Monday, February 28, 2022

ചില ദുരാഗ്രഹങ്ങൾ

നെഞ്ചുകീറി വേദനിച്ചാലും 

ദിഗന്തങ്ങൾ ഞെട്ടുമാറ്  പൊട്ടിച്ചിരിക്കണം. 

പേടിച്ചരണ്ടാലും ഒറ്റയാനെപ്പോലെ

ചിന്നം വിളിക്കണം.

കയ്പ്പുനീര്‍ കുടിക്കാന്‍ തന്നാലും

തേന്‍മധുരമെന്നു ഉറക്കെപ്പറയണം.

എണ്ണയില്ലാത്ത മണ്‍ചിരാതെങ്കിലും

മിഴികളുടെ തീക്ഷ്ണതയാല്‍ 

ജ്വലിച്ചുകത്തണം..

മൂര്‍ച്ചകൂട്ടിയ കത്തി 

എളിയില്‍ത്തിരുകി രാപ്പകലില്ലാതെ

തലയുയര്‍ത്തിപ്പിടിച്ചു നടക്കണം .

കള്ളത്തരം ചെയ്യാനറിയില്ലെങ്കില്‍

ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ 

കാവലാളായി ഞെളിഞ്ഞു നടക്കണം..

തട്ടിച്ചു ജീവിക്കുന്നവനെ 

വെട്ടിച്ചു തിന്നാനറിയണം..

ഒന്നുമറിയില്ലെങ്കിലും

എല്ലാം അറിയമെന്നറിഞ്ഞു നടിക്കണം .

പാപഭാരങ്ങള്‍ ഇറക്കിവെക്കുവാന്‍,

ഭണ്ഡാരങ്ങളില്‍ നോട്ടുകെട്ടു നിറച്ചു 

കേമനെന്നു ഭാവിക്കണം.

ഇത്രയെങ്കിലും, ചെയ്തു കഴിഞ്ഞ്,

ജീവിക്കാതെ ജീവിച്ചെന്നു വരുത്തിത്തീര്‍ത്ത്

വീമ്പുപറഞ്ഞ് വമ്പനായി കഴിയണം.

ചിന്തകൾ

  നല്ല ചിന്തകളുള്ളിൽ നിറയുവാൻ

നല്ല വായന കൂടെയുണ്ടാവണം

നശ്വരമാകും ജീവിതയാത്രയിൽ

അറിവനശ്വരമെന്നറിഞ്ഞീടണം. 


താളമോടെന്നും ചിന്തനം ചെയ്തിടാൻ

മാതൃഭാഷതാനേറ്റവുമുത്തമം!

ജീവവായുവും പൊരുളും പ്രകാശവും

മാതൃഭാഷയാണെന്നറിഞ്ഞീടണം!


പുസ്തകങ്ങളിൽ മാത്രമല്ല, ചുറ്റു-

മുണ്ടറിവുകളെന്നതുൾക്കൊള്ളണം.

ഉള്ളം വേറിട്ട ചിന്തയാൽ നിറയണം,

നാം അഭിമാനിയായ് തിളങ്ങീടണം

ജാലകം

തുറന്നിട്ടൊരീജാലകത്തിലൂടിന്നുമെൻ

മിഴികളൊന്നകലേയ്ക്കൊഴുകവേ,

ഒഴുകുമിളംകാറ്റില്‍ ലാസ്യഭാവങ്ങളോടെ - തുള്ളിക്കളിക്കുന്നു മഴനൂലുകള്‍.


ഇമകളിൽ നിന്നുതിർന്ന കണങ്ങളിൽ നിന്നൂർന്നു വീണതു സ്വപ്നങ്ങളോ?

വാതിൽപ്പഴുതിലൂടവിരാമമെത്തു-

മെൻപ്രത്യാശതൻ മഴത്തുള്ളികളോ?


ഇരുൾമുറിയെങ്കിലുമിത്തിരിവെട്ടത്തിനായ്

ആശ്രയമിന്നുമിക്കിളിവാതിൽ മാത്രം.

നന്മകൾ കാണാനായടയ്ക്കാതിരിക്കാ-

മെന്നുമീമുറിയുടെ ജാലകപ്പാളികൾ!


അഴലുകളകലട്ടെ, മാനസം കുളിരട്ടെ,

വാടിയിൽ പുത്തനാംപൂക്കൾ വിടരട്ടെ!

നറുമണവുമായ് വരും പുതുവിഭാതങ്ങളിൽ

പൂക്കുന്നതെത്രയോ ജാലകക്കഴ്ചകൾ!







Tuesday, February 8, 2022

തളരാത്ത മനം

 ആത്മാഭിമാനം വെടിയാതെയെന്നും

ആത്മവീര്യത്താലെ ജോലി ചെയ്തി-

ട്ടായുസ്സു ബാക്കിയും തള്ളിനീക്കും

അമ്മേ, നമിയ്ക്കുന്നു മുന്നിലെന്നും.


മക്കൾ ചതിച്ചാലും മണ്ണു ചതിക്കില്ല

മാനവർക്കാർത്തിയൊടുങ്ങില്ലൊരിക്കലും.

മന:സാക്ഷിയില്ലാത്തവർക്കു കൺമുന്നിലീ -

മണ്ണുമിച്ചേറും ചോറായി മാറീടും..!


തളരാത്ത മനമോടെ വിറയാർന്ന കൈയ്യാൽ

വിതയിട്ടു കൊയ്തെടുക്കുന്ന കതിരുകൾ

നാളത്തെയന്നത്തിനായ് കരുതുന്നു

പ്രായത്തെ വെല്ലുമീധീരയാം അമ്മ!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...