Sunday, March 16, 2014

ബന്ധങ്ങളുടെ മാഹാത്മ്യം

കൂടെപിറക്കാത്ത 
സോദരിമാരെ,
കൂടെപ്പിറപ്പിനെപ്പോല്‍ 
കാണുന്നു ചിലര്‍...
കൂടെപ്പിറപ്പിനെപ്പോലെ
കൊണ്ടുനടന്നിട്ട്
കൂടെക്കിടക്കാന്‍
വിളിക്കുന്നു ചിലര്‍ ..
ബന്ധങ്ങള്‍ ബന്ധനങ്ങളായി
മാറീടുമ്പോള്‍..
സ്വന്ത ബന്ധങ്ങള്‍
പ്രഹസനമായി മാറുന്നു..
നൂറിലൊരാള്‍ തെറ്റു-
ചെയ്തീടുമ്പോള്‍..
മറ്റെല്ലാവരെയും ,ഒരേ
കണ്ണില്‍ കാണുന്നൂ ചിലര്‍ ..
പരസ്പര ധാരണ ,
ഇല്ലാതെ പോകുമ്പോള്‍ ,
തെറ്റും ശരിയും
തിരിച്ചറിയുവാന്‍ വൈകുന്നു .
നഷ്ട ദു:ഖങ്ങള്‍ നാശം -
വിതയ്ക്കുമ്പോള്‍
നിരാശയെ കൂട്ടുപിടിച്ചു,
ജീവിതം നശിപ്പിക്കുന്നു.
കുടുംബ ബന്ധത്തിന്റെ
മാഹാത്മ്യം ,നമ്മുടെ
കുഞ്ഞുങ്ങളില്‍
വളര്‍ത്തിയെടുക്കുമ്പോള്‍,
സ്ത്രീയെ ബഹുമാനിക്കാനും
സ്നേഹിക്കാനും സ്വയം
പഠിക്കുന്നു നമ്മുടെ കുട്ടികള്‍ .

Saturday, March 15, 2014

വിരഹ ദു:ഖം

നീരറ്റ പൊയ്കയിലെ 
താമരപ്പൂവ് പോല്‍ 
നിന്‍ മുഖം എന്നുള്ളില്‍ 
വിരിയുന്നു പ്രേയസി...
   അറിയാത്തതെന്തേ ?
   നീ മാത്രമിന്നും ..
   കറയറ്റ  എന്നുടെ 
   പ്രണയാര്‍ദ്ര ഭാവം!!
ഉടയില്ലൊരു നാളും
നീയെന്ന വിഗ്രഹം,
മറയില്ലൊരു നാളും
എന്‍ മിഴികളില്‍ നിന്നും...
    ദേവീ....നിന്‍ ചിരി
    ഒന്നു ഞാന്‍ കണ്ടാല്‍,
    അതില്‍പ്പരം സുകൃതം 
    മറ്റൊന്നുണ്ടോ ??
വരില്ലേ..എന്നരികില്‍ 
ഒരു മാത്രയെങ്കിലും ..
ഒഴിയില്ലേ .. ഒരു നാളും
എന്‍ വിരഹ ദു:ഖം. 
നിന്റെ പ്രണയം 
എന്നിലെത്തിക്കാന്‍
നീ ഒരുപാടു വര്ഷം 
കാത്തിരുന്നു.... 
എന്നാല്‍ ,
എന്റെ ഹൃദയം 
കീറിമുറിക്കാന്‍ ,
നിനക്ക് ഒരു നിമിഷമേ 
വേണ്ടിവന്നുള്ളൂ...

Thursday, March 13, 2014

സ്വപ്നങ്ങളുടെ ദുര്‍മരണം

ആകാശത്ത് കാര്‍മേഘം
ഉരുണ്ടു കൂടുന്നു,
മനസ്സില്‍, ഓര്‍മ്മയിലെ കഴുകന്‍ ,
ചിറകടിച്ചു നില്‍ക്കുന്നു.
അന്ധകാരത്തില്‍, 
വിജനമായ വഴിയിലൂടെ 
നീങ്ങുമ്പോള്‍ ,
ഹൃദയ ശൂന്യതയുടെ 
ജീര്‍ണ്ണിച്ച ഗന്ധം.
എവിടെയോ ഇരുന്നു 
നോക്കുന്ന മൂങ്ങ കണ്ണുകള്‍,
പൊട്ടിയ തംബുരുവിലെ 
അപശ്രുതി പോലെ-
ഹൃത്തിനെ ഉലയ്ക്കുന്നു, 
പുറത്ത് ഇടിമിന്നലുകള്‍ 
താണ്ഡവമാടുമ്പോള്‍ ,
ഹൃദയാങ്കണത്തില്‍
ഘോരാനുഭവങ്ങളുടെ 
പേമാരി പെയ്യുന്നു...
മനസ്സിലെ  വൈരൂപ്യം മറയ്ക്കാന്‍ 
വാക്കിനെ വാളാക്കി
തുള്ളുന്ന കോമരങ്ങള്‍,
സ്വാര്‍ഥതയുടെ നീരാളി-
പ്പിടുത്തത്തില്‍ വീണു 
നിണമൊഴുക്കുന്നു..
ചവര്‍പ്പും കയ്പ്പും നിറഞ്ഞ 
ഭ്രാന്തന്‍ ചിന്തകളില്‍,
വിഷാദത്തിന്റെ നിശ്ശബദ്തയിലൂടെ 
തൂങ്ങിയാടുന്ന ,
"സ്വപ്നങ്ങളുടെ ദുര്‍മരണം".



Thursday, March 6, 2014

അമ്മ

താരാട്ടുപാട്ടിന്റെ ഈണമമ്മ..
താമരപ്പൂവിലെ ദേവിയമ്മ.
കുടുംബത്തിലെ ഐശ്വര്യമായി വിളങ്ങും,
സ്നേഹത്തിന്‍ പൊന്‍ വിളക്കാണെന്നും അമ്മ.
പൈതങ്ങളില്‍ നന്മ്മ ചൊരിയുമമ്മ,
മാതൃ വാത്സല്യത്തിന്‍ നിറകുടം അമ്മ.
ഉണ്ണിതന്‍ കാലിലൊരു മുള്ളു കൊണ്ടാല്‍ 
മറ്റെല്ലാം മറന്നോടിയെത്തും അമ്മ.
അതുകണ്ടു കൈകൊട്ടി ചിരിക്കുന്ന ഉണ്ണിയെ ,
മാറോടു ചേര്‍ത്ത് ഉമ്മ വയ്ക്കും അമ്മ.
മരണം വന്നു മുന്നില്‍ നില്‍ക്കുമ്പോഴും ,
അമ്മ തന്‍ ചുണ്ടുകള്‍ മന്ത്രിക്കുവതിങ്ങനെ ..
"എന്റെ കുഞ്ഞുങ്ങളെ കാക്കണേ ദൈവമേ "....
അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നു, 
ഈ  പ്രപഞ്ചത്തിലെ സ്നേഹവും സഹനവും .
അമ്മിഞ്ഞപ്പാലിന്‍ മാധൂര്യം നുണഞ്ഞ മക്കള്‍ക്ക് 
അമ്മയെ മറന്നു ജീവിക്കാനാകുമോ ?

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...