Monday, November 28, 2016

"അയ്യപ്പ ഗീതം"



വൃശ്ചിക മാസം പിറന്നു 
ഭക്തിയാല്‍ മനസ്സു നിറഞ്ഞു
പൊന്നമ്പലവാസനെ കാണാനായി
വ്രതശുദ്ധിയാലെങ്ങും ശരണം വിളി
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ...
*
ഇണ്ടലെല്ലാമകറ്റിയടിയങ്ങളുടെ
അകതാരില്‍ ഭഗവാന്‍ വിളങ്ങീടണം
സ്വച്ഛമാം ചിന്തയാല്‍ മാനസത്തില്‍
ശരണ മന്ത്രങ്ങള്‍ മുഴങ്ങീടണം...
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ..
*
ഉച്ചത്തിലുയരുമാ 

ശരണം വിളികളാല്‍
ആനന്ദദായകമീ പ്രപഞ്ചം,
ഭക്തിയാലവിടുത്തെ സന്നിധി-
യിലെത്തുമടിയങ്ങള്‍ക്ക്‌
മുക്തിമാര്‍ഗ്ഗം തവ തിരുദര്‍ശനം ..
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ...

Monday, November 21, 2016

ചെറു വരികള്‍

വാടാത്ത ഓർമ്മകൾ
ചേർത്തുവെച്ച് 

ഒരു മാല കോർക്കാം,
ജീവിതം തുടിക്കുമൊരു നിറമാല.


മഞ്ഞണിപ്രഭാതത്തിലേക്ക്
പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ;
കിളികളാരവം നിറയ്ക്കുന്നു ചുറ്റിലും
എത്ര സുന്ദരമീ പുലർക്കാലം..!!!


ഇരുട്ടിൻകട്ടിക്കരിമ്പടമിട്ട്
മൂടിയെന്നാകിലും,നിൻ
സൗഹൃദവെളിച്ചത്താൽ
തിളങ്ങീടുമെൻ വഴിത്താര....


വൃശ്ചികപ്പുലരിയുണർന്നു 
ഭക്തിയാൽ മനസ്സുകൾ നിറഞ്ഞു.
പൊന്നമ്പല വാസനെ കാണുവാനായി 
വ്രത ശുദ്ധിയാലെങ്ങും ശരണ൦ വിളി ...
സ്വാമി ശരണ൦ അയ്യപ്പാ ...
ശരണ൦ ശരണ൦ അയ്യപ്പാ ....


നോവുംമനസ്സിന്റെ
മൗനതീരങ്ങളിൽ ഏകാന്ത-
യായലയുന്നവരെ,
നിങ്ങൾതിരിച്ചറിയില്ല;
നിങ്ങളുടെ വിജയ നേത്രങ്ങളിൽ 
അവര്‍ എന്നും പരാജിതര്‍;
ഒരിക്കലും
തിരിച്ചറിയപ്പെടാത്തവര്‍.......


ഒന്നോർക്കുകിലെത്ര-
വിചിത്രമീ ജീവിതം;അതിൻ
പ്രഹേളികകളും.....!


മുല്ലപ്പൂവിൻ
മേനിയിൽ ഒട്ടിപ്പിടിച്ച്
പുഞ്ചിരിതൂവുന്ന 
മഞ്ഞുതുള്ളിയുടെ 
ആത്മനിർവൃതിയിലേക്ക്
പ്രഭാതകിരണങ്ങൾ
അലിഞ്ഞുചേർന്നു..
ഒരു പുതിയ സൂര്യോദയം.



വർഷങ്ങളിലൂടെ
നിൻസാനിദ്ധ്യമേകിയ
ആത്മനിർവൃതികൾ
അമ്മമനസ്സിൽ
ആനന്ദത്തുടിപ്പുകൾ
തീർക്കവേ,
നേരട്ടെ ഞാൻ:
സ്നേഹവാത്സല്യ
നിറവാർന്ന്
സുദീർഘമാമൊരു
ധന്യജീവിതമോമലേ..

അകക്കണ്ണിൻ കൃഷ്ണമണി-
ക്കോണിൽ ഒളിഞ്ഞു
തിളങ്ങുന്നുണ്ടൊരു
മധുരം കിനിയും നോവ്....!

നിൻ തൂലികയിൽ വിരിയുന്ന 
അക്ഷരപ്പൂക്കൾ കാൺകെ
മഞ്ഞുകണ൦ നുകരുന്ന 
പൂക്കളെപ്പോൽ 
കുളിരുന്നെന്മനം.....!!

നന്മക്കാവിൽപൂത്ത
സ്നേഹമരങ്ങളിൽ
ഒരിക്കലും വാടാത്തപൂവുകൾ;
പൂമ്പാറ്റകൾ ഉത്സവനിറവിൽ....
എങ്ങും പടരുന്ന പൂമണം.
നമുക്കും സ്നേഹവിരുന്നൂട്ടാം,

പ്രകൃതിയുടെ തുടിപ്പുകളെ
ആഘോഷമാക്കുകയാണ്
ഓരോ പുലരിയും.....
പുലരിയിൽ വിരിയുന്ന ജൈവിക
നിറവുകൾ ഭൂമിയുടെ പുളകങ്ങളാകുന്നു.
നന്മയുടെ പുതുവസന്തം തീർക്കാൻ
ഇനിയെത്ര പുലരികൾ....!

ഉഷസ്സു വന്നെന്നെ
തൊട്ടു വിളിച്ചപ്പോൾ
മിഴികളിൽ പൂത്തൊരായിര൦
വർണ്ണങ്ങൾ
നിറമുള്ള പൂക്കളാൽ 
എന്തൊരു മോഹന൦
മഞ്ഞുപുതച്ചയീ
ഹരിതാഭസുന്ദരി!



നിസ്സഹായതയുടെ
അഗാധ ഗർത്തത്തിലേക്ക്
അപ്രതീക്ഷിതമായി കടന്നുവരുന്ന
ആശയുടെ ഒരു കൈത്താങ്ങ്,
ഒരു സാന്ത്വനം.....
അതാവുക എന്നതാണ്
മാനുഷികതയുടെ പരമമായ തേട്ടം.
നാമോരോരുത്തർക്കും
ജീവിതത്തില്‍ എപ്പോഴെങ്കിലും
അത്തരം ഒരു നിയോഗത്തിലേക്ക്
ഉയരുവാൻ കഴിയട്ടെ...

തൂമഞ്ഞു പെയ്യുമീ
പുലർകാലത്തിൽ
കുളിരുമായ് വരും
കുഞ്ഞിളം കാറ്റേ,
എന്നരികിലൊരുവേള 
വന്നിരിക്കാമോ?
മുകരാം നമുക്കൊന്നായീ
മഞ്ഞു കണങ്ങളെ...

ഇടയ്ക കൊട്ടി പാടുമീ രാഗങ്ങള്‍
ഇടയ്ക്കെങ്കിലും താളംതെറ്റിയാല്‍..
ഇണങ്ങിയുള്ളിലലിഞ്ഞോരാ ദേവനും
ഇരിക്കപിണ്ഡം വെച്ച് പടിയിറക്കീടുമോ ?

ജന്മദിനാഘോഷത്തിന്റെ 
അവശിഷ്ടങ്ങൾ പുകച്ചുരുളായി
ശ്വാസം മുട്ടുന്ന കൈരളി

പതറി നില്‍ക്കുമ്പോള്‍ ,
പതിയെ തലോടുന്നു , 
സാന്ത്വനമായേതോ..
അജ്ഞാതകരങ്ങള്‍....
പതിയെപ്പതിയെ
പതറലെങ്ങോ ഓടിയകലുന്നു...

എന്‍ ജീവിത പാതയിലെ 
കെടാവിളക്കായെന്നും
നിന്‍ മിഴിദീപങ്ങള്‍!!

സതൃത്തിന്റെ പാതയിൽ 
നന്മയുടെ പൂക്കൾ 
വിരിയുന്ന സ്നേഹോദ്യാനമാവട്ടെ
നമ്മുടെ മനസ്സെന്നും...




Sunday, November 20, 2016

ഇരുട്ട് പൂക്കുന്നിടം

കാലത്തിന്റ്റെ വഴിത്താരകളിൽ വറ്റിവരണ്ട ചില നീർച്ചാലുകൾ .. മറ്റുള്ളവർക്കു വേണ്ടി ഹോമിക്കപ്പെടുന്ന ആരു൦ തിരിച്ചറിയാതെ പോകുന്ന ചില നര ജന്മങ്ങൾ! നിയമങ്ങളുടെ ആനുകൂല്യങ്ങൾ വളച്ചൊടിച്ച് നിരപരാധി അപരാധിയാകുമ്പോള്‍ ശരി തെറ്റുകൾ തിരിച്ചറിയാതെ പകച്ചു നിൽക്കുന്ന സമൂഹ൦ !
പിഴയ്ക്കുന്ന ചുവടുകളു൦ പഴിക്കുന്ന നാവുകളു൦ പരസ്പര പൂരകങ്ങളായി വിറളിപിടിച്ചാടുമ്പോള്‍ ശിഷ്ടകാല൦ ശൂന്യതയാൽ വലയപ്പെടുന്ന സായാഹ്നങ്ങൾ!
വിധിയുടെ വിളയാട്ടമെന്നു൦ കലികാലമെന്നു൦ പറഞ്ഞ് സ്വയ൦ തീർക്കുന്ന ഇരുട്ടറയിൽ വെള്ളിവെളിച്ചം സ്വപ്നംകണ്ടുറങ്ങുന്ന ആരാലു൦ അറിയപ്പെടാതെയു൦ ചില ജന്മങ്ങൾ!

ഇരുട്ട് പൂക്കുന്ന
പാതയില്‍
ഫണമുയര്‍ത്തിയാടുന്ന
കരിനാഗങ്ങള്‍

എന്തെന്നോ,ഏതെന്നോ
അറിയാതെ പകച്ചു നില്ക്കുന്ന കുട്ടിയെപ്പൊലെ ഓരോ മനസ്സുകളു൦ ഉറ്റുനൊക്കുന്നുവോ ഇന്നിന്റെ കാഴ്ചകൾ !



Wednesday, November 16, 2016

ഓര്‍മ്മകള്‍ പൂക്കുമ്പോള്‍

കാറ്റുലയ്ക്കും ചെമ്പക-
ച്ചോട്ടിലിന്നെന്റെ
ഓർമ്മകൾ പൂത്തനേരം
കാത്തിരുന്ന തോഴനെന്നുടെ
ചാരത്തണഞ്ഞല്ലോ.....
കാറ്റു മൂളിയ പാട്ടിന്നീണം
കേട്ടു വന്നൊരു പൂങ്കുയിൽ,
ഏറ്റു പാടിയെനിക്കായൊരു
മധുര സ്നേഹഗീതം....
കളങ്കമില്ലാത്തലോടലായൊരു
കിളിത്തൂവലൊന്നു പറന്നു വന്നു.
പ്രണയ സരോവര തീരമാം-
മനമൊരു സ്വപ്ന ലോകമായി.....
പെയ്തുതീരാത്ത മൌനമഴയെ
പുണരാന്കൊതിച്ചൊരു മാരിവില്ലായി
മാനസ ജാലക വാതില്‍ തുറന്നു
അരുമയാമോർമ്മകളിൽ
ആശകള്‍ വറ്റാതെ പൂത്തുനിന്നൂ
വെഞ്ചാമരം വീശും കുളിര്‍മ്മയായി,
സുഗന്ധം പരത്തുമോർമ്മയായി,
ഉള്ളിന്റെയുള്ളില്‍ പൂത്തുനില്പ്പൂ നീ,
വാടാതെ കൊഴിയാതെയെന്നുമെന്നും..!

Thursday, November 3, 2016

വിചാരണ

തെരുവ് നായ്ക്കള്‍ക്ക് എന്നും 
പ്രിയം ഇറച്ചിക്കഷണങ്ങളാണ്. 
പെണ്ണിന്റെ മാനം കടിച്ചു കീറുന്ന 
മനുഷ്യ മൃഗങ്ങളെ 
നാം ഏതു ഗണത്തില്‍,
ഏതു ഭാഷയിലാണ്
വിളിക്കേണ്ടത്.?
എന്തു ശിക്ഷയേകണം
അവര്‍ക്ക്
നിയമങ്ങളില്‍ നിന്നും
പാനം രക്ഷപെടുത്തുന്ന
അവര്‍ക്കായി ഇനി

 ജനകീയ കോടതി
വിധി നിര്‍ണ്ണയിക്കട്ടെ ...


തിമിരം

എന്തിനെയോ തിരയുന്നു എവിടെയോ മറയുന്നു കണ്ടതിനെ മറന്നിട്ട് കാണാത്തതിനായി ഉഴലുന്നു കിട്ടിയതു കളഞ്ഞിട്ട് കിട്ടാത്തതിനായോടുന്നു മനുഷൃനായി ജനിച്ചിട്ട് മൃഗമായി ജീവിക്കുന്നു മദം പൊട്ടിയോടുന്നു മതത്തിനായി മരിക്കാൻ.. മരണം വരിച്ചാലും നിണമൊഴുക്കാനെത്തുമാളുകൾ.... ഭരണം പിടിക്കാൻ രക്തസാക്ഷികൾ വേണം. ചാവേറുകളായി പടനയിച്ചവരുടെ പാവം കുടുംബങ്ങൾ പട്ടിണിയിലാകുന്നു. എന്തെന്നറിയാതെ എന്തിനെന്നറിയാതെ വിറളിപിടിച്ചോടി ഹോമിച്ചു തീർക്കുന്നു വിലപ്പെട്ട ജീവിതം! സ്വര്ഗ്ഗമീ ഭൂവില്‍ നരകം തീര്‍ക്കുവാന്‍ ഉടലെടുക്കുന്ന നരക- പിശാചുക്കളെ, തുരുത്തിയോടിക്കുവാന്‍ ഇനിയൊരവതാരം പിറവിയെടുക്കുമോ. ?

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...