Saturday, October 4, 2014

മൂന്നു വരി കവിതകള്‍



മങ്ങാത്ത ഓര്‍മ്മകളുമായി
ഉമ്മറത്തെ ചാരുകസേര.
ചിരിക്കുന്ന ചുമര്‍ചിത്രം

മഴയില്‍ കുതിര്‍ന്ന
വര്‍ണ്ണ ചിത്രം നീ.
മാഞ്ഞു പോയ മഴവില്ല് ഞാന്‍

വൃദ്ധദിനമായതു കൊണ്ട്
വൃദ്ധസദനത്തില്‍ തിരക്ക്.
തണല്‍ മരം തേടുന്ന വൃദ്ധ

നീയൊരു കരയെങ്കില്‍
ചിലങ്കയിട്ടാടുന്ന
തിരയാകാം ഞാന്‍.

എരിയുന്ന വയറിന്റെ 
നോവറിയാത്തവര്‍ 
എറിയുന്നുഭക്ഷണം വഴിയോരത്ത്

ഈറനുടുത്ത പുലരിപ്പെണ്ണിനെ
പൊന്‍ പട്ടണിയിക്കുന്നു .
സൂര്യ കിരണങ്ങള്‍

മിന്നുന്ന ഉടയാടക്കുള്ളില്‍
മാറാല പിടിച്ച ഹൃദയം.
ഓന്തിന്റെ ജന്മം

രാവിന്റെ നിശ്ശബ്ദതയില്‍
തേങ്ങുന്ന മൂങ്ങ.
കായ്ക്കാത്ത മരം

തോരാത്ത മഴ
വിധവയുടെ കണ്ണുനീര്‍ .
അറ്റു പോയ താലി

മങ്ങിയ വെളിച്ചവുമായ്
ഓര്‍മ്മകളില്‍
മാറാല പിടിച്ച റാന്തല്‍

കുങ്കുമതിലകവുമായ്
മൂവന്തിപ്പെണ്ണ്.
തല താഴ്ത്തി സൂര്യകാന്തി

കണ്ണീരില്‍ കുതിര്‍ന്ന
താലിച്ചരട്.
വീഴാറായ നെടുംതൂണ്

താങ്ങാന്‍ നിന്റെ
ചുമലുണ്ടെങ്കില്‍
നടക്കാം ഏതു വെയിലിലും..

അനുസരണയില്ലാത്ത കാറ്റ്.
അപ്പൂപ്പന്‍ താടിക്ക്

പിറകെ ഓടുന്ന കുട്ടി

നിന്റ സങ്കടമൊന്നു നിര്‍ത്തുമോ?
കരയാന്‍ കണ്ണീരില്ലെന്ന്
കരളിനോട് കണ്ണ്

കത്തിയെരിയുന്നു
മനുഷ്യന്റെ അഹന്ത.
കറുത്ത പുകച്ചുരുളുക
ള്‍

വിതസാഗരത്തില്‍ 
ജീപാഷാണം കലക്കുന്നു.
ദുഷ്ടന്റെ ചെയ്തികള്‍

നിന്റെ കിനാവില്‍
ഞാനെന്ന സ്വപ്നമോ?
ഉദയ സൂര്യന്‍

ഭാവിയിലേക്ക്
ചിറകു വിടര്‍ത്തുന്നു.
നിന്‍ മിഴിയിലെ കവിത

വിങ്ങുന്ന മാറുമായ്
ഐ .റ്റി. അമ്മമാര്‍.
പാല്‍പ്പൊടി കുടിക്കുന്ന കുരുന്നുകള്‍

ആഴക്കടലില്‍
ജീവിത നൌക .
എരിയുന്നു നെഞ്ചും വയറും

കൈയ്യില്‍നിന്നും പൊഴിയുന്നു
മഞ്ചാടിമുത്തുകള്‍ .
നിന്റെ ഓര്‍മ്മകള്‍

ആത്മാര്‍ത്ഥതയില്ലാത്ത
സൗഹൃദം
കാറ്റത്തെ ഇതള്‍

എനിക്കെന്നും
മധുര പതിനേഴ്‌.
അഹങ്കാരത്തോടെ പ്രണയം


2 comments:

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...