Wednesday, February 24, 2016

ചെറിയവരികളിലെ ചില ചിന്തകള്‍ !

ഇളം കാറ്റുപോല്‍ 
തഴുകുന്നു,കവിത 
വിരിയുമീ സൗഹൃദം


ചീട്ടുകൊട്ടാരത്തിൽ
വാഴുന്നു സ്വപ്നജീവികൾ;
വീഴാറായ മേൽക്കൂര.


നിൻ ചാരുതയോളം
വരുമോ ഏഴല്ല,ഏഴായിരം 
വർണ്ണങ്ങൾ വിരിഞ്ഞാലും..!


കുടുംബമെന്ന സ്വര്‍ഗത്തില്‍,
നരകം തീര്‍ക്കുന്നു..
കുട്ടിഫോണുകൾ.


അഴിയ്ക്കും തോറും
മുറുകുന്ന വിസ്മയ-
ക്കുരുക്കീ മാനസം.


തളരുന്നെങ്കിലും
തുഴഞ്ഞു കീഴടക്കണം
ജീവിതമാമീ സാഗരം.


അകലങ്ങൾ കൂടിയപ്പോൾ
അടുപ്പത്തിൻ വിലയറിഞ്ഞു;
അകലങ്ങളിനിയും ബാക്കി


മരണം പുൽകുംവരേയ്ക്കും
എന്നോർമ്മയിലെ പൊൻ
താരകം നീമാത്രമെന്നും.


നിറകണ്ണിലെ ഓളങ്ങളി-
ലലയുന്നു,നീയുണ്ടാക്കിയ 
കടലാസുതോണി!!


വേനൽമഴപോൽ ചില
സ്നേഹങ്ങൾ,വേഴാമ്പലുകൾ
പോൽ ചില ജീവിതങ്ങൾ.


ഇന്നലെപ്പൂവിൽ
പ്രണയത്തേൻകണം
ഇന്നാപ്പൂവിൽ
വിരഹച്ചുടുനിണം....!


പരിഭവത്തേരിൽ 
ഓടിപ്പോയ ഹൃദയം 
വിരഹച്ചൂടേറ്റു 
പാഞ്ഞണയുന്നു.....


വളര്‍ച്ചയുടെ പലഘട്ടങ്ങള്‍
താണ്ടിയിട്ടുമെന്തേ..
മുരടിച്ചു പോകുന്നീ
മനുഷ്യമനസ്സുകള്‍!!

നിന്നോർമ്മകൾക്ക്
വാടാത്ത,വാകപ്പൂക്കളുടെ 
മണം;ഉള്ളം തുടിക്കുന്നു.

ചിതലരിക്കാത്ത
ഓർമ്മകളുമായി
നരച്ച ഓട്ടോഗ്രാഫ്.

കാത്തിരിക്കാം നിനക്കായ്
കാലങ്ങളെത്രയോ;കനവി-
ലൊരു കതിർമണ്ഡപം

അന്നു അമ്പും വില്ലുമായി
വേടൻമാർ കാട്ടിൽ.
ഇന്ന് മദന- ശരവുമായി നെറ്റിൽ....!


..


2 comments:

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...