Wednesday, March 30, 2016

ചില ചിന്തകള്‍...ചെറിയ വരികളിലൂടെ..

ഇണങ്ങിയതിൽ കൂടുതൽ
പിണങ്ങിയിട്ടും എന്തേ
നിന്നോടിത്ര സ്നേഹം..!


കണ്ണീർക്കടലിൽനിന്നു-
ദിക്കുന്നൊരുസൂര്യൻ;
പ്രതീക്ഷ കൈവിടാതെ.


നിഴലിനെന്തൊരഴകാ 
നിലാവുതൂവിയ മേട്ടിൽ; 
നീലരാവേ നീയും...!


ആകാശമേ,നീയൊരു
കുളിർമഴയായ് പെയ്തിറങ്ങി,
എരിയുമീഭൂമിയ്ക്കുവരമാവുക.


നിറസ്നേഹത്തിൻറെ മഹാ- 
സാഗരംതന്നെയാണ് ഓരോ 
കുഞ്ഞരുവിയും ലക്ഷ്യമിടുന്നത്.


അടർന്നുവീണ
സ്വപ്നത്തിൻ കവിളിൽ
കണ്ണുനീർനനവ്.


ചുരുട്ടിവെച്ച പായ-
ക്കുള്ളിൽ കൺമിഴിക്കുന്നു
അന്ധവിശ്വാസങ്ങൾ....!


കാതങ്ങളെത്രോ അകലെ
നാം, എങ്കിലും,സ്നേഹപ്പൊൻ-
വെയിൽപ്രഭയാൽ
ആത്മാവിൽ വസന്തം
ആവാഹിച്ചു വരുത്തുവോർ.


ആകാശത്തോളം ഉയർന്ന
സ്വപ്നങ്ങളായാലും വേരുകൾ
മണ്ണിൽ തന്നെ വേണം


ഉള്ളില്‍ കരഞ്ഞാലും കണ്ണു-
കളിൽ കരുതും പുഞ്ചിരി;
സ്നേഹോപഹാരം........


നിലാവ് നോക്കി
രണ്ടു മിഴിപ്പക്ഷികള്‍.
ഏകാന്തതീരം


രാത്രിയുടെ അന്ത്യയാമം
നിശ്ശബ്ദതയുടെ വാതിൽ
പതുക്കെ തുറന്ന് പുലരിയുടെ
വരവിനായി കാത്തിരുന്നു;
വരും,വരാതിരിക്കില്ല.......


അരുണോദയം കിഴക്ക്
കൺമുന്നിലൊരു നക്ഷത്ര-
ത്തിളക്കം;കുളുർക്കും മനം.


പലവിധ ലഹരിയിൽ
മദിച്ചും രസിച്ചും 
പുളകംകൊള്ളുന്നവരേ,
വിശപ്പിൻപിടിയിൽ
പുളയുന്നോർതൻ
അഴലറിയാമോ,
അന്നത്തിൻ-
വിലയറിയാമോ?


എന്നിലൂടെ
ഒരു പുഴയൊഴുകുന്നുണ്ട്;
കൊടിയ വേനലിലും
വറ്റാത്ത,എൻ-
കരകളെ തഴുകിത്തലോടി
ഉർവ്വരമാക്കുന്ന,
നീയെന്ന പുഴ.....!


കടലോള൦ സ്നേഹമുള്ളിലുണ്ടെന്കിലു൦ 
കടുകോള൦ പോലു൦ കാട്ടാതിരുന്നാൽ 
കരിഞ്ഞുണങ്ങും മാനസ വാടികൾ .


എൻ കിനാച്ചില്ലയിൽ
മയങ്ങും നിലാപ്പക്ഷീ,വസന്ത
മെത്തി, ഉണരുക നീ .


ചിറകൊടിഞ്ഞ പക്ഷി ഞാനെ-
ങ്കിലും പറക്കാമീ വാനിലിനിയും
നിൻതുണതൻ ബലത്താൽ.


എൻറെ സ്വപ്നങ്ങൾ
എന്നോടൊപ്പം ഒടു
ങ്ങുന്നു

ഹ്രസ്വമീ ജീവിതം,ഇയ്യാമ്പാറ്റ.


അടിമയും ഉടമയുമില്ലാതെ
ഇമ്പമോടെ വാണാൽ,
കുടുംബമൊരു പൂങ്കാവനം.


പടർന്നുമുറ്റിയ മുന്തിരിത്തോപ്പിൽ
നുഴഞ്ഞുകയറുന്നൊരു പാവൽ;
മരച്ചില്ലയിലൊരു തത്തമ്മ.


ഒറ്റപ്പെടലിൻെറ ചില്ലയിൽ
തേങ്ങുന്നുണ്ട് ഒരൊറ്റമൈന;
നനയുമോർമ്മകൾ.


നേർത്തൊരു
മൗനത്തിനപ്പുറം,
അലിവൂറുന്ന
നന്മതൻതീരത്ത് ,
ഒരു ചെറുകാറ്റിൻ

പുഞ്ചിരിത്തുമ്പത്ത്,
നമ്മുടെ ഹൃദയങ്ങൾ
പിണയുന്നനേരത്തൊഴുകി-
വരും നറുമണമീയാകാശം
നിറയെ പടർന്നു നിറയട്ടെ..
..

No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...