ഹിമമഴനനഞ്ഞൊരു
നിശയുടെ വിരിമാറിൽ
കിനാവുകണ്ടു മയങ്ങുന്നേനേരം
പരിഭവമോതി സുഗന്ധമായ്
പുലരികാണാത്തൊരു
നിശാഗന്ധി.
നിലാചേല ചുറ്റിയയവളുടെ
മോഹനരൂപത്തിൽ മയങ്ങി
പ്രണയം തുളുമ്പും യാമത്തിൽ
കൊതിയൂറി നിൽക്കുന്ന മുഴുത്തിങ്കൾ.
പല പൂവുകളിലെ
മധു നുകരുന്ന
'പകൽശലഭ'ങ്ങൾക്കറിയില്ലല്ലോ,
പാതിരാവിൽ വിരിഞ്ഞു
കൊഴിയുമൊരു
നിശാഗന്ധിയുടെ നൊമ്പരം!
ജീവിതവേനൽച്ചൂടേറ്റു
സ്വത്വത്തിൻ തടവറയിൽ
തമസ്സുമായി കണ്ണു പൊത്തിക്കളിക്കുകയാണ്
ചില നിശാശലഭങ്ങൾ.
സ്നേഹപ്രഭയാർന്ന
ഒരു തരി വെട്ടവും കാത്ത്
ഒളിച്ചുകളിക്കുന്ന
മോഹക്കാറ്റിൽ
പൊട്ടിച്ചിരിച്ചങ്ങനെ..
രാവിന്റെ സന്തതികൾ!
No comments:
Post a Comment