Saturday, October 25, 2014

അയാള്‍



അയാള്‍ പറയുന്നു..
കഴിഞ്ഞ ജന്മത്തിലെ
സ്വന്തമാണ് നീ.


സ്വന്തം ?


അമ്മയോ,പെങ്ങളോ,ഭാര്യയോ ,
കാമുകിയോ, അതോ മകളോ?
ജന്മാന്തരങ്ങളായ്
അലയുന്ന ഒരാത്മാവിന്റെ
നിതാന്തമായ തേങ്ങലോ...


കാണാത്ത മുഖവും ,
കേള്‍ക്കാത്ത സ്വരവുമായ്
എന്നിലലിഞ്ഞു ചേരുന്ന
അയാള്‍ ആരാവും..


അര്‍ത്ഥതലങ്ങള്‍ 

തേടിയലയുവാന്‍
സമയമില്ല.
തിരഞ്ഞു നടക്കുവാന്‍
ത്രാണിയുമില്ല


എങ്കിലും....


വേദനയിലേക്കിഴഞ്ഞെത്തുന്ന
തൂവല്‍ സ്പര്‍ശം പോലെ
തിരയും തീരവും തമ്മിലുള്ള
ആത്മബന്ധം പോലെ ....
ആരാണയാള്‍??


മുജന്മത്തിലെ പിതാവോ,
സഹോദരനോ, മകനോ, ?
പ്രണയവാതിലിന്റെ
കള്ളതാക്കോലുമായി വരുന്ന
കാമുകനോ അതോ,
ഉപബോധമനസ്സിന്റെ
കടലിരമ്പുകളില്‍ നിന്നുയരുന്ന
ചിത്തഭ്രമമോ..


ആരായിരിക്കും ?

Monday, October 20, 2014

കുറും കവിതകള്‍

തുള്ളിച്ചാടുന്ന മഴയത്ത് 
നടന്നു വരുന്നു പാളത്തൊപ്പി .
കാത്തിരിക്കുന്ന പ്ലാവില കഞ്ഞി ....


മഴവില്ല് ചാര്‍ത്തിയ
സ്വപ്നങ്ങളിലെ 
വര്‍ണ്ണമയൂരമോ നീ ...


കല്ലറയിലടച്ചിട്ടും
വട്ടമിട്ടു പറക്കുന്നു.
കഴുകക്കണ്ണുകള്‍


ചുടല നൃത്തവുമായ്
മുടിയഴിച്ചാടി വരുന്നവള്‍.
തുലാവര്‍ഷം


നട്ടു നനച്ചപ്പോള്‍
ആരറിഞ്ഞു,
ഇത്തിള്‍ക്കണ്ണിയാകുമെന്ന്...


ഈറനുടുത്ത് ത്രിസന്ധ്യ.
മുത്തശ്ശിയെ കാത്ത് 
ഭസ്മത്തോണി


പൊളിവചനം കേട്ട 
മനസ്സില്‍ കണ്ണീര്‍ പുഴ. 
ചൂണ്ടയില്‍ പിടയുന്ന മീന്‍


വര്‍ണ്ണക്കൂട്ടില്‍ ചാലിച്ച 
ബാല്യകാലം.
നിഴല്‍ചിത്രങ്ങള്‍


താഴിട്ടുപൂട്ടിയ മനസ്സില്‍
തുരുമ്പിച്ച ഓര്‍മ്മകള്‍.
വറ്റിവരണ്ട കണ്ണുകള്‍


ആകാശപ്പരപ്പ് നോക്കി
പകല്‍പ്പക്ഷി.
ഏകാന്തതയുടെ താഴ്വര


രാത്രി മഴയോട് 
കിന്നാരം ചൊല്ലുന്നു.
മുല്ല മൊട്ടുകള്‍


കാലചക്രം ഉരുളുമ്പോഴും
മായാതെ നില്‍ക്കുന്നു.
പാളവണ്ടി വലിക്കുന്ന നിന്‍ മുഖം


മുള്‍വേലി കെട്ടിയിട്ടും 
ഒളിഞ്ഞു നോക്കുന്നു.
സംശയപ്പടര്‍പ്പുകള്‍


ഇളംകാറ്റില്‍ 
ലാസ്യഭാവവുമായ് മഴനൂലുകള്‍ .
തുറന്നിട്ട ജാലകം


പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
തലോടാന്‍ വരുന്നുണ്ട്
തങ്കനൂലുകള്‍


ഭാരം താങ്ങാനാവാതെ 
ചിതലരിച്ച ഹൃദയം .
നീര്‍മിഴിപൂവുകള്‍


ചില സൌഹൃദങ്ങള്‍
കുപ്പിവളകള്‍ പോലെ.
നീര്‍ക്കുമിളകള്‍




















Sunday, October 12, 2014

അമ്മ




നന്മ  നിറഞ്ഞ നിന്‍ വാമൊഴിയിന്നും
തങ്കലിപിയായ്എന്‍ ഹൃത്തിലമ്മേ..
സങ്കടമെന്നുള്ളില്‍ നിറയുന്ന നേരം
നിന്‍ മുഖമെന്‍ മനംകവരുന്നുവല്ലോ 


കല്ലും മുള്ളും നിറഞ്ഞ വഴിത്താരയിലെ 
ചതി ഗര്‍ത്തങ്ങളില്‍ വീഴാതിരിക്കാന്‍
നീ ചൊല്ലിത്തന്ന പാഠങ്ങളിന്നും
സുഗന്ധപൂക്കളായിഎന്നിലുണ്ടമ്മേ...


മറക്കുവാനാകുമോ മരിക്കുവോളം
അമ്മ വാല്സല്യത്തിന്‍സ്നേഹച്ചൂട്.
വാടില്ലോരുനാളും നിന്‍ കരലാളനത്താല്‍
എന്നില്‍ നിറഞ്ഞസ്നേഹപ്പൂക്കള്‍.


നിന്‍ വാര്‍മടിത്തട്ടിലെ  കുഞ്ഞിളം പൈതലായ്
ചാഞ്ഞുറങ്ങീടുവാന്‍ വീണ്ടുമൊരു മോഹം.
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുണയുന്ന 
കുസൃതിപ്പൈതലായ് മാറട്ടേ ഞാന്‍....




Saturday, October 4, 2014

മൂന്നു വരി കവിതകള്‍



മങ്ങാത്ത ഓര്‍മ്മകളുമായി
ഉമ്മറത്തെ ചാരുകസേര.
ചിരിക്കുന്ന ചുമര്‍ചിത്രം

മഴയില്‍ കുതിര്‍ന്ന
വര്‍ണ്ണ ചിത്രം നീ.
മാഞ്ഞു പോയ മഴവില്ല് ഞാന്‍

വൃദ്ധദിനമായതു കൊണ്ട്
വൃദ്ധസദനത്തില്‍ തിരക്ക്.
തണല്‍ മരം തേടുന്ന വൃദ്ധ

നീയൊരു കരയെങ്കില്‍
ചിലങ്കയിട്ടാടുന്ന
തിരയാകാം ഞാന്‍.

എരിയുന്ന വയറിന്റെ 
നോവറിയാത്തവര്‍ 
എറിയുന്നുഭക്ഷണം വഴിയോരത്ത്

ഈറനുടുത്ത പുലരിപ്പെണ്ണിനെ
പൊന്‍ പട്ടണിയിക്കുന്നു .
സൂര്യ കിരണങ്ങള്‍

മിന്നുന്ന ഉടയാടക്കുള്ളില്‍
മാറാല പിടിച്ച ഹൃദയം.
ഓന്തിന്റെ ജന്മം

രാവിന്റെ നിശ്ശബ്ദതയില്‍
തേങ്ങുന്ന മൂങ്ങ.
കായ്ക്കാത്ത മരം

തോരാത്ത മഴ
വിധവയുടെ കണ്ണുനീര്‍ .
അറ്റു പോയ താലി

മങ്ങിയ വെളിച്ചവുമായ്
ഓര്‍മ്മകളില്‍
മാറാല പിടിച്ച റാന്തല്‍

കുങ്കുമതിലകവുമായ്
മൂവന്തിപ്പെണ്ണ്.
തല താഴ്ത്തി സൂര്യകാന്തി

കണ്ണീരില്‍ കുതിര്‍ന്ന
താലിച്ചരട്.
വീഴാറായ നെടുംതൂണ്

താങ്ങാന്‍ നിന്റെ
ചുമലുണ്ടെങ്കില്‍
നടക്കാം ഏതു വെയിലിലും..

അനുസരണയില്ലാത്ത കാറ്റ്.
അപ്പൂപ്പന്‍ താടിക്ക്

പിറകെ ഓടുന്ന കുട്ടി

നിന്റ സങ്കടമൊന്നു നിര്‍ത്തുമോ?
കരയാന്‍ കണ്ണീരില്ലെന്ന്
കരളിനോട് കണ്ണ്

കത്തിയെരിയുന്നു
മനുഷ്യന്റെ അഹന്ത.
കറുത്ത പുകച്ചുരുളുക
ള്‍

വിതസാഗരത്തില്‍ 
ജീപാഷാണം കലക്കുന്നു.
ദുഷ്ടന്റെ ചെയ്തികള്‍

നിന്റെ കിനാവില്‍
ഞാനെന്ന സ്വപ്നമോ?
ഉദയ സൂര്യന്‍

ഭാവിയിലേക്ക്
ചിറകു വിടര്‍ത്തുന്നു.
നിന്‍ മിഴിയിലെ കവിത

വിങ്ങുന്ന മാറുമായ്
ഐ .റ്റി. അമ്മമാര്‍.
പാല്‍പ്പൊടി കുടിക്കുന്ന കുരുന്നുകള്‍

ആഴക്കടലില്‍
ജീവിത നൌക .
എരിയുന്നു നെഞ്ചും വയറും

കൈയ്യില്‍നിന്നും പൊഴിയുന്നു
മഞ്ചാടിമുത്തുകള്‍ .
നിന്റെ ഓര്‍മ്മകള്‍

ആത്മാര്‍ത്ഥതയില്ലാത്ത
സൗഹൃദം
കാറ്റത്തെ ഇതള്‍

എനിക്കെന്നും
മധുര പതിനേഴ്‌.
അഹങ്കാരത്തോടെ പ്രണയം


Wednesday, October 1, 2014

വാടാത്ത സ്നേഹം

വൃദ്ധദിനം പ്രമാണിച്ച്
വൃദ്ധസദനത്തിലെ
വസ്ത്രദാന ചടങ്ങിനെത്തിയ
മകനെ കണ്ടു കണ്ണു നിറഞ്ഞ
അമ്മയോടഛന്‍ ചൊല്ലി..
കരയരുത് , നിന്റെ കണ്ണീര്‍
അവനു ശാപമായാലോ?
കരഞ്ഞതല്ല .സന്തോഷം കൊണ്ട്
കണ്ണു നിറഞ്ഞതെന്നു അമ്മ.
അങ്ങോട്ട്‌ മാറി നില്‍ക്കാം...
നമ്മളെ കണ്ടാല്‍ മോന്
നാണക്കേടാവില്ലേ?

വസ്ത്ര ദാനത്തിനാദ്യം വിളിച്ച ,
പേരു കണ്ടു നടുങ്ങിയ
മകന്റെ കണ്ണുകളില്‍ നിന്നും
ഉതിര്‍ന്ന നീര്‍മണികള്‍ തുടയ്ക്കാന്‍ ,
എല്ലാം മറന്നോടിയെതിയ
അമ്മയെ ചേര്‍ത്ത് പിടിച്ചവന്‍ പറഞ്ഞു..
അവനിയും അമ്മയും ഒരുപോലെ..
മാതാപിതാക്കളെ നോക്കാന്‍
സമയമില്ലാത്ത , നമ്മള്‍
എങ്ങനെ മറ്റുള്ളവരുടെ 
ദു:ഖമറിയും?

ഓരോരുത്തരും തങ്ങളുടെ
അച്ഛനമ്മമാരെ ചേര്‍ത്ത് പിടിച്ചു
പടിയിറങ്ങിയപ്പോള്‍ ..
വരുമാനം നഷ്ടപ്പെട്ട വേദനയില്‍
തലയില്‍ കയ്യും വച്ചിരുന്നുപോയി
പാവം ഭാരവാഹികള്‍...

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...