Monday, June 19, 2017

വിധി

അറിവില്ലായ്മതൻ നാളുകളിലെ നിലവിളികളില്‍നിന്നും വികാരതീവ്രതയുടെ കുറുകലിലേക്കവളെ കൊണ്ടെത്തിച്ചതാരാവാം ? വിശപ്പിന്റെ ദയനീയതയില്‍നിന്നും ആഡംബരത്തിന്റെ ആര്‍ത്തിയിലേക്ക് അവളെത്തിയതെങ്ങനെ ? സ്വച്ഛഗ്രാമത്തിലെ , പുകയുന്നടുപ്പില്‍നിന്നും നഗരസന്ധ്യയിലെ ബുഫെകളിലേക്കവൾ എങ്ങനെയാണെത്തിയത് ? കുഞ്ഞുമിഴികളിലെ മേഘപ്പെയ്തില്‍നിന്നും മിഴിപ്പീലികളെ വശ്യമായതുടുപ്പിലേക്ക് ആകര്‍ഷിച്ചനുരയുന്നപൂണ്ട ചിന്തകളെങ്ങനെയറിയും ? പുതുവര്‍ഷത്തിന്റെ ലാസ്യലഹരിയില്‍നിന്നിയും വേനലിൻവറുതിക്കെത്ര ദൂരം ! കുടിലില്‍നിന്നും കൊട്ടാരത്തിലേക്കുള്ള വേഗപ്പാച്ചിലിനിടയില്‍ നഷ്ടപ്പെട്ട യൌവനം നരച്ചുതുടങ്ങിയ ചിന്തകളായി പിറുപിറുക്കുമ്പോള്‍ ചോര്‍ന്നൊലിച്ചിന്ന് കൂരയിൽമിഴിപ്പെയ്ത്തുകൾ ! സ്വയമുരുകി ,പ്രാകിക്കൊണ്ട്‌ കൂരിരുട്ടിലേക്ക് മെല്ലെമെല്ലെ പിച്ചവെക്കുന്നൊരുവളുടെ മനസ്സ് ഇവിടെയാരിന്ന് കാണുവാൻ ? ജീവിതതുലാസിലടിതെറ്റി ആടിയാടി കൂനിപ്പിടിച്ച് തെല്ലും ,ആര്ത്തിയില്ലാതെ തെരുവിൻ കലപിലക്കിടയിൽ കുഴഞ്ഞുവീഴുമ്പോള്‍ അവളേത്, ചിതലിന്റെഭോജ്യമാവാം ? കഴുകിയാല്‍ തീരാത്ത പാപക്കറയാല്‍.. ദേഹിവേര്‍പ്പെടുമ്പോള്‍.. കാമിച്ച കണ്ണുകളിലറപ്പിന്റെയും
വെറുപ്പിന്റെയും ഈച്ചകൾ അരിച്ചിറങ്ങിയദേഹമെത്ര വികൃതം !!

Saturday, June 17, 2017

പുതു വെളിച്ചം

അകലെയൊരിത്തിരി നറുവെളിച്ചം
മിഴിയിലേക്കിറ്റി പതിച്ചുവെന്നാൽ,
ആലംബമില്ലാക്കുടുസ്സകത്ത്
തേങ്ങുവാൻമാത്രം വിധിയിവര്‍ക്ക്.

നിറമുള്ള കാഴ്ചകളന്യമല്ലോ;
നിഴലുപോലെത്തുന്നഴലുകളും.
അറിവിന്‍റെ പാതയിലൂടെ നീങ്ങി
നിറവാർന്നലോകം പടുത്തുയർത്താൻ,
ഒരു കൈ സഹായമതെത്ര പുണ്യം !

വിജ്ഞാനപ്പൂത്തിരി കൈയിലേന്തി
ഒരു നവപുലരിയ്ക്കായ് വിത്തു പാകാം,
പുത്തൻ പ്രതീക്ഷതൻ പൊൻവെളിച്ചം
പാരിതിലാകെപ്പരന്നിടേണം,
അതുകണ്ട് പുളകം വിരിഞ്ഞിടേണം

ഒരുപുതുലോകം പിറക്കവേണം.

Thursday, June 15, 2017

ജീവിതക്കവല

അതിഥിമന്ദിരമായിരുന്നൊരുനാളാ വീട്... രാവോള൦ ചുട്ടു നീറിയടുക്കളയു൦ .. ആരോരുമറിയാതെ നിറയു൦ മിഴികളെ അതിഥികളുടെ കളി ചിരിയാൽ മറച്ചു... യാത്രപോലും ചൊല്ലാതെ പലരു൦ പിരിഞ്ഞു.. ഭള്ളു പറഞ്ഞും പരാതിപ്പെട്ടും പിന്നെയു൦ ചിലർ കൂടെനടന്നു ... പാട്ടുപാടി പാട്ടിലാക്കിയു൦ ആട്ടമാടി അരങ്ങു തകർത്തു൦ ജീവിത൦ നാടകക്കളരിയാക്കി പൊട്ടിച്ചിരിച്ചും അട്ടഹസിച്ചും നാനാതലങ്ങളിൽ പറന്നു പോയി .. ശാന്തമാണിന്നാകൂട്ടിൽ ... സായംസന്ധ്യയുടെ ശാന്തതയിൽ അഗതികൾക്കായാടുക്കളയിൽ ഒരുക്കുന്നു സ്നേഹത്തിൻ മധുരസദ്യ

Wednesday, June 14, 2017

കിനാവ്‌

നിലാമഴ കണ്ട് നിന്‍ നിഴല്‍പ്പായയില്‍ നിന്നോരം ചേര്‍ന്നിരുന്ന് നക്ഷത്രങ്ങളോട് നമ്മുടെ കഥ പറയണം..
നിദ്ര മറന്ന മിഴികളില്‍ നിതാന്ത സ്നേഹത്തിന്‍ നിത്യ പ്രകാശം തെളിക്കണം
ഇലപടര്‍പ്പിനിടയിലൂടെ ഒളിഞ്ഞു നോക്കുന്ന ചാരുചന്ദ്രികയെ നോക്കി നൂല്‍ക്കവിതകള്‍ ചൊല്ലണം
അര്‍ത്ഥമില്ലാത്ത വരികളെങ്കിലും
നിന്‍കാതില്‍ മൂളുമ്പോള്‍
ഒരായിരം ചിറകടിയൊച്ചകള്‍
താളം പിടിക്കണം..
കാമമില്ലാപ്രണയത്തിന്‍ രാഗഭാവങ്ങള്‍ നിന്‍ കരളില്‍ കോറിയിടണം
മറ്റാരും കാണാതെ ചുംബനപ്പൂക്കളാല് പൊതിയണം
പുലര്‍കാല സ്വപ്നത്തിന്‍ ആലസ്യത്തില്‍, ഹൃദയത്തിലെഴുതിയ കവിതയെ പുണര്‍ന്ന് മരങ്ങളോടും കിളികളോടും
കിന്നാരം ചൊല്ലി, ആമോദത്തോടെ
പുതുപുലരിയെ വരവേല്‍ക്കണം..

Saturday, June 10, 2017

സ്നേഹവീണ.

അകലെയാണെങ്കിലു൦ അടരുവാനാവാതെ കനവിലൊരു മോഹമായ്‌ പൂത്തിരുന്നു...! രാഗമായെൻ ജീവ- വീണയിൽ നീ പ്രേമ- സ്പന്ദനമായി നിറഞ്ഞ നേരം, സ്നേഹമേ.. മങ്ങാത്ത വർണ്ണമേ ഞാൻ നിന- ക്കായെന്റെ ജന്മം പകർന്നു നൽകീ... പ്രാണൻ വെടിഞ്ഞാലുമീ ചങ്കിൻ സ്നേഹത്തിൻ പരിമളം പാരിൽ നിറഞ്ഞുനില്ക്കും... ഉരുകി ഞാൻ തീർന്നാലു൦ ഒരുതരി വെട്ടമായ്‌ നിൻ മിഴിയ്ക്കെന്നും പ്രകാശമേകും... ദേഹമെരിഞ്ഞാലു൦ പോകുവാനാവാതെ ദേഹി അവനിയിൽ നിന്നെത്തേടും... വാടാത്ത സ്നേഹത്തിൻ കൊഴിയാത്ത പൂവായി .. ജന്മങ്ങളോളം ഞാൻ കാത്തിരിക്കും.. അകലെയാണെങ്കിലു൦ മങ്ങാതെ,മായാതെ കനവിലൊരു മോഹമായ്‌ പൂത്തുനില്ക്കാം.....

Thursday, June 8, 2017

ചതുരംഗക്കളം

കഴുതയെപ്പോലെ
അവിശ്വാസത്തിന്റെ ഭാണ്ഡക്കെട്ടും പേറി
കുതിരയെപ്പോലെ പായുന്ന കാലം...! പൊട്ടിച്ചിരിക്കുന്ന
പൊതുജനത്തിനു മുന്നില്‍ മിന്നിത്തിളങ്ങുന്ന
അഭിനയക്കോലങ്ങള്‍ ...! വെട്ടിപ്പിടിച്ചു
മുന്നേറുമ്പോഴും
നഷ്ടത്തിലേക്ക്‌ കുതിക്കുന്ന
ജീവിത യാഥാര്ഥ്യങ്ങൾ, പഴംകഥകള്‍ക്കു
ചുണ്ണാമ്പ് തേച്ചു മുറുക്കിത്തുപ്പുന്ന
വഴിയോരക്കാഴ്ച്ചകള്‍..! ആടിത്തിമിര്ക്കുന്ന
ദുരാഗ്രഹങ്ങള്‍ക്കിടയില്‍ ചതഞ്ഞുവീഴുന്ന
വെറുംവാക്കുകള്‍..! നിശ്ശബ്ദത്തേങ്ങലിൽ
ഉരുകിതീരുന്നു അന്ധകാരംനിറഞ്ഞ
പുകയടുപ്പുകള്‍...! മുറിവുകളില്‍ പച്ചമണ്ണ്‍
പൊതിഞ്ഞുകെട്ടി നീരുറവ കാത്തിരിക്കുന്നു
ചില പ്രതീക്ഷകള്‍ .!

Friday, June 2, 2017

തഴപ്പായകള്‍

പകലിന്റെ ചൂടിലും പുകച്ചുരുളുകളുടെ കറയിലും മങ്ങിപ്പോകുന്ന ദിനരാത്രങ്ങള്‍.. തട്ടിയും മുട്ടിയും, ചുമച്ചും കിതച്ചും പകലോന്‍റെ മടക്കം.. നടുവുനിവര്‍ക്കാന്‍ തറയില്‍ നിവര്‍ന്നു കിടക്കുമ്പോള്‍.. പൊടിതട്ടി പൊങ്ങുന്ന രാവിന്റെ ചുടുനിശ്വാസം.. വിയര്‍പ്പിന്റെ ലഹരിയില്‍ തളര്‍ന്നു മയങ്ങുമ്പോഴേക്കും വെള്ളിക്കീറുമായി കോഴിയുടെ കൂവല്‍.. മാറ്റങ്ങളില്ലാത്ത ജീവിതചര്യകളുമായി വീടിന്റെ മൂലയില്‍ ഒടുങ്ങിതീരുന്നു പൊടിഞ്ഞു തുടങ്ങിയ തഴപ്പായകള്‍..!

Thursday, June 1, 2017

കൂടൊഴിയുന്ന പക്ഷികൾ

വിളിക്കാതെയെത്തുമൊരതിഥി ,
നാളേറെയായ് ,
അവനെന്റെനിഴലായ് 
പിരിയാനാവാത്തൊരുസത്യം.
സായന്തനങ്ങൾ കറുക്കുന്നു
അവനുണ്ട് ,
കുന്തിരിക്കത്തിന്റെഗന്ധം.
കത്തിജ്വലിക്കുന്ന സ്മരണകളില്‍
ദുശ്ശകുനമായെന്നുമെത്തുന്നവന്‍ 
യമകിങ്കരന്മാരെപ്പോലെ ,
രൗദ്ര ,പൈശാചികഭാവങ്ങള്‍..
രാത്രികളിലാടുന്നു താണ്ഡവം. 
ഉറക്കംകെടുത്തുന്ന കറുത്തപക്ഷി 
വരവറിയിക്കുന്ന ശ്വാനഗീതം .
രംഗബോധമില്ലാത്തൊരു കോമാളി..
അവനെന്നിലാടിത്തിമിർക്കുന്നു..
ചിതാഗ്നിയാലേ നിത്യശാന്തി..!!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...