Wednesday, February 24, 2016

ചെറിയവരികളിലെ ചില ചിന്തകള്‍ !

ഇളം കാറ്റുപോല്‍ 
തഴുകുന്നു,കവിത 
വിരിയുമീ സൗഹൃദം


ചീട്ടുകൊട്ടാരത്തിൽ
വാഴുന്നു സ്വപ്നജീവികൾ;
വീഴാറായ മേൽക്കൂര.


നിൻ ചാരുതയോളം
വരുമോ ഏഴല്ല,ഏഴായിരം 
വർണ്ണങ്ങൾ വിരിഞ്ഞാലും..!


കുടുംബമെന്ന സ്വര്‍ഗത്തില്‍,
നരകം തീര്‍ക്കുന്നു..
കുട്ടിഫോണുകൾ.


അഴിയ്ക്കും തോറും
മുറുകുന്ന വിസ്മയ-
ക്കുരുക്കീ മാനസം.


തളരുന്നെങ്കിലും
തുഴഞ്ഞു കീഴടക്കണം
ജീവിതമാമീ സാഗരം.


അകലങ്ങൾ കൂടിയപ്പോൾ
അടുപ്പത്തിൻ വിലയറിഞ്ഞു;
അകലങ്ങളിനിയും ബാക്കി


മരണം പുൽകുംവരേയ്ക്കും
എന്നോർമ്മയിലെ പൊൻ
താരകം നീമാത്രമെന്നും.


നിറകണ്ണിലെ ഓളങ്ങളി-
ലലയുന്നു,നീയുണ്ടാക്കിയ 
കടലാസുതോണി!!


വേനൽമഴപോൽ ചില
സ്നേഹങ്ങൾ,വേഴാമ്പലുകൾ
പോൽ ചില ജീവിതങ്ങൾ.


ഇന്നലെപ്പൂവിൽ
പ്രണയത്തേൻകണം
ഇന്നാപ്പൂവിൽ
വിരഹച്ചുടുനിണം....!


പരിഭവത്തേരിൽ 
ഓടിപ്പോയ ഹൃദയം 
വിരഹച്ചൂടേറ്റു 
പാഞ്ഞണയുന്നു.....


വളര്‍ച്ചയുടെ പലഘട്ടങ്ങള്‍
താണ്ടിയിട്ടുമെന്തേ..
മുരടിച്ചു പോകുന്നീ
മനുഷ്യമനസ്സുകള്‍!!

നിന്നോർമ്മകൾക്ക്
വാടാത്ത,വാകപ്പൂക്കളുടെ 
മണം;ഉള്ളം തുടിക്കുന്നു.

ചിതലരിക്കാത്ത
ഓർമ്മകളുമായി
നരച്ച ഓട്ടോഗ്രാഫ്.

കാത്തിരിക്കാം നിനക്കായ്
കാലങ്ങളെത്രയോ;കനവി-
ലൊരു കതിർമണ്ഡപം

അന്നു അമ്പും വില്ലുമായി
വേടൻമാർ കാട്ടിൽ.
ഇന്ന് മദന- ശരവുമായി നെറ്റിൽ....!


..


Saturday, February 13, 2016

നിനക്കായി


പ്രിയനേ ..നിനക്കായി നല്‍കുന്നു
ഞാനെന്റെ ഹൃദയത്തില്‍
വിരിഞ്ഞോരീ ചെമ്പനീര്‍പ്പൂക്കള്‍.
പുലര്‍മഞ്ഞിന്‍ നൈര്‍മല്യം പോലെ-
യിന്നെന്നുള്ളില്‍ വിരിയുന്നു
നിന്നോടെനിക്കുള്ള പ്രണയം.

കാണാതിരുന്നാലും കടല്‍പോലെ
സ്നേഹത്താലാര്‍ത്തിരമ്പുന്നെന്റെയുള്ളം
പ്രേമാര്‍ദ്രമാം നിന്‍ മിഴികളില്‍ കാണുന്നു
എന്നോട് നിനക്കുള്ള പ്രണയം

കുളിരലയായ് തഴുകുന്ന കാറ്റില്‍
മുല്ലപ്പൂവിരിയുന്ന മാസ്മര ഗന്ധത്തില്‍
ഈറന്‍ നിലാവിനെ നോക്കിയിരിക്കുമ്പോള്‍
മനതാരില്‍ പൂക്കുന്നു നിതാന്തമാം പ്രണയം.

നിലാ മഴ പെയ്യുന്ന രാവിൽ വിരിയുന്ന
കവിത പോൽ മനോഹരമീ പ്രണയ൦
കളങ്കമില്ലാത്ത മനസ്സുകളിൽ കുയിൽ
നാദമായി ചൊരിയുന്നു പ്രണയ൦ .

Friday, February 5, 2016

ഉന്മാദിനി


ഉള്ളം കരഞ്ഞപ്പോഴും
അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.. .
വാചാലതകല്‍ക്കിടയിലും 
മൌനം പാലിച്ചു...
ഹൃദയം ആര്‍ത്തലച്ചപ്പോഴും
മനസ്സ് നിശ്ശബ്ദതയെ കൂട്ടുപിടിച്ച്
തുറിച്ചു നോക്കുന്ന സമൂഹത്തെ
അവഗണനയുടെ തോലില്‍
പൊതിഞ്ഞു പിടിച്ചു..

മൌന നൊമ്പരങ്ങള്‍
ഉരുക്കിയെടുത്ത്
മെഴുകുതിരിയാക്കി
വെളിച്ചമേകി.

ഇരുട്ടിലും പ്രകാശം 
പരത്തുന്ന മനസ്സിനെ
കരി പുരളാതിരിക്കാന്‍...
മൌനക്കുപ്പായത്തില്‍
ഒളിപ്പിച്ചപ്പോള്‍ ..
ആരുടെയോ കല്ലെറിനാല്‍
തകര്‍ന്ന നിശബ്ധതയില്‍...
പിടഞ്ഞു വീണ മനസ്...
നൂല് പൊട്ടിയ പട്ടം പോലെ...
എവിടെയ്ക്കോ..പറന്നുപോയി...

ഉന്മാദിനിയെപ്പോലവള്‍..
പൊട്ടിച്ചിരിക്കുമ്പോള്‍..
ഭ്രാന്തിയെന്ന ഓമനപ്പേരില്‍
ലാളിക്കുന്നു ചിലരെങ്കിലും.. 

Thursday, February 4, 2016

ചെറിയ വരികളിലെ ചിന്തകള്‍

അഴിയുന്ന സത്യങ്ങൾ
അടരുന്ന ബന്ധങ്ങള്‍. 
അകലേയ്ക്കു നീളും മിഴികൾ.


അര്‍ത്ഥമില്ലാത്ത ,
വാക്കായി മാറുന്നോ...
നഷ്ടമാകുന്ന മനുഷ്യത്വം!!


ഉരുക്കിയെടുത്ത ചിന്ത:
നോവിനു വിശറി;മനസ്സി-
നല്പം കുളുർമ്മ......


കത്തി ജ്വലിക്കുന്നു സൂര്യൻ 
തെല്ലു൦ വാടാതെ കള്ളിമുൾചെടികൾ . 
പൊടിമറയിൽ മങ്ങുന്ന കാഴ്ച കൾ !


കുളിര്‍ക്കാറ്റില്‍ ഇളകിയാടുന്നു 
മഞ്ഞില്‍ കുളിച്ച മഞ്ഞപ്പൂക്കള്‍ ..
നയന മനോഹരമീ ജാലകക്കാഴ്ച !!


നരച്ച  കണ്ണുകള്‍ 
മങ്ങിയ കാഴ്ചകള്‍ .
തിളങ്ങുമുള്‍ക്കണ്ണുകള്‍!

ഓര്‍മ്മയിലൊരു 
കടലാസുതോണി .
കാത്തിരിപ്പിന്നാഴങ്ങള്‍!!

നാട്ടുകവല
സൌഹൃദക്കൂട്ടം
പിണയുമോര്‍മ്മകള്‍!!

നിലച്ചുപോയി ഹൃദയ -
താളമെങ്കിലും,മുഴങ്ങുന്നു നിന്‍സ്വര 
രാഗമാധുര്യമിന്നും ,താളാല്മകം!

കദനച്ചില്ലയില്‍ കാത്തിരിക്കുന്നു
നിനക്കായെന്‍ മിഴിപ്പക്ഷികള്‍ .
കൊഴിയുന്നു കാലമാം പൂക്കള്‍.

നഷ്ടങ്ങളുടെ ഇടുങ്ങിയ
 പഴുതിലൂടെ ,എത്തിനോക്കുന്നു 
പ്രത്യാശയുടെ കിരണങ്ങള്‍!

ഹരിതമാനോഹരീ ..നിന്‍ 
കിലുങ്ങും പാദസരങ്ങളോ..
ഈ  വെള്ളച്ചാട്ടങ്ങള്‍!!

എന്റെ വരികള്‍ 

നിന്റെ കരങ്ങളില്‍ 
മഴവില്ല് കുലച്ചപോല്‍!

മനസ്സ് മരുഭൂപോലെയുരുകുമ്പോഴും,
മഞ്ഞുതുള്ളിയുടെ കുളിര്‍സ്പര്‍ശമേകുന്നു
നിന്നോര്‍മ്മയില്‍ വിരിഞ്ഞ ചെമ്പനീര്‍പ്പക്കള്‍!!



ഉദിച്ചുയരുന്ന ജ്യോതി നോക്കി
ശരണ൦ വിളിയുമായി കൂപ്പുകൈകൾ .
ഭക്തി സാന്ദ്രമായി ശബരിമല!!
അരിച്ചിറങ്ങുന്ന പ്രഭാത കിരണങ്ങള്‍
ഉമ്മറത്തിണ്ണയില്‍ അവശവാര്ധക്യം..
പുലര്‍ക്കാലവന്ദനം !

അതിരുകളില്ലാത്ത ആകാശം 
വിസ്മയക്കാഴ്ച്ച തേടും മനം.
ചിറകൊടിയുന്ന പ്രതീക്ഷകൾ.

' കൊഴിയുന്നു കുസുമങ്ങ'
ളെങ്കിലുമടരാതെ നില്പുണ്ട്,
മനസ്സിന്റെ വാടാത്ത ചില്ലയിൽ.

വലംവെയ്ക്കുന്ന ഓര്‍മ്മകളില്‍ 
തൊടുകുറിയുമായി ഇലച്ചാര്‍ത്ത്.
കാലം സാക്ഷിയായിന്നും അരയാല്‍ !

മണലാരണ്യത്തിലേക്കു പോയ 
മാരനെയോര്‍ത്ത് ഒഴുകുന്നു രണ്ടരുവികള്‍ .
സ്വപ്ന ജീവിതം , പ്രവാസ ജീവിതം !

നോവുപാടത്ത്പൂത്തുനിൽക്കുന്ന 
പലവർണ്ണപ്പൂക്കൾ ..
പാറിനടക്കുന്നു കരിവണ്ടുകൾ 

എരിഞ്ഞോടുങ്ങട്ടെ ,
നിങ്ങള്ക്ക് വെളിച്ചമാകാന്‍.
വെറുമൊരു മെഴുകുതിരി ഞാന്‍.

നിന്‍ വാചാലതയുടെ 
ഇതള്‍ വീണു നിറയു-
ന്നെന്‍ മൌനാങ്കണം!

ഓർമ്മയിലെ മഞ്ഞുതുള്ളികൾ
അകക്കണ്ണിൽ കുളുർമ്മയായ്,
പുൽക്കൊടിത്തുമ്പു തിരയുന്നു

നിശബ്ദ യാമങ്ങളില്‍ 
കലവും തേടിയിറങ്ങുന്നു...
ചില മിണ്ടാപ്പൂച്ചകള്‍ !!

സ്വപ്നമേടയിലിരുന്നു ചിറകിട്ടടിക്കുന്നു
തത്തിക്കളിക്കുന്ന കുഞ്ഞിളംകിളികൾ.
പൂത്തു നില്ക്കുന്ന വയലുകള്‍,

വിഷപ്പുക തുപ്പുന്ന ഹൃദയങ്ങൾ 
വിളക്കിച്ചേർത്തിട്ടു൦ പൊട്ടാറായ താലി !
ശ്വാസംമുട്ടി തേങ്ങുന്നു കുഞ്ഞുങ്ങള്‍.

പൊൻവിളക്കിൻ പ്രകാശത്തിൽ
മിന്നിത്തെളിയുന്നു നിൻമുഖം..
എരിഞ്ഞുതീർന്ന കരിന്തിരി

അക്ഷരപ്പടവുകളില്‍
ഇടറിവീഴുന്നു
പിച്ചവെയ്ക്കുന്ന തൂലിക

കരളിലെഴുമീണം 
പൂത്തുനില്പൂ വിണ്ണിൽ;
മായാത്ത ദുഃഖമായി ..

നിൻമിഴിയിലുടക്കുമ്പോൾ
എൻമിഴികളിൽ കത്തിപ്പടരുന്നു
പ്രണയപ്പൂത്തിരികൾ.



അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...