Monday, March 23, 2015

സൌഹൃദം


ഏതോ സായം സന്ധ്യയിൽ
മഴത്തുള്ളികൾ 
നൃത്തം ചവിട്ടവേ
സ്നേഹത്തിൻ പൂക്കൂട
നീട്ടീയണഞ്ഞു നീ.

വാകമരത്തിൻ 
തണല്‍പ്പായയില്‍
വാരി വിതറിയ 
പരിഭവ പുഷ്പങ്ങൾ
നെഞ്ചോട് ചേർത്തൂപുണരവേ,
സാന്ത്വനത്തെന്നലായ്  
നീ തന്ന സൗഹൃദം.

മധുരമൊഴികളാല്‍ 
തേന്മഴ പെയ്യിച്ച്
മരുഭൂ കുളുർപ്പിക്കും 
തെന്നലായ് മാറവേ
വസന്തം നൽകിയ 
തളിർനാമ്പുകളാലെൻറെ
കരളിൽ കവിത കുറിച്ചു 
നിൻ പുഞ്ചിരി. 


ഓര്‍മ്മതന്‍ താരാട്ടിന്നീണമായ്
സ്മൃതി മണ്ഡപങ്ങളിൽ നാളമായ്
മായാതെ നില്‍ക്കുമെൻ 
ഹൃദയദളങ്ങളിൽ
തോരാതെ വർഷിച്ച 
സൗഹൃദത്തേൻ മഴ

Tuesday, March 10, 2015

ഉണ്മ



ഏകാന്തതയുടെ
തോണിയില്‍
മൌനപ്പായ വിരിച്ച്
നിസ്സംഗതയുടെ 
പുതപ്പിനുള്ളില്‍
ചുരുണ്ടുകൂടിയപ്പോള്‍
ഓര്‍മ്മകളുടെ 
വരമ്പുകളില്‍ കൂടി
കുതറിയോടുന്നു 
തൃഷ്ണകള്‍...

സ്നേഹത്തിന്റെ 
മൃദുശയ്യയിലെ
താരുണ്യ സ്വപ്നത്തില്‍
വിടരാന്‍ കൊതിക്കുന്ന
മോഹത്തിന്റെ പൂമരം.
മരപ്പച്ചകളും 
കാട്ടുചോലകളും
കുളിരുനല്കുമ്പോള്‍
ഗൃഹാതുരതയുമായി
നിശബ്ദമായി 
പാടുന്നു മനം.

നഷ്ടബോധത്തിന്റെ
നീരാളിപ്പിടുത്തത്താല്‍
പിടയുന്നഹൃദയത്തില്‍
ആരും കാണാ-
തൊളിച്ചിരിക്കുന്ന
കുടുംബവേരുകള്‍...

അമ്മതാരട്ടിന്റെ 
തൊട്ടില്‍ മുതല്‍
യൌവനത്തിന്റെ 
ചോരത്തിളപ്പ് വരെ
വാടാതെ നില്ക്കുന്ന 
സ്മരണപൂക്കള്‍...

ഉപബോധമനസ്സിനെ 
തൊട്ടുണര്‍ത്തി
യാഥാര്ത്യത്തിനു നേരെ
ചായം പുരണ്ട കൂര്‍ത്ത
നഖമുനകളുമായ്,
അഭിനയത്തിന്റെ 
പുതിയതലത്തിലേക്ക്
അസ്വസ്ഥതയുടെ 
കയ്യും പിടിച്ചു
ജീവിക്കാനുള്ള 
നെട്ടോട്ടവുമായി
വിഷലിപ്തമായ 
നഗരമുണര്‍ന്നു

ജ്വരമൂര്ഛയേറിയ 
തലച്ചോറുമായി....

Sunday, March 8, 2015

തെരുവിന്റെ മക്കള്‍


കത്തിജ്വലിക്കുന്ന സൂര്യനു താഴെ ,
പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം .
തുട്ടുകൾക്കായി നീട്ടുംകരങ്ങൾ
തട്ടിമാറ്റിയകറ്റുന്നു നമ്മൾ..

ശ്രേഷ്ട ഭോജന ശാലയ്ക്കു പിന്നിൽ
കൂനയാകുന്നൊരെച്ചിലിൻ മുന്നിൽ
നക്കിത്തുടച്ചയിലകള്‍ക്ക് കീഴെ
പരതുന്നു രണ്ടിറ്റു വറ്റിനായി .

ഒരുനേരമന്നമിരക്കുന്ന കുഞ്ഞിൻറ
കദനക്കടലൊലി കേൾക്കുക നാം
മൃഷ്ടാന്നമുണ്ടു വരുമ്പോഴിരക്കുകിൽ
നിഷ്ഠൂരമാട്ടിയകറ്റരുതേ..

പാറുന്ന പലവര്‍ണ്ണ ശലഭങ്ങളെ
ഏറെക്കൊതിയോടെ നോക്കി നിൽപ്പൂ,
മഴവില്ലുടുപ്പുകള്‍ കിനാവു കണ്ട്
അലയുന്നു തെരുവിലിളം മിഴികൾ

കദന കന്മഷംതിങ്ങും മനസ്സിൽ
കനിവു കത്തിച്ചു ദീപം തെളിക്കാം
കരുണ വറ്റാത്തൊരുറവായി നമ്മൾ
തെളിമയുള്ള മനസ്സോടെ കാണാം

അറിവിനായവർക്കക്ഷരം നൽകാം
പൊരിവയറിനായ് ഭക്ഷണം നല്‍കാം
സ്നേഹമിറ്റിച്ചു നോക്കുകിലെന്നും

പൂത്തു പൂവിടും തെരുവിൻറ മക്കള്‍ .

Friday, March 6, 2015

കുറുംകവിതകള്‍

പ്രണയം ചതിച്ചപ്പോൾ
മരണത്തോടു പ്രണയം
മരണമുഖത്ത് ജീവിതത്തോടും.


ചെറു കാറ്റിലും പിടയുന്ന
മൺ ചിരാതു പോലെയോ,
നിൻ കദനമെഴും മനം.....


നിൻ കണ്ണീരിലൊഴുകിപ്പോയി
മനസ്സിലെ മാറാലക്കെട്ടുകൾ:
മഞ്ഞു തുള്ളിയിലെ വസന്തം


ആത്മാർഥത ചോർന്ന
മനസ്സെത്ര ഉപയോഗ ശൂന്യം
ചോരുന്നു,ഓട്ടച്ചിരട്ട പോൽ.


കാറും കോളുമായി കറുത്താകാശം.
മറഞ്ഞു പോകുന്നുവോ? 
നീതിയുടെ സൂര്യന്‍ .


മറവിയുടെ മരുക്കാട്ടിലും
പുഞ്ചിരി തൂകുന്നു:നറുമണ
മോടെ പ്രണയ പുഷ്പങ്ങൾ


നന്മയിലെ കരടെടുക്കാൻ
തിന്മയുടെ കോലുകൾ;
ചുറ്റിലുംനോക്കു കുത്തികൾ .


മിഴിപ്പോളകൾക്കുള്ളിൽ 
വീർപ്പു മുട്ടുന്നു;പെയ്തൊ-
ഴിയാത്ത കാർമേഘങ്ങൾ.


ഇഴഞ്ഞു നീങ്ങുന്ന ശവ വണ്ടി,
നെടു വീർപ്പിടുന്ന നിഴലുകള്‍;
മായുന്ന പോക്കു വെയിൽ


ഒരു പിടി അവിലിൻ സ്നേഹം 
കുടിൽ കൊട്ടരമാക്കി. !!!
നിന്നിലെ നാലു വരി കവിത 
എന്നെ തരളിതയാക്കി !!!


പച്ചപ്പട്ടണിഞ്ഞ മലനിരകൾ.
വെള്ളിക്കസവുമായ്,
വിരുന്നു വന്നു മൂടൽമഞ്ഞ്


മനസ്സിലൊരു മണിത്തൊട്ടിൽ
രാരീരം മൂളുന്നു ചുണ്ടുകൾ
കാറ്റു താളം പിടിക്കുന്നുവോ..


സദാചാരം 
സത്യത്തിനും മിഥ്യക്കുമിടയിലെ തുമ്പി
സമൂഹം ഒരു ചൂണ്ടു വിരൽ


മോഹപ്പക്ഷി ചിറകു കുടയുന്നു.
എങ്ങോട്ടെന്നില്ലാതെ പറക്കുന്ന
യുവത്വത്തിന്റെ തൂവലുകൾ...


ഓർമ്മയിലിന്നും 
മോണ കാട്ടിച്ചിരിക്കുന്നുണ്ട്:
മുത്തശ്ശിയുടെ വെറ്റിലച്ചെല്ലം


മഞ്ഞളിൽ ചാലിച്ച
തൊടുകുറിയുമായ്
ധനുമാസ പുലരികൾ


അവിൽ പൊതിയിലെ കല്ലിലും,
സൌഹൃദത്തിന്റെ മധുരം.! 
ഇന്ന് കുചേലദിനം


തിരുവാതിര നൊയമ്പ്നോൽക്കാൻ
മഞ്ഞിൻ ചേലയണിഞ്ഞ്
ധനുമാസപ്പെണ്ണെത്തി.


ഭൂത കാലത്തിൻറെ ഓർമ്മയിൽ
പുളയുന്ന വർത്തമാന കാലം;
നോക്കു കുത്തിയായി ഭാവി.


ആയിരം വിളക്കുകൾ തെളിഞ്ഞാലും,
നിന്നോളം തെളിയുമോ.
മറ്റൊരു വിളക്ക് എന്നുള്ളിൽ !!


മേഘപക്ഷി ചിറകുകുടഞ്ഞപ്പോൾ 
മഴ തൂവലുകളാൽ ..
പുളകിതയായി ഭൂമിദേവി !!!


പുഞ്ചപ്പാടങ്ങളില്‍ 
കെട്ടിട സമുച്ചയങ്ങള്‍.
കുളിര്‍മ്മ തന്ന കണ്ണുകളില്‍ വേദനയോ


അച്ഛന്റെ നെഞ്ചിലെ 
വാത്സല്യ ചൂടിനായ് 
വാശി പിടിക്കുന്ന കുസൃതിക്കുടുക്ക



അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...