Sunday, May 24, 2020

മൗനഗീതം

പെയ്തുതീരാത്ത മേഘപ്പെണ്ണായി
നെഞ്ചിൻകൂട്ടിൽ നിറഞ്ഞീടുമ്പോൾ
എന്തിനു പാടുന്നു പൂങ്കുയിലേ..
നീയിന്നു കിന്നാരംചൊല്ലി വന്നിടുന്നു.

ഹൃദയവിപഞ്ചിക മീട്ടിയ മൃദുരാഗം
നിറമുള്ള സ്വപ്‌നങ്ങൾ നെയ്‌തീടുമ്പോൾ
കദനങ്ങൾ പൊഴിക്കുവാൻ കള്ളംചൊല്ലി
എന്തിനു വരുന്നു നീ പൂങ്കുയിലേ.

ആകാശപ്പറവയാകേണ്ടെനിക്കിനി
മോഹപ്പക്ഷിയായി പാറിപ്പറക്കേണ്ട
ഏകാന്തതയുടെ ചിറകുവിരിച്ചിനി
ഇലയില്ലാ ശാഖിയിൽ കൂടൊരുക്കട്ടെ.

പെറ്റുപെരുകിയ സന്തോഷമൊക്കെയും
കൊത്തിപ്പെറുക്കി നീ പോയിടുമ്പോൾ
എത്രനാളൊളിപ്പിച്ചു വെച്ചീടും നിന്റെയീ
കുഞ്ഞിച്ചിറകിനുള്ളിൽ പൂങ്കുയിലേ..

ജീവാംശമായുള്ളിൽ നിറഞ്ഞ സ്നേഹം
കുഞ്ഞിളംതെന്നലായി തഴുകിയ നാൾ
വിസ്മരിക്കാനാവാതെ പൂത്തിടുമ്പോൾ
പെരുമയാണീ  പൂത്താലി പൂങ്കുയിലേ..

Thursday, May 14, 2020

ഉദയം തേടി

അകമുറിവുകളിൽ നിന്നുതിർന്ന നോവിനെ  സഹനത്താൽ തടുക്കുന്നതു
പരാജയത്തിന്റെ പുതപ്പണിഞ്ഞു
മരണത്തെ വരിച്ചു മൗനത്തിലാവനല്ല.. !

കുറ്റബോധത്തിന്റെ മനസ്സുമായി
കദനം നിറഞ്ഞ മിഴികളെ കാണാതെ
കണ്ണടച്ചിരുട്ടാക്കി ക്രൂരയായീടുവാൻ
കാരുണ്യം വറ്റിയ ഹൃദയശൂന്യയുമല്ല.

നോവിൽ വിരിയുന്ന ദൃഢചിന്തകൾ
മൗനം മുറിച്ച്  വാചാലമായീടുമ്പോൾ
നേരിന്റെ വഴിയിലൂടെ തന്നെ മുന്നേറാൻ
തൂലികയിൽ  മൂർച്ചയേറിയ  വാക്കുകൾ.

ജീവിച്ചിരിക്കുന്നു.. ശകുനി, മന്ഥരമാർ
നല്ല ബന്ധങ്ങളെ ബന്ധനമാക്കുവാൻ
പാരിലെ ദുഃഖങ്ങൾ, ചതുരംഗകളമാക്കി
പണയം വെക്കുന്നു സുഖസന്തോഷങ്ങൾ.

കണ്ണീരുപ്പിനെ കടലിലേക്കൊഴുക്കി
കദനങ്ങളെക്കൊണ്ട് ചിറയും കെട്ടി
തോൽക്കാനാവാത്ത മനസ്സുമായി
സ്നേഹക്കൂടാരമൊരുക്കിടാമിനിയും.

നാളെത്തെ ഉദയം കാണുമെന്നുറപ്പില്ല
നാളെയീ ലോകത്തെന്താന്നറിയീല
മഹാമാരി പടർന്നു പിടിക്കുമ്പോഴും
വാശി, വൈരാഗ്യങ്ങൾ കടിപിടി കൂട്ടുന്നു.

നല്ല നാളേക്കായി പ്രാർത്ഥിക്കുക നമ്മൾ
നന്മയുടെ പാതയിൽ വഴിവിളക്കാവുക
പ്രത്യാശയുടെ കിരണങ്ങൾ തെളിച്ചു
ജീവിതപാതയിൽ  പ്രകാശം പരത്തീടാം.

Monday, May 11, 2020

നിലാസുന്ദരി

ശാലീനസുന്ദരിയെപ്പോൽ 
അവളെന്നരികിലെത്തി, 
ശാന്തമായിന്നു ഞാൻ 
മൃതിഭയമില്ലാതുറങ്ങി. 

മോഹമോ വ്യാമോഹമോ 
ഇല്ലാതെ, നിലാവിനെ നോക്കി 
നിശയുടെ വിരിമാറിൽ, 
മാനസവീണമീട്ടിയുറങ്ങി. 

കാലം കാണിച്ച സുഖദുഃഖങ്ങൾ 
ദേഹവും ദേഹിയുമേറ്റിടുമ്പോൾ 
കണ്ടാലും കൊണ്ടാലുമറിയാതെ 
കഷ്ടനഷ്ടങ്ങളേറ്റുവാങ്ങുന്നു. 

വിജനമാണിന്നീ പാതകളെങ്കിലും 
വിദൂരമല്ലൊട്ടും പിന്നിട്ടനാളുകൾ 
വേണ്ടെനിക്കിനിയായിരുൾ വഴികൾ 
സ്നേഹിച്ചീടട്ടെയീ ശാലീനഭാവത്തെ. 

മറ്റാർക്കും കേൾക്കാനാവാത്തൊരു 
രാഗധാരയൊഴുകിയെത്തീടുന്നു 
ശാപമോക്ഷം കിട്ടിയപോലെ ഞാൻ 
നിലാസുന്ദരിതൻ മടിയിലുറങ്ങീടുന്നു.

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...