Sunday, August 24, 2014

മൂന്നു വരി കവിതകള്‍

മുത്തശ്ശി കണ്ണുകളില്‍ 
നനവൂറുന്നു.
ഉഷ:സന്ധ്യകള്‍


മേല്‍ക്കൂര നോക്കി
നിറയുന്ന കണ്ണുകള്‍.
തുള വീണ മണ്‍കുടം


വെള്ളചിരിയുമായ്
മധുര കള്ള്.
ഇനി ഞാനില്ലേ കൂടെ


ഒരേ കുപ്പായമിട്ട് കണ്ടു മടുത്തു
മാറ്റിക്കൂടെ ഇത്
മുഖപുസ്തകത്തിനു പരാതി


വെള്ളചിരിയുമായ്
മധുര കള്ള്.
ഇനി ഞാനില്ലേ കൂടെ


കാണാമറയത്തെ 
പ്രണയങ്ങള്‍.
ഹംസമായ് മൗസ്


പെരുമഴ നോക്കി വിഷാദത്തോടെ 
ചിങ്ങ പെണ്ണ്.
എന്റെ തമ്പ്രാന്‍ എങ്ങനെ വരും.


പെയ്തിറങ്ങുന്ന
മഴനൂലുകള്‍
ഈറന്‍ മുടിയുമായ് അമ്മ


മരുഭൂമിയിലൊരു 
കുളിര്‍ക്കാറ്റ്.
കൊഞ്ചുന്ന കൊലുസ്


നീയാകുന്ന വീണയില്‍ 
ഞാനാകുന്ന രാഗം.
മനസ്സിലൊരു മണിതൊട്ടില്‍


മോണകാട്ടി ചിരിക്കുന്നു.
നിഷ്കളങ്ക ബാല്യവും
അനുഭവങ്ങളുടെ വാര്‍ദ്ധക്യവും


അമ്മ ചുട്ട അപ്പം 
കുഞ്ഞിന്റെ കൈയില്‍.
മരകൊമ്പില്‍ ഒരു കാകന്‍


നിന്നെ കാണാഞ്ഞിട്ടല്ലേ 
അവളുടെയടുത്തു പോയത്.
പൂവാന്‍കുറുന്നിലയോട് കാറ്റ്


ഞാന്‍ എഴുതാന്‍ മറന്ന 
വരികളൊക്കെ
നിന്റെ കണ്ണില്‍ തെളിയുന്നു.


പ്രണയ മഴയിലൂടെ 
ഒരു കുടക്കീഴില്‍.
ഞാനും എന്റെ ജീവനും


കുങ്കുമവര്‍ണ്ണത്തില്‍
ഹൃദയ പ്പൂത്താലി.
തേന്‍ നുകരുന്ന ശലഭം


നിന്റെ പ്രണയത്തിനായ്
കാതോര്‍ത്തതു കൊണ്ട്
എന്റെ കവിളില്‍ ഇന്നും നനവ്‌


പത്തായപ്പുര തേടി
കുഞ്ഞനെലി.
നെല്ലുമില്ല പതിരുമില്ല.


പാടുന്ന പുഴയില്‍
നടനമാടുന്ന മീനുകള്‍.
ഒളികണ്ണെറിയുന്ന വെയില്‍നാളം


നീര്‍താഴ്ചയുണ്ടാകും
വേവലാതിയോടെ അമ്മ.
ഉച്ചിയില്‍ രാസ്നാദി പൊടി


അച്ഛന്റെ ചൂരലും
അമ്മയുടെ ശാസനയും.
ഇന്നെന്റെ നേര്‍വഴി


തൊട്ടാവാടി എന്ന് വിളിച്ചു
കളിയാക്കല്ലേ..
നാണം കൊണ്ടല്ലേ കൂമ്പിയത്


കുളിച്ചൊരുങ്ങി 
ഓലേഞ്ഞാലി.
ഊഞ്ഞാലാടാന്‍ വരുന്നോ...


മുട്ടിലെ മണ്ണ് തട്ടി 
ചിണുങ്ങുന്ന കുഞ്ഞ്.
സാന്ത്വന ചന്ദനവുമായ് അമ്മ


എത്ര അടിച്ചിറക്കിയാലും
ഞാന്‍ വീണ്ടും വരും.
വീറോടെ കര്‍ക്കിടകം


ഇന്ന് വഞ്ചി എത്തിച്ചാല്‍
നാളെ യാത്ര തിരിക്കാം. 
മാവേലിതമ്പുരാന്‍


കുഞ്ഞിന്റെ കരച്ചില്‍ കേട്ട്
ആത്മനിര്‍വൃതിയോടെ അമ്മ.
മധുരം വിളമ്പുന്ന അച്ഛന്‍


പുസ്തക താളിനുള്ളില്‍ 
മയില്‍പ്പീലി.
ഒരു കൊച്ചു മോഹമായ്


വിരിയുന്നുണ്ടൊരു
ആമ്പല്‍പ്പൂവ്.
ഓര്‍മ്മയുടെ തെളിനീരില്‍


മഴവില്ല് തീര്‍ക്കുന്നു
ഭാവനയില്‍.
സ്മൃതി വര്‍ണ്ണങ്ങള്‍


മിഴിചിമ്മുന്നു
ചന്ദ്രലേഖ.
നിലാവ് പുതച്ച രാത്രി


എത്ര കരഞ്ഞിട്ടും 
പോകാന്‍ മനസ്സീല്ല കരടിന് 
അശാന്തിയുടെ കരിമുകില്‍


പൂമുഖപ്പടിയില്‍ 
നവവധു 
നാണത്തിന്‍ നെയ്യ്വിളക്ക്


ആയുധമേന്തി
പണക്കൊതിയന്മാര്‍.
ചതുപ്പ് നിലങ്ങള്‍


മോഹപ്പക്ഷിയുടെ കൂട്ടില്‍ 
കള്ളിക്കുയില്‍. 
കുസൃതിയുമായ് ചെല്ലക്കാറ്റ്


കരച്ചില്‍ നിര്‍ത്തൂ 
കര്‍ക്കിടകമേ .
പിള്ളേരോണംവന്നതറിഞ്ഞില്ലേ


കസവ് ഞൊറിയുന്നു
ഇളം വെയില്‍ 
നൃത്തമാടുന്ന പൂത്തുമ്പി


തണുത്തു വിറച്ച്
തെരുവോര ബാല്യം 
ശൂന്യതയുടെ കുപ്പായം



No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...