Sunday, February 5, 2017

ചെറുവരികളിലൂടെ ...

ചിറകു കുടഞ്ഞ്
മേഘപ്പറവകൾ .
പുഷ്പ്പിണിയായി ഭൂമി
നാളേക്കു 
കരുതി വെയ്ക്കാൻ
വേണം നല്ലോർമ്മകൾ
ഓർത്താലുമോർത്താലും
മതിവരാത്ത ഓർമ്മകൾ;

ഉറ്റുനോക്കുന്നുണ്ടാ കണ്ണുകള്‍
സത്യവും മിഥ്യയും 
തിരിച്ചറിയുമുള്‍ക്കണ്ണ്‍..
നമ്മളെ, 
നാമൊന്നവലോകനം 
ചെയ്തീടില്‍,
വ്യര്‍ത്ഥചിന്തകള്‍
പാടേ മറന്നീടാം..


തേടിവരും നമ്മെയൊരുനാൾ
മരണമെന്നൊരു യാഥാർത്ഥ്യം!
കരുണയുള്ള മനസ്സുമായി
വരും നാളുകൾ വരവേല്ക്കാം..
ഓര്‍മ്മപ്പെയ്ത്തില്‍
രണ്ടു കുഞ്ഞരുവികള്‍.
പ്രവാസജീവിതം.
ബാലാർക്കകിരണങ്ങൾ
വന്നെൻ മിഴിയെ പുണരവേ..
മനതാരിൽനിറയുന്നു
ചാരുതയാർന്ന നിൻ രൂപം മാത്രം!!

വെറുപ്പിന്റെ 
തരിശുപാടങ്ങളിൽ
സ്നേഹവിത്തുകൾ 
പാകി മുളപ്പിക്കാൻ
ഉഴുതുമറിച്ച്,പാകപ്പെടുത്താൻ
എന്നും കൂടെവേണം;
താങ്ങും തണലുമായ്..

എത്രയോനാളായി ഞാൻ
നിന്നെത്തേടിയലയുന്നു കണ്ണാ..
ഇന്നെന്റെമുന്നിൽ വന്നിരുന്നു
പുഞ്ചിരിതൂകുന്നതെന്തേ.....
ഗോപികമാരെ മടുത്തോ നിൻ...
രാധതൻ സ്നേഹത്തിലലിഞ്ഞുപോയോ!

കണ്ണീരിൽ ചാലിച്ച മൗനത്തിൻ മൊഴികൾ
നിൻ പുഞ്ചിരിപ്പൂക്കളാൽ ഒപ്പിയപ്പോൾ
പൊന്നുഷസ്സിൻ രശ്മികളിന്നെന്റെ
വദനത്തിൽ പൊന്നൊളി വീശിനിന്നു !!

ആകാശവിശാലതയിലേക്ക്
തുറക്കുമ്പോഴാണ് എന്റെ
ജാലകങ്ങളിൽ വസന്തം വിരുന്നു-
വരുന്നത്;നിന്നോർമ്മകളും......

നേർവഴിയറിയാത്ത ജീവിത-
യാത്രയിൽ നേരെന്തെന്നറിയാത്ത
 ജന്മങ്ങൾക്കിടയിൽവീണുപിടഞ്ഞു 
കേണീടുന്നു അനാഥമാം സത്യം...

ഇലമറവിലൊരു പ്രാപ്പിടിയൻ
കുഞ്ഞാറ്റക്കിളിയ്ക്ക്
 മരപ്പൊത്തിൽ അഭയം ;
കാടിന്റെ നെടുവീർപ്പ്
ദിക്കുകൾ ഏറ്റുവാങ്ങി......!.

എന്തിനോ തുടിച്ച
മനസ്സിലേക്ക് ആരോ
തൂവിയ സ്നേഹം മുളപൊട്ടി
പടർന്നു മുറ്റിത്തഴച്ചു....!

ജന്മാന്തരങ്ങളായ് കാത്തിരിപ്പൂ നിൻ
സോപാനപ്പടിയിലൊരർച്ചന പുഷ്പമായി
തുറക്കാത്ത നിൻ നടയിലഷ്ടപദി ഈണമായി 
കാത്തിരിക്കുന്നു ഞാൻ വെള്ളരിപ്രാവായി
ഒരിറ്റു നിവേദ്യ പ്രസാദത്തിനായി...

പെരുച്ചാഴികളെപ്പോലെ
നാടുനീളേ പുളയ്ക്കുകയാണ് കാമം;
പരിസരബോധം പോലും നഷ്ടപ്പെട്ട്
സ്വകാര്യതകളെ കാർന്നുകൊണ്ട്..

പച്ചയകന്ന കുന്നുകൾ
മഴയെ സ്വപ്നം കണ്ട് മയങ്ങിപ്പോയി,
മണ്ണുമാന്തിയുടെ മുരൾച്ചകേട്ട്
ഞെട്ടിയുണർന്നു.......!

സ്വപ്നങ്ങളുടെ
മേച്ചിൽപുറങ്ങളിൽ,
രക്തക്കൊതിയുമായി,
പതിയിരിപ്പുണ്ട് ചെന്നായ്ക്കൾ.


No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...