ഇനിയുമുണ്ടൊരുജന്മമെങ്കിലീഭൂവിലൊരു
മലരായ് ജനിക്കണമെനിക്കതാണാഗ്രഹം!
എങ്ങും സുഗന്ധം പരത്തണം, പിന്നെയൊരു
മരമായ് വളർന്നേറെ പന്തലിച്ചുയരണം!
കിളികൾക്കൊരഭയമായ്, മണ്ണിതിൽ തണലായി-
മാറണം, മനസ്സിലൊരു കുളിരായി നിറയണം.
തെളിനീർപ്രവാഹമായ്ത്തീരണം, വരളുന്ന
മണ്ണിന്റെ നിറവിനായ്, കുളിരിനായെപ്പൊഴും!
വീണ്ടുമൊരു മഴയായ് തിമർത്തുപെയ്തീടണം,
മണ്ണിതിൽ പുഴയായ് പിറക്കണം, നാടിന്റെ-
ദുരിതങ്ങളെല്ലാമൊഴുക്കണം, നന്മത
ന്നലകളായ്, നിറവിനായ് നാടെങ്ങുമൊഴുകണം!
വീണ്ടുമൊരു ജന്മമുണ്ടെങ്കിൽ മനുഷ്യനായ്
മണ്ണിതിൽത്തന്നെ പിറക്കണം, ഏഴകൾ-
ക്കഭയമായ്, കണ്ണുനീരൊപ്പാൻ ജനിക്കണം,
മണ്ണിന്നൊരോമനയായ്ത്തീരണം!
No comments:
Post a Comment