..
മുകിൽമാലകൾ
ആശിർവാദമേകവേ,
മന൦ കുളിർന്നങ്ങനെ
നിർവൃതി കൊള്ളണം....
.

സരസ്വതീ ഗീതം

ലാവണ്യവതിയാം കാവ്യത്തിൻ ദേവതേ
നീയൊരു മോഹനരാഗ൦ മൂളൂ...
ഈ പുണ്യജന്മത്തിൻ സായൂജ്യമായ്
ജീവിതപാതയിൽ കാരുണ്യമേകിടൂ..
കനവിലെ താമരപ്പൂവിലെ ദേവതേ..
ജീവിതതന്ത്രിയിൽ സ൦ഗീതമാവൂ ...
രാഗങ്ങളെല്ലാമേ മധുരമായ് പാടുവാൻ
നീയെന്‍ നാവില്‍ കളിയാടി വരൂ.. ( ലാവണ്യവതിയാം ) നിൻ സ്വരമാധുരിയെനിക്കുനല്കൂ...
നിഴല്‍പോലെ എന്നില്‍ നിറഞ്ഞു നില്‍ക്കൂ..
പ്രേമസ്വരൂപിണി അംബുജലോചനേ
നിന്‍ മിഴികളില്‍ എന്നെ കുടിയിരുത്തൂ... അക്ഷരമലരുകള്‍ ഹാരമായ് കോര്‍ത്തിടാം
നിന്‍ഗളനാളമലങ്കരിക്കാന്‍ (ലാവണ്യവതിയാകും) ഒരുജന്മമെങ്കിലും പൂവായ് പിറക്കേണം
നിന്‍പാദകമലത്തില്‍ വീണുറങ്ങാന്‍ ഒരുജന്മമെങ്കിലും സ്വരമായി തീരേണം,
നിന്‍വീണക്കമ്പിക്കു നാദമാവാന്‍ ഒരുജന്മമെങ്കിലും നിന്നിലലിയേണം
കാലാതിവര്‍ത്തിയാം കാവ്യമാവാന്‍ കാരുണ്യകടലാകും കാവ്യത്തിന്‍ ദേവതേ
മാറോടുചേര്‍ത്തെന്നെ കാത്തിടൂ നീ (ലാവണ്യവതിയാകും )




Wednesday, August 16, 2017

ചിങ്ങപ്പുലരി

പൊന്‍ ചിങ്ങക്കുളിരിലേക്ക് പ്രഭാത സൂര്യൻ പൊൻകിരണങ്ങൾ പൊഴിക്കവേ, പ്രകൃതിയുടെ പച്ചപ്പുകളിൽ ഉണർവ്വിന്റെ വസന്തരാഗ- വിസ്താരം.... കുരവിയിട്ടാനയിക്കാൻ പഞ്ചവർണ്ണക്കിളികൾ താലം പിടിക്കുന്ന മുക്കുറ്റിയും തുമ്പയും. സദ്യയൊരുക്കുന്ന തെച്ചിയും മന്ദാരവും. മധുരം വിളമ്പാന്‍ പൂത്തുമ്പിപ്പെണ്ണ്. ദശപുഷ്പങ്ങളുടെ നിറച്ചാർത്തുമായ്, ഓരോ മനസ്സിലും ഇനി ആര്‍പ്പുവിളിയുടെ ഓണക്കാലം.... പൂക്കളുടെ ഉത്സവകാലം, നാടൻ ശീലുകളുടെ പൂവണിക്കാലം, നാടും നഗരവും കൊണ്ടാടും കാലം, മലയാളമനസ്സുകൾ തുടികൊട്ടും കാലം.....

Monday, August 7, 2017

ഇനിയെത്രദൂരം


നടന്നുതീര്‍ന്ന വഴികളിലെ 
മുള്ളുകളിൽ‍
പറ്റിപ്പിടിച്ച നിണപ്പാടുകള്‍
അഹങ്കാരത്തിന്റെ ഹുങ്കാരവത്തില്‍
കണ്ണും കാതും അടഞ്ഞുപോയ
ഇരുകാലികളുടെ ആക്രോശങ്ങള്‍..
ഹൃദയാകാശത്തു പൂത്തുനില്‍ക്കുന്ന
ശോകത്തിനുമേല്‍,
പെയ്തിറങ്ങുന്ന വിഷത്തുള്ളികൾ;
ശേഷിപ്പുകളുടെ ആവർത്തനം പോലെ...
അലസമായൊഴുകിവന്ന കാറ്റില്‍
താളം തെറ്റിയ പാട്ടിന്റെ ശീലുകള്‍,
ഒറ്റമരത്തിലെ ഉണങ്ങിയ ചില്ലയില്‍
ചേര്‍ത്തുപിടിക്കാന്‍ തുണയില്ലാതെ,
ചിറകൊടിഞ്ഞൊരു കിളി.
ദൈവത്തിന്റെ വികൃതികളില്‍
ഉടലെടുക്കുന്ന ചില ജന്മങ്ങള്‍ക്ക്
കാലം മാത്രം സാക്ഷി..!
ശാന്തമായൊഴുകുന്ന പുഴയിലെക്കിനി
എത്ര ദൂരം ബാക്കി....!

Saturday, July 29, 2017

ചെറു ചിന്തകളിലൂടെ...

നനയുന്ന മിഴികൾക്ക്
നിലാവും സാന്ത്വനം,
നിനവിൻ ചില്ലമേൽ
പറന്നിറങ്ങുന്നു വെളിച്ചം.


ജന്മാന്തരങ്ങളിലൂടെ
ഒഴുകിവന്ന കാരുണ്യനിറവിനെ
അണകെട്ടിനിർത്തായ്ക;ഒഴുകി-
പ്പരക്കട്ടെയതു കല്പാന്തകാലത്തോളം,
നിറയട്ടെ മാനവസാഹോദര്യമെമ്പാടും..


സമ്പത്ത് കയ്യില്‍ ആവോളമുണ്ടായാല്‍
സന്തത സഹചാരികള്‍ കൂട്ടിനേറീടും..
സത്ചിന്ത വെടിഞ്ഞ് ജീവിച്ചു തുടങ്ങിയാല്‍ 
സത്ജനങ്ങള്‍ കൈവിട്ടു പോയീടും...


നിനവിന്റെ തീരങ്ങൾ ഉള്ളിലൊ-
ളിപ്പിച്ച വിരഹത്തിൻ കഥകളിലേക്ക്,
ഒലിച്ചിറങ്ങുന്നു മൗനം.....!


മേഘങ്ങളുടെ കാരുണ്യം 
മഴയായ് പെയ്തപ്പോൾ
ഭൂമിയുടെ ചുണ്ടിൽ
തേനൂറും പുഞ്ചിരി....!


നന്മയുടെ പടവുകളിൽ
തൂവിപ്പോയ സ്നേഹമുത്തുകൾ
പെറുക്കിയെടുത്ത്
കോർത്തു തീർത്തൊരീ മാലയുമായി
ഞാൻ കാത്തിരിക്കാം.....!
ഈ ഏകാന്ത തീരത്ത്;യുഗങ്ങളോളം.....!


ഉണർന്നു,മുറങ്ങിയു-
മുറക്കത്തിൽ സ്വപ്നം പടർന്നും
ഞെട്ടിയുണർന്നും.....
ഒടുക്കം ,
ഒരുനാൾ മണ്ണോട് ചേരുവോളം
ഈ ജീവിതമിങ്ങനെ കാലത്തിൻ
താഴ്വര താണ്ടുന്നു,അന്ത്യമറിയാതെ....


പുഞ്ചിരിപ്പെയ്ത്തിൽ ,
പൂക്കുന്നെന്‍ മാനസം.
ചൂടാം ..നമുക്കൊന്നായിന്ന്
ഒരു ബഹുവർണ്ണക്കുട..!!


പരസ്പരം കൂട്ടിമുട്ടുന്ന
സമാന്തര രേഖകളാണു നാം.



Thursday, July 13, 2017

ചെറുകവിതകള്‍

പേമാരിയെ വരിച്ച സങ്കടങ്ങള്‍..
പെരുംനുണ പെറ്റിട്ട സന്തോഷങ്ങള്‍..
പുകച്ചുരുള്‍ നിറഞ്ഞ ജീവിതപാതയില്‍
പതറാതെപോകുവാന്‍ നിഴല്‍ക്കൂട്ടായാരോ...


മിഴിയടച്ചപ്പോഴാണ്
നീ കയറിവന്നത്;
മിഴി തുറന്നതും
നീയെങ്ങു പോയി.....!?


പച്ചിലത്തുമ്പത്ത് താളം-
പിടിക്കുന്ന മഴത്തുള്ളിയിൽ
ആകാശത്തിനൊരു കണ്ണ്...!

തോരാത്ത മഴയിലൂടെ 
എല്ലാം മറന്നു നടക്കണം. 
പെയ്തൊഴിയാത്ത 
മിഴിനീര്‍ തുള്ളികളെ 
മഴതുള്ളികള്‍ക്ക് 
ദാനം ചെയ്തിട്ട്
ഒന്നൊമറിയാത്ത പോലെ,
വീണ്ടും ചിരിയുടെ
വര്‍ണ്ണതേരിലൂടെ
ഈ ലോകത്തില്‍ ജീവിക്കണം


വസന്തമേ,
നീ പുറപ്പെട്ടുവോ?
എന്റെ പൂവാടിയിൽ
ഒരു പൂ പോലും ബാക്കിയില്ല....


പൂനിലാവുപോൽ
നിൻസാന്നിദ്ധ്യം;
എൻമനമെത്രമേൽ
പ്രണയാതുരം.....!


മഴത്തുള്ളികൾ
താളത്തിൽ നർത്തനമാടുമ്പോൾ
ആർദ്രമാമീണത്താൽ നിറയുന്നു മാനസം.
പ്രകൃതിയൊരുക്കുമീ സുന്ദര കാഴ്ചതൻ
ആനന്ദലഹരിയിൽ പൂക്കുന്നു മേടുകൾ..!


മഴയുടെ സംഗീതം 
കേട്ടപ്പോഴാണ് കാറ്റ്
കോരിത്തരിച്ചത്...!!!


നേരറിവിന്റെ വീറാണ്
വീര്യമുള്ള വീർപ്പ്,അതിനോളം
വരില്ല ഒരു തീർപ്പും...!

ഈ പ്രപഞ്ചം
എത്ര വായിച്ചാലും തീരാത്ത
ഒരു പുസ്തകമാകുന്നു;
അത്ഭുതങ്ങളുടെ കലവറയായ
പുസ്തകം ....!!!

നേർത്തതെങ്കിലുമൊരു
തണലായ് പടരണമീ പൊള്ളും
വെയിലിടങ്ങളിലിത്തിരി വട്ടത്തിൽ...

കരകാണാക്കടലിൽ
കടലോളം സ്നേഹം;
കടലെല്ലാം താണ്ടി
കരതേടിപ്പോകെ 
തിരമാലകൾ വന്ന്
കരൾ മുട്ടിവിളിപ്പൂ........!

മഴ പെയ്തു;
ഭൂമി കുളിരുവോളം
നേരം വെളുക്കുവോളം
പുലരി നനയുവോളം...
എങ്കിലുമെൻമനം മാത്രം 
ചുട്ടുപൊള്ളി;മഴയറിയാതെ.....!

കവിത ചൊല്ലും 
നിന്‍ മിഴികളില്‍ ,
ഈണം മീട്ടുന്ന ചൊടികള്‍...!

അകമേ 
നിറയുന്നിതോർമ്മകൾ,
എങ്കിലും,
എത്രയോർമ്മകൾക്കായിടും
അസ്തമയത്തോളം 
കൂട്ടുപോരാൻ..

പിന്‍വിളിയാലൊന്നു തിരിഞ്ഞുനോക്കേ,
മൂർദ്ധാവിൽ പതിഞ്ഞു ചുടുനിശ്വാസം.
പേരുചൊല്ലാതെയെന്‍ മിഴികള്‍ പൊത്തി
പ്രേമാർദ്രമെന്നിൽ തിലകം ചാര്‍ത്താന്‍ !!

മഴ കണ്ടുനില്ക്കേ,
മിഴി പൂട്ടി നിന്നേൻ,
മിഴി പൂത്തിറങ്ങി
മഴയോളമെത്തി....!

വിധിയെ തടുക്കുവാനാവില്ലയെങ്കിലും ,
ബൗദ്ധികമായൊന്നു ചിന്തിച്ചീടിൽ
കണ്ണീർക്കയത്തിൽ മുങ്ങിത്താഴാതെയീ-
ധരയിലാനന്ദധാരയിൽ ധന്യരാകാം !!

നന്മമരം പൂക്കും ദിക്കിലേക്ക്
പറന്നുപോകുന്നു സ്വർഗവാതിൽപക്ഷികൾ;
സുഗന്ധവുമായി അകമ്പടിക്കാറ്റ്.

തടാകത്തിലേക്ക്
ഊളിയിടുന്നൊരു മഴ;
തുള്ളികളുടെ കൈയും പിടിച്ച്.

ലിപിയില്ലാത്ത 
ചിലഭാഷകളുണ്ട്.
പ്രണയാമൃതം..!!

മല്ലികപ്പൂ ചൂടിവന്ന 
പുലര്‍കാലസുന്ദരിക്ക് 
ചന്ദനക്കുറി ചാലിക്കുന്ന 
തുമ്പിപ്പെണ്ണ്‍..
പട്ടുപുടവ ഞൊറിയുന്ന 
കുഞ്ഞിളം കാറ്റിനൊപ്പം
പൂത്താലിയുമായാരു
കാത്തുനില്‍പ്പൂ....





Thursday, July 6, 2017

ഓര്‍മ്മകളുടെ കുറുകല്‍

മറവിയാഴങ്ങളിൽ നിന്നു൦
മുളപൊട്ടിവരുന്ന
ചില ഓർമ്മകൾ...
കാലമതിൽനിറമുള്ള
ചിന്താപ്പൂക്കൾ പൊഴിക്കുമ്പോൾ
ആരൊക്കെയാവും 
ആ പരിമള൦ ഏറ്റുവാങ്ങുക.... !
ചിതലരിക്കാത്ത
ഹൃദയത്താളുകളിൽ
ആരോ കോറിയിട്ട
വരികൾ ഇന്നും,
ഒരു പതിനേഴുകാരിയുടെ
നാണംപോലെ,
കുണുങ്ങിച്ചിരിക്കുന്നുവോ...
പ്രണയാതുരമായ
ഓര്‍മ്മകള്‍ക്കു മരണമില്ല ....
സ്നേഹപ്പക്ഷിയുടെ
ചിറകിനടിയിൽ
എന്നും കുറുകിയിരിക്കും
ആരുംകാണാതെ....
ഏതു ദു:ഖത്തിലു൦
കുളിർക്കാറ്റായി
നമ്മെ തലോടിയുറക്കാൻ .....!

Monday, June 19, 2017

വിധി

അറിവില്ലായ്മതൻ നാളുകളിലെ നിലവിളികളില്‍നിന്നും വികാരതീവ്രതയുടെ കുറുകലിലേക്കവളെ കൊണ്ടെത്തിച്ചതാരാവാം ? വിശപ്പിന്റെ ദയനീയതയില്‍നിന്നും ആഡംബരത്തിന്റെ ആര്‍ത്തിയിലേക്ക് അവളെത്തിയതെങ്ങനെ ? സ്വച്ഛഗ്രാമത്തിലെ , പുകയുന്നടുപ്പില്‍നിന്നും നഗരസന്ധ്യയിലെ ബുഫെകളിലേക്കവൾ എങ്ങനെയാണെത്തിയത് ? കുഞ്ഞുമിഴികളിലെ മേഘപ്പെയ്തില്‍നിന്നും മിഴിപ്പീലികളെ വശ്യമായതുടുപ്പിലേക്ക് ആകര്‍ഷിച്ചനുരയുന്നപൂണ്ട ചിന്തകളെങ്ങനെയറിയും ? പുതുവര്‍ഷത്തിന്റെ ലാസ്യലഹരിയില്‍നിന്നിയും വേനലിൻവറുതിക്കെത്ര ദൂരം ! കുടിലില്‍നിന്നും കൊട്ടാരത്തിലേക്കുള്ള വേഗപ്പാച്ചിലിനിടയില്‍ നഷ്ടപ്പെട്ട യൌവനം നരച്ചുതുടങ്ങിയ ചിന്തകളായി പിറുപിറുക്കുമ്പോള്‍ ചോര്‍ന്നൊലിച്ചിന്ന് കൂരയിൽമിഴിപ്പെയ്ത്തുകൾ ! സ്വയമുരുകി ,പ്രാകിക്കൊണ്ട്‌ കൂരിരുട്ടിലേക്ക് മെല്ലെമെല്ലെ പിച്ചവെക്കുന്നൊരുവളുടെ മനസ്സ് ഇവിടെയാരിന്ന് കാണുവാൻ ? ജീവിതതുലാസിലടിതെറ്റി ആടിയാടി കൂനിപ്പിടിച്ച് തെല്ലും ,ആര്ത്തിയില്ലാതെ തെരുവിൻ കലപിലക്കിടയിൽ കുഴഞ്ഞുവീഴുമ്പോള്‍ അവളേത്, ചിതലിന്റെഭോജ്യമാവാം ? കഴുകിയാല്‍ തീരാത്ത പാപക്കറയാല്‍.. ദേഹിവേര്‍പ്പെടുമ്പോള്‍.. കാമിച്ച കണ്ണുകളിലറപ്പിന്റെയും
വെറുപ്പിന്റെയും ഈച്ചകൾ അരിച്ചിറങ്ങിയദേഹമെത്ര വികൃതം !!

Saturday, June 17, 2017

പുതു വെളിച്ചം

അകലെയൊരിത്തിരി നറുവെളിച്ചം
മിഴിയിലേക്കിറ്റി പതിച്ചുവെന്നാൽ,
ആലംബമില്ലാക്കുടുസ്സകത്ത്
തേങ്ങുവാൻമാത്രം വിധിയിവര്‍ക്ക്.

നിറമുള്ള കാഴ്ചകളന്യമല്ലോ;
നിഴലുപോലെത്തുന്നഴലുകളും.
അറിവിന്‍റെ പാതയിലൂടെ നീങ്ങി
നിറവാർന്നലോകം പടുത്തുയർത്താൻ,
ഒരു കൈ സഹായമതെത്ര പുണ്യം !

വിജ്ഞാനപ്പൂത്തിരി കൈയിലേന്തി
ഒരു നവപുലരിയ്ക്കായ് വിത്തു പാകാം,
പുത്തൻ പ്രതീക്ഷതൻ പൊൻവെളിച്ചം
പാരിതിലാകെപ്പരന്നിടേണം,
അതുകണ്ട് പുളകം വിരിഞ്ഞിടേണം

ഒരുപുതുലോകം പിറക്കവേണം.

Thursday, June 15, 2017

ജീവിതക്കവല

അതിഥിമന്ദിരമായിരുന്നൊരുനാളാ വീട്... രാവോള൦ ചുട്ടു നീറിയടുക്കളയു൦ .. ആരോരുമറിയാതെ നിറയു൦ മിഴികളെ അതിഥികളുടെ കളി ചിരിയാൽ മറച്ചു... യാത്രപോലും ചൊല്ലാതെ പലരു൦ പിരിഞ്ഞു.. ഭള്ളു പറഞ്ഞും പരാതിപ്പെട്ടും പിന്നെയു൦ ചിലർ കൂടെനടന്നു ... പാട്ടുപാടി പാട്ടിലാക്കിയു൦ ആട്ടമാടി അരങ്ങു തകർത്തു൦ ജീവിത൦ നാടകക്കളരിയാക്കി പൊട്ടിച്ചിരിച്ചും അട്ടഹസിച്ചും നാനാതലങ്ങളിൽ പറന്നു പോയി .. ശാന്തമാണിന്നാകൂട്ടിൽ ... സായംസന്ധ്യയുടെ ശാന്തതയിൽ അഗതികൾക്കായാടുക്കളയിൽ ഒരുക്കുന്നു സ്നേഹത്തിൻ മധുരസദ്യ

Wednesday, June 14, 2017

കിനാവ്‌

നിലാമഴ കണ്ട് നിന്‍ നിഴല്‍പ്പായയില്‍ നിന്നോരം ചേര്‍ന്നിരുന്ന് നക്ഷത്രങ്ങളോട് നമ്മുടെ കഥ പറയണം..
നിദ്ര മറന്ന മിഴികളില്‍ നിതാന്ത സ്നേഹത്തിന്‍ നിത്യ പ്രകാശം തെളിക്കണം
ഇലപടര്‍പ്പിനിടയിലൂടെ ഒളിഞ്ഞു നോക്കുന്ന ചാരുചന്ദ്രികയെ നോക്കി നൂല്‍ക്കവിതകള്‍ ചൊല്ലണം
അര്‍ത്ഥമില്ലാത്ത വരികളെങ്കിലും
നിന്‍കാതില്‍ മൂളുമ്പോള്‍
ഒരായിരം ചിറകടിയൊച്ചകള്‍
താളം പിടിക്കണം..
കാമമില്ലാപ്രണയത്തിന്‍ രാഗഭാവങ്ങള്‍ നിന്‍ കരളില്‍ കോറിയിടണം
മറ്റാരും കാണാതെ ചുംബനപ്പൂക്കളാല് പൊതിയണം
പുലര്‍കാല സ്വപ്നത്തിന്‍ ആലസ്യത്തില്‍, ഹൃദയത്തിലെഴുതിയ കവിതയെ പുണര്‍ന്ന് മരങ്ങളോടും കിളികളോടും
കിന്നാരം ചൊല്ലി, ആമോദത്തോടെ
പുതുപുലരിയെ വരവേല്‍ക്കണം..

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...