Monday, August 25, 2014

മൂളല്‍

മൂളല്‍
സ്നേഹത്തിന്റെ പരിമളം
വിതറുന്ന ഒരു ഭാഷ....
പിറവി മുതല്‍
മരണം വരെ നമ്മെ
വലയം ചെയ്യുന്ന
സംഗീതാത്മകമായ
. ഒരു അനുഭൂതി.
കാട്ടുചോലയെ തലോടുന്ന
കുസൃതികാറ്റിനും
തേന്‍ നുകരാന്‍ അണയുന്ന 
വണ്ടിനും, 

ചിറകൊതുക്കുന്ന
പൂത്തുമ്പിക്കുമുണ്ട്
പ്രണയാതുരമായ

ഒരു മൂളല്‍.
തമ്മില്‍ കാണുന്ന
നമ്മളിലുമില്ലേ,
ആരും കേള്‍ക്കാത്ത 
അതിവാചാലമായ 
മൂളലുകളുടെ
സംഗീതങ്ങള്‍.

Sunday, August 24, 2014

മൂന്നു വരി കവിതകള്‍

മുത്തശ്ശി കണ്ണുകളില്‍ 
നനവൂറുന്നു.
ഉഷ:സന്ധ്യകള്‍


മേല്‍ക്കൂര നോക്കി
നിറയുന്ന കണ്ണുകള്‍.
തുള വീണ മണ്‍കുടം


വെള്ളചിരിയുമായ്
മധുര കള്ള്.
ഇനി ഞാനില്ലേ കൂടെ


ഒരേ കുപ്പായമിട്ട് കണ്ടു മടുത്തു
മാറ്റിക്കൂടെ ഇത്
മുഖപുസ്തകത്തിനു പരാതി


വെള്ളചിരിയുമായ്
മധുര കള്ള്.
ഇനി ഞാനില്ലേ കൂടെ


കാണാമറയത്തെ 
പ്രണയങ്ങള്‍.
ഹംസമായ് മൗസ്


പെരുമഴ നോക്കി വിഷാദത്തോടെ 
ചിങ്ങ പെണ്ണ്.
എന്റെ തമ്പ്രാന്‍ എങ്ങനെ വരും.


പെയ്തിറങ്ങുന്ന
മഴനൂലുകള്‍
ഈറന്‍ മുടിയുമായ് അമ്മ


മരുഭൂമിയിലൊരു 
കുളിര്‍ക്കാറ്റ്.
കൊഞ്ചുന്ന കൊലുസ്


നീയാകുന്ന വീണയില്‍ 
ഞാനാകുന്ന രാഗം.
മനസ്സിലൊരു മണിതൊട്ടില്‍


മോണകാട്ടി ചിരിക്കുന്നു.
നിഷ്കളങ്ക ബാല്യവും
അനുഭവങ്ങളുടെ വാര്‍ദ്ധക്യവും


അമ്മ ചുട്ട അപ്പം 
കുഞ്ഞിന്റെ കൈയില്‍.
മരകൊമ്പില്‍ ഒരു കാകന്‍


നിന്നെ കാണാഞ്ഞിട്ടല്ലേ 
അവളുടെയടുത്തു പോയത്.
പൂവാന്‍കുറുന്നിലയോട് കാറ്റ്


ഞാന്‍ എഴുതാന്‍ മറന്ന 
വരികളൊക്കെ
നിന്റെ കണ്ണില്‍ തെളിയുന്നു.


പ്രണയ മഴയിലൂടെ 
ഒരു കുടക്കീഴില്‍.
ഞാനും എന്റെ ജീവനും


കുങ്കുമവര്‍ണ്ണത്തില്‍
ഹൃദയ പ്പൂത്താലി.
തേന്‍ നുകരുന്ന ശലഭം


നിന്റെ പ്രണയത്തിനായ്
കാതോര്‍ത്തതു കൊണ്ട്
എന്റെ കവിളില്‍ ഇന്നും നനവ്‌


പത്തായപ്പുര തേടി
കുഞ്ഞനെലി.
നെല്ലുമില്ല പതിരുമില്ല.


പാടുന്ന പുഴയില്‍
നടനമാടുന്ന മീനുകള്‍.
ഒളികണ്ണെറിയുന്ന വെയില്‍നാളം


നീര്‍താഴ്ചയുണ്ടാകും
വേവലാതിയോടെ അമ്മ.
ഉച്ചിയില്‍ രാസ്നാദി പൊടി


അച്ഛന്റെ ചൂരലും
അമ്മയുടെ ശാസനയും.
ഇന്നെന്റെ നേര്‍വഴി


തൊട്ടാവാടി എന്ന് വിളിച്ചു
കളിയാക്കല്ലേ..
നാണം കൊണ്ടല്ലേ കൂമ്പിയത്


കുളിച്ചൊരുങ്ങി 
ഓലേഞ്ഞാലി.
ഊഞ്ഞാലാടാന്‍ വരുന്നോ...


മുട്ടിലെ മണ്ണ് തട്ടി 
ചിണുങ്ങുന്ന കുഞ്ഞ്.
സാന്ത്വന ചന്ദനവുമായ് അമ്മ


എത്ര അടിച്ചിറക്കിയാലും
ഞാന്‍ വീണ്ടും വരും.
വീറോടെ കര്‍ക്കിടകം


ഇന്ന് വഞ്ചി എത്തിച്ചാല്‍
നാളെ യാത്ര തിരിക്കാം. 
മാവേലിതമ്പുരാന്‍


കുഞ്ഞിന്റെ കരച്ചില്‍ കേട്ട്
ആത്മനിര്‍വൃതിയോടെ അമ്മ.
മധുരം വിളമ്പുന്ന അച്ഛന്‍


പുസ്തക താളിനുള്ളില്‍ 
മയില്‍പ്പീലി.
ഒരു കൊച്ചു മോഹമായ്


വിരിയുന്നുണ്ടൊരു
ആമ്പല്‍പ്പൂവ്.
ഓര്‍മ്മയുടെ തെളിനീരില്‍


മഴവില്ല് തീര്‍ക്കുന്നു
ഭാവനയില്‍.
സ്മൃതി വര്‍ണ്ണങ്ങള്‍


മിഴിചിമ്മുന്നു
ചന്ദ്രലേഖ.
നിലാവ് പുതച്ച രാത്രി


എത്ര കരഞ്ഞിട്ടും 
പോകാന്‍ മനസ്സീല്ല കരടിന് 
അശാന്തിയുടെ കരിമുകില്‍


പൂമുഖപ്പടിയില്‍ 
നവവധു 
നാണത്തിന്‍ നെയ്യ്വിളക്ക്


ആയുധമേന്തി
പണക്കൊതിയന്മാര്‍.
ചതുപ്പ് നിലങ്ങള്‍


മോഹപ്പക്ഷിയുടെ കൂട്ടില്‍ 
കള്ളിക്കുയില്‍. 
കുസൃതിയുമായ് ചെല്ലക്കാറ്റ്


കരച്ചില്‍ നിര്‍ത്തൂ 
കര്‍ക്കിടകമേ .
പിള്ളേരോണംവന്നതറിഞ്ഞില്ലേ


കസവ് ഞൊറിയുന്നു
ഇളം വെയില്‍ 
നൃത്തമാടുന്ന പൂത്തുമ്പി


തണുത്തു വിറച്ച്
തെരുവോര ബാല്യം 
ശൂന്യതയുടെ കുപ്പായം



Tuesday, August 19, 2014

ബൌദ്ധം


ജരാനരകള്‍ ബാധിച്ച 
ചിന്തകളുമായി
കല്ലും മുള്ളും നിറഞ്ഞ
പാതയിലൂടെ നടക്കുന്ന 
പ്രതീതിയാണ്
ഓരോ നിമിഷവും
വിശാലമായ 
ഈ ലോകം തരുന്നത്.

അരച്ചാണ്‍ വയറിന്റെ 
നിലവിളികളും
ആര്‍ഭാടങ്ങളുടെ 
സമഗ്രതയുമായ് ജീവിതം
ഹോമിക്കുന്നവരുടെയും 
പന്താടുന്നവരുടെയും
അറ്റമില്ലാത്ത രണ്ടു 
സമാന്തര രേഖകള്‍.

അസ്വസ്ഥതകളുടെ 

നിഴലുകലായ് ചുറ്റും 
പെരുകി തിമിര്‍ക്കുന്ന
അശാന്തമായ 
കാഴ്ചകളില്‍ നിന്നും
രാവിന്റെ തേങ്ങലുകളില്‍ 
നിന്നും ഉണ്ടാകുമോ 
ഒരു മോചനം.

ബുദ്ധാ,

അലൌകിക ശാന്തിയിലേക്ക് 
അടഞ്ഞു കിടക്കുന്ന 
നിന്റെ കണ്ണുകളിലേക്ക്
എന്റെ കണ്ണുകള്‍
കൂടി ചേര്‍ക്കുക.
വയ്യ ഇനി കാണുവാന്‍
ഏകാന്തതയും ദു:ഖവും നിറഞ്ഞ
ഈ വിഷാദ മുഖങ്ങള്‍.

Saturday, August 16, 2014

പൊന്‍ ചിങ്ങം

പ്രഭാത സൂര്യന്റെ
പൊന്കിരണങ്ങളെറ്റ്
അവള്‍ വന്നു.

കുരവിയിട്ടാനയിക്കാന്‍
കുഞ്ഞിക്കുരുവികള്‍.
താലം പിടിക്കുന്ന
മുക്കുറ്റിയും തുമ്പയും.

സദ്യയൊരുക്കുന്ന
തെച്ചിയും മന്ദാരവും.
മധുരം വിളമ്പാന്‍
പൂത്തുമ്പി പെണ്ണ്.

ദശപുഷ്പങ്ങളുടെ
നിറച്ചാര്തുമായ്,
ഓരോ മനസ്സിലും ഇനി
ആര്‍പ്പുവിളിയുടെ
ഓണപൂക്കാലം.

Thursday, August 14, 2014

(അ)സ്വാതന്ത്ര്യം!!

അമ്മേ...ഭാരതാംബേ,
കാണുന്നുവോ നീ
നിന്‍ മക്കളുടെ നെറികേടുകള്‍ 

ആഘോഷങ്ങളില്‍
മദിക്കുന്നിവര്‍
മദ്യവും മദിരാക്ഷിയും 
ചൂതാട്ടവുമായ് ..

സ്വര്‍ഗ്ഗഭൂമിയെന്നു
ചൊല്ലിയവര്‍ തന്നെ
സ്വര്‍ഗ്ഗം പണിയുവാന്‍ ,
അമ്മയെ കീറി മുറിക്കുന്നു .

ശിലയായ് മാറിയ 
മനസ്സുമായ് ,ജീവിതം
തള്ളിനീക്കുന്നു 
പട്ടിണി പാവങ്ങള്‍.

മഹാത്മാക്കള്‍ ജീവന്‍
ഹോമിച്ചു നേടിയ 
സ്വാതന്ത്ര്യം
അധികാര മോഹികള്‍
കാല്‍പ്പന്തു കളിക്കുന്നു.

കച്ചവട രാക്ഷ്ട്രീയം
തുടച്ചുനീക്കി
സാധരണക്കാരെ
രക്ഷിക്കൂ നിങ്ങള്‍..

കാവലും കനിവുമായി
കണ്ണ് ചിമ്മാതെ
ഞങ്ങളെ സംരക്ഷിക്കുന്ന
ധീര ജവാന്മാരേ..

ഈ കൈകളില്‍
ഞങ്ങള്‍ സുരക്ഷിതര്‍
വാനോളമുയരട്ടെ
ഭാരതാംബയുടെ കീര്ത്തി .
ഉറക്കെ ചൊല്ലീടാം
വന്ദേ മാതരം....




Wednesday, August 13, 2014

മധുരനൊമ്പരകാറ്റിനൊപ്പം

പച്ചപ്പ്‌ നിറഞ്ഞയീ കൊച്ചുഗ്രാമത്തില്‍
ചുറ്റിക്കളിക്കുന്ന ചെല്ലക്കാറ്റ്.
അക്കുതിക്കുത്തു കളിക്കുന്ന ബാല്യത്തില്‍
അപ്പൂപ്പന്‍താടിയായ് കുഞ്ഞിളം കാറ്റ്

വര്‍ണ്ണരാജി വിരിയിക്കും കൌമാരത്തില്‍
വികൃതി കാട്ടിയ പ്രണയകാറ്റ്.
പ്രണയത്തിന്‍ തംബുരു മീട്ടുന്ന യൌവനത്തില്‍
താളം പിടിക്കുന്ന മധുരകാറ്റ്.

വരണമാല്യം കഴുത്തിലണിഞ്ഞപ്പോള്‍
വലം വച്ചുവന്നൊരു സ്നേഹക്കാറ്റ്
കുഞ്ഞിളംമോണ കാട്ടി ചിരിക്കുന്ന
പൈതലിനെ തൊട്ടിലാട്ടുന്ന താരാട്ട് കാറ്റ്.

വാര്‍ദ്ധക്യം വന്നു ചുഴലിയായ് അടിക്കുമ്പോള്‍
സ്വാന്തന്മേകുന്ന ചന്ദനകാറ്റ്
രാവിന്റെ ശാന്തതയില്‍ നിദ്രയെ തലോടുവാന്‍
രാരീരം പാടുന്ന  കുളിര്‍ കാറ്റ്.

അന്ത്യ നിമിഷത്തില്‍ പുളിയന്‍  മാവിനെ
ചുറ്റി പിടിക്കുന്നു തെക്കന്‍ കാറ്റ് ..
അഭേദ്യമാം ബന്ധവുമായ് നമ്മോടൊപ്പം
നാമറിയാതെത്തുന്നു മധുരനൊമ്പരകാറ്റ്

അറിയാതെ വന്ന കാമുകന്‍

പേമാരിയോട് കൊടുങ്കാറ്റിനുള്ള
പ്രണയം പോലെയാണ്
അവന്റെ പ്രണയം..
സമ്മതം വാങ്ങാന്‍
കാത്തിരിക്കാതെ 
അവന്‍ എന്നെ പ്രണയിച്ചു.

സിരകളിലൂടെ 
പ്രണയത്തിന്റെ രക്തം
മെല്ലെ കുത്തി നിറച്ചു.
പുലര്‍കാല സ്വപ്നങ്ങളില്‍
ഞാനറിയാതെ എന്നിലേക്ക്
വിരുന്നിനെത്തി.

മെല്ലെ മെല്ലെ
ആ പ്രണയം സിരകളിലൂടെ 
ഒഴുകിയിറങ്ങി.

മൃദു ചുംബനങ്ങള്‍,
ദ്രിഡാലിംഗനമായപ്പോള്‍
ഭയത്തിന്റെ മുള്‍ച്ചെടികള്‍
എനിക്ക് ചുറ്റും വേലി കെട്ടി .

അവന്റെ സമീപനം 
ഭീകരമായപ്പോള്‍ 
കണ്ണീരും പ്രാര്‍ഥനയുമായ്‌  
ദൈവത്തിന് കാണിക്ക..

രക്ഷപെടണമെന്ന മോഹത്തില്‍
കീമോ പെണ്ണിന്റെ
അരികിലേക്കോടിയെങ്കിലും
സാന്ത്വന തലോടലില്‍
സമൃദ്ധമാം കാര്‍കൂന്തല്‍
വെറും ഓര്‍മ്മയായി .

തലയില്‍ തട്ടമിട്ടു
പുറത്തിറങ്ങിയപ്പോള്‍
ശോഷിച്ച ഉടലിനെ,
കൊത്തിവലിക്കുന്ന
സഹതാപ കണ്ണുകള്‍.

നിറവും മണവുമില്ലാത്ത
പൂക്കളാല്‍ കൊരുത്തൊരു 
മരണമാല്യം കൊണ്ട് 
വരുന്നുണ്ട് കാമുകന്‍
മടക്കയാത്രക്കിനി
നാളേറെയില്ലെന്നു
പതിയെ മൊഴിഞ്ഞു കൊണ്ട് ...




അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...