Friday, January 28, 2022

കാലം മാറിയിട്ടും


കാലം മാറിവന്നിട്ടും 

നീയേകിയ പെരുമഴക്കാല- 

മെന്തേ എന്നെവിട്ടു പോയീലാ?


എത്ര വേനലുകൾ മാറിവന്നിട്ടും

നീ തന്ന മുറിവിടങ്ങളെന്തേ 

ഇനിയുമുണങ്ങീലാ?

ഋതുക്കൾ മാറി വന്നിട്ടും

നമ്മൾക്കിടയിലെന്തേ

വസന്തമെത്തീലാ?

മഞ്ഞുപൂക്കൾ കൊഴിയുന്നു;

മകരപ്പെയ്ത്തിൽ നനയുകയാണു ഞാൻ!

സായാഹ്നമണയാറായി;

കൂടുമാറിപ്പോയ നീയിന്നാരെ തേടുന്നു?

നിന്റെ ചിറകുകൾക്കു ബലം കുറഞ്ഞുവോ?

താണു പറക്കുകയിനിയും,

തളരാതെ കൂടണയുക. 

നോക്കൂ, കിളിവാതിൽ 

തുറന്നു കിടക്കയാണിപ്പോഴും.

നേർത്തു കേൾക്കുന്നുവോ

ആ പൂങ്കുയിൽ നാദം!

ഓർമ്മച്ചിത്രം

അച്ഛന്റെ കൈവിരൽ തൂങ്ങി നടന്ന ബാല്യം

അല്ലലേതുമേ അറിയാഞ്ഞ കാലം,

വാത്സല്യച്ചൂടിൽ മയങ്ങിക്കിടക്കുമ്പോൾ

അച്ഛനാണീലോകമെന്നറിഞ്ഞ കാലം.


എത്രയോ സുന്ദരക്കാഴ്ചകൾ കണ്ട് 

പാടവരമ്പിലൂടെയോടി നടന്നു..

തൂക്കുപാത്രത്തിലെ ചൂടുകഞ്ഞിക്കന്നു

അച്ഛന്റെ വിയർപ്പെന്നറിയാഞ്ഞ കാലം.


ഓടിനടന്നെല്ലാം നേടിക്കഴിയുമ്പോൾ 

ഓർമ്മകൾ താലോലം പാടിടുമ്പോൾ

തെക്കെപ്പറമ്പിലെ തെങ്ങോലത്തുമ്പത്ത്

പമ്പരമാകുന്നെൻ ബാല്യകാലം!




Tuesday, January 18, 2022

രാവിന്റെ സന്തതികൾ

ഹിമമഴനനഞ്ഞൊരു

നിശയുടെ വിരിമാറിൽ

കിനാവുകണ്ടു  മയങ്ങുന്നേനേരം

പരിഭവമോതി സുഗന്ധമായ്

പുലരികാണാത്തൊരു

നിശാഗന്ധി.


നിലാചേല ചുറ്റിയയവളുടെ

മോഹനരൂപത്തിൽ മയങ്ങി

പ്രണയം തുളുമ്പും യാമത്തിൽ

കൊതിയൂറി നിൽക്കുന്ന മുഴുത്തിങ്കൾ.


പല പൂവുകളിലെ 

മധു നുകരുന്ന 

'പകൽശലഭ'ങ്ങൾക്കറിയില്ലല്ലോ,

പാതിരാവിൽ വിരിഞ്ഞു

കൊഴിയുമൊരു

നിശാഗന്ധിയുടെ നൊമ്പരം!


ജീവിതവേനൽച്ചൂടേറ്റു 

സ്വത്വത്തിൻ തടവറയിൽ

തമസ്സുമായി കണ്ണു പൊത്തിക്കളിക്കുകയാണ്

ചില നിശാശലഭങ്ങൾ.


സ്നേഹപ്രഭയാർന്ന

ഒരു തരി വെട്ടവും കാത്ത് 

ഒളിച്ചുകളിക്കുന്ന

മോഹക്കാറ്റിൽ

പൊട്ടിച്ചിരിച്ചങ്ങനെ..

രാവിന്റെ സന്തതികൾ!

Thursday, January 13, 2022

ബന്ധങ്ങൾ


ആത്മാർത്ഥസ്നേഹമുള്ളവർക്കിടയിലേ

ആത്മബന്ധങ്ങളുടലെടുക്കൂ.

ആത്മാവിൽ തൊട്ടൊരാൾ കൂടെയുണ്ടെങ്കിൽ

ആയിരംപേർ കൂടെ വേണ്ടതില്ല.


ഉപാധികളില്ലാത്ത സ്നേഹമുണ്ടെങ്കിൽ

ഉയിരു പോവോളവും കൂടെനിൽക്കും.

ഉച്ചനീചത്വങ്ങളേതുമില്ലാതവർ നമ്മെ 

ഉന്നതിയിലേക്കുയർത്തീടുമല്ലോ ..


പതറാതെ മുന്നേറി കൂടെനിൽക്കാൻ,

പരസ്പരസ്നേഹത്താൽ കൈകോർക്കണം.

പരിഭവപരാതികളൊന്നുമേയില്ലാതെ

ആത്മബന്ധത്താൽ നമുക്കു നീങ്ങാം!



ബാല്യം

ശാന്തമായൊഴുകുന്ന 

പുഴയിലൂടൊഴുകുകയാണെന്റെ

മാനസത്തോണി!

പണ്ടു നാമൊന്നായ് തുഴഞ്ഞൊര- 

ക്കടലാസുവഞ്ചിയെ-

ന്നോർമ്മതൻ തീരത്തണഞ്ഞ നേരം,

ഓളങ്ങൾ തൻ താളപ്പെരുമയിൽ

ബാല്യത്തിലേക്കു കുതിക്കുന്നു മാനസം.

കൈവിട്ടു പോയോരാകൂട്ടുകാ-

രൊക്കെയിന്നെവിടെയെന്നറിയില്ല..

സായാഹ്നസൂര്യൻ കുങ്കുമ൦ തൊട്ടൊരീ-

സന്ധ്യതൻ തിരുമുറ്റത്തിന്നിരിക്കുമ്പോൾ 

കുസൃതികാട്ടിക്കൊണ്ടു പൊട്ടി-

ച്ചിരിക്കുന്നു വർഷങ്ങൾ കൊഴി-

യുന്നതറിയാതെയിപ്പൊഴും

മനസ്സിലെ മഞ്ചാടിമണികൾ!..

എത്ര മനോഹരമോർമ്മയിൽ നഷ്ട-

വസന്തങ്ങൾ പൂത്തിടും ഗതകാലം!

മഞ്ചാടിമണി വാരിവിതറിയകളങ്കമാ-

യോടിത്തുന്നൊരെൻ ബാല്യം!

Monday, January 10, 2022

ആത്മബന്ധം

മണ്ണിന്റെ കുളിരുമിപ്പൂക്കളും മലകളും,

സ്വർണ്ണനെൽക്കുലകളാടും വയൽക്കൂട്ടവും

ആർദ്രമായെന്നെ തലാടും സമീരനും

അസ്തമയസൂര്യനുമന്തിമേഘങ്ങളും 

തീരങ്ങളോടു കിന്നാരം പറഞ്ഞൊഴുകു-

മഴകാർന്ന പുഴകളും തോടും കിളികളും

കട്ടിക്കരിങ്കല്ലുതട്ടിച്ചിരിച്ചൊഴുകു-

മഴകാർന്ന കാട്ടാറിനതിമധുരഗീതവും

എല്ലാം വെടിഞ്ഞു ഞാനെങ്ങുപോകാനാത്മ-

ബന്ധം മുറിച്ചുമാറ്റീടുവാനാകുമോ?

സ്വാർത്ഥമറിയാത്ത പ്രണയത്തിലിന്നീശന്റെ

കൈയൊപ്പുമായ്ക്കുവാനാവില്ലൊരിക്കലും!

Thursday, January 6, 2022

ആർക്കോവേണ്ടി

ഒറ്റപ്പെട്ടവരുടെ ഗദ്ഗദങ്ങളിൽ 

ഉള്ളിലെ സങ്കടകണ്ണീരിൽ റോസാച്ചെടികൾ 

തഴച്ചുവളർന്നു പുഷ്പിണിയാകുന്നു. 

കാഴ്ചക്കാർക്ക് അപ്പോഴും 

നയനമനോഹരിയാണവൾ.

മൊട്ടിട്ടു നിൽക്കുന്ന ചെടിയെ 

മുള്ളിനെ മറന്ന് അവർ താലോലിക്കുന്നു. 


ഒറ്റപ്പെട്ട മനസ്സിലെ ഹൃദയരക്തത്താൽ 

കടുംചോപ്പുനിറം ഇതളുകളിൽ 

സുന്ദരചിത്രം വരയ്ക്കുമ്പോൾ 

ഹാ.. നോക്കുന്നവർക്കെന്തു രസം.. !


ഇളകിമറയുന്ന സങ്കടക്കടലിൽ 

അറ്റുപോകാത്ത വേരുകളിൽ 

ചെടികൾ വീണ്ടും പൊട്ടിമുളയ്ക്കുന്നു

ആർക്കോ ഇറുത്തെടുക്കാൻവേണ്ടി മാത്രം!


തണുത്തുറഞ്ഞ മനസ്സിന്റെ 

വിഷാദഗീതത്തിൻ ചൂടിൽ 

വാടിത്തളർന്ന ചെടികളിലെ 

പഴുത്തയിലകൾ കൊഴിഞ്ഞുവീഴുന്നു. 


പൂത്തുനിന്ന  സുന്ദരകുസുമങ്ങൾ 

ആസ്വാദനലഹരിയാൽ മത്തുപിടിച്ചുപോയ 

കശ്മലന്മാരുടെ കൈകളിലമർന്ന് 

ചവറ്റുകൂനയിലും മരക്കൊമ്പിലും 

അഴുകി വീണാർക്കൊക്കെയോ 

വീണ്ടും തഴച്ചുവളരാൻ വളമാകുന്നു!

Monday, January 3, 2022

പിറവി

ഇനിയുമുണ്ടൊരുജന്മമെങ്കിലീഭൂവിലൊരു

മലരായ് ജനിക്കണമെനിക്കതാണാഗ്രഹം!

എങ്ങും സുഗന്ധം പരത്തണം, പിന്നെയൊരു

മരമായ് വളർന്നേറെ പന്തലിച്ചുയരണം!


കിളികൾക്കൊരഭയമായ്, മണ്ണിതിൽ തണലായി-

മാറണം, മനസ്സിലൊരു കുളിരായി നിറയണം.

തെളിനീർപ്രവാഹമായ്ത്തീരണം, വരളുന്ന

മണ്ണിന്റെ നിറവിനായ്, കുളിരിനായെപ്പൊഴും!


വീണ്ടുമൊരു മഴയായ് തിമർത്തുപെയ്തീടണം,

മണ്ണിതിൽ പുഴയായ് പിറക്കണം, നാടിന്റെ-

ദുരിതങ്ങളെല്ലാമൊഴുക്കണം, നന്മത

ന്നലകളായ്, നിറവിനായ് നാടെങ്ങുമൊഴുകണം!


വീണ്ടുമൊരു ജന്മമുണ്ടെങ്കിൽ മനുഷ്യനായ്

മണ്ണിതിൽത്തന്നെ പിറക്കണം, ഏഴകൾ-

ക്കഭയമായ്, കണ്ണുനീരൊപ്പാൻ ജനിക്കണം,

മണ്ണിന്നൊരോമനയായ്ത്തീരണം!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...