Thursday, October 27, 2016

ആവര്‍ത്തനം


ആവര്‍ത്തന വിരസതയുമായി
ആടിത്തിമിര്‍ക്കുന്ന അശാന്തികള്‍
നിരാസത്തിന്റെ ഇരുട്ടറയില്‍ 
ഉറങ്ങാതെ കിടക്കുമ്പോള്‍,
തുറന്നിട്ടും കാണാതെ പോകുന്നു
തിരിച്ചറിവിന്റെ വാതിലുകള്‍ .
അറിവില്ലായ്മയില്‍ നടനമാടി
നിഴലാട്ടം നടത്തുന്ന നോവുകള്‍
അവിവേകത്തിന്റെ ചിറകിട്ടടിച്ചു
അഗാധഗര്‍ത്തങ്ങളില്‍ വീഴുമ്പോള്‍
പൊട്ടി വീണ വളപ്പൊട്ടുകളില്‍ നിന്നും
ഇറ്റിറ്റു വീഴുന്ന നിണത്തുള്ളികള്‍
ശവംതീനിയുറുമ്പുകളുടെ
ഘോഷയാത്രയിലലിയുന്നു.
ആത്മാര്‍ത്ഥസ്നേഹത്തിന്റെ
വിശുദ്ധി നഷ്ടപ്പെട്ട ആത്മാക്കള്‍
തെറ്റിന്റെ ആവര്‍ത്തനവുമായി
കൂരിരുട്ടിലലയുമ്പോള്‍, വിഷാദ-
ദംശനമേറ്റു പിടയുന്ന രോദനങ്ങള്‍
കേള്‍ക്കാന്‍ മാത്രമാണോ,
പുതുപുലരികളുടെ പിറവികള്‍..?

Wednesday, October 26, 2016

ചെറു കവിതകള്‍

ഏകാന്ത മൌനമെന്‍
ചാരേയണഞ്ഞപ്പോള്‍, 
പൊന്‍ കിനാവിലൊരു 
തൂവല്‍ സ്പര്‍ശമായി ,
നീ മൂളിയോരാ 
ശ്രീരാഗമെന്നുടെ
ഹൃദയത്തിൻ തന്ത്രികൾ
മീട്ടിനില്പൂ.....


തിന്മയുടെ കരങ്ങൾ,
ചതിയുടെ അഗാധ
ഗർത്തത്തിലേക്ക്
നമ്മെ തള്ളിയിട്ടാലും
സത്യവും നന്മയും 
കൂടെയുണ്ടെങ്കിൽ
പൂർവാധികം ശക്തിയോടെ
നാം ഉയർത്തെഴുന്നേൽക്കും.


വെളിച്ചപ്പാടു പോലെ തുള്ളുന്നു,
വിറളിപിടിച്ചചിന്തകൾ...
വിളറി വെളുത്ത മനസ്സുകൾ
ശൂന്യതയാൽ‍ ഉഴറുന്നു....


ചൊടിയിൽ പൂത്തൊരാ
സിന്ദൂരച്ചെപ്പിലെ
ഒരുനുള്ളുകുങ്കുമം തിരു
നെറ്റിയിൽ ചാർത്താൻ ,
കസവു ഞൊറിഞ്ഞോരാ
പുടവയുമുടുത്തിന്നു
മഞ്ഞുതുള്ളി പോൽ
നിന്നിലലിയുമ്പോള്‍..
സ്വപ്ന വിഹായസ്സിലെ
ജീവിതത്തേരിൽ
പാറിപ്പറക്കുന്ന
മോഹപ്പക്ഷികളെപ്പോലെ
ഭൂമിയെ പുല്കാനെത്തുന്നു
പുലർ കാല ദേവൻ....


ഹിമത്തുള്ളികളാൽ
ഹാരാർപ്പിതമായ
ഹരിത മനോഹരിയെ

തലോടാനെത്തുന്ന
പ്രഭാതസൂര്യൻ .....
ആരിലലിയുമാ നീഹാരിക !

കരുണയേറു൦ മന൦
കദനമില്ലാ ചിന്ത
കരളിൽ ചിരിക്കണ൦
നന്മ തൻ പൂക്കൾ .
കനിവോടെ നാമെന്നു൦ 
സഹ ജീവികളെ കാണുകിൽ
ഒരുമയുടെ കുടക്കീഴിൽ
പെരുമയോടെ വാണീടാ൦..

കലിതുള്ളും 
രാഷ്ട്രീയപ്പോരിൽ
പൊലിഞ്ഞുതീരുന്ന 
കുടുംബനാഥന്മാർ,
കണ്ണുനീർ കുടിച്ചു 
വിശപ്പടക്കാൻ വിധിക്കപ്പെട്ട
തുണയില്ലാക്കുടുംബങ്ങളുടെ
ദീനരോദനം..
കണ്ണൂരിന്റെ 
കണ്ണീർ തോരില്ലേ?!

ചാറ്റൽമഴയിൽ തത്തിക്കളിക്കും
പൂമ്പാറ്റച്ചിറകുകൾക്ക് ഈറൻ
സന്ധ്യയുടെ തലോടൽ.......
പ്രണയാർദ്രമീ പൂങ്കാവനം...!

കരകളോട്
കിന്നാരംപറഞ്ഞാണ്
പുഴയുടെ നുണക്കുഴികൾ
ഇത്രേം വലുതായത്....!

കൊഴിഞ്ഞുവീണ ഇലകളുടെ
അഴുകിയ ഞെരമ്പുകളിലേക്ക്
വേരുകളാഴ്ത്തി
വളം വലിച്ചെടുത്ത്
തടിച്ചു കൊഴുക്കുന്ന
വൻമരങ്ങളും ഒരുനാൾ
മണ്ണിൽ ഒടുങ്ങിയമരും..

നിൻ പിൻവിളിയിലലിയുന്നു
എൻ പിണക്കങ്ങൾ;കാലരഥ-
മോടുവതെത്രവേഗമോമലേ!!!

മേഘമൊട്ടുകൾ വിരിഞ്ഞു,
ആകാശം പൂന്തോട്ടമായി;
മഴയുടെ സംഗീതം.......

കരയിച്ചിട്ടും
ചിരിതൂവിനില്പ്പൂ മനം;
മറവിയുടെ കൈത്താങ്ങ്.

വീട്ടിലെ മെഴുകുതിരി
വലിച്ചെറിഞ്ഞവർ
വിലപിക്കും നാളെ
വ്യദ്ധസദനങ്ങളിൽ തെളിയും
നിലവിളക്കുകൾ കാണുമ്പോൾ!
ഉരുകിയൊലിച്ചാ തിരിയുടെ
നാളങ്ങളിൽ കാണാം:
'ഇന്നു ഞാൻ നാളെ നീ...'
പറിച്ചെറിഞ്ഞാലും
മുള പൊട്ടി വരും
ആ സ്നേഹ വാത്സല്ല്യ
നാമ്പുകൾ ഒരുനാൾ നമ്മെ.
പശ്ചാത്താപ വിവശരായ്
തേടിവരും അന്നു നാം:
ഇരുൾവഴികളിലുഴറി നടന്നീടും
.....

ഹ്യദയം പൂത്ത 
മഞ്ചാടി മണികൾ 
പ്രണയച്ചെപ്പ്!

ചാറ്റൽമഴയിൽ തത്തിക്കളിക്കും
പൂമ്പാറ്റച്ചിറകുകൾക്ക് ഈറൻ
സന്ധ്യയുടെ തലോടൽ.......
പ്രണയാർദ്രമീ പൂങ്കാവനം...!

കരകളോട് 
കിന്നാരംപറഞ്ഞാണ്
പുഴയുടെ നുണക്കുഴികൾ
ഇത്രേം വലുതായത്....!

ക്ലാവ് പിടിക്കാത്ത ഓർമ്മകളെ 
വികൃതമാക്കുന്നു 
'മാറാലകെട്ടുന്ന ചിലന്തി'കൾ.


Sunday, October 23, 2016

അമ്മയ്ക്കൊരു താരാട്ട്


എത്രയോ താരാട്ട് പാടിയെനിക്കായി മാറോടു ചേര്‍ത്തുറങ്ങാതെയിരുന്നമ്മ, പതിവായി സ്നേഹാമൃതൂട്ടിയ നിനക്കായി പകരം നല്‍കുവാനെന്‍ കൈകളിലെന്തമ്മേ..
അകലെയിവിടെ ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അകതാരിലെവിടെയോ താലോലം പാടുന്നു ഹൃത്തിലോരൂഞ്ഞാലു കെട്ടിയെന്നമ്മയ്ക്കായ് മൂളീടട്ടെ ഞാനൊരു താരാട്ടുപാട്ട്.
എന്‍ മടിത്തട്ടില്‍ ചാഞ്ഞുറങ്ങും നിന്റെ വാര്‍മുടി മാടിയൊതിക്കിയാ നെറ്റിയില്‍ മെല്ലെത്തലോടി,ഉമ്മവെയ്ക്കുവാൻ എന്‍ നെഞ്ചകം കോരിത്തരിക്കുന്നു...
ജനനീ നീയെന്‍ ജീവധാരയില്‍ ഒഴുകി വറ്റാത്ത സ്നേഹപ്പുഴയായി, തളര്‍ന്നു വീഴുമീ സായംസന്ധ്യയില്‍ പകര്‍ന്നു നല്‍കുവാന്‍ പകരമില്ലമ്മേ..
മൗന രാഗത്തില്‍ ഉച്ചത്തില്‍ ചൊല്ലാം നിനക്കുമാത്രം കേള്‍ക്കാനീ താരാട്ടുപാട്ട് എവിടെയാണെങ്കിലും സ്നേഹമന്ത്രത്താല്‍ കനവിലും കരളിലും നിറയുമീ രാഗം..

Sunday, October 16, 2016

തുലാപ്പെണ്ണ്‍



കുളിർ തെന്നലുമായവൾ കുണുങ്ങിയെത്തി
പേമാരിയായിതിമിർത്തു പെയ്യാൻ ..
കിന്നാര൦ ചൊല്ലു൦ ശാന്തയായവൾ
പിന്നെ,
അനുസരണക്കേടുമായി നെട്ടോട്ടമോടിക്കു൦ ..
പതിനേഴിലെത്തിയ തരുണിയായവൾ
പടവാളെടുക്കുന്ന ഭദ്രയുമാണവൾ .
ചന്ന൦ പിന്ന൦ കളിപ്പിച്ചു നടന്നാലു൦
ക്ഷിതിയെ പ്രണയിക്കു൦ സുന്ദരി പ്പെണ്നവൾ !
ലാസ്യ രസ താണ്ഡവ ഭാവത്താൽ
വിസ്മയിപ്പിക്കു൦ തുലാപ്പെണ്ണവൾ !

Monday, October 10, 2016

ദേവീ ഗീതം

വീണാ വാണീ സരസ്വതി ദേവി അ൦ബ മൂകാ൦ബികേ സരസ്വതീ .. മധുര ഭാഷിണി കാവ്യ ഗീതമേ നിൻ രൂപമെന്നിൽ തെളിയേണമേ..
നാവിൽ വന്നു നല്ല വാക്കോതണമേ നയനങ്ങളിൽ നിൻ കടാക്ഷമേകണേ .. മായാ മോഹങ്ങൾ തുടച്ചു നീക്കി നിൻ രൂപമെന്നിൽ വിളങ്ങീടണമമ്മേ ..
അഭയമേകണേ പങ്കജലോചനേ ഹ്യത്തിൽ മുഴങ്ങണേ നിൻ നാമമെന്നു൦ ... നല്ല പാത കാട്ടണേ ജഗദ൦ബികേ .. നന്മ ചൊരിയേണമേ ഞങ്ങളിലെന്നു൦ .
അറിഞ്ഞുമറിയാതെയും ചെയ്ത കുറ്റങ്ങള്‍
കണ്ണീരാല്‍ നിന്‍ പാദത്തില്‍ അര്‍പ്പിക്കാം.
അമ്മേ.. മൂകാ൦ബികേ ദേവി സരസ്വതീ
അടിയനിൽ കരുണ കടാക്ഷമേകണേ

സൗപര്‍ണ്ണികയിൽ മുങ്ങി നിവരുമ്പോള്‍
സര്‍വ്വ പാപങ്ങളും പൊറുക്കണേ അമ്മേ
സകലകലാ വിലസിതേ വിദ്യാ ദേവതേ
എന്നില്‍ നിറയണെ അമ്മ തന്‍ ചൈതന്യം
.


Sunday, October 9, 2016

നിറച്ചാര്‍ത്ത്

പീലി വിരിച്ചാടിയ
പ്രണയത്തിൻ മേലെ
മേഘതുണ്ടുകൾ പെയ്തിറങ്ങി.
നാണത്താൽ മിഴികൾ
പൂട്ടിയപ്പോൾ വാന൦
മഴവില്ലിൻ അഴകാൽ
ചിത്ര൦ വരച്ചു.
ഇള൦ വെയിൽ തേടി പ്പറന്നോരാ
പൂത്തുമ്പി പൂവിനു ചുറ്റും
നൃത്തം വെച്ചു ....
പൊൻ വെയിൽ പൂക്കൾ 
കസവുടയാടകൾ തീർത്തു.
ചിറകു വിടർത്തിയാ 
ഇണക്കിളികൾ ..
ചിൽ ചിൽ പാടിയൊരാ 
അണ്ണാറക്കണ്ണനു൦
ആമോദത്താൽ 
നർത്തനമാടിയപ്പോൾ
പ്രകൃതിയൊരുക്കിയ 
പ്രണയ വസന്തത്താൽ 
മനസ്സുകൾ വൃന്ദാവനമായപ്പോൾ
പുഷ്പിണിയായ മേഘപ്പെണ്ണ്
താഴേക്കിറങ്ങി..
ആകാശവെൺകാമരത്തിനു
കീഴിൽ,ഭൂമിയിൽ 
സ്വർഗ്ഗ൦ വിരുന്നു വന്നു...!

Monday, October 3, 2016

തൂവല്‍ സ്പര്‍ശം

പതിയെ നീ മൊഴിഞ്ഞു കാതിൽ പുതുമഴയുടെ കിന്നാര൦ പോൽ പാദസര കിലുക്കമോടെ , പരിഭവത്തിൻ മൊഴി മണികൾ !

നിറഞ്ഞു നിന്നു ഹൃദയ വാനിൽ തരള മധുര സ്നേഹ ഭാവ൦ കരുണയേറു൦ മിഴികളാലെൻ കദനമെല്ലാ൦ പെയ്തൊഴിഞ്ഞു.
(പതിയെ )
കഠിനമേറും പാതകളിൽ
പതറി നില്ക്കു൦ പാദങ്ങൾക്ക് കരുതലായി നമുക്കെന്നു൦ കര൦ പിടിക്കാ൦ കൂട്ടു കൂടാ൦..
(പതിയെ ) ഇല കൊഴിയു൦ ശിശിരങ്ങള്‍ വിട പറയാൻ നേരമായി ഹ്യദയം പൂക്കു൦ പുതു വസന്ത൦ വിരുന്നൊരുക്കി നമ്മുക്കു മാത്ര൦ !!
(പതിയെ )

Saturday, October 1, 2016

സ്നേഹ നാളം

വീട്ടിലെ മെഴുകുതിരി 
വലിച്ചെറിഞ്ഞവർ 
വിലപിക്കും നാളെ 
വ്യദ്ധസദനങ്ങളിൽ തെളിയും 
നിലവിളക്കുകൾ കാണുമ്പോൾ!


ഉരുകിയൊലിച്ചാ തിരിയുടെ 
നാളങ്ങളിൽ കാണാം:
'ഇന്നു ഞാൻ നാളെ നീ...'

എന്ന സത്യവാക്യം !

പറിച്ചെറിഞ്ഞാലും 
മുള പൊട്ടി വരും
ആ സ്നേഹ വാത്സല്ല്യ 
നാമ്പുകൾ ഒരുനാൾ .
പശ്ചാത്താപ വിവശരായ്
അന്നു നാം: ഇരുൾവഴി-

കളിലുഴറി നടന്നീടും..

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...