Wednesday, March 30, 2016

പുഴയുടെ രോദനം

ജീവിതത്തിന്റെ താളം തെറ്റവേ,
തന്നെ സ്നേഹിച്ച്
താലോലിച്ച് മറഞ്ഞുപോയവരെ
പുഴ ഓർത്തു.....


തന്നിലേയ്ക്കു വലിച്ചെറിഞ്ഞ
മാലിന്യങ്ങളുടെ
ദുർഗന്ധവും പേറി

നേർത്തു പോയ പുഴ

 അവളുടെ മാറില്‍ 
കാട്ടുപുല്ലും പൊന്തയും..

ഒടുക്കം....
ഒരു അടയാളവും 
ബാക്കിവെക്കാതെ
അപ്രത്യക്ഷമായി....

തിരയും തീരവും

തിരയേകും
ചുംബനനിറവിൽ
തീരംകൊള്ളും
നിർവൃതിയുടെ ആഴം
കടലോളം....!
നിരന്തരം പകർന്നു കിട്ടുന്ന
ആ നിർവൃതിയുടെ
അനിർവ്വചനീയ നിമിഷങ്ങളാവണം
വീണ്ടും വീണ്ടും
തിരിച്ചുവരാനുള്ള ഊർജ്ജം
തിരയ്ക്കു
സമ്മാനിക്കുന്നത്.

സ്നേഹം കൊടുത്തും നുകർന്നും
നമുക്കും ഊർജ്ജദായകരാവാം

ചില ചിന്തകള്‍...ചെറിയ വരികളിലൂടെ..

ഇണങ്ങിയതിൽ കൂടുതൽ
പിണങ്ങിയിട്ടും എന്തേ
നിന്നോടിത്ര സ്നേഹം..!


കണ്ണീർക്കടലിൽനിന്നു-
ദിക്കുന്നൊരുസൂര്യൻ;
പ്രതീക്ഷ കൈവിടാതെ.


നിഴലിനെന്തൊരഴകാ 
നിലാവുതൂവിയ മേട്ടിൽ; 
നീലരാവേ നീയും...!


ആകാശമേ,നീയൊരു
കുളിർമഴയായ് പെയ്തിറങ്ങി,
എരിയുമീഭൂമിയ്ക്കുവരമാവുക.


നിറസ്നേഹത്തിൻറെ മഹാ- 
സാഗരംതന്നെയാണ് ഓരോ 
കുഞ്ഞരുവിയും ലക്ഷ്യമിടുന്നത്.


അടർന്നുവീണ
സ്വപ്നത്തിൻ കവിളിൽ
കണ്ണുനീർനനവ്.


ചുരുട്ടിവെച്ച പായ-
ക്കുള്ളിൽ കൺമിഴിക്കുന്നു
അന്ധവിശ്വാസങ്ങൾ....!


കാതങ്ങളെത്രോ അകലെ
നാം, എങ്കിലും,സ്നേഹപ്പൊൻ-
വെയിൽപ്രഭയാൽ
ആത്മാവിൽ വസന്തം
ആവാഹിച്ചു വരുത്തുവോർ.


ആകാശത്തോളം ഉയർന്ന
സ്വപ്നങ്ങളായാലും വേരുകൾ
മണ്ണിൽ തന്നെ വേണം


ഉള്ളില്‍ കരഞ്ഞാലും കണ്ണു-
കളിൽ കരുതും പുഞ്ചിരി;
സ്നേഹോപഹാരം........


നിലാവ് നോക്കി
രണ്ടു മിഴിപ്പക്ഷികള്‍.
ഏകാന്തതീരം


രാത്രിയുടെ അന്ത്യയാമം
നിശ്ശബ്ദതയുടെ വാതിൽ
പതുക്കെ തുറന്ന് പുലരിയുടെ
വരവിനായി കാത്തിരുന്നു;
വരും,വരാതിരിക്കില്ല.......


അരുണോദയം കിഴക്ക്
കൺമുന്നിലൊരു നക്ഷത്ര-
ത്തിളക്കം;കുളുർക്കും മനം.


പലവിധ ലഹരിയിൽ
മദിച്ചും രസിച്ചും 
പുളകംകൊള്ളുന്നവരേ,
വിശപ്പിൻപിടിയിൽ
പുളയുന്നോർതൻ
അഴലറിയാമോ,
അന്നത്തിൻ-
വിലയറിയാമോ?


എന്നിലൂടെ
ഒരു പുഴയൊഴുകുന്നുണ്ട്;
കൊടിയ വേനലിലും
വറ്റാത്ത,എൻ-
കരകളെ തഴുകിത്തലോടി
ഉർവ്വരമാക്കുന്ന,
നീയെന്ന പുഴ.....!


കടലോള൦ സ്നേഹമുള്ളിലുണ്ടെന്കിലു൦ 
കടുകോള൦ പോലു൦ കാട്ടാതിരുന്നാൽ 
കരിഞ്ഞുണങ്ങും മാനസ വാടികൾ .


എൻ കിനാച്ചില്ലയിൽ
മയങ്ങും നിലാപ്പക്ഷീ,വസന്ത
മെത്തി, ഉണരുക നീ .


ചിറകൊടിഞ്ഞ പക്ഷി ഞാനെ-
ങ്കിലും പറക്കാമീ വാനിലിനിയും
നിൻതുണതൻ ബലത്താൽ.


എൻറെ സ്വപ്നങ്ങൾ
എന്നോടൊപ്പം ഒടു
ങ്ങുന്നു

ഹ്രസ്വമീ ജീവിതം,ഇയ്യാമ്പാറ്റ.


അടിമയും ഉടമയുമില്ലാതെ
ഇമ്പമോടെ വാണാൽ,
കുടുംബമൊരു പൂങ്കാവനം.


പടർന്നുമുറ്റിയ മുന്തിരിത്തോപ്പിൽ
നുഴഞ്ഞുകയറുന്നൊരു പാവൽ;
മരച്ചില്ലയിലൊരു തത്തമ്മ.


ഒറ്റപ്പെടലിൻെറ ചില്ലയിൽ
തേങ്ങുന്നുണ്ട് ഒരൊറ്റമൈന;
നനയുമോർമ്മകൾ.


നേർത്തൊരു
മൗനത്തിനപ്പുറം,
അലിവൂറുന്ന
നന്മതൻതീരത്ത് ,
ഒരു ചെറുകാറ്റിൻ

പുഞ്ചിരിത്തുമ്പത്ത്,
നമ്മുടെ ഹൃദയങ്ങൾ
പിണയുന്നനേരത്തൊഴുകി-
വരും നറുമണമീയാകാശം
നിറയെ പടർന്നു നിറയട്ടെ..
..

ദുരിതമീ പാത


കൈപ്പും മധുരവുമെത്ര
കിടക്കുന്നു നമ്മുടെ വഴികളിൽ...
ജീവിതയാത്ര ദുർഭരം.
പാത്തും പതുങ്ങിയും 
കഴുകന്മാർ.......
ചതുപ്പുനോക്കിനടക്കും
ഉളുപ്പുകെട്ട ജന്മങ്ങൾ വേറെ...
ഒരുനോട്ടം പിഴച്ചാൽ
ഒരു കാൽ വഴുതിയാൽ
എല്ലാം തരിപ്പണം....നിഷ്ഫലം.
വരൂ...സ്നേഹച്ചൂടുള്ള
കരുതൽപ്പിടികളിൽ
പിടിമുറുക്കി തളരാതെ
പതറാതെ,തുടങ്ങാമീ-
ജീവിതയാത്ര....

കളങ്കമില്ലാ കൂട്ട്....

സുഗന്ധപൂരിത-
മാവണമെന്നും സൗഹൃദം.... 
അകലം കൂടുന്തോറും
നറുമണമേറണം

പഞ്ചാരവാക്കുകളാലല്ല, 
വെൺചാമരം വീശും 
സ്നേഹത്താൽ നിറയണം മനം.

നന്മയും തിന്മയും തിരിച്ചറിയും
വിവേകം കായ്ക്കും  
തണൽമരമായ് മുറ്റിത്തഴയ്ക്കണം. 

വഴിപിഴച്ച വാക്കുകൾ 
പാമ്പുകളായ് വന്ന് തിരിച്ച് 
കടിയ്ക്കുമോർക്കുക. 

കുടുംബ ബന്ധം എത്ര പവിത്രം, 
അതോർക്കുകിൽ  
എല്ലാം എത്രമേൽസുഭദ്രം.
 
തിന്മയുടെ വിത്തുകളുമായി 
ചുറ്റിത്തിരിയുന്നിവിടെയും
ചില കളങ്കിതമാനസർ.

നല്ലകൂട്ടിനായ് മാത്രം 
ഇത്താളുകളെന്നും 
സജീവമായ് നിലനില്ക്കട്ടെ...

Monday, March 21, 2016

കറുത്ത പ്രണയം

ആരു൦ പ്രണയിക്കാത്ത
ഒരാളെ പ്രണയിക്കണ൦ ..
അയാളുടെ കറുത്ത കരങ്ങളിൽ 
കിടന്ന് ,വേദനയുടെ 
മുള്ളാണി എൻെറനെഞ്ചിൽ
തറച്ചവരെ നോക്കി കൈവീശി
വിഷപ്പുകകൾ വകഞ്ഞുമാറ്റി
ദേവദാരു മരങ്ങൾക്കിടയിലൂടെ
വാനമ്പാടിയായി പറക്കണം..
അതെ,
അവനെ-കറുത്ത മുഖക്കാരനെ-
പ്രണയിച്ചു
നിത്യനിദ്രയിൽ
ശാന്തി കൊള്ളണം;
എല്ലാ൦ മറന്നൊന്നുറങ്ങണ൦.

Friday, March 18, 2016

മറഞ്ഞ കാലം


കളിവീടുണ്ടാക്കി കളിച്ചൊരു കാലത്ത്
കവിളില്‍ നുള്ളിയ നേരത്തൊരു ദിനം
കളിവാക്കുകള്‍ ചൊല്ലി നോവിച്ചു നീ,
കരയിച്ചതിന്നും  ഓര്‍ക്കുന്നുണ്ടോ..സഖേ.

മണ്ണപ്പമുണ്ടാക്കി ഉണ്ണാന്‍ വിളിക്കുമ്പോള്‍
മക്കളുറങ്ങിയോ പെണ്ണേന്നു ചോദിച്ച്
മനമതില്‍ കുഞ്ഞു സ്വപ്നങ്ങള്‍ തീര്‍ത്ത
മാനസനാഥാ..മറയുവതെവിടെ നീ..

നീഹാരതുള്ളികള്‍ കണ്ണിലെഴുതിച്ചു
നീയെനിക്കേകിയ കുഞ്ഞു മധുരങ്ങള്‍
നിത്യകാമുകനെപ്പോലെ, ചില നേരത്ത്
നിശബ്ദമായി വന്നോരം ചേര്‍ന്നു നില്‍ക്കുന്നു

താഴിട്ടു പൂട്ടാത്ത മനസ്സിന്റെ ഉള്ളറയില്‍
താഴ്വാര പൂക്കളുടെ പരിമളം പോല്‍
തങ്ങി നില്‍ക്കുന്നു നിന്നോര്‍മ്മകളെങ്കിലും
തള്ളി മാറ്റുന്നു കാലത്തിന്‍ വേരുകള്‍.

കാവിലെ കല്‍വിളക്കിന്‍ വെട്ടത്തില്‍
കാലങ്ങള്‍ മുന്നേ കണ്ടൊരു നിന്‍ മുഖം
കാണും വഴികളിലൊക്കെ ഞാന്‍ തേടുന്നു

കളിക്കൂട്ടുകാരാ ,എവിടെ മറഞ്ഞു നീ?

Thursday, March 17, 2016

വികസനമോ?

തെരഞ്ഞെടുപ്പടുക്കുന്നു;
കൂപ്പിയ കൈകൾ ഉമ്മറമുറ്റത്ത്,
നാടോ കുപ്പത്തൊട്ടി,
പുഴകൾ വറ്റിവരണ്ടു,
പുഴയോരത്തിനും 
ദാഹമകറ്റാൻ കുപ്പിവെള്ളം..
വലിച്ചെറിയും
പ്ലാസ്റ്റിക് മാലിന്യങ്ങൾ,
കുന്നായ് കിടപ്പൂ നാടുനീളെ..
വികസനം,വികസനം...
ആരാണു വികസിക്കുന്നത്.....?
നാമോ,അവരോ,
അഴിമതിയിൽ കുളിച്ച്
മതിവരാത്തവർ......
കള്ളപ്പണത്താൽ
ജീവിതം ആർഭാടമാക്കുവോർ..
പൊതുജനമാം കഴുത
എല്ലാം സഹിച്ചങ്ങനെ...

Monday, March 14, 2016

സ്നേഹാമൃത്

സ്നേഹം ഒലിച്ചുകൂടുന്ന
ആർദ്രതടങ്ങളിലേ മാനുഷികത
മുളപൊട്ടിത്തഴയ്ക്കുകയുള്ളൂ...
വിഷം തീണ്ടാത്ത,
നിത്യഹരിതസ്നേഹവനങ്ങളിൽ

പൂക്കും നറുനാമ്പുകൾ,
കാലം അരുമയോടെ
കാത്തുവയ്ക്കും...
വെറുപ്പു പടരും
വറുതിക്കാലങ്ങളിൽ
അമൃതനിറവായ്
പകർന്നുനൽകിടാൻ
.

മോഹം

കരഞ്ഞു തീർക്കുവാൻ
കണ്ണുനീരില്ലിനി......
കനലായിത്തീരുവാനിത്തിരി-
ത്തീപ്പൊരി ഉള്ളിൽ കരുതണം...
ഞെട്ടറ്റുവീഴാറായ പൂവെങ്കിലും
ഇത്തിരിപ്പൂമണം ദാനമായ് നൽകണം.....
ദേവാലയങ്ങളിലേക്കല്ല,
അനാഥാലയങ്ങളിലേക്ക്
നേർച്ചയായെത്തണം...
മരിച്ചാലും ജീവിക്കണം
മറ്റൊരാളിലൊരവയവനിറവായ്
കനിവിന്നുറവായ്....
എന്നിട്ട് മണ്ണിൽ ലയിക്കണം
ഒരിറ്റുവളമായ് സസ്യങ്ങളെയൂട്ടണം.

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...