Monday, February 17, 2020

മധുര സ്മരണകൾ

എത്രനാൾ കാത്തുനിന്നെന്നറിയില്ല
നിന്നെയും നോക്കിയാ, ഈടവഴികൾ
പുൽക്കൊടിതുമ്പിലെ മഞ്ഞുകണം
നിൻ മിഴിയിലെഴുതുവാൻ തുടിച്ചുവല്ലോ.

തളിർത്തുനിൽക്കുന്നാ ചില്ലകളൊക്കെയും
മെല്ലെതലോടുന്നോർമ്മതൻ വിശറിയാൽ
ലജ്ജയാലിടംകണ്ണിട്ടു നോക്കിയാനാൾ
ഇന്നലെയെന്നപോൽ ചിരിച്ചുനിൽപ്പൂ..

ആരോരും കാണാതെയാദ്യമായ് നീ
നെറുകയിൽനൽകിയ സ്നേഹഭാഷ
മറ്റാരുംകേൾക്കാതെ മധുരമായി ചൊല്ലി
മിഴികളാൽ  മൊഴിയുന്ന മൗനഭാഷ.

നടവീഥികൾ നമ്മൾക്കായ് വിജനമായി
കളങ്കമില്ലാ സ്നേഹത്തിൻ സാക്ഷികളായി
ചെമ്പകപ്പൂമണമൊഴുക്കി സമീരൻ
ചുറ്റിനും പാറിപ്പറന്നു ശലഭങ്ങളും..

കാലങ്ങൾ കൊഴിഞ്ഞു, വഴികൾ പിരിഞ്ഞു
ഋതുക്കളോ പലവട്ടം മാറിവന്നു...
എങ്കിലും നമ്മളിലെ ഓർമ്മച്ചെപ്പിൽ
ഒരു മയിൽ‌പ്പീലിത്തുണ്ടായാ നല്ലകാലം..

സൗഹൃദക്കാറ്റിന്റെ സ്നേഹത്താലോടലിൽ
വീണ്ടും നാമൊന്നിച്ചു കൂടീടുമ്പോൾ
ജീവിതസായാഹ്നം രസകരമാക്കുവാൻ
ഓർത്തു ചിരിക്കാമിനിയാ സുവർണ്ണകാലം.

No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...