Thursday, April 24, 2014

കുറും കവിതകള്‍

ഹൃദയാകാശത്തില്‍
പുഞ്ചിരിയുമായ്‌
നയന നക്ഷ്ത്രങ്ങള്‍


കൊയ്താലും തീരാത്ത
വിളവ്‌
സത്ക്കര്‍മ്മം


കൈ കോര്‍ക്കുന്ന 
തിന്മയും പാപവും 
കഴുവിലേറും നന്മ


ഗ്യാസ് സ്ടൌവിനെ നോക്കി 
വിഷണ്ണയായ വീട്ടമ്മ 
കൈയില്‍ വിറകുകള്‍


ജ്വലിക്കുന്നു 
രണ്ടു വജ്രങ്ങള്‍
മിഴിനീരാല്‍.....


ആര്‍ത്തി പൂണ്ട കണ്ണുകള്‍ 
പാപക്കറയുമായ്‌
വീശിനടക്കുന്ന കൈകള്‍



ഉരുകി തീരുവോളം
വെളിച്ചം തന്നില്ലേ..
എന്നിട്ടും?

പ്രണയം ..മധുരം

കതിര്‍മണ്ഡപത്തിലെ നിലവിളക്കിന്‍ ശോഭയില്‍ 
പൂത്തുലയുന്നീ  പ്രണയം
ഹൃദയചെപ്പിലെ രക്തകുംകുമം 
നെറുകയില്‍ ചാര്‍ത്തും പ്രണയം
വരണ്ട മനസ്സിനെ തണുപ്പിക്കാനെതുന്ന
കുളിര്‍മഴയാണീ പ്രണയം 
ജീവിത വൃക്ഷത്തില്‍ പൂത്തു കായ്ക്കുന്ന
മധുരഫലമീ പ്രണയം ..
തേനൂറും വാക്കാല്‍ പരിഭവം ചൊല്ലും 
പുതുമണവാട്ടിയെപ്പോല്‍ പ്രണയം
പരിശുദ്ധ സ്നേഹത്താല്‍ ഇരു ഹൃദയങ്ങളെ 
ഒന്നായ് മാറ്റുമീ പ്രണയം 

Monday, April 21, 2014

പൂക്കാത്ത മുല്ല

മുള്‍ മരത്തില്‍ പടര്‍ന്ന മുല്ലവള്ളി നീ 
പൂവിടാന്‍  വൈകുന്നതെന്തേ ?
മങ്കമാര്‍ തന്നുടെ വാര്‍കൂന്തലുകള്‍ 
നിന്‍ പൂവിനായ് കാത്തിരിപ്പൂ...
പുതു മഴ പെയ്തിട്ടും പൂത്തുമ്പി വന്നിട്ടും 
നീ മാത്രമെന്തേ പുഷ്പിക്കുന്നില്ല  .
മൂളിപ്പറക്കുന്ന വണ്ടിനെ പേടിച്ച് 
പൂക്കാതിരുന്നതാണോ?
നിന്‍ സുഗന്ധത്താല്‍ സായൂജ്യമണയാന്‍
കാത്തിരിക്കുന്നു മണല്‍ത്തരികള്‍ ..
പാരില്‍ നിന്നുടെ മലര്‍മണം പരത്താന്‍ 
ചുറ്റിത്തിരിയുന്നു പൂങ്കാറ്റും..






Friday, April 18, 2014

കാവല്‍ക്കാരന്‍

ഇന്നലെ വരെ നീയെന്റെ 
ജീവിത വസന്തമായിരുന്നു.
എന്റെ സ്വപ്നങ്ങളുടെ 
കാവല്‍ മാലാഖയായിരുന്നു..
സ്നേഹത്തിന്റെ ഒരിറ്റു 
കണിക പോലും ബാക്കി വെയ്ക്കാതെ 
മോഹങ്ങളെ കരിച്ചുണക്കി നീ,
വേനലായ്‌ മാറിയിട്ടും ,
പുതിയ മേച്ചില്‍പ്പുറങ്ങള്‍
തേടി അലഞ്ഞില്ല ഞാന്‍...
വാര്‍ദ്ധക്യത്തിന്റെ മണല്‍ക്കാറ്റേറ്റ്,
തളര്‍ന്നു നീയെത്തുമ്പോഴും,
ഉപേക്ഷിച്ചുപോയ കിളിക്കൂടിനു,
കാവല്‍ക്കാരനായ് ഞാനുണ്ടാകും
നിനക്കായ് മാത്രം !
സന്തോഷാശ്രുക്കളാല്‍ നിറംമങ്ങിയ
എന്‍ കണ്ണുകളില്‍ , അപ്പോഴും 
നിനക്ക് മാത്രം വായിക്കാന്‍ കഴിയും...
അക്ഷരങ്ങള്‍ക്കു വഴങ്ങാത്ത ഒരു ഭാഷ!!



Tuesday, April 15, 2014

കുറും കവിതകള്‍

മൌനത്തെ മുറിക്കാന്‍
ജാലകപ്പഴുതിലൂടെ
മഞ്ഞ വെയില്‍


കൊഴിയാറായ പൂവ്
പരിഹാസത്തോടെ
വിടരുന്ന മൊട്ട്


കൈയിലൊരു കല്ല്‌ 
മാവിലല്ലോ 
കണ്ണുകള്‍


കൈനീട്ടമെവിടെ?
മഞ്ഞപ്പട്ടണിഞ്ഞ
പൂമരങ്ങള്‍


താഴെവീണ പക്ഷിക്കൂട് 
ചിറകുമുറ്റാത്ത
പക്ഷിക്കുഞ്ഞ്


മധുരമീ ജീവിതം
സുകൃതമീ ദാമ്പത്യം 
വരദാനം പോലെ 
എന്‍ കണ്മണികള്‍


വീഴാറായ ചായ്പ്പ്
ചിതലരിച്ച 
വിറകുകള്‍


കൈയിലൊരു വാള്‍
ചോരുന്ന കുടിലില്‍ 
കണ്ണീര്‍പ്പുഴ


കടലോളം അറിവും
കൈയിലൊരു ചൂരലുമായ്
ഓര്‍മ്മയിലൊരു ക്ലാസ് മുറി




Friday, April 11, 2014

വിഷുകൈനീട്ടം

ഗുരുവായൂരപ്പനെ 
കണ്ടുതോഴുതപ്പോള്‍
തെളിഞ്ഞത് നിന്‍ പ്രിയ രൂപം ..
ഭഗവാന് സമര്‍പ്പിച്ച 
നിലവിളക്കിന്‍ പ്രഭയില്‍
വിരിഞ്ഞത് നിന്‍ മിഴിപ്പൂക്കള്‍..
അന്ന് നീ ചൊല്ലിയ 
പരിഭവ പിണക്കങ്ങള്‍
അര്‍പ്പിച്ചു കണ്ണന് 
കാണിക്കയായ്..
നടതൊഴുതു തിരികെ 
ഇറങ്ങിയപ്പോള്‍ കണ്ടു
എന്നില്‍ നിറഞ്ഞ 
നിന്‍ മോഹനരൂപം.
കാര്‍മുകില്‍വര്‍ണ്ണന്റെ 
വിഷുക്കൈനീട്ടമായ്
മാനസക്ഷേത്രത്തില്‍ 
പ്രതിഷ്ടിച്ചപ്പോള്‍,
പൂത്തുനില്‍ക്കും 
കണിക്കൊന്നയിലിരുന്നൊരു 
വിഷുപക്ഷിയുടെ മധുരഗാനം..

Saturday, April 5, 2014

കുറും കവിതകള്‍

കല്ലും മുള്ളും നിറഞ്ഞതെങ്കിലും
വിദൂരമല്ല 
സത്യത്തിലേക്കുള്ള പാത

ഇരു ഹൃദയങ്ങളെ
ഒന്നിപ്പിക്കുന്നു
ഒരുതരി പൊന്ന്

ജീവിതസായാഹ്നം
ആശങ്ക
വൃദ്ധസദനം

മനസ്സില്‍ നിറയ്ക്കും
മധുരം
കലാലയ കാലം

അന്യരുടെ ദയ 
ദുര്‍ബലം 
ജീവിതം

തോളിലെ സഞ്ചി 
നിറയുന്ന അറിവ് 
പുസ്തകം

ഹൃദയ ചെപ്പിലെ
നീരുറവ
കണ്ണീര്‍

കൊടുങ്കാറ്റിനെക്കാള്‍ 
ഭയാനകം 
ദുഷിച്ച നാവ്.

പുതുമഴയില്‍ പൂവിട്ട പ്രണയം
പെരുമഴ വന്നപ്പോള്‍ 
ഒലിച്ചുപോയീ...

ഓട്ടുവിളക്കിന്റെ 
തിരിയില്‍ തെളിയുന്ന 
പഴമയുടെ സുഗന്ധം

ശാന്തമായൊഴുകുന്ന പുഴ
നഞ്ചു കലക്കുന്ന 
ദ്രോഹികള്‍


ഇരുട്ട് നിറഞ്ഞ മനസ്സില്‍ ,
നിഴലുകള്‍ പോലെ 
സത്യങ്ങള്‍ .

കുറും കവിതകള്‍

അകലുന്ന ഹൃദയങ്ങള്‍ 
മൂകസാക്ഷി 
പ്രണയം

കൂട്ടിലടച്ച കിളിയുടെ 
പിടച്ചില്‍ 
ക്രൂരത നിറഞ്ഞ 
കണ്ണിനു കുളിര്‍മ്മ

ചില ബന്ധങ്ങള്‍ക്ക് 
വാഴനാരിന്റെ 
ഈടും ബലവും

ചേമ്പിലയില്‍ വീണ 
മഴത്തുള്ളികള്‍ 
ഇന്നത്തെ സൗഹൃദം

പച്ചവേഷമിട്ടു വന്നവര്‍
കത്തി വേഷമാടുമ്പോള്‍
വേഷങ്ങളെന്തെന്നറിയാതെ
ആട്ടക്കഥ കാണുന്നു നാം...

കൂടെ നടന്നു ചതിക്കുന്ന
മിത്രത്തെക്കാള്‍ നല്ലത് ,
അകന്നു നിന്നു

പരിഹസിക്കുന്ന  ശത്രു തന്നെ..

കുറും കവിതകള്‍

കനവില്‍ വിരിയുന്ന
വാടാമലര്‍
പ്രണയം

കണ്ണുനീര്‍ 
മറച്ച് 
മഴത്തുള്ളികള്‍ 

മുല്ലമൊട്ടില്‍
വിരിയുന്ന മോഹം 
പൂത്താലി

ഹൃദയവാടിയില്‍ 
നാണപ്പൂക്കള്‍
കുസൃതി പുഞ്ചിരി

കണ്ണീരില്‍ കുതിര്‍ന്ന 
വെള്ളപ്പൂക്കള്‍ 
മരണത്തിന്റെ ഗന്ധം

പാറ്റി പെറുക്കിയ
പതിരുകള്‍
കൊത്തി പെറുക്കുന്നു

കരയുന്ന കുഞ്ഞ്
ചിരിക്കുന്നു 
കിലുക്കാംപെട്ടി


ഉപേക്ഷിക്കപ്പെട്ട 
കിളിക്കൂട്‌
ഉണക്കച്ചില്ല

മിന്നാമിന്നി വെട്ടവുമായ്‌ 
ഞൊണ്ടി വരുന്നു 
ചാട്ടവാറിന്റെ വേദനയില്‍

മാനം നോക്കി 
കഥ ചൊല്ലുന്നു
ഒക്കത്തൊരു കുഞ്ഞ്

ഓളം വെട്ടുന്ന ലഹരി 
ആക്ഷേപഹാസ്യ മായ്
അകത്തളം

കുഞ്ഞുവാവയെ നോക്കി 
പനിക്കൂര്‍ക്കയില 
കള്ളച്ചിരിയോടെ


വസന്തത്തെ ഉണക്കാന്‍ 
വരവായ്
വെയില്‍ നാളം


തെക്കേപറമ്പില്‍ ഒരു
തെങ്ങിന്‍ തൈ
കണ്ണീര്‍ പൂക്കള്‍

എച്ചിലിലയ്ക്കു മുന്നില്‍
ദയനീയ മുഖം
വിശപ്പിന്റെ വിളി

Friday, April 4, 2014

കുറും കവിതകള്‍

 

കുളിരുമായ് ഒരു
തെന്നല്‍ 
മഴയുടെ മണം

ആകാശത്തു പറക്കുന്ന
യന്ത്രപ്പക്ഷി 
കൌതകത്തോടെ ബാല്യം

അന്ന് കയ്പ്പ്
ഇന്ന് മധുരം
ചൂരല്‍ കഷായം 


അച്ഛന്റെ വാത്സല്യം 
അമ്മയുടെ താരാട്ട് 
കുഞ്ഞികണ്ണുകളില്‍
പുഞ്ചിരിപ്പൂക്കള്‍..

ഓര്‍മ്മകളില്‍ 
തളിരിടുന്നു 
ബാല്യകാലം

കമ്പി പൊട്ടിയ 
തംബുരു 
വിഷാദ രാഗം

മഴ നൂലുകള്‍ നോക്കി 
പിടയുന്നു 
പരല്‍മീനുകള്‍

പഞ്ചവര്‍ണ്ണക്കിളിയുടെ 
തൂവലുരിഞ്ഞു 
നാവു കൊണ്ടൊരു കാട്ടാളന്‍

അമിത സ്നേഹം
ആപത്ത്
സ്വാര്‍ത്ഥത


Thursday, April 3, 2014

സ്വപ്ന റാണി

കാച്ചെണ്ണ തേച്ച നിന്‍ കാര്‍കൂന്തലില്‍ 
ചുംബിച്ചുറങ്ങുന്ന തുളസി ക്കതിര്‍ .
ഗഗന നീലിമയില്‍ നോക്കി നില്‍ക്കെ 
പിടയുന്നു നിന്നുടെ കരിമിഴികള്‍ ..
കതിരോന്റെ കിരണങ്ങളെല്ക്കുമ്പോലെ
തിളങ്ങുന്നു നിന്റെ കവിളിണകള്‍.
അധരത്തില്‍ അലിയുന്ന 
കുസൃതി പുഞ്ചിരിയില്‍ ,
വിരിയുന്നു  നാണത്തിന്‍പൂക്കള്‍. 
കൊഴിയുന്ന ഇതളുകള്‍ 
പെറുക്കിയെടുത്തെന്റെ,
ഹൃദയത്തില്‍ കൊരുത്തൊരു 
പ്രണയഹാരം ...
കണ്ണുകള്‍കൊണ്ട് കവിതയെഴുതിയ 
നിന്‍ ഉടലഴകില്‍ ചാര്തീടുമ്പോള്‍ ,
ഉദിച്ചുയരുന്ന സൂര്യനെ പോലെ 
ജ്വലിച്ചു നില്‍ക്കുന്നെന്‍ സ്വപ്നറാണി.


Wednesday, April 2, 2014

പല മുഖങ്ങള്‍

അപ്രതീക്ഷിതമായി 
കണ്ടു ഞാനിന്നവനെ,
നിര്‍വികാരതയെന്തന്നറിഞ്ഞു...
കരയാനും ചിരിക്കാനും 
വയ്യാത്തൊരവസ്ഥയില്‍.
വഴിയോരയാത്രികര്‍ 
മാത്രമായ്...
വാക്കിന്റെ മൂര്‍ച്ചയില്‍ 
വെട്ടിനുറുക്കി,എന്‍ 
വേദന കണ്ടു രസിച്ചു 
ചിരിക്കുമ്പോള്‍ ...
കണ്ടു ഞാനവനിലെ 
കുറുക്കന്റെ ബുദ്ധിയും,
ആരോരുമറിയാത്ത 
അഴിയാത്ത മുഖവും ..
പ്രതികാരമുള്ളിലും 
വദനത്തില്‍ പുഞ്ചിരിയും 
പരിചിത ഭാവത്തില്‍ 
പലരിലും പടരുമ്പോള്‍ ,
വീഴാതിരിക്കട്ടെ.. അവനുടെ വലയില്‍ 
കഥയറിയാതെ ,മറ്റൊരു മാന്‍പേട.

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...