Monday, February 28, 2022

ചില ദുരാഗ്രഹങ്ങൾ

നെഞ്ചുകീറി വേദനിച്ചാലും 

ദിഗന്തങ്ങൾ ഞെട്ടുമാറ്  പൊട്ടിച്ചിരിക്കണം. 

പേടിച്ചരണ്ടാലും ഒറ്റയാനെപ്പോലെ

ചിന്നം വിളിക്കണം.

കയ്പ്പുനീര്‍ കുടിക്കാന്‍ തന്നാലും

തേന്‍മധുരമെന്നു ഉറക്കെപ്പറയണം.

എണ്ണയില്ലാത്ത മണ്‍ചിരാതെങ്കിലും

മിഴികളുടെ തീക്ഷ്ണതയാല്‍ 

ജ്വലിച്ചുകത്തണം..

മൂര്‍ച്ചകൂട്ടിയ കത്തി 

എളിയില്‍ത്തിരുകി രാപ്പകലില്ലാതെ

തലയുയര്‍ത്തിപ്പിടിച്ചു നടക്കണം .

കള്ളത്തരം ചെയ്യാനറിയില്ലെങ്കില്‍

ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ 

കാവലാളായി ഞെളിഞ്ഞു നടക്കണം..

തട്ടിച്ചു ജീവിക്കുന്നവനെ 

വെട്ടിച്ചു തിന്നാനറിയണം..

ഒന്നുമറിയില്ലെങ്കിലും

എല്ലാം അറിയമെന്നറിഞ്ഞു നടിക്കണം .

പാപഭാരങ്ങള്‍ ഇറക്കിവെക്കുവാന്‍,

ഭണ്ഡാരങ്ങളില്‍ നോട്ടുകെട്ടു നിറച്ചു 

കേമനെന്നു ഭാവിക്കണം.

ഇത്രയെങ്കിലും, ചെയ്തു കഴിഞ്ഞ്,

ജീവിക്കാതെ ജീവിച്ചെന്നു വരുത്തിത്തീര്‍ത്ത്

വീമ്പുപറഞ്ഞ് വമ്പനായി കഴിയണം.

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...