Sunday, February 23, 2020

തണൽ

പറയാതെയറിയണമുൾമുറിവുകൾ..
തളരാതിരിക്കുവാൻ താങ്ങാവണം
തളർന്നൊന്നു വീണാലൊ, നെറുകയിൽ നൽകണം
പുതുജീവനേകുവാൻസ്നേഹചുംബനം

ഒരു മൃദുസ്പർത്താലുണർത്തീടേണം
ഉള്ളിലെ നൊമ്പരങ്ങൾ മായ്ച്ചിടേണം.
ഹൃദയതന്ത്രികൾ മീട്ടുന്ന രാഗമായി
സ്നേഹവായ്പ്പിലലിഞ്ഞുറങ്ങണം.

കെട്ടവാക്കുകൾ കേൾക്കാതെ കാതുകൾ കൊട്ടിയടയ്‌ക്കേണമെന്നുമേ
കനലുകൾ വാരിയെറിയുന്നവരിൽനി-
ന്നൊരുകാതമകലെ നടക്കണം.

പ്രിയമേകുമോർമ്മകളിൽ മുഴുകണം
പ്രിയമുള്ളവരോടുചേർന്നു നില്ക്കണം
നാളെയെന്ന പ്രതീക്ഷയോടൊപ്പമായ്
നാമിന്നൊരുമയാൽ  വാണീടണം.

Monday, February 17, 2020

മധുര സ്മരണകൾ

എത്രനാൾ കാത്തുനിന്നെന്നറിയില്ല
നിന്നെയും നോക്കിയാ, ഈടവഴികൾ
പുൽക്കൊടിതുമ്പിലെ മഞ്ഞുകണം
നിൻ മിഴിയിലെഴുതുവാൻ തുടിച്ചുവല്ലോ.

തളിർത്തുനിൽക്കുന്നാ ചില്ലകളൊക്കെയും
മെല്ലെതലോടുന്നോർമ്മതൻ വിശറിയാൽ
ലജ്ജയാലിടംകണ്ണിട്ടു നോക്കിയാനാൾ
ഇന്നലെയെന്നപോൽ ചിരിച്ചുനിൽപ്പൂ..

ആരോരും കാണാതെയാദ്യമായ് നീ
നെറുകയിൽനൽകിയ സ്നേഹഭാഷ
മറ്റാരുംകേൾക്കാതെ മധുരമായി ചൊല്ലി
മിഴികളാൽ  മൊഴിയുന്ന മൗനഭാഷ.

നടവീഥികൾ നമ്മൾക്കായ് വിജനമായി
കളങ്കമില്ലാ സ്നേഹത്തിൻ സാക്ഷികളായി
ചെമ്പകപ്പൂമണമൊഴുക്കി സമീരൻ
ചുറ്റിനും പാറിപ്പറന്നു ശലഭങ്ങളും..

കാലങ്ങൾ കൊഴിഞ്ഞു, വഴികൾ പിരിഞ്ഞു
ഋതുക്കളോ പലവട്ടം മാറിവന്നു...
എങ്കിലും നമ്മളിലെ ഓർമ്മച്ചെപ്പിൽ
ഒരു മയിൽ‌പ്പീലിത്തുണ്ടായാ നല്ലകാലം..

സൗഹൃദക്കാറ്റിന്റെ സ്നേഹത്താലോടലിൽ
വീണ്ടും നാമൊന്നിച്ചു കൂടീടുമ്പോൾ
ജീവിതസായാഹ്നം രസകരമാക്കുവാൻ
ഓർത്തു ചിരിക്കാമിനിയാ സുവർണ്ണകാലം.

Monday, February 10, 2020

മൗനാനുരാഗം

എഴുതുവാനറിയില്ലയെങ്കിലും
വരികളിൽ മൗനമായി
വിരിയുന്നുവേതോ രൂപം.
പാടുവാനറിയില്ലയെങ്കിലും
ഹൃദയത്തിൽ വാചാലമായ്
ഇതുവരെ കേൾക്കത്തൊരു
സ്നേഹരാഗം.

നീലവിഹായസ്സിന്റെ
നറുനിലാവൊളിയിൽ
പൂമണമൊഴുകുംപോൽ
അറിയാതെയൊഴുകുന്നു
ഹൃദയവിപഞ്ചികയിൽ
പറയാതെപോയൊരാ പ്രണയം.

ഹിമമഴനനഞ്ഞൊരാ
നിശയുടെ വിരിമാറിൽ
കിനാവുകണ്ടു  മയങ്ങും നേരം
പരിഭവമോതി സുഗന്ധമായ്
പുലരികാണാത്തൊരു
നിശാഗന്ധി.

നിലാചേല ചുറ്റിയയവളുടെ
മോഹനരൂപത്തിൽ മയങ്ങി
പ്രണയം തുളുമ്പും യാമത്തിൽ
മുഴുതിങ്കൾ കൊതിയൂറിനിന്നു.

Saturday, February 1, 2020

കിരാതജന്മങ്ങളോട്

ജീവിച്ചിരിക്കുമ്പോൾ
ഒരുതരി സ്നേഹമേകാത്തവരേ..
 ഞാൻ മരിച്ചുകിടക്കുമ്പോൾ
കണ്ണുനീരൊലിപ്പിക്കാൻ വരരുതേ..

നീറിനിന്നു തേങ്ങിവിളിച്ചപ്പോൾ
എന്നെ അകറ്റിയോടിച്ചവരേ..
വഴി തിരഞ്ഞു വരരുതേ-
കണ്ണീരാർച്ചന നടത്തീടുവാൻ.

കൂടെയുണ്ടെന്ന് തോന്നിപ്പിച്ച്
തമ്മിലടിപ്പിച്ച്  ഭിന്നിപ്പിച്ചവരേ...
ചത്തുകഴിഞ്ഞുള്ള തേന്മൊഴികൾ
നിങ്ങളിൽ തന്നെ കുഴിച്ചുമൂടുക.

പേരിനുമാത്രമായി
ബന്ധുത്വം ചൊല്ലുന്നവരേ..
യാത്രാമൊഴിയിൽ പോലും
നിങ്ങളെനിക്കന്യർ മാത്രം.

സ്വാർത്ഥതയുടെ
കൊടുമുടിയിൽനിന്നുകൊണ്ട്
ബന്ധങ്ങളെ ബന്ധനമാക്കുന്നവരേ...
പാരിലെല്ലാവർക്കും നിശ്ചിതസമയം.

ഇമചിമ്മി തുറക്കുംവരെപ്പോലും
ആയുസ്സിനു ബലമില്ലാത്തവർ നമ്മൾ
ഇടുങ്ങിയ ചിന്താഗതിയാൽ
ജീവിതം തല്ലിയുടയ്ക്കുന്നുവല്ലോ..

തെളിനീരുപോലെയുള്ള മാനസങ്ങളിൽ
ചെളിവാരിയെറിഞ്ഞു രസിക്കുന്നവരേ...
കൊഴിഞ്ഞ് വീഴണ്ടവരാണ് നിങ്ങളുമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...