Sunday, February 5, 2017

കുഞ്ഞിക്കവിതകള്‍

സ്നേഹമഴയിൽ
നനയുകയാണ് നാം;
ഒരു കുടയും തടയാനില്ലാതെ,
ഒരു ശക്തിയും തോല്പിക്കാനില്ലാതെ
ആകാശം സന്തോഷത്താൽ
തുടികൊട്ടുകയാണ്.......
ഭൂമി കുളിരുകോരുകയാണ്;
നാം നൃത്തം ചെയ്യുകയാണ്...!
ഒരിക്കലും തോരരുതേ,ഈ മഴ...!
തീരരുതേ ഈ സ്നേഹവർഷം...

ആർദ്രതടങ്ങളിൽ വീണ
വിത്തുപോലെന്നിലെ
മോഹങ്ങളും മുളച്ചു വളരുകയാണ്,
വെളിച്ചം തേടുകയാണ്....
കാലത്തെ അതിജീവിക്കാനുള്ള
ത്വരയുമായി.....തളിർക്കുകയാണ്...

വേവുന്ന മനസ്സുമായി
ഞാനീ താഴ്വരയിൽ
കാത്തിരിക്കാം;
നോവുതീനിപ്പക്ഷിയായ്
നീ വരുന്നതും കാത്ത്.....

ദുരമൂത്തൊരാർത്തിയാൽ
നെട്ടോട്ടമോടു൦ മനുജർ
അറിയാതെ പോകുന്നു
കാലത്തിൻ വേഗത
തിരിഞ്ഞു നോക്കാതെ 
പായു൦ ദുരാഗ്രഹികൾ
കൊഴിഞ്ഞ ഇലകൾപോലെ
മണ്ണിൽവീണഴുകിടും

അകൽച്ചയിലറിയുന്നു
സ്നേഹത്തിന്നാഴം.
അസ്ഥിയിൽ പിടിച്ചൊരാ
പ്രണയത്തിൻചുടുനോവ്,
പരിഭവമകലുമ്പോൾ
അകലും പിണക്കങ്ങൾതൻ
പെരുക്കങ്ങൾ.......
എത്ര മനോഹരമീ 
ജീവിതക്കാഴ്ച്ചകളെന്നോ!!

ചിലനേരം നിന്നെയും ഞാൻ
പ്രണയിക്കുന്നു മരണമേ
അതിലേറെയിഷ്ടമെനിക്കീ
ഭൂമിയിലെ നന്മകൾ
ഒരുനാൾ നിന്നിലേയ്ക്കെത്തിടും
ഞാനെങ്കിലും ചെയ്തുത്തീർക്കാൻ
ഈ വീഥിയിലെന്തൊക്കെയോ ബാക്കി

നാട്യങ്ങളില്ലാത്ത ജീവിതം കൊണ്ട്
നാടിന്റെ അകം നിറഞ്ഞുകവിയട്ടെ,
നാട്യംനാടകങ്ങളിലെ
വിസ്മയമാവട്ടെ,
നാടകങ്ങളിൽ തിളങ്ങട്ടെ ജീവിതം.....!!

ഇടക്കയായി തുടിക്കൊട്ടു൦
ഇടനെഞ്ചിൽ താളമായി
പ്രണയത്തിൻ രാഗമായി
ഹൃദയത്തിൻ മോഹമായി
നിറഞ്ഞാടും എന്നുള്ളിൽ
എന്നു൦ നീമാത്ര൦ കൃഷ്ണാ .
ഇനിയെത്ര ജന്മങ്ങൾ
നോമ്പുകൾ നോക്കണ൦
നിന്നിലെ താളമായി
ഞാൻ മാത്ര൦ നിറയുവാൻ ..
പരിഭവമല്ലിതു കണ്ണാ..
എന്നിലെ പ്രണയത്തിൻ
രാഗാർദ്രഭാവ൦ ....




No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...