Tuesday, February 28, 2017

ചില ദുരാഗ്രഹങ്ങൾ


നെഞ്ചുകീറി വേദനിച്ചാലും
ഉലകം കേള്‍ക്കേ പൊട്ടിച്ചിരിക്കണം 
പേടിച്ചരണ്ടാലും ഒറ്റയാനെപ്പോലെ
ചിന്നം വിളിക്കണം.
കയ്പ്പുനീര്‍ കുടിക്കാന്‍ തന്നാലും
തേന്‍മധുരമെന്നു ഉറക്കെപ്പറയണം.
എണ്ണയില്ലാത്ത മണ്‍ചിരാതെങ്കിലും
മിഴികളുടെ തീക്ഷ്ണതയാല്‍
ജ്വലിച്ചുകത്തണം..
മൂര്‍ച്ചകൂട്ടിയ കത്തി
എളിയില്‍ത്തിരുകി രാപ്പകലില്ലാതെ
തലയുയര്‍ത്തിപ്പിടിച്ചു നടക്കണം .
കള്ളത്തരം ചെയ്യാനറിയില്ലെങ്കില്‍
ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ
കാവലാളായി ഞെളിഞ്ഞു നടക്കണം..
തട്ടിച്ചു ജീവിക്കുന്നവനെ
വെട്ടിച്ചു തിന്നാനറിയണം..
ഒന്നുമേ അറിയില്ലെങ്കിലും
എല്ലാം അറിയമെന്നറിഞ്ഞു നടിക്കണം .
പാപഭാരങ്ങള്‍ ഇറക്കിവെക്കുവാന്‍,
ഭണ്ഡാരങ്ങളില്‍ നോട്ടുകെട്ടു നിറച്ചു
കേമനെന്നു ഭാവിക്കണം.
ഇത്രയെങ്കിലും, ചെയ്തു കഴിഞ്ഞ് ‍ ,
ജീവിക്കാതെ, ജീവിച്ചെന്നു വരുത്തിത്തീര്‍ത്ത്
വീമ്പുപറഞ്ഞ് വമ്പനായി മേവണം.

Thursday, February 23, 2017

നോവു പൂക്കുമീലോകം!

അഴല്‍ക്കടലില്‍ അലയടിക്കും
തിരമാലപോലെ മനസ്സ്..
അടര്‍ന്നു പോകാനാവാതെ
അവനിയിലൊരുവൾ ഞാനും ..

അനുഭവത്തിന്‍ ചൂളയില്‍
നീറി നീറി വെന്തുരുകി
കഠിനമാക്കിയ മനസ്സുമായി
കാലങ്ങളിനിയും താണ്ടുവാന്‍
നിഴലുപോലെ പിന്തുടരും
ഓര്‍മ്മകള്‍ക്കൊരു ചിതയൊരുക്കി,
കടലമ്മയുടെ മാറിലേക്ക്‌
ചിതാഭസ്മമായി ലയിക്കണം ..

ദംഷ്ട്ര കാട്ടി കലിതുള്ളുന്ന
നരഭോജികളുടെ നാടല്ലാതെ,
മനുഷ്യത്വം മരവിക്കാത്ത
നന്മ പൂക്കും ദിനങ്ങള്‍ക്കായി..
നോവു പൂക്കുമീ ലോകത്തു
നിന്നും മോചനം നേടുവാന്‍ ..
വ്യര്ത്ഥമാക്കി കളയുവാന്‍
നേരമില്ലൊട്ടിനി കൂട്ടരേ.
സധൈര്യം കൈ കോർക്കാം
നമ്മള്‍ക്കൊന്നിച്ചു മുന്നേറാം

Tuesday, February 21, 2017

ചെറുകവിതകള്‍

ഹൃദയത്തിലേക്ക്
ഇറങ്ങിവരുന്നു നീലാകാശം;
അതിന്റെ എല്ലാ വിശാലതയോടെയും.
നിറവിന്റെ വെൺചാമരവും വീശി...!


നിൻ വീണക്കമ്പിതൻ
മൃദുമന്ത്രണത്താ-

ലെന്നകതാരിൽ
രാഗങ്ങൾ ചിറകടിപ്പൂ


എളിമയുടെ
തെളിമയാൽ
തിളങ്ങട്ടെ,ജീവിതം


തുളസിക്കതിരെന്റെ 
ഈറൻമുടിയിൽ ചുംബിക്കേ ,
ചന്ദനഗന്ധവുമായി 
 വന്നൊരു ഇള൦തെന്നലിനെ നോക്കി 
പുഞ്ചിരി തൂകുന്ന പൊന്നുഷസ്സ് !


പ്രണയിക്കാം 
ജീവിതത്തെ
ജീവിതമാകട്ടെ
നമ്മുടെ പ്രണയം‌!

കാത്തുനിൽക്കുന്നൊരു മൗനം,
വാചാലതയെ പ്രണയിച്ച്
സ്വപ്നതേരിൽ പറന്നുവന്നു 
മോഹങ്ങൾ പൂവണിയിക്കാൻ......


പൂഞ്ചിറകേറി ഒരു മോഹം
ആകാശനീലിമയുടെ സ്വച്ഛത-
യിലേക്ക് പറന്നിറങ്ങുന്നു;
ഉച്ചയിലേക്ക് വളരുന്ന സൂര്യൻ.


അച്ഛനാം പുസ്തകത്തിലെ
കവിതയാണമ്മ,

അതിലെ മിഴിവാർന്ന
വരികളിൽ തുടിക്കുന്നു ജീവിതം.


ഉറ്റ ചങ്ങാതിയെങ്കിലും
ഉടക്കിപ്പോയാല്‍
ഉടഞ്ഞ കണ്ണാടിയിലെ
മുഖം പോലെ ...

ചാഞ്ചാടിയുറങ്ങിയാ 
ഓർമ്മത്തൊട്ടിലിൽ, 
കാല൦ മായ്ക്കാത്ത 
കുഞ്ഞോർമ്മകൾ ....
താരാട്ടിനീണ൦ 
മൂളിയെത്തുന്നു
പിച്ചവെക്കുന്ന
ബാല്യത്തെപ്പോൽ ...


തെറ്റുകൾ ചെയ്യാത്ത മനുഷ്യരുണ്ടോ?
തെറ്റിദ്ധരിക്കാത്ത മനസ്സുകളുണ്ടോ?
ശരിയു൦ തെറ്റും തിരിച്ചറിയാൻ
കഴിയട്ടെ, അതു പ്രാവർത്തികമാക്കാനും.
ശുഭദിനാശംസകള്‍... കൂട്ടുകാരേ..


ആകാശം പെറ്റ്കൂട്ടിയ
മേഘക്കുഞ്ഞുങ്ങള്‍ക്കെന്തേ..
എന്റെ മിഴികളോടിത്ര പ്രണയം!

ചിറകു കുടഞ്ഞ്
മേഘപ്പറവകൾ .
പുഷ്പ്പിണിയായി ഭൂമി


കവിതയെഴുതുവാന്‍
അറിയില്ലയെങ്കിലും,
അറിയാതെ വരുന്നുള്ളില്‍
ചെറുവരികള്‍...
കണ്മുന്നില്‍ കാണുന്ന 
കാഴ്ച്ചകളൊക്കെയും,
തൂലികത്തുമ്പില്‍ എത്തിടുമ്പോള്‍ ..
ആരോ ആണെന്ന
തോന്നലിലിന്നു ഞാന്‍
നിങ്ങളിലൊരാളായി മാറിടുന്നു !!

Wednesday, February 8, 2017

കണ്ണന്റെ രൂപം

ഉരുകുന്ന 
മാനസത്തേങ്ങലിനപ്പുറം 
വിടരുന്ന 
കദനപൂവിതളിലായ്
തെളിയുന്നുണ്ടെപ്പോഴും 
നിൻരൂപം കണ്ണാ...

കര്‍പ്പൂരധൂമങ്ങള്‍ 
കണ്ണുകൾ ചുംബിയ്‌ക്കെ 
നിറയുന്ന മിഴികളാൽ 
കാണുന്നു ഞാനെപ്പോഴും
നിൻ മോഹനരൂപം കണ്ണാ...

വിളിക്കാതെയെത്തുന്ന 
അഴലിൻ നടുവിലായ്
വിളിപ്പാടകലെ 
നീയുണ്ടെന്നറിയുമ്പോൾ
ഞാൻ നീട്ടി വിളിപ്പൂ ....
നിൻ നാമം കൃഷ്ണാ..

പാണികള്‍ കൂപ്പി 
ഞാൻ തൊഴുതു നിൽക്കെ ,
പാഴ്ചിന്തകള്‍ 
ഉള്ളില്‍ നിറയാതെ
കാക്കണേ... 
എന്നെ നീയെന്നെന്നും കണ്ണാ..

Monday, February 6, 2017

ചെറുകവിതകള്‍


എന്നിലെ എന്നെ
നിന്നിലെ നിനക്കു
ബോധിച്ചുവോ?
നീ എന്നും 
ഒരു ദുരൂഹതയല്ലോ!!!!


പെയ്തൊഴിയാത്ത കിനാമഴയിൽ
പൂത്തുനില്ക്കുന്ന വാകമരച്ചോട്ടിൽ
പങ്കുവച്ചൊരാ കലാലയജീവിതം
നിത്യകാമുകനായെന്നിദയത്തിൽ
പുഞ്ചിരിപ്പൂ പൊഴിക്കുന്നു.....


ചേർന്നുനില്ക്കുവാനായിരം പേരുണ്ടെങ്കിലും
ചേർത്തുനിർത്തുവാൻ നിൻകരമുണ്ടെങ്കിൽ
ശൂന്യതയിലും തെളിയുമെൻ
അസ്ഥിത്വത്തിൻ പൊൻതിരിനാളം!


ധ്യാനനിമഗ്നമാം മനസ്സുമായി
പാണികൾക്കൂപ്പി തൊഴുതിടുന്നേൻ
അംബുജവാസിനിയക്ഷരദേവതേ
അൻമ്പിൽ വന്നു വിളയാടിടേണേ
നന്മച്ചൊരിയുന്ന വാക്കുകളാലെന്നിൽ
കാരുണ്യദേവതയായ് നിറഞ്ഞിടേണേ


ഹൃദയരാഗമായ് 
സംഗീതമായെൻ 
സ്വരരാഗസുധയില്‍ 
 നര്‍ത്തനമാടുമീ 
പാദസരക്കിലുക്കത്തില്‍ 
തരളിതമാകുന്ന
മാനസകോവിലിലെ
നൈവേദ്യമലരായി
എന്നുമീ ഞാന്‍...


തുളസിഹാരമണിയിക്കാ൦ കണ്ണാ.
കദളിപ്പഴ൦ ഞാൻ നേദിക്കാ൦
കാണിക്കയായെൻ മനസ്സു നല്കാ൦ ..
തവ തിരുദർശന൦ നല്കുമോ കണ്ണാ ..


ഹൃദയരാഗമായ്
സംഗീതമായെൻ
സ്വരരാഗസുധയില്‍
 നര്‍ത്തനമാടുമീ
പാദസരക്കിലുക്കത്തില്‍ 
തരളിതമാകുന്ന
മാനസകോവിലിലെ
നൈവേദ്യമലരായി
എന്നുമീ ഞാന്‍...



അക്ഷരത്തേൻമഴ മനസ്സിൽ പെയ്യുമ്പോൾ
അക്ഷയപാത്രമാകും ഹൃദയത്തിൽ 
അത്ഭുതമായെന്നും നിറയുന്നു
ഗുരുസ്നേഹത്തിൻ അക്ഷരപ്പൂക്കൾ


പ്രണയിക്കുക ആവോള൦ നിൻ ജീവിതത്തെ 
ഹൃദയത്തിൽ നിറയട്ടെയതിൻ പരിമള൦ 
മ്യദുമൊഴികൾ സാന്ത്വനമേകട്ടെ
ലയിക്കുകനീ, അതിനൂഷ്മളരാഗത്തിൽ


തുഷാര ബിന്ദുക്കള്‍ 
നര്‍ത്തനമാടുമീ 
പുലര്‍വേളയില്‍ ,
വിളിച്ചുണര്‍ത്തി 
കിളികളുടെ കളകളാരവം.. 
വാതായനങ്ങളിലേക്ക്
നീളും മിഴികളില്‍
ഉണരാന്‍ മടിച്ചോരാ
അരുണന്റെ ചുംബനം ..


ഓർമ്മയിലൊരു
പൊൻനാളമായ്
പ്രഭാപൂരിതം നിൻമുഖം;
തെളിയുന്നൂ ജീവിതപന്ഥാവിലും.....!


നിനച്ചിരിക്കവേ,
നിനവു പൂത്തുവോ?
കനവു കാത്തുവോ!!


സ്നേഹമേ,
നിന്റെ വിരലടയാളം
ഞങ്ങൾക്ക്,ഇഷ്ടദാനമായ്

പതിച്ചു നല്കിയാലും.......!

അഴലിൻ അലകൾ 
 ആഞ്ഞടിച്ചാലും...
നിനവിലെ കനവിൽ 
 തുള്ളിക്കളിക്കുമൊരു 
 സ്വപ്ന കളിയോടം!!


മധുമൊഴികളാൽ
അമൃതം പൊഴിച്ചും
അണപ്പല്ലിൽ 
അമർഷം അടക്കിയും
മനുജരിപ്പാരിതിൽ...
കാലം എത്ര ഭീതിദം..



ചുരുള്‍മുടിയഴിച്ചാടുന്ന വാനം .
ഉണ്ണിക്കൈയിൽ കടലാസു തോണി.
പൊന്നിൻകുടത്തെ
വാരിയെടുത്തുമ്മവയ്ക്കുന്ന
അരയത്തിപ്പെണ്ണ്.
ആർദ്രമാം കണ്ണുകൾ
തേടുന്നു ദൂരെയൊരാൾരൂപം.


മൗനസാന്ദ്രമീസ്നേഹതീരം,
വാക്കുകൾ മണൽത്തരികളായ്
കാലത്തിന്റെ കാല്പാടുകളേൽക്കാൻ
കാത്തുകിടന്നു.....


ഇലത്താളത്തിനൊപ്പം
 ഇളംകാറ്റിന്‍ രാഗത്തില്‍
മഞ്ഞു പുതച്ചാടുന്ന
സൂര്യകാന്തിപ്പൂക്കളേ ....
മധുനുകരാന്‍ വരുന്നുണ്ട് 
നിന്‍ പ്രണയദേവന്‍!


കരളിലെ കനലിൽ
ചുട്ടെടുത്ത വാക്കുകളിൽ
കദനം ഉരുക്കിയൊഴിച്ചു....
മൂർച്ചയേറിയ ചിന്തകളാൽ
പതറാതെ മുന്നേറി ജീവിക്കണം
ദുഷ്ടരാല്‍ നിറയുമീ
ലോകത്തിലിനിയും..


ഓർമ്മകൾ പൂക്കട്ടെ,
പൂക്കൂടകൾ
കരുതിവെയ്ക്കുക;
വസന്തത്തിന്റെ
മൂളൽ കേൾക്കുന്നില്ലേ....!?


വെളുക്കെച്ചിരിക്കുന്ന
നീഹാര കുസുമങ്ങൾ...
ഉല്ലാസ ലഹരിയിൽ
പ്രണയ ഹൃദയങ്ങൾ,
കണ്ടു നില്ക്കുമാ
കവിമാനസങ്ങളിൽ
നർത്തനമാടുന്ന
കാവ്യദേവത !



ഓർമ്മകളുടെ 
ചവർപ്പുകളിലേക്ക്
തേൻകണങ്ങളായ് 
ഒലിച്ചിറങ്ങുന്ന
ഉണർവ്വുകളുടെ 
സാന്ത്വനം......
ആത്മബലത്തിന്റെ
കൈവരികൾ
എന്നും ചിതലരിക്കാതെ....
നീ എന്ന അത്താണിയിൽ
എന്റെ ചുമടുകൾ..........!


മിഴികളാലെഴുതിയ വരികൾ
 നിന്നുടെ മൊഴികളിൽ
 കവിതയായ് വിരിഞ്ഞീടുമ്പോൾ .
ഹൃദയ വിപഞ്ചികയിൽനിന്നുതിരുന്നു
 ഇതുവരെ കേൾക്കാത്തൊരാത്മരാഗം!!




Sunday, February 5, 2017

ഒറ്റമൈന

കത്തിപ്പടരുമെൻ മൗനത്തിലു൦ 
പൊട്ടിച്ചിരിക്കു൦ നിൻ വാചാലതയിലും
കേട്ടുമറന്നൊരു പഴ൦പാട്ടിൻ ശീലുപോൽ 
കാത്തിരിക്കുന്നൊരു ഒറ്റമൈന !!
കഷ്ടത്തിലിത്തിരി നേര൦ തുണയായി 
നഷ്ടങ്ങളേറി ശിഷ്ട൦ വിനാശമായി
പരിഹസിച്ച, നിൻ വാചലതയിലിന്നു
നിരാശയുടെ ഛായപ്പൂക്കൾ നിറയുന്നോ ?
സത്യമില്ലാത്ത കർമ്മങ്ങൾചെയ്തു
പുഷ്ടിയോടെ പരിലസിക്കു൦ മനുഷ്യരേ ..
ഋതുക്കൾ മാറി വരുമ്പോൾ നിങ്ങളും
മണ്ണിനു വളമായി, കീടമായി മാറീടു൦.
പൊട്ടിച്ചിരിക്കുന്ന വാചാലതയേ നിന്നെ
കൊത്തിപ്പെറുക്കും മൗനമീ ഒറ്റമൈന !

കുറും കവിതകള്‍

നനവാർന്നനിൻമിഴിയിണയിൽ
പാൽപുഞ്ചിരിതൂകുന്നുചന്ദ്രിക;
കവിതയായ് പൊഴിയുന്നു നിലാമഴ.

നീയൊരു സ്നേഹമരം,
പരിമളംപൂശിയൊരുകാറ്റായ് നിൻ- 
ശാഖികളെത്തലോടുന്നു ഞാൻ..

അകലെയാണെങ്കിലു-
മെന്തു നിറവാണലിവാണ്
നീയെന്നിലേക്കു ചൊരിയുമീ
സ്നേഹവായ്പ്പിന്.......!

മനം നിറയെ മാനം,
മാനം നിറയെ പൂമണം;
നീ എന്നുമൊരു പൂവാവുക.

ഞാനൊരു നീർത്തുള്ളിയായി
നീയാകും പുഴയിൽ അലിയുമ്പോൾ
കടലോളം നാമൊന്നായ്....!

സ്നേഹതീരത്തൊരു
പൂന്തെന്നലിൻ ചിറകിലേറി
വരുന്നു, ഒരു നനവാർന്ന സ്വപ്നം ;
കുലുങ്ങിച്ചിരിക്കുന്നു പൂവുകൾ

ഭൂമിയുടെ പച്ചപ്പുതപ്പ്
കട്ടെടുത്തതാരാണെന്നറിയാ-
മെന്ന് ആകാശം;
അറിഞ്ഞിട്ടെന്ത്?എന്ന് മരുഭൂമി..!


ചങ്ങാതി

നീയെന്നരികിലുള്ളപ്പോൾ
കണ്ണാടിയെന്തിനു ചങ്ങാതി..!?
കനിവൂറു൦ മിഴികളിൽ,
കാണുന്നു എൻ രൂപ൦ 
കദനങ്ങൾ മൊഴിയുമ്പോൾ
നിറയുന്നു നിൻ മിഴികൾ 
പറയാതെ അറിയുന്നു 
എന്നിലെ ഭാവങ്ങൾ....
നിഴൽ പോലെ തണലായി...
എന്നിലുണ്ടല്ലോ നീ.
തീരത്തെ പുല്കുന്ന തിര 
പോലെൻ ഹൃദയത്തെ......
തഴുകുന്ന കുളിർക്കാറ്റായ്
നിൻ സ്നേഹപാണികൾ ....
എവിടെയായാലു൦ 
ഉടയാതെ കണ്ണാടി ... 
നിൻ മനമാകെ നില്ക്കുമ്പോൾ
എന്തിനു ചങ്ങാതി മറ്റൊരു കണ്ണാടി,
എന്നിലു൦ നിന്നിലു൦ 
പ്രതിരൂപമൊന്നല്ലോ..!

കുഞ്ഞിക്കവിതകള്‍

സ്നേഹമഴയിൽ
നനയുകയാണ് നാം;
ഒരു കുടയും തടയാനില്ലാതെ,
ഒരു ശക്തിയും തോല്പിക്കാനില്ലാതെ
ആകാശം സന്തോഷത്താൽ
തുടികൊട്ടുകയാണ്.......
ഭൂമി കുളിരുകോരുകയാണ്;
നാം നൃത്തം ചെയ്യുകയാണ്...!
ഒരിക്കലും തോരരുതേ,ഈ മഴ...!
തീരരുതേ ഈ സ്നേഹവർഷം...

ആർദ്രതടങ്ങളിൽ വീണ
വിത്തുപോലെന്നിലെ
മോഹങ്ങളും മുളച്ചു വളരുകയാണ്,
വെളിച്ചം തേടുകയാണ്....
കാലത്തെ അതിജീവിക്കാനുള്ള
ത്വരയുമായി.....തളിർക്കുകയാണ്...

വേവുന്ന മനസ്സുമായി
ഞാനീ താഴ്വരയിൽ
കാത്തിരിക്കാം;
നോവുതീനിപ്പക്ഷിയായ്
നീ വരുന്നതും കാത്ത്.....

ദുരമൂത്തൊരാർത്തിയാൽ
നെട്ടോട്ടമോടു൦ മനുജർ
അറിയാതെ പോകുന്നു
കാലത്തിൻ വേഗത
തിരിഞ്ഞു നോക്കാതെ 
പായു൦ ദുരാഗ്രഹികൾ
കൊഴിഞ്ഞ ഇലകൾപോലെ
മണ്ണിൽവീണഴുകിടും

അകൽച്ചയിലറിയുന്നു
സ്നേഹത്തിന്നാഴം.
അസ്ഥിയിൽ പിടിച്ചൊരാ
പ്രണയത്തിൻചുടുനോവ്,
പരിഭവമകലുമ്പോൾ
അകലും പിണക്കങ്ങൾതൻ
പെരുക്കങ്ങൾ.......
എത്ര മനോഹരമീ 
ജീവിതക്കാഴ്ച്ചകളെന്നോ!!

ചിലനേരം നിന്നെയും ഞാൻ
പ്രണയിക്കുന്നു മരണമേ
അതിലേറെയിഷ്ടമെനിക്കീ
ഭൂമിയിലെ നന്മകൾ
ഒരുനാൾ നിന്നിലേയ്ക്കെത്തിടും
ഞാനെങ്കിലും ചെയ്തുത്തീർക്കാൻ
ഈ വീഥിയിലെന്തൊക്കെയോ ബാക്കി

നാട്യങ്ങളില്ലാത്ത ജീവിതം കൊണ്ട്
നാടിന്റെ അകം നിറഞ്ഞുകവിയട്ടെ,
നാട്യംനാടകങ്ങളിലെ
വിസ്മയമാവട്ടെ,
നാടകങ്ങളിൽ തിളങ്ങട്ടെ ജീവിതം.....!!

ഇടക്കയായി തുടിക്കൊട്ടു൦
ഇടനെഞ്ചിൽ താളമായി
പ്രണയത്തിൻ രാഗമായി
ഹൃദയത്തിൻ മോഹമായി
നിറഞ്ഞാടും എന്നുള്ളിൽ
എന്നു൦ നീമാത്ര൦ കൃഷ്ണാ .
ഇനിയെത്ര ജന്മങ്ങൾ
നോമ്പുകൾ നോക്കണ൦
നിന്നിലെ താളമായി
ഞാൻ മാത്ര൦ നിറയുവാൻ ..
പരിഭവമല്ലിതു കണ്ണാ..
എന്നിലെ പ്രണയത്തിൻ
രാഗാർദ്രഭാവ൦ ....




ചെറുവരികളിലൂടെ ...

ചിറകു കുടഞ്ഞ്
മേഘപ്പറവകൾ .
പുഷ്പ്പിണിയായി ഭൂമി
നാളേക്കു 
കരുതി വെയ്ക്കാൻ
വേണം നല്ലോർമ്മകൾ
ഓർത്താലുമോർത്താലും
മതിവരാത്ത ഓർമ്മകൾ;

ഉറ്റുനോക്കുന്നുണ്ടാ കണ്ണുകള്‍
സത്യവും മിഥ്യയും 
തിരിച്ചറിയുമുള്‍ക്കണ്ണ്‍..
നമ്മളെ, 
നാമൊന്നവലോകനം 
ചെയ്തീടില്‍,
വ്യര്‍ത്ഥചിന്തകള്‍
പാടേ മറന്നീടാം..


തേടിവരും നമ്മെയൊരുനാൾ
മരണമെന്നൊരു യാഥാർത്ഥ്യം!
കരുണയുള്ള മനസ്സുമായി
വരും നാളുകൾ വരവേല്ക്കാം..
ഓര്‍മ്മപ്പെയ്ത്തില്‍
രണ്ടു കുഞ്ഞരുവികള്‍.
പ്രവാസജീവിതം.
ബാലാർക്കകിരണങ്ങൾ
വന്നെൻ മിഴിയെ പുണരവേ..
മനതാരിൽനിറയുന്നു
ചാരുതയാർന്ന നിൻ രൂപം മാത്രം!!

വെറുപ്പിന്റെ 
തരിശുപാടങ്ങളിൽ
സ്നേഹവിത്തുകൾ 
പാകി മുളപ്പിക്കാൻ
ഉഴുതുമറിച്ച്,പാകപ്പെടുത്താൻ
എന്നും കൂടെവേണം;
താങ്ങും തണലുമായ്..

എത്രയോനാളായി ഞാൻ
നിന്നെത്തേടിയലയുന്നു കണ്ണാ..
ഇന്നെന്റെമുന്നിൽ വന്നിരുന്നു
പുഞ്ചിരിതൂകുന്നതെന്തേ.....
ഗോപികമാരെ മടുത്തോ നിൻ...
രാധതൻ സ്നേഹത്തിലലിഞ്ഞുപോയോ!

കണ്ണീരിൽ ചാലിച്ച മൗനത്തിൻ മൊഴികൾ
നിൻ പുഞ്ചിരിപ്പൂക്കളാൽ ഒപ്പിയപ്പോൾ
പൊന്നുഷസ്സിൻ രശ്മികളിന്നെന്റെ
വദനത്തിൽ പൊന്നൊളി വീശിനിന്നു !!

ആകാശവിശാലതയിലേക്ക്
തുറക്കുമ്പോഴാണ് എന്റെ
ജാലകങ്ങളിൽ വസന്തം വിരുന്നു-
വരുന്നത്;നിന്നോർമ്മകളും......

നേർവഴിയറിയാത്ത ജീവിത-
യാത്രയിൽ നേരെന്തെന്നറിയാത്ത
 ജന്മങ്ങൾക്കിടയിൽവീണുപിടഞ്ഞു 
കേണീടുന്നു അനാഥമാം സത്യം...

ഇലമറവിലൊരു പ്രാപ്പിടിയൻ
കുഞ്ഞാറ്റക്കിളിയ്ക്ക്
 മരപ്പൊത്തിൽ അഭയം ;
കാടിന്റെ നെടുവീർപ്പ്
ദിക്കുകൾ ഏറ്റുവാങ്ങി......!.

എന്തിനോ തുടിച്ച
മനസ്സിലേക്ക് ആരോ
തൂവിയ സ്നേഹം മുളപൊട്ടി
പടർന്നു മുറ്റിത്തഴച്ചു....!

ജന്മാന്തരങ്ങളായ് കാത്തിരിപ്പൂ നിൻ
സോപാനപ്പടിയിലൊരർച്ചന പുഷ്പമായി
തുറക്കാത്ത നിൻ നടയിലഷ്ടപദി ഈണമായി 
കാത്തിരിക്കുന്നു ഞാൻ വെള്ളരിപ്രാവായി
ഒരിറ്റു നിവേദ്യ പ്രസാദത്തിനായി...

പെരുച്ചാഴികളെപ്പോലെ
നാടുനീളേ പുളയ്ക്കുകയാണ് കാമം;
പരിസരബോധം പോലും നഷ്ടപ്പെട്ട്
സ്വകാര്യതകളെ കാർന്നുകൊണ്ട്..

പച്ചയകന്ന കുന്നുകൾ
മഴയെ സ്വപ്നം കണ്ട് മയങ്ങിപ്പോയി,
മണ്ണുമാന്തിയുടെ മുരൾച്ചകേട്ട്
ഞെട്ടിയുണർന്നു.......!

സ്വപ്നങ്ങളുടെ
മേച്ചിൽപുറങ്ങളിൽ,
രക്തക്കൊതിയുമായി,
പതിയിരിപ്പുണ്ട് ചെന്നായ്ക്കൾ.


അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...