Saturday, February 27, 2021

നൊമ്പരം

തീരാത്ത നൊമ്പരം തന്നു നീയെന്നെയും

സങ്കടകടലിലേയ്ക്കാഴ്ത്തല്ലേ, ദൈവമേ!

ഇന്നലെയെന്നിൽ വിരിഞ്ഞ നോവിൻപൂക്ക-

ളിന്നിത്രനേരമായ് വാടാതിരിയ്ക്കയോ..!


പുഞ്ചിരി തൂകുന്ന സൂര്യനെനോക്കി ഞാൻ

പ്രത്യാശയേറ്റമെന്നുള്ളിൽ നിറയ്ക്കവേ

ദൂരെ പിണങ്ങിനിൽക്കുന്ന കാർമേഘങ്ങൾ 

നെഞ്ചിൽകോരിച്ചൊരിയുന്നതെന്തിനായ്...?


പട്ടുവിരിച്ചതിൽ തുള്ളിച്ചാടുംപോലെ

ഉൾത്തടമാമോദത്താൽ നിറച്ചീടവേ

ആരും ക്ഷണിക്കാതെയെത്തുമതിഥിപോൽ

ദുഃഖത്തിനമ്പുകൾ തുളച്ചുകയറുന്നുവോ?


ആത്മവിശ്വാസപ്പരിചകൊണ്ടെന്നുമി-

ന്നെന്നിലൊട്ടും മുറിവേൽക്കാതിരിക്കുവാൻ

എത്ര തടുത്തിട്ടും, നീയെന്തേയെപ്പൊഴും

നൊമ്പരവിശറിയാലെന്നെ വീശീടുന്നു..?


തളരില്ല ഞാൻ തെല്ലുമെന്നു ചൊല്ലീടവേ

പിന്നിൽ പരീക്ഷിച്ചിടാനെന്നപോലെ നീ!

എങ്കിലും തളരാതെ മുന്നേറുമെന്നിലീ-

ജീവന്റെ നാളം കെടുന്ന കാലത്തോളം..!

Tuesday, February 23, 2021

കാണാനൊരു മോഹം

വന്നൊന്നു കാണുവാൻ മോഹം, നിന്നി-

ലഭയം തന്നീടുമോ കണ്ണാ..

പരിഭവം ചൊല്ലില്ല, പഴി ചാരില്ല, നിന്റെ

തിരുമുമ്പിൽ ഞാനിരുന്നോട്ടെ!


ഞാനെന്റെ കദനത്തിൽ ചാലിച്ച കളഭം

നിൻ മേനിയിൽ ചാർത്തീടുന്ന നേരം

എല്ലാം മറന്നു ഞാൻ നിന്നുപോകും, എന്റെ 

ദുഃഖങ്ങളെല്ലാമലിഞ്ഞുപോകും.


നിന്നെ പാടിപ്പുകഴ്ത്തുവാനായ് കണ്ണാ

സ്വരരാഗമൊന്നുമേയറിയില്ലല്ലോ.

എഴുതി ഞാനെന്നുടെ നൊമ്പരങ്ങൾ, നിന്റെ 

പാദാരാവിന്ദത്തിലർപ്പിച്ചിടാം.


വരമേകൂ കണ്ണാ.. നീ തുണയേകുകില്ലേ

വരുവാനാവുന്നില്ല നിൻ തിരുമുന്നിൽ

എന്റെ ചാരത്തു നീ വന്നൊന്നു തഴുകീടിൽ

നിന്നിൽ ഞാനലിയാം കൂടെപ്പോരാം!

വ്യാകുലം

വ്യാകുലം 

.................

നേർത്തമിഴിയുമായ് കാത്തിരിപ്പൂ 

മക്കൾ വരുമെന്ന വഴിക്കണ്ണുമായ്

മിഴി നിറഞ്ഞാലുമിമ ചിമ്മാതെ

രാപകൽ മക്കളെ കാത്തിരിപ്പൂ..


വർഷമൊന്നു കഴിഞ്ഞിട്ടും കണ്ടില്ല

വർത്തമാനങ്ങളൊന്നുമേയില്ല 

കെട്ടിപിടിച്ചൊന്നു മുത്തം കൊടുക്കാൻ

നെഞ്ചകമിന്നു വിങ്ങുമെത്രേ.!


ഇത്രയും നാളവർക്കായി ജീവിച്ചു,

കൂട്ടിയ കണക്കൊക്കെ പിഴച്ചല്ലോ 

കഷ്ടപ്പാടേതുമറിയാതിരിക്കുവാൻ

ഉള്ളിലെല്ലാമടക്കിയ നൊമ്പരം..!


പണ്ടവർ തമ്മിലടിപിടി കൂടുമ്പോൾ

കുസൃതിക്കളിയായിട്ട് കണ്ടതും.

ഇന്നവർ സ്വത്തിനായി പിടിവലി,

തൻകാര്യം മാത്രം നോക്കുന്നവരായി 


സമയമില്ലാർക്കും മിണ്ടുവാൻപോലും

സഹജരെല്ലാം പണത്തിനായോടും .!

പണവുമുണ്ടാക്കി കിതച്ചു വരുന്നരം 

സ്വന്തവും ബന്ധവുമന്യമായ് പോവുന്നു..!


വൃദ്ധ സദനങ്ങളേറുമീ കാലത്ത്

കഷ്ട നഷ്ടത്തിനും സ്ഥാനമേയില്ല

ആവും കാലത്ത് ചിന്തിച്ചീടേണം നാം 

ആവാത്ത കാലവാസമെവിടെയെന്ന്‌..?

Monday, February 22, 2021

തിരിച്ചറിവ്

കൂണുകൾ പോലെ 

മുളയ്ക്കുന്ന ബന്ധങ്ങള്‍

കൂടിവന്നാലതി-

നായുസ്സൊരുദിനം .


പുല്‍നാമ്പുപോലെ 

കിളിര്‍ക്കുന്ന സൗഹൃദം

നല്ലൊരു വേനലില്‍ 

വാടിപ്പോയെന്നിടാം.


മാരിവില്ലിനു 

മനോഹാരിതയേറെ,യെങ്കിലും

മാഞ്ഞുപോകുന്നു 

നിമിഷങ്ങള്‍കൊണ്ട് .


മനസ്സിന്റെ പരിശുദ്ധി തെല്ലു-

മറിയാത്തവര്‍

മാഞ്ഞുപോയീടുന്നു

കാർമേഘമെന്നപോൽ.


സൗഹൃദമെല്ലാം

തണല്‍മരമാകുമ്പോള്‍ ആത്മ-

ശിഖരങ്ങളൊക്കെയും

വെട്ടുന്നു തിന്മതന്‍ കരങ്ങള്‍.


മഴുവിനേക്കാള്‍ മൂര്‍ച്ച-

യേറിയ നാവുകള്‍

മരണം കണക്കെങ്ങും 

പിന്തുടര്‍ന്നീടിലും,

അര്‍ക്കനെപോലെയുദി-

ച്ചുയർന്നീടും സത്യവും നന്മയും

ഈ മണ്ണിലെപ്പൊഴും!


Sunday, February 21, 2021

എങ്ങോട്ട്..!

നാളെയെന്തെന്നുള്ള ചിന്തയും പേറി 

നാടകെയോടുന്നു നാമെല്ലാരും

നാളെയെന്നൊന്നുണ്ടോ? ചിന്തിച്ചീടിൽ

നാളെ നാമെല്ലാരും ഓർമ്മ മാത്രം..!


ഇന്നിനെ സ്നേഹിച്ചു ജീവിച്ചീടാൻ

ഇന്നെത്ര പേർക്ക് കഴിഞ്ഞീടുന്നു.

ഇന്നിന്റെ നൊമ്പരം, നാളെയെന്നോർമ്മയിൽ

മോഹങ്ങളൊക്കെയും ചാമ്പലാക്കും!


അങ്ങോളാമിങ്ങോളം ജീവിതപ്പാതയിൽ 

ആരാരുമൊന്നിച്ചുണ്ടാകയില്ല.

ആവുന്നപോലെ നാം ബന്ധങ്ങളൊക്കെയും

ആത്മാവിൽ കാത്തുസൂക്ഷിച്ചുപോകാം.


കാത്തിരിപ്പൊന്നിനും അർത്ഥമില്ലാക്കാലം

കാഴ്ചക്കാരായീടും ബന്ധുജനങ്ങളും 

കാണേണ്ട കാഴ്ചകളൊന്നുമേ കാണാതെ, കല്പാന്തകാലം നാമോടി കിതച്ചീടുന്നു.!









Wednesday, February 17, 2021

വേനൽ നിമിഷങ്ങൾ

 എഴുതാൻമറന്ന വരിയിലൂടെ നടന്നപ്പോഴാണവർ വീണ്ടും കണ്ടുമുട്ടിയത് 

ഓർമ്മച്ചെപ്പിലെ മഞ്ചാടിമണികൾക്ക് പരിഭവകിലുക്കത്തിന്റെ താളമുണ്ടായിരുന്നു എന്നിൽ സൗഹൃദത്തിന്റെ ഇലകൾ തളിർത്തപ്പോൾ, അവനിൽ പ്രണയത്തിന്റെ മൊട്ടുകൾ കൂമ്പിതുടങ്ങി.

കൂട്ടിമുട്ടാത്ത സമാന്തരരേഖകൾപോലെ

അകലങ്ങളിലേക്ക് വഴിമാറിയവർ.


ഓർമ്മകൾക്ക് ചുളിവുണ്ടാക്കി, വെള്ളി വരകൾ പ്രത്യക്ഷപ്പെട്ടപ്പോൾ

മനസ്സിലെവിടെയോ മിന്നിമറഞ്ഞുതുളുമ്പിനിൽക്കുന്ന രണ്ടുമിഴികൾ


താളംതെറ്റിതുടങ്ങിയ ഹൃദയമിടിപ്പിലുംസാന്ത്വനമേകുന്ന നേർത്തൊരു സംഗീതമായി , ഇളംകാറ്റിൻ തലോടൽപോലെ,സായാഹ്നത്തിലെ ഏകാന്തതയിൽ,മഴവില്ലഴകായ് മിന്നിയതാരാവാം!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...