Thursday, February 4, 2016

ചെറിയ വരികളിലെ ചിന്തകള്‍

അഴിയുന്ന സത്യങ്ങൾ
അടരുന്ന ബന്ധങ്ങള്‍. 
അകലേയ്ക്കു നീളും മിഴികൾ.


അര്‍ത്ഥമില്ലാത്ത ,
വാക്കായി മാറുന്നോ...
നഷ്ടമാകുന്ന മനുഷ്യത്വം!!


ഉരുക്കിയെടുത്ത ചിന്ത:
നോവിനു വിശറി;മനസ്സി-
നല്പം കുളുർമ്മ......


കത്തി ജ്വലിക്കുന്നു സൂര്യൻ 
തെല്ലു൦ വാടാതെ കള്ളിമുൾചെടികൾ . 
പൊടിമറയിൽ മങ്ങുന്ന കാഴ്ച കൾ !


കുളിര്‍ക്കാറ്റില്‍ ഇളകിയാടുന്നു 
മഞ്ഞില്‍ കുളിച്ച മഞ്ഞപ്പൂക്കള്‍ ..
നയന മനോഹരമീ ജാലകക്കാഴ്ച !!


നരച്ച  കണ്ണുകള്‍ 
മങ്ങിയ കാഴ്ചകള്‍ .
തിളങ്ങുമുള്‍ക്കണ്ണുകള്‍!

ഓര്‍മ്മയിലൊരു 
കടലാസുതോണി .
കാത്തിരിപ്പിന്നാഴങ്ങള്‍!!

നാട്ടുകവല
സൌഹൃദക്കൂട്ടം
പിണയുമോര്‍മ്മകള്‍!!

നിലച്ചുപോയി ഹൃദയ -
താളമെങ്കിലും,മുഴങ്ങുന്നു നിന്‍സ്വര 
രാഗമാധുര്യമിന്നും ,താളാല്മകം!

കദനച്ചില്ലയില്‍ കാത്തിരിക്കുന്നു
നിനക്കായെന്‍ മിഴിപ്പക്ഷികള്‍ .
കൊഴിയുന്നു കാലമാം പൂക്കള്‍.

നഷ്ടങ്ങളുടെ ഇടുങ്ങിയ
 പഴുതിലൂടെ ,എത്തിനോക്കുന്നു 
പ്രത്യാശയുടെ കിരണങ്ങള്‍!

ഹരിതമാനോഹരീ ..നിന്‍ 
കിലുങ്ങും പാദസരങ്ങളോ..
ഈ  വെള്ളച്ചാട്ടങ്ങള്‍!!

എന്റെ വരികള്‍ 

നിന്റെ കരങ്ങളില്‍ 
മഴവില്ല് കുലച്ചപോല്‍!

മനസ്സ് മരുഭൂപോലെയുരുകുമ്പോഴും,
മഞ്ഞുതുള്ളിയുടെ കുളിര്‍സ്പര്‍ശമേകുന്നു
നിന്നോര്‍മ്മയില്‍ വിരിഞ്ഞ ചെമ്പനീര്‍പ്പക്കള്‍!!



ഉദിച്ചുയരുന്ന ജ്യോതി നോക്കി
ശരണ൦ വിളിയുമായി കൂപ്പുകൈകൾ .
ഭക്തി സാന്ദ്രമായി ശബരിമല!!
അരിച്ചിറങ്ങുന്ന പ്രഭാത കിരണങ്ങള്‍
ഉമ്മറത്തിണ്ണയില്‍ അവശവാര്ധക്യം..
പുലര്‍ക്കാലവന്ദനം !

അതിരുകളില്ലാത്ത ആകാശം 
വിസ്മയക്കാഴ്ച്ച തേടും മനം.
ചിറകൊടിയുന്ന പ്രതീക്ഷകൾ.

' കൊഴിയുന്നു കുസുമങ്ങ'
ളെങ്കിലുമടരാതെ നില്പുണ്ട്,
മനസ്സിന്റെ വാടാത്ത ചില്ലയിൽ.

വലംവെയ്ക്കുന്ന ഓര്‍മ്മകളില്‍ 
തൊടുകുറിയുമായി ഇലച്ചാര്‍ത്ത്.
കാലം സാക്ഷിയായിന്നും അരയാല്‍ !

മണലാരണ്യത്തിലേക്കു പോയ 
മാരനെയോര്‍ത്ത് ഒഴുകുന്നു രണ്ടരുവികള്‍ .
സ്വപ്ന ജീവിതം , പ്രവാസ ജീവിതം !

നോവുപാടത്ത്പൂത്തുനിൽക്കുന്ന 
പലവർണ്ണപ്പൂക്കൾ ..
പാറിനടക്കുന്നു കരിവണ്ടുകൾ 

എരിഞ്ഞോടുങ്ങട്ടെ ,
നിങ്ങള്ക്ക് വെളിച്ചമാകാന്‍.
വെറുമൊരു മെഴുകുതിരി ഞാന്‍.

നിന്‍ വാചാലതയുടെ 
ഇതള്‍ വീണു നിറയു-
ന്നെന്‍ മൌനാങ്കണം!

ഓർമ്മയിലെ മഞ്ഞുതുള്ളികൾ
അകക്കണ്ണിൽ കുളുർമ്മയായ്,
പുൽക്കൊടിത്തുമ്പു തിരയുന്നു

നിശബ്ദ യാമങ്ങളില്‍ 
കലവും തേടിയിറങ്ങുന്നു...
ചില മിണ്ടാപ്പൂച്ചകള്‍ !!

സ്വപ്നമേടയിലിരുന്നു ചിറകിട്ടടിക്കുന്നു
തത്തിക്കളിക്കുന്ന കുഞ്ഞിളംകിളികൾ.
പൂത്തു നില്ക്കുന്ന വയലുകള്‍,

വിഷപ്പുക തുപ്പുന്ന ഹൃദയങ്ങൾ 
വിളക്കിച്ചേർത്തിട്ടു൦ പൊട്ടാറായ താലി !
ശ്വാസംമുട്ടി തേങ്ങുന്നു കുഞ്ഞുങ്ങള്‍.

പൊൻവിളക്കിൻ പ്രകാശത്തിൽ
മിന്നിത്തെളിയുന്നു നിൻമുഖം..
എരിഞ്ഞുതീർന്ന കരിന്തിരി

അക്ഷരപ്പടവുകളില്‍
ഇടറിവീഴുന്നു
പിച്ചവെയ്ക്കുന്ന തൂലിക

കരളിലെഴുമീണം 
പൂത്തുനില്പൂ വിണ്ണിൽ;
മായാത്ത ദുഃഖമായി ..

നിൻമിഴിയിലുടക്കുമ്പോൾ
എൻമിഴികളിൽ കത്തിപ്പടരുന്നു
പ്രണയപ്പൂത്തിരികൾ.



No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...