Tuesday, July 29, 2014

കുറും കവിതകള്‍

നന്മ നിറയുന്ന 
വാത്സല്യ ഗീതം 
അമ്മക്കിളിക്കൂട്ടില്‍


കലങ്ങിയ കണ്ണില്‍ പുഞ്ചിരിയുമായ് 
വര്‍ണ്ണങ്ങള്‍ വിടര്‍ത്തും കൈകള്‍ 
സെയില്‍സ് ഗേള്‍സ്



അന്ന് വിയര്‍പ്പു തുടച്ച 
തോര്‍ത്തില്‍ ഇന്ന് കണ്ണീര്‍.
അച്ഛനിപ്പോഴും മൌനം

ചെപ്പിലെ മുത്തുപോല്‍ 
കാത്ത് സൂക്ഷിച്ചിട്ടും..
അമ്മയുടെ വിലാപം


സ്വര്‍ഗ്ഗ രാജ്യം 
ഭൂമിയിലെത്തിയോ?
നാണത്തോടെ മുല്ലപൂക്കള്‍


ശാന്തമായി ഉറങ്ങിയ 
സ്വപ്‌നങ്ങള്‍ 
പെരുമഴയില്‍ ഒലിച്ചുപോയോ?


കൊച്ചു കേരളത്തിന്റെ 
പച്ചപ്പുകള്‍
ഇല കൊഴിഞ്ഞ മരം


അയവിറക്കുന്നുവോ 
കഴിഞ്ഞ കാലം .
അസ്തമയസൂര്യന്‍


പുഴുവരിക്കുന്നല്ലോ
നിന്നോര്‍മ്മകള്‍ 
നീ തന്ന മുറിവിലൂടെ


കയറുകള്‍ പിരിച്ച 
കൈകളിലിന്നു
യാതനയുടെ പാശം


ഉരുളുന്നു കാലചക്രം 
തേഞ്ഞു പോകുന്നു 
മനസാക്ഷി


ഉലുവ കൂടിയിട്ടും 
മുത്തശ്ശി കഞ്ഞിക്ക്
വാത്സല്യത്തിന്റെ മധുരം


ജീവിച്ചിരുന്നപ്പോള്‍ 
കുടിക്കാന്‍ കണ്ണീര്‍ തന്നു
ഇപ്പോള്‍ ബലിചോറും


ആട്ടിയകറ്റിയവര്‍ 
കൈകൊട്ടിവിളിക്കുന്നു
ബലികാക്കകള്‍


എന്റെ കണ്ണിനു 
തിളക്കമേകാനോ 
നീയെന്നെ കരയിച്ചത്


ആതുരസേവനവുമായ് മാലാഖമാര്‍ 
ക്രൂരാനുഭവങ്ങളിലും 
നിറപുഞ്ചിരി തൂകി


എത്ര മുറിച്ചുമാറ്റിയാലും
ചില ബന്ധങ്ങള്‍ 
ഹൃദയവേരില്‍ മുളച്ചു പൊങ്ങും


ചില പ്രണയങ്ങള്‍ 
പനിനീര്‍പ്പൂവ് പോലെ ..
മറ്റു ചിലത് ശവം നാറിയും


മനസ്സിലിപ്പോഴും 
പറന്നു കളിക്കുന്നു
കൌമാരത്തിലെ പച്ചതത്തകള്‍


കൂടൊരുക്കാന്‍ സമയമായി
വയലുകള്‍ എവിടെ ?
തൂക്കണാംകുരുവികള്‍


കരയെ പുണര്‍ന്ന്
തിര പറയുന്നു 
പ്രണയാത്മാക്കളുടെ കഥ


കവിതകളാകുന്നു
ഹൃദയ ദുഃഖം
പെയ്തുതീര്‍ന്ന മഴ


കാറ്റിനും മഴയ്ക്കും പ്രണയം 
കാതോര്‍ത്തിരിക്കുന്നു 
ഒരുപാട് ഹൃദയങ്ങള്‍


മധുരസ്മരണയില്‍ 
ഒഴുകി നടക്കുന്നു 
പാടവും ഒരു ചങ്ങാടവും


അന്തക്ഷോഭത്തിലും 
ചമയമിട്ടാടുന്നു 
മുഖഭാവങ്ങള്‍


നിന്റെ താണ്ഡവമൊന്നു നിര്‍ത്തിയാല്‍ 
എനിക്ക് മോഹിനിയാട്ടം ആടാമായിരുന്നു 
കര്‍ക്കിടകത്തോട് ചിങ്ങം


നെയ്യ്വിളക്കിന്‍ ശോഭയില്‍ 
ഓടക്കുഴലുമായ് കണ്ണന്‍
സന്തോഷാശ്രുക്കള്‍


ദൈവ സന്തതിക്കു
പരിക്ക് 
സാത്താന്റെ ആക്രമണം


ഇരുട്ടിലൂടെ നടന്നപ്പോള്‍ 
അകലെയൊരു വെട്ടം 
അടുത്തെത്തിയപ്പോള്‍ മിന്നാമിന്നി


ഹൃദയവനിയിലെ 
വാകപ്പൂക്കള്‍ 
കലാലയ ജീവിതം











Saturday, July 19, 2014

ശാപ ജന്മങ്ങളോ ?

തമ്മില്‍ തല്ലുന്ന മാതാപിതാക്കള്‍-
ക്കിടയില്‍ പെട്ട് പിടയുന്ന മക്കള്‍ 
ആരുടെ കൂടെ നില്‍ക്കുമെന്നറിയാതെ 
നിസ്സഹായരായി മാറുന്നവര്‍..

പെറ്റമ്മയുടെ  സ്നേഹത്തിന്‍ കൂടെയോ ,
വിയര്‍പ്പൊഴുക്കും നെടുംതൂണിന്‍ കൂടെയോ ,
ചിതലരിക്കുന്ന ചിന്തകള്‍ക്കൊടുവില്‍ 
നിഷ്ക്രിയരായ് മാറുന്നു കുഞ്ഞുങ്ങള്‍..

അടുക്കളയോട് പണിമുടക്കുന്നമ്മയും
മദ്യപാനത്തില്‍ സുഖം തേടും താതനും 
നേര്‍വഴി കാട്ടുവാനാരോരുമില്ലാതെ 
ശൂന്യതയിലേക്ക് നടക്കുന്നു കുട്ടികള്‍ ..

തങ്ങള്‍ക്ക് തണലായിരിക്കേണ്ട  മക്കളെ
ജനിപ്പിച്ചവര്‍  തന്നെ കുരുതി കൊടുക്കുന്നു
ഭാഗം വെച്ച് തിരിക്കുന്നവരുടെ  മനം-
തേങ്ങുന്നതറിയാതെ ജയിക്കുന്നു വാശിയും 

മൂകാന്ധകാരത്തിലൂടെ പരതുമ്പോള്‍ 
കിട്ടിയ കൂട്ടിനെ താങ്ങായ് കാണുന്ന കുട്ടികള്‍ 
മദ്യം മയക്കു മരുന്ന്  പുകവലി ശീലങ്ങള്‍ 
മത്സരിച്ചവരുമായ് സൌഹൃദം കൂടുന്നു..

തീരാശാപത്തിന്റെ പായല്‍ പിടിച്ച-
ജീവിതം ചോദ്യചിഹ്നമായ് മാറുമ്പോള്‍
കരയുവാന്‍ പോലും കണ്ണുനീരില്ലാതെ 
നീറി തീരുന്നു ആ ശാപ ജന്മങ്ങള്‍..  








Tuesday, July 15, 2014

കുറും കവിതകള്‍

മിന്നിത്തിളങ്ങുന്ന 
ചേലയ്ക്കുള്ളില്‍ 
കീറി മുറിഞ്ഞൊരു മനസ്സ്


നീ തന്ന വേദനകള്‍
മായുന്നില്ല 
മറവിയെന്ന മഷിതണ്ടാല്‍


നിന്റെ നെറുകയിലെ 
സിന്ദൂര തിലകം 
പ്രണയ സാഫല്യം


കാന്തനെ കാത്ത്
മുക്കുവ പെണ്ണ് 

അല കടല്‍ പോലെ മനസ്സ്

തുളസിത്തറയില്‍ പൂത്ത 
പിച്ചകം പോലെ 
നിന്റെ ഓര്‍മ്മകള്‍


കര്‍ഷക മനസ്സില്‍
വേവലാതി
ചതിക്കുമോ മഴ


സൂര്യനെ പ്രണയിച്ച്
സൂര്യ കാന്തി 
താമരക്ക്‌ മൌനം


മുറ്റത്തെ മഴവെള്ളത്തില്‍ 
ഓളം തള്ളുന്നു
ഓര്‍മ്മകളുടെ കടലാസ് തോണി


ഓര്‍മ്മയിലൊരു 
മുത്തശ്ശിക്കഥ
ഒരിടത്തൊരിടത്ത്.....


തിരിച്ചു പോകാനാകുമോ 
ഇനിയെനെന്കിലും
ആ നിഷ്കളങ്ക ബാല്യത്തിലേക്ക്


ഹൃദയത്തില്‍ കിടന്ന്
കുതിര്‍ന്നു പോയ്‌ 
പറയാന്‍ മറന്ന പ്രണയം


കര്‍ക്കിടകം എത്തിനോക്കുന്നു
മുത്തശ്ശി എവിടെ 
രാമായണം വായിക്കാന്‍


മറവിയുടെ വീഞ്ഞ് 
പതയുന്നു 
നനഞ്ഞ സായാഹ്നം


ഓരായിരം ചിറകുമായ് 
പുനര്‍ജനിക്കാനോ മരണം
സഫലീകരിക്കാത്ത മോഹങ്ങള്‍
പൂവണിയാനോ...പുനര്‍ജ്ജന്മം



ചായക്കൂട്ടില്‍ മുങ്ങിയ 
മൂവന്തിപ്പൂക്കള്‍
നിറമുള്ള സ്വപ്‌നങ്ങള്‍


തുള്ളി തുളുമ്പുന്നു 
ആകാശ കലം
ചോര്‍ന്നൊലിക്കുന്ന കൂര


അപ്രിയ സത്യങ്ങള്‍ 
വിങ്ങുന്ന മനം
കല്‍പ്രതിമകള്‍


ഒളിമങ്ങാത്ത 
നന്മയുടെ സുഗന്ധം
കൃഷ്ണതുളസി


കണ്ണീരിന്റെ കടലില്‍ 
തേങ്ങുന്ന മനം
മുടിയഴിച്ചാടുന്ന മഴ


വാകമരച്ചോട്ടില്‍
ഇണക്കിളികള്‍ 
കഥനമോ ..കദനമോ?


പാടം നോക്കിയൊരു 
മാടത്തക്കിളി 
മോഹത്തിന്‍ വിത്തുകള്‍


വിധിയെ ശപിച്ചു 
വിലപിക്കുന്നു 
ദുര്ബലന്മാര്‍


സ്നേഹ ജാലകത്തിലൂടെ 
ഒരു പൂങ്കുയില്‍ 
മരുഭൂവിലെ മഞ്ഞുതുള്ളി



വരിഞ്ഞുമുറുക്കിയ 
കര്‍മ്മപാശം
കറുത്ത മേഘപാളി


മനസ്സ് തേയ്ക്കുന്ന 
ചായക്കൂട്ട് 
സുഖ ദുഃഖങ്ങള്‍


മുള്ളുവേലിക്കുള്ളില്‍ 
പനീര്‍പ്പൂവ്
നിദ്രയില്ലാത്ത രാവ്


കരഞ്ഞു കലങ്ങിയ 
നയനങ്ങള്‍
എരിയുന്ന തീകുണ്ഡം


തലോടലിന്‍ നാണത്താല്‍
നെല്‍ തലപ്പുകള്‍
പച്ച തിരമാലകള്‍ പോലെ


മന്ദഹാസവുമായ് 
വെണ്ണിലാവ്
ജാലക കാഴ്ചയില്‍































Sunday, July 13, 2014

ജീവിത പുസ്തകം

നല്ല ഓര്‍മ്മകള്‍ പൂത്തു നില്‍ക്കുന്ന 
വര്‍ണ്ണ താളുകള്‍  ഞാനെന്ന പുസ്തകം 
വായിച്ചു തീര്‍ത്ത ഏടുകളില്‍ കാണാം 
ബാല്യത്തിന്‍ കുസൃതിയും, 
കൌമാരത്തിന്‍ ജിജ്ഞാസയും.
പുഴയുടെ സംഗീതം പോലെ 
പ്രണയാര്‍ദ്രമായ ചില താളുകള്‍ .
മിഴിനീര്‍പൂക്കളാല്‍ തുടയ്ക്കാന്‍ ശ്രമിച്ചിട്ടും
പാതി മാഞ്ഞ വിരഹത്തിന്‍ പേജുകള്‍.
വര്‍ണ്ണ കടലാസില്‍ മിന്നിത്തെളിയുന്നു
വെണ്ണിലാവു പോലെന്റെ പുസ്തകം .
ലാവണ്യ വതിയായ് കുടുംബിനിയായ് 
യൌവനയുക്തയായ് ചില താളുകള്‍ .
സൌഹൃദ മുത്തുകള്‍ കൂട്ടിയിണക്കി ,
എന്‍ പുസ്തകതാളിനു ഭംഗി കൂട്ടുന്നു.
കയ്പ്പും ചവര്‍പ്പും കലര്‍ന്ന- 
അക്ഷരങ്ങളെ മായ്ക്കുവാനെത്തുന്നു 
കുടുംബ സ്നേഹത്തിന്‍ ഏടുകള്‍.
സ്നേഹപൂക്കളാല്‍ അലങ്കരിക്കുന്നു 
ഞാനെന്നുമെന്നുടെ ജീവിത പുസ്തകം.
മായാതിരിക്കട്ടെ ഈ വര്‍ണ്ണ പുസ്തകം 
വാര്‍ദ്ധക്യത്തില്‍  ഒന്നോമാനിക്കാന്‍ 





Tuesday, July 8, 2014

മഴ എന്റെ പ്രണയിനി

ഇന്നെന്‍റെ പ്രണയ ജാലകം തുറന്നു 
അവളുടെ പാദസര കിലുക്കം 
ജാലക വിരികളെ വകഞ്ഞുമാറ്റി വരുന്നു .
അവളെ പുല്‍കുന്ന കുഞ്ഞിളം -
കാറ്റായലിയാന്‍ എന്നിലും മോഹം .
എന്റെ മൌനത്തിലൊളിപ്പിച്ച പ്രണയം,
മേഘകൂട്ടങ്ങളില്‍ നിന്നും മഴാനാരുകളായ്
എന്നിലേക്ക്‌ പെയ്തിറങ്ങുന്നു.
എന്റെ രാവുകള്‍ക്ക്‌ സുഖ നിദ്രയേകാന്‍
എന്റെ കിനാവിനു നാദമാകുന്നവള്‍.
എന്റെ ഹൃദയ താളങ്ങള്‍ അവളില്‍ ലയിച്ച്
ഈ കൂരിരുട്ടില്‍ ഞാനും അവളും മാത്രം .
അവള്‍ പോകുമ്പോള്‍ എന്റെ പ്രണയം 
നീരാവിയായ് പോകുന്നു ...
പ്രകൃതിയുടെ കവിതയാണവളെങ്കില്‍ 
മഴ അവള്‍ എന്‍റെ പ്രണയിനി.




അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...